എബ്രായർ 12:9-11
എബ്രായർ 12:9-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? അവർ ശിക്ഷിച്ചത് കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിനു നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നത്. ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
എബ്രായർ 12:9-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നമ്മെ ശിക്ഷണത്തിൽ വളർത്തിയ ലൗകികപിതാക്കന്മാരെ നാം ബഹുമാനിക്കുന്നു. അങ്ങനെയെങ്കിൽ നമ്മുടെ സ്വർഗീയ പിതാവിന് അതിനെക്കാൾ എത്രയധികം കീഴ്പ്പെട്ടു ജീവിക്കേണ്ടതാണ്. ലൗകികപിതാക്കന്മാർ അല്പകാലത്തേക്കു മാത്രം അവർക്കു യുക്തമെന്നു തോന്നിയ വിധത്തിൽ ശിക്ഷണം നടത്തുന്നു. എന്നാൽ തന്റെ വിശുദ്ധിയിൽ പങ്കാളികളാകുവാൻവേണ്ടി നമ്മുടെ നന്മയ്‍ക്കായി ദൈവം നമുക്കു ശിക്ഷണം നല്‌കുന്നു. ഏതു ശിക്ഷയും തത്സമയം സന്തോഷപ്രദമായിരിക്കുകയില്ല; അതു വേദനാജനകമായിരിക്കും; എന്നാൽ ശിക്ഷണത്തിനു വിധേയരാകുന്നവർക്ക് ദൈവത്തോടുള്ള അനുരഞ്ജനത്തിൽ നിന്നുളവാകുന്ന സമാധാനം കാലാന്തരത്തിൽ ലഭിക്കും.
എബ്രായർ 12:9-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോഴും നാം അവരെ ബഹുമാനിച്ചിരുന്നുവല്ലോ; എങ്കിൽ ആത്മാക്കളുടെ പിതാവിന് ഏറ്റവും അധികമായി നാം കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? നിശ്ചയമായും നമ്മുടെ പിതാക്കന്മാർ ശിക്ഷിച്ചത് തൽക്കാലത്തേക്കും തങ്ങൾക്കു ബോധിച്ച പ്രകാരവുമത്രേ; എന്നാൽ ദൈവമോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന് നമ്മുടെ ഗുണത്തിനായി തന്നെ ശിക്ഷിക്കുന്നു. ഏത് ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ; പിന്നത്തേതിലോ അതിനാൽ ശിക്ഷണം ലഭിച്ചവർക്ക് നീതി എന്ന സമാധാനഫലം ലഭിക്കും.
എബ്രായർ 12:9-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
നമ്മുടെ ജഡസംബന്ധമായ പിതാക്കന്മാർ നമ്മെ ശിക്ഷിച്ചപ്പോൾ നാം അവരെ വണങ്ങിപ്പോന്നുവല്ലോ; ആത്മാക്കളുടെ പിതാവിന്നു ഏറ്റവും അധികമായി കീഴടങ്ങി ജീവിക്കേണ്ടതല്ലയോ? അവർ ശിക്ഷിച്ചതു കുറെക്കാലവും തങ്ങൾക്കു ബോധിച്ചപ്രകാരവുമത്രേ; അവനോ, നാം അവന്റെ വിശുദ്ധി പ്രാപിക്കേണ്ടതിന്നു നമ്മുടെ ഗുണത്തിന്നായി തന്നേ ശിക്ഷിക്കുന്നതു. ഏതു ശിക്ഷയും തൽക്കാലം സന്തോഷകരമല്ല ദുഃഖകരമത്രേ എന്നു തോന്നും; പിന്നത്തേതിലോ അതിനാൽ അഭ്യാസം വന്നവർക്കു നീതി എന്ന സമാധാന ഫലം ലഭിക്കും.
എബ്രായർ 12:9-11 സമകാലിക മലയാളവിവർത്തനം (MCV)
നമ്മുടെ ലൗകികപിതാക്കന്മാർ നമുക്ക് ബാല്യത്തിൽ ശിക്ഷ നൽകിയിരുന്നപ്പോൾ അവരെ നാം ബഹുമാനിച്ചിരുന്നു. അങ്ങനെയെങ്കിൽ നമ്മുടെ ആത്മാക്കളുടെ പിതാവിനു നാം എത്രയധികം കീഴടങ്ങി ജീവിക്കേണ്ടതാണ്! അവർ തങ്ങൾക്ക് ഉത്തമമെന്നു തോന്നിയ വിധത്തിൽ ആയിരുന്നു നമ്മെ അൽപ്പകാലത്തേക്ക് ശിക്ഷയ്ക്കു വിധേയരാക്കിയത്; ദൈവമോ, നമ്മുടെ പ്രയോജനത്തിനായി—നാം അവിടത്തെ വിശുദ്ധിയിൽ പങ്കാളികൾ ആകേണ്ടതിന്—നമുക്ക് ബാലശിക്ഷ നൽകുന്നു. ഏതുതരം ശിക്ഷയും തൽക്കാലത്തേക്ക് ആനന്ദകരമല്ല, ദുഃഖകരമാണെന്ന് തോന്നും. ഇതിലൂടെ പരിശീലനം സിദ്ധിക്കുന്നവർക്ക് നീതിപൂർവമായ ഒരു സമാധാനഫലം പിന്നീടു ലഭിക്കും.