എബ്രായർ 5:1-4
എബ്രായർ 5:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കുവേണ്ടി നിയമിക്കപ്പെടുന്നു. താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും ബലഹീനതനിമിത്തം ജനത്തിനുവേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അർപ്പിക്കേണ്ടവൻ ആകുന്നു. എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവേ എടുക്കുന്നില്ല.
എബ്രായർ 5:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മനുഷ്യരിൽനിന്നു തിരഞ്ഞെടുക്കപ്പെടുന്ന ഏതു മഹാപുരോഹിതനും ജനങ്ങൾക്കുവേണ്ടി ദൈവത്തിനു കാഴ്ചകളും പാപപരിഹാരബലികളും അർപ്പിക്കുന്ന ദിവ്യശുശ്രൂഷ നിർവഹിക്കുന്നതിനായി നിയമിക്കപ്പെട്ടിരിക്കുന്നു. താൻതന്നെ ബലഹീനനായതുകൊണ്ട് അജ്ഞരും തെറ്റുചെയ്യുന്നവരുമായ ജനത്തോടു സഹാനുഭൂതിയോടുകൂടി പെരുമാറുവാൻ അദ്ദേഹത്തിനു കഴിയും. എന്നുതന്നെയല്ല, താൻതന്നെ ബലഹീനൻ ആയതുകൊണ്ട് ജനങ്ങളുടെ പാപങ്ങൾക്കുവേണ്ടി മാത്രമല്ല, സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗം അർപ്പിക്കേണ്ടതുണ്ട്. അഹരോനെപ്പോലെ ദൈവം വിളിക്കുന്നവരല്ലാതെ ആരും സ്വയമേവ ഈ പദവി ഏറ്റെടുക്കുന്നില്ല.
എബ്രായർ 5:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
മനുഷ്യരുടെ ഇടയിൽനിന്ന് എടുക്കുന്ന ഏത് മഹാപുരോഹിതനും മനുഷ്യർക്കുവേണ്ടി പാപപരിഹാര വഴിപാടും യാഗവും അർപ്പിക്കുവാൻ ദൈവകാര്യത്തിൽ നിയമിക്കപ്പെടുന്നു. താനും ബലഹീനതയുള്ളവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിക്കുവാൻ കഴിയുന്നവനും ബലഹീനതനിമിത്തം ജനത്തിന് വേണ്ടി എന്നപോലെ തനിക്കുവേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു. എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും മഹാപുരോഹിതന്റെ സ്ഥാനം സ്വതവേ എടുക്കുന്നില്ല.
എബ്രായർ 5:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
മനുഷ്യരുടെ ഇടയിൽനിന്നു എടുക്കുന്ന ഏതു മഹാപുരോഹിതനും പാപങ്ങൾക്കായി വഴിപാടും യാഗവും അർപ്പിപ്പാൻ ദൈവകാര്യത്തിൽ മനുഷ്യർക്കു വേണ്ടി നിയമിക്കപ്പെടുന്നു. താനും ബലഹീനത പൂണ്ടവനാകയാൽ അറിവില്ലാത്തവരോടും വഴി തെറ്റിപ്പോകുന്നവരോടും സഹതാപം കാണിപ്പാൻ കഴിയുന്നവനും ബലഹീനതനിമിത്തം ജനത്തിന്നു വേണ്ടി എന്നപോലെ തനിക്കു വേണ്ടിയും പാപയാഗം അർപ്പിക്കേണ്ടിയവനും ആകുന്നു. എന്നാൽ അഹരോനെപ്പോലെ ദൈവം വിളിക്കുന്നവനല്ലാതെ ആരും ആ സ്ഥാനം സ്വതവെ എടുക്കുന്നില്ല.
എബ്രായർ 5:1-4 സമകാലിക മലയാളവിവർത്തനം (MCV)
മനുഷ്യരുടെ പ്രതിനിധിയായി, ദൈവത്തിനുമുമ്പിൽ പാപങ്ങൾക്കുവേണ്ടിയുള്ള കാഴ്ചകളും യാഗങ്ങളും അർപ്പിക്കാനാണ് ഏതു മഹാപുരോഹിതനെയും മനുഷ്യരിൽനിന്ന് ദൈവം തെരഞ്ഞെടുത്ത് നിയോഗിക്കുന്നത്. താനും ബലഹീനമനുഷ്യൻ ആകയാൽ അജ്ഞരോടും വഴിതെറ്റിയവരോടും അദ്ദേഹത്തിന് സൗമ്യമായി ഇടപെടാൻ കഴിയും. അതിനാൽ ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി യാഗം അർപ്പിക്കുന്നതുപോലെതന്നെ സ്വന്തം പാപങ്ങൾക്കുവേണ്ടിയും അദ്ദേഹം യാഗങ്ങൾ അർപ്പിക്കേണ്ടിയിരിക്കുന്നു. അഹരോനെപ്പോലെ ദൈവത്താൽ വിളിക്കപ്പെട്ടവൻ അല്ലാതെ, ഈ മഹനീയസ്ഥാനം ആരും സ്വയം ഏറ്റെടുക്കുന്നില്ല.