എബ്രായർ 12:26-28
എബ്രായർ 12:26-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവൻ വാഗ്ദത്തം ചെയ്തു. “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനില്ക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിനു മാറ്റം വരും എന്ന് സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിനു പ്രസാദം വരുമാറ് ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
എബ്രായർ 12:26-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അന്ന് അവിടുത്തെ ശബ്ദം ഭൂമിയെ പ്രകമ്പനം കൊള്ളിച്ചു. എന്നാൽ “ഇനി ഒരിക്കൽ ഞാൻ ഭൂമിയെ മാത്രമല്ല, ആകാശത്തെയും വിറപ്പിക്കും” എന്ന് അവിടുന്ന് ഇപ്പോൾ പ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇനി ഒരിക്കൽ എന്നത് ഇളക്കപ്പെടുവാൻ സാധ്യമല്ലാത്തവ നിലനില്ക്കുവാൻവേണ്ടി, സൃഷ്ടിക്കപ്പെട്ട സകലവും ഇളക്കിനീക്കുമെന്നത്രേ സൂചിപ്പിക്കുന്നത്. അതിനാൽ ഇളക്കുവാൻ ആവാത്ത ഒരു രാജ്യം നമുക്കു ലഭിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായിരിക്കുകയും, ദൈവത്തിനു പ്രസാദകരമായ വിധത്തിൽ ഭയഭക്തിപുരസ്സരം ആരാധിക്കുകയും ചെയ്യുക.
എബ്രായർ 12:26-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ പ്രതിജ്ഞ ചെയ്തു. “ഇനി ഒരിക്കൽ” എന്നത്, ഇളക്കമില്ലാത്തത് നിലനിൽക്കേണ്ടതിന് നിർമ്മിതമായ ഇളക്കമുള്ളതിന് മാറ്റം വരും എന്നു സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ട് നാം നന്ദിയുള്ളവരായി ദൈവത്തിന് അംഗീകരിക്കപ്പെടും വിധം ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
എബ്രായർ 12:26-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവന്റെ ശബ്ദം അന്നു ഭൂമിയെ ഇളക്കി; ഇപ്പോഴോ “ഞാൻ ഇനി ഒരിക്കൽ ഭൂമിയെ മാത്രമല്ല, ആകാശത്തെയും ഇളക്കും” എന്നു അവൻ വാഗ്ദത്തം ചെയ്തു. “ഇനി ഒരിക്കൽ” എന്നതു, ഇളക്കമില്ലാത്തതു നിലനിൽക്കേണ്ടതിന്നു നിർമ്മിതമായ ഇളക്കമുള്ളതിന്നു മാറ്റം വരും എന്നു സൂചിപ്പിക്കുന്നു. ആകയാൽ ഇളകാത്ത രാജ്യം പ്രാപിക്കുന്നതുകൊണ്ടു നാം നന്ദിയുള്ളവരായി ദൈവത്തിന്നു പ്രസാദംവരുമാറു ഭക്തിയോടും ഭയത്തോടുംകൂടെ സേവ ചെയ്ക.
എബ്രായർ 12:26-28 സമകാലിക മലയാളവിവർത്തനം (MCV)
അന്ന് അവിടത്തെ ശബ്ദം ഭൂമിയെ നടുക്കി. ഇപ്പോഴോ, “ഞാൻ ഇനി ഒരിക്കൽക്കൂടി, ഭൂമിയെമാത്രമല്ല, ആകാശത്തെയും ഇളക്കും” എന്ന് അവിടന്ന് വാഗ്ദാനംചെയ്തിരിക്കുന്നു. അവിടത്തെ സൃഷ്ടിയിൽ ചഞ്ചലമായതിനെ നിഷ്കാസനംചെയ്ത് അചഞ്ചലമായതിനെ നിലനിർത്തും എന്നാണ് “ഇനി ഒരിക്കൽക്കൂടി” എന്ന വാക്കുകൾകൊണ്ടു വിവക്ഷിക്കുന്നത്. ആകയാൽ നമുക്ക് അചഞ്ചലമായ ഒരു രാജ്യം ലഭിക്കുന്നതുകൊണ്ട്, നാം കൃതജ്ഞതയുള്ളവരായി ദൈവത്തിനു സ്വീകാര്യമാകുമാറ് ഭയഭക്തിയോടുകൂടി അവിടത്തെ ആരാധിക്കാം