എബ്രായർ 2:1-9
എബ്രായർ 2:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അതുകൊണ്ട് നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിനു കേട്ടത് അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർ മുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ കർത്താവ് താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അദ്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്ക് ഉറപ്പിച്ചു തന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയത്. എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്ന് ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവനു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവനു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ച വന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ട് അവനെ മഹത്ത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
എബ്രായർ 2:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അതുകൊണ്ട്, നാം കേട്ടിട്ടുള്ള സത്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കുകയും അവയെ മുറുകെപ്പിടിക്കുകയും വേണം. അല്ലെങ്കിൽ അവയിൽനിന്നു നാം ഒഴുകിയകന്നു പോകും. മാലാഖമാർ മുഖേന നല്‌കപ്പെട്ട സന്ദേശം സാധുവായിത്തീർന്നു; അതിനെ ധിക്കരിക്കുകയും അനുസരിക്കാതിരിക്കുകയും ചെയ്ത എല്ലാവർക്കും നീതിയുക്തമായ ശിക്ഷ ലഭിച്ചു. അങ്ങനെയെങ്കിൽ ഇത്ര വലിയ രക്ഷയെ നാം അവഗണിച്ചാൽ, ശിക്ഷയിൽനിന്നു പിന്നെ എങ്ങനെ തെറ്റിയൊഴിയും? സർവേശ്വരൻതന്നെയാണ് ഈ രക്ഷ ആദ്യം പ്രഖ്യാപനം ചെയ്തത്. അതു സത്യമാണെന്ന് അവിടുത്തെ അരുളപ്പാടു ശ്രവിച്ചവർ നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു. അവരുടെ സാക്ഷ്യത്തിനു പുറമേ, പല തരത്തിലുള്ള അടയാളങ്ങളാലും, അതിശയപ്രവർത്തനങ്ങളാലും അദ്ഭുതകർമങ്ങളാലും, തിരുഹിതപ്രകാരമുള്ള പരിശുദ്ധാത്മാവിന്റെ വരങ്ങളാലും ദൈവവും ഇതിനു സാക്ഷ്യം വഹിക്കുന്നു. വരുവാനിരിക്കുന്ന പുതിയ ലോകത്തിന്റെ അധിപന്മാരായി മാലാഖമാരെ ദൈവം ആക്കിയിട്ടില്ല. ആ ലോകത്തെക്കുറിച്ചാണ് നാം സംസാരിക്കുന്നത്. വേദഗ്രന്ഥത്തിൽ മനുഷ്യനെപ്പറ്റി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു: ദൈവമേ, അവിടുന്നു മനുഷ്യനെക്കുറിച്ചു ചിന്തിക്കുവാൻ അവൻ എന്തുള്ളൂ? മനുഷ്യപുത്രനെക്കുറിച്ചു കരുതുവാൻ അവൻ ആരാണ്? മാലാഖമാരെക്കാൾ അല്പം താണവനായി അങ്ങ് അവനെ സൃഷ്‍ടിച്ചു; തേജസ്സും ബഹുമാനവുമാകുന്ന കിരീടം അങ്ങ് അവനെ അണിയിച്ചു. എല്ലാറ്റിനെയും അവന്റെ കാല്‌ക്കീഴാക്കുകയും ചെയ്തു. “എല്ലാറ്റിനെയും അവന്റെ കാല്‌ക്കീഴാക്കി” എന്നു പറയുമ്പോൾ അവന്റെ അധികാരത്തിൽ പെടാത്തതായി ഒന്നുംതന്നെ ഇല്ലെന്നുള്ളതു സ്പഷ്ടം. എന്നാൽ ഇപ്പോൾ അവൻ എല്ലാറ്റിനെയും ഭരിക്കുന്നതായി നാം കാണുന്നില്ല. ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരിക്കേണ്ടതിന് അല്പകാലത്തേക്കു മാലാഖമാരെക്കാൾ താഴ്ത്തപ്പെട്ടെങ്കിലും തന്റെ കഷ്ടാനുഭവവും മരണവുംമൂലം തേജസ്സും ബഹുമാനവുംകൊണ്ട് കിരീടം അണിയിക്കപ്പെട്ടവനായി യേശുവിനെ നാം കാണുന്നു.
എബ്രായർ 2:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അതുകൊണ്ട്, തീർച്ചയായും നാം തെറ്റിപ്പോകാതിരിക്കേണ്ടതിന് കേട്ട വചനം വളരെയധികം ശ്രദ്ധയോടെ കരുതിക്കൊള്ളേണ്ടതാകുന്നു. ദൂതന്മാർ മുഖാന്തരം നമ്മുടെ മുന്‍തലമുറയിലുള്ള പിതാക്കന്മാരോട് അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കുകയും ഓരോരോ ലംഘനത്തിനും അനുസരണക്കേടിനും ന്യായമായ ശിക്ഷ ലഭിക്കുകയും ചെയ്തു എങ്കിൽ, ഇത്രവലിയ രക്ഷ നാം അവഗണിച്ചാൽ എങ്ങനെ ശിക്ഷയിൽനിന്ന് ഒഴിഞ്ഞുമാറും? രക്ഷ എന്നതോ ആദ്യം കർത്താവ് അരുളിച്ചെയ്തതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതും, ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധ വീര്യപ്രവൃത്തികളാലും, മാത്രമല്ല തന്‍റെ ഹിതപ്രകാരം പരിശുദ്ധാത്മാവിന്‍റെ വിവിധ ദാനങ്ങൾ കൊണ്ടും സാക്ഷ്യപ്പെടുത്തിയതുമാണ്. നാം പ്രസ്താവിക്കുന്ന ആ വരുവാനുള്ള ലോകത്തെ ദൈവം ദൂതന്മാരുടെ ആധിപത്യത്തിൻ കീഴിൽ അല്ല ആക്കിയിരിക്കുന്നത്. പകരം, ദാവീദ്തിരുവെഴുത്തിലെ സങ്കീര്‍ത്തനങ്ങളില്‍ ഒരിക്കൽ സാക്ഷ്യപ്പെടുത്തിയത് പോലെ “മനുഷ്യനെ നീ ഓർക്കേണ്ടതിന് അവൻ എന്ത്? മനുഷ്യപുത്രനെ സംരക്ഷിക്കേണ്ടതിന് അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരേക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും മനുഷ്യരാശിക്ക് അധീനമാക്കിയിരിക്കുന്നു.” സകലവും അവനു അധീനമാക്കിയതിനാൽ ഒന്നിനേയും അധീനമാക്കാതെ വിട്ടിട്ടില്ല എന്നു സ്പഷ്ടം. എന്നാൽ ഇപ്പോൾ സകലവും അവനു അധീനമായതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരേക്കാൾ അല്പം താഴ്ച വന്നവനായ യേശു കഷ്ടാനുഭവങ്ങളും മരണവും അനുഭവിച്ചതുകൊണ്ട് മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം അവനെ കാണുന്നു.
എബ്രായർ 2:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അതുകൊണ്ടു നാം വല്ലപ്പോഴും ഒഴുകിപ്പോകാതിരിക്കേണ്ടതിന്നു കേട്ടതു അധികം ശ്രദ്ധയോടെ കരുതിക്കൊൾവാൻ ആവശ്യമാകുന്നു. ദൂതന്മാർമുഖാന്തരം അരുളിച്ചെയ്ത വചനം സ്ഥിരമായിരിക്കയും ഓരോരോ ലംഘനത്തിന്നും അനുസരണക്കേടിന്നും ന്യായമായ പ്രതിഫലം ലഭിക്കയും ചെയ്തു എങ്കിൽ കർത്താവു താൻ പറഞ്ഞുതുടങ്ങിയതും ദൈവം അടയാളങ്ങളാലും അത്ഭുതങ്ങളാലും വിവിധവീര്യപ്രവൃത്തികളാലും തന്റെ ഇഷ്ടപ്രകാരം പരിശുദ്ധാത്മാവിനെ നല്കിക്കൊണ്ടും സാക്ഷി നിന്നതും കേട്ടവർ നമുക്കു ഉറപ്പിച്ചുതന്നതുമായ ഇത്ര വലിയ രക്ഷ നാം ഗണ്യമാക്കാതെ പോയാൽ എങ്ങനെ തെറ്റി ഒഴിയും? നാം പ്രസ്താവിക്കുന്ന ഭാവിലോകത്തെ അവൻ ദൂതന്മാർക്കല്ലല്ലോ കീഴ്പെടുത്തിയതു. എന്നാൽ “മനുഷ്യനെ നീ ഓർക്കേണ്ടതിന്നു അവൻ എന്തു? മനുഷ്യപുത്രനെ സന്ദർശിക്കേണ്ടതിന്നു അവൻ എന്തുമാത്രം? നീ അവനെ ദൂതന്മാരെക്കാൾ അല്പം മാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തികൾക്കു നീ അവനെ അധിപതി ആക്കി, സകലവും അവന്റെ കാൽക്കീഴാക്കിയിരിക്കുന്നു” എന്നു ഒരുവൻ ഒരേടത്തു സാക്ഷ്യം പറയുന്നു. സകലവും അവന്നു കീഴാക്കിയതിൽ ഒന്നിനെയും കീഴ്പെടുത്താതെ വിട്ടിട്ടില്ല; എന്നാൽ ഇപ്പോൾ സകലവും അവന്നു കീഴ്പെട്ടതായി കാണുന്നില്ല. എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.
എബ്രായർ 2:1-9 സമകാലിക മലയാളവിവർത്തനം (MCV)
അതുകൊണ്ട്, നാം കേട്ടിരിക്കുന്ന കാര്യങ്ങളിൽ വളരെയേറെ ശ്രദ്ധചെലുത്തേണ്ടതാണ്. അല്ലാത്തപക്ഷം നാം അവയിൽനിന്ന് ക്രമേണ വഴുതിപ്പോകും. ദൂതന്മാരിലൂടെ അറിയിക്കപ്പെട്ടസന്ദേശം സുസ്ഥിരമാണ്. അത് ലംഘിക്കുകയും അനുസരണക്കേടു കാണിക്കുകയും ചെയ്യുമ്പോഴെല്ലാം ദൈവം യോഗ്യമായ ശിക്ഷ നൽകിയിട്ടുമുണ്ട്. പ്രാരംഭത്തിൽ കർത്താവുതന്നെ നമുക്കു രക്ഷ പ്രഖ്യാപിച്ചുതന്നു. കേട്ടവർ അത് നമുക്ക് ഉറപ്പിച്ചുതന്നു. ദൈവംതന്നെ അടയാളങ്ങളിലൂടെയും അത്ഭുതങ്ങളിലൂടെയും വിവിധ വീര്യ പ്രവൃത്തികളിലൂടെയും അതു സ്ഥിരീകരിച്ചു. മാത്രമല്ല, തിരുഹിതപ്രകാരം പരിശുദ്ധാത്മാവിനെ നൽകിയും അവിടന്ന് രക്ഷ സാക്ഷിച്ചുറപ്പിച്ചുതന്നു. ഇത്രയും മഹത്തായ ഈ രക്ഷ അവഗണിച്ചാൽ ശിക്ഷയിൽനിന്ന് നമുക്ക് എങ്ങനെ ഒഴിഞ്ഞുമാറാൻ കഴിയും? നമ്മുടെ ചർച്ചാവിഷയവും ഇനി വരാനിരിക്കുന്നതുമായ ലോകത്തെ, ദൈവം ദൂതന്മാർക്കല്ല അധീനമാക്കിയത്. ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: “അവിടത്തെ പരിഗണനയിൽ വരാൻമാത്രം മാനവവംശം എന്തുള്ളൂ, മനുഷ്യപുത്രനെ കരുതാൻമാത്രം അവൻ എന്തുമാത്രം? അങ്ങ് അവരെ ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തി; തേജസ്സും ബഹുമാനവും അവരെ മകുടമായി അണിയിച്ചിരിക്കുന്നു. അങ്ങ് സകലതും അവിടത്തെ കാൽക്കീഴാക്കിയിരിക്കുന്നു.” സകലതും അവന് അധീനമാക്കിയപ്പോൾ ഒന്നുപോലും അധീനമാക്കാതെ വിട്ടിട്ടില്ല. എന്നാൽ ഇപ്പോൾ സകലതും അവന് അധീനമായിരിക്കുന്നതായി കാണപ്പെടുന്നില്ല. എന്നാൽ ദൈവകൃപയാൽ എല്ലാവർക്കുംവേണ്ടി മരണം സഹിക്കേണ്ടതിനു യേശു ദൂതന്മാരെക്കാൾ അൽപ്പംമാത്രം താഴ്ത്തപ്പെട്ടു. അങ്ങനെ മരണം ആസ്വദിച്ചതുകൊണ്ട് അദ്ദേഹത്തെ തേജസ്സിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി നാം കാണുന്നു.