എബ്രായർ 11:17-22
എബ്രായർ 11:17-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്ന് വിളിക്കപ്പെടും എന്ന് അരുളപ്പാട് ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്ന് എണ്ണുകയും അവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്ത് ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പന കൊടുത്തു.
എബ്രായർ 11:17-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വിശ്വാസംമൂലമാണ്, താൻ പരീക്ഷിക്കപ്പെട്ടപ്പോൾ, അബ്രഹാം വാഗ്ദാനത്താൽ ലഭിച്ച ഏകപുത്രനായ ഇസ്ഹാക്കിനെ ബലികഴിക്കുവാൻ സന്നദ്ധനായത്. “ഇസ്ഹാക്കിൽ കൂടി ആയിരിക്കും നിനക്കു സന്താനപരമ്പരകൾ ലഭിക്കുന്നത്” എന്നു ദൈവം അബ്രഹാമിനോട് അരുൾചെയ്തിരുന്നെങ്കിലും ആ പുത്രനെ ബലികഴിക്കുവാൻ അബ്രഹാം സന്നദ്ധനായി. മരിച്ചവരെ ഉയിർപ്പിക്കുവാൻപോലും ദൈവത്തിനു കഴിയുമെന്ന് അബ്രഹാം വിശ്വസിച്ചു. ഒരർഥത്തിൽ മരണത്തിൽനിന്നെന്നപോലെ ഇസ്ഹാക്കിനെ അബ്രഹാമിനു തിരിച്ചുകിട്ടുകയും ചെയ്തു. വിശ്വാസത്താൽ ഇസ്ഹാക്ക് ഭാവിവരങ്ങൾ നേർന്നുകൊണ്ട് യാക്കോബിനെയും ഏശാവിനെയും അനുഗ്രഹിച്ചു. വിശ്വാസത്താലത്രേ, ആസന്നമരണനായ യാക്കോബ് വടിയൂന്നിയിരുന്ന് പ്രാർഥനാപൂർവം യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിച്ചത്. വിശ്വാസത്താലാണ് യോസേഫ് മരിക്കാറായപ്പോൾ, ഈജിപ്തിൽനിന്നുള്ള ഇസ്രായേൽജനത്തിന്റെ പുറപ്പാടിനെക്കുറിച്ച് സൂചിപ്പിക്കുകയും, തന്റെ ഭൗതികാവശിഷ്ടം എന്തു ചെയ്യണമെന്നതിനെക്കുറിച്ചുള്ള നിർദേശം നല്‌കുകയും ചെയ്തത്.
എബ്രായർ 11:17-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. അതെ, വാഗ്ദത്തങ്ങളെ സന്തോഷത്തോടെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ യാഗം അർപ്പിച്ചു; മുന്നമേ യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്ന അരുളപ്പാടു അവനു ലഭിച്ചിരുന്നു യിസ്ഹാക്കിനെ മരിച്ചവരുടെ ഇടയിൽനിന്ന് ഉയിർപ്പിക്കുവാൻ ദൈവം ശക്തൻ എന്നു അബ്രാഹാം വിശ്വസിക്കുകയും, മരിച്ചവരുടെ ഇടയിൽനിന്ന് എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കുകയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ച് അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്‍റെ ഊന്നുവടിയുടെ അറ്റത്തു ചാരിക്കൊണ്ട് നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിക്കാറായപ്പോൾ യിസ്രായേൽ മക്കളുടെ പുറപ്പാടിന്‍റെ കാര്യം ഓർമ്മിപ്പിച്ചു, തന്‍റെ അസ്ഥികൾ അവരോടൊപ്പം എടുക്കേണം എന്നു കല്പന കൊടുത്തു.
എബ്രായർ 11:17-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിശ്വാസത്താൽ അബ്രാഹാം താൻ പരീക്ഷിക്കപ്പെട്ടപ്പോൾ യിസ്ഹാക്കിനെ യാഗം അർപ്പിച്ചു. യിസ്ഹാക്കിൽനിന്നു ജനിക്കുന്നവർ നിന്റെ സന്തതി എന്നു വിളിക്കപ്പെടും എന്നു അരുളപ്പാടു ലഭിച്ചു വാഗ്ദത്തങ്ങളെ കൈക്കൊണ്ടവൻ തന്റെ ഏകജാതനെ അർപ്പിച്ചു; മരിച്ചവരുടെ ഇടയിൽനിന്നു ഉയിർപ്പിപ്പാൻ ദൈവം ശക്തൻ എന്നു എണ്ണുകയും അവരുടെ ഇടയിൽനിന്നു എഴുന്നേറ്റവനെപ്പോലെ അവനെ തിരികെ പ്രാപിക്കയും ചെയ്തു. വിശ്വാസത്താൽ യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും ഭാവികാലം സംബന്ധിച്ചു അനുഗ്രഹിച്ചു. വിശ്വാസത്താൽ യാക്കോബ് മരണകാലത്തിങ്കൽ യോസേഫിന്റെ മക്കളെ ഇരുവരെയും അനുഗ്രഹിക്കയും തന്റെ വടിയുടെ അറ്റത്തു ചാരിക്കൊണ്ടു നമസ്കരിക്കയും ചെയ്തു. വിശ്വാസത്താൽ യോസേഫ് താൻ മരിപ്പാറായപ്പോൾ യിസ്രായേൽമക്കളുടെ പുറപ്പാടിന്റെ കാര്യം ഓർപ്പിച്ചു, തന്റെ അസ്ഥികളെക്കുറിച്ചു കല്പനകൊടുത്തു.
എബ്രായർ 11:17-22 സമകാലിക മലയാളവിവർത്തനം (MCV)
താൻ പരീക്ഷിക്കപ്പെട്ടപ്പോൾ അബ്രാഹാം വിശ്വാസത്താൽ യിസ്ഹാക്കിനെ യാഗമായി അർപ്പിച്ചു. “യിസ്ഹാക്കിൽനിന്നു ജനിക്കുന്നവൻ നിന്റെ സന്തതി എന്നു വിളിക്കപ്പെടും” എന്ന വാഗ്ദാനത്തെ സഹർഷം സ്വീകരിച്ചയാൾതന്നെ തന്റെ ഒരേയൊരു മകനെ യാഗാർപ്പണം ചെയ്യാൻ തയ്യാറായി. മരിച്ചവരെ ഉയിർപ്പിക്കാൻ ദൈവം ശക്തനെന്ന് അബ്രാഹാം താത്ത്വികമായി ചിന്തിച്ചു. ഒരുപ്രകാരത്തിൽ അവനെ, മരിച്ചവരിൽനിന്ന് ഉത്ഥാനംചെയ്തവനായി തിരികെ ലഭിക്കുകതന്നെയായിരുന്നു. യിസ്ഹാക്ക് യാക്കോബിനെയും ഏശാവിനെയും വിശ്വാസത്താൽ അവരുടെ ഭാവി മുൻകൂട്ടിക്കണ്ട് അനുഗ്രഹിച്ചു. ആസന്നമരണനായ യാക്കോബ് തന്റെ വടിയുടെ തലയ്ക്കൽ ഊന്നിനിന്ന് യോസേഫിന്റെ പുത്രന്മാർ ഇരുവരെയും വിശ്വാസത്താൽ അനുഗ്രഹിച്ചു. യോസേഫ് തന്റെ ജീവിതാന്ത്യത്തിൽ, ഈജിപ്റ്റിൽനിന്നുള്ള ഇസ്രായേല്യരുടെ പലായനത്തിന്റെ കാര്യം, വിശ്വാസത്താൽ പരാമർശിക്കുകയും തന്റെ അസ്ഥികളുടെ പുനഃസംസ്കരണത്തെക്കുറിച്ച് നിർദേശിക്കുകയും ചെയ്തു.