ഹബക്കൂക് 3:1-19
ഹബക്കൂക് 3:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
വിഭ്രമരാഗത്തിൽ ഹബക്കൂക്പ്രവാചകന്റെ ഒരു പ്രാർഥനാഗീതം. യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പേ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പേ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ. ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻപർവതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായി വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു. ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു. യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരേ വരുന്നുവോ? നീ കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരേ ഉള്ളതോ? നിന്റെ വില്ല് മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടു കൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു. പർവതങ്ങൾ നിന്നെ കണ്ടു വിറയ്ക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു. നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു. നിന്റെ ജനത്തിന്റെ രക്ഷയ്ക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷയ്ക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ. നീ അവന്റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളയ്ക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. ഞാൻ കേട്ട് എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്റെ അസ്ഥികൾക്ക് ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
ഹബക്കൂക് 3:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഹബക്കൂക് പ്രവാചകൻ വിലാപരാഗത്തിൽ രചിച്ച ഗീതം. സർവേശ്വരാ, അങ്ങയെക്കുറിച്ചു കേട്ടറിഞ്ഞ് ഞാൻ ഭയന്നു; അങ്ങയുടെ പ്രവൃത്തികൾ ഇന്നും ആവർത്തിക്കണമേ. അവിടുന്നു കോപിച്ചിരിക്കുമ്പോഴും അങ്ങയുടെ കാരുണ്യം അനുസ്മരിക്കണമേ ദൈവം തേമാനിൽനിന്നു വന്നു; പരിശുദ്ധനായ ദൈവം പാറാൻ ഗിരിയിൽനിന്നു വന്നു. അവിടുത്തെ തേജസ്സ് ആകാശം മൂടി. അവിടുത്തെക്കുറിച്ചുള്ള സ്തുതിയാൽ ഭൂമി നിറഞ്ഞു. അവിടുത്തെ ശോഭ മിന്നലൊളിപോലെ ആയിരുന്നു; തൃക്കരങ്ങളിൽനിന്നു പ്രകാശകിരണങ്ങൾ പ്രസരിച്ചു. അവിടെയാണ് അവിടുത്തെ ശക്തി മറഞ്ഞിരിക്കുന്നത്. മഹാമാരി തിരുമുമ്പിൽ നീങ്ങുന്നു. മഹാവ്യാധി അവിടുത്തെ തൊട്ടുപിന്നിലും. അവിടുന്നു ഭൂമിയെ അളന്നു. അവിടുത്തെ നോട്ടത്തിൽ ജനതകൾ കുലുങ്ങിവിറച്ചു. പണ്ടേയുള്ള പർവതങ്ങൾ ചിതറിപ്പോയി. പുരാതനഗിരികൾ താണുപോയി. എന്നാൽ അവിടുത്തെ മാർഗങ്ങൾ പഴയതുതന്നെ. കൂശാന്റെ കൂടാരങ്ങൾ അനർഥത്തിലാണ്ടതു ഞാൻ കണ്ടു. മിദ്യാൻദേശത്തിന്റെ തിരശ്ശീലകൾ വിറച്ചു. സർവേശ്വരാ, നദികൾക്കു നേരെയാണോ അവിടുത്തെ ക്രോധം? അവിടുന്നു പുഴകളോടു നീരസം പൂണ്ടിരിക്കുന്നു. അവിടുന്നു വിജയരഥമേറി കുതിരകളെ തെളിച്ചുവരുമ്പോൾ അങ്ങയുടെ ക്രോധം സമുദ്രത്തിനോടോ? അവിടുന്ന് അമ്പെടുത്തു വില്ലിൽ തൊടുത്തു. നദികളാൽ അവിടുന്നു ഭൂതലം പിളർന്നു. പർവതങ്ങൾ അങ്ങയെ കണ്ടു വിറച്ചു. ജലപ്രവാഹങ്ങൾ പ്രവഹിച്ചു. അഗാധജലം ഗർജിച്ചു. ഉയരത്തിലേക്ക് അതിന്റെ തിരമാലകളെ ഉയർത്തി. അവിടുത്തെ മിന്നിപ്പായുന്ന അസ്ത്രങ്ങളുടെ പ്രകാശവും; കുന്തങ്ങളുടെ മിന്നലൊളിയും കണ്ട് സൂര്യചന്ദ്രന്മാർ സ്വസ്ഥാനങ്ങളിൽ നിശ്ചലരായി നിന്നു. ക്രോധത്തോടെ അവിടുന്നു ഭൂമിയിൽ നടന്നു. കോപത്തോടെ അവിടുന്നു ജനതകളെ മെതിച്ചു. അവിടുത്തെ ജനത്തിന്റെയും അവിടുത്തെ അഭിഷിക്തന്റെയും രക്ഷയ്‍ക്കായി അവിടുന്നു പുറപ്പെട്ടു. ദുഷ്ടഭവനത്തെ അവിടുന്നു തകർത്ത് അതിന്റെ അടിത്തറവരെ അവിടുന്ന് അനാവൃതമാക്കി. അയാളുടെ പടയാളികളുടെ തല അവിടുന്നു കുന്തംകൊണ്ടു കുത്തിത്തുളച്ചു. എന്നെ ചിതറിക്കാൻ അവർ ചുഴലിക്കാറ്റുപോലെ വന്നു; എളിയവനെ ഒളിവിൽ വിഴുങ്ങുന്നതിലെന്നപോലെ അവർ സന്തോഷിച്ചു. അവിടുന്നു കുതിരകളുമായി വന്നു സമുദ്രത്തെ, ഇളകിമറിയുന്ന തിരമാലകളെ ചവുട്ടിമെതിച്ചു. ആ ആരവം കേട്ടു ഞാൻ നടുങ്ങി; ആ ശബ്ദം കേട്ട് എന്റെ അധരങ്ങൾ വിറച്ചു. എന്റെ അസ്ഥികൾ ദ്രവിച്ചു തുടങ്ങി. എന്റെ കാലടികൾ ഇടറുന്നു; ഞങ്ങളെ ആക്രമിക്കുന്ന ജനങ്ങൾക്കു കഷ്ടദിവസം വരുവാനായി ഞാൻ ക്ഷമയോടെ കാത്തിരിക്കും. അത്തിവൃക്ഷം പൂവണിയുകയോ മുന്തിരിവള്ളി കായ്‍ക്കുകയോ ചെയ്തില്ലെന്നു വരാം. ഒലിവ് ഫലം നല്‌കാതെയും വയലിൽ ധാന്യം വിളയാതെയും വന്നേക്കാം. ആട്ടിൻകൂട്ടം ആലകളിൽ നിശ്ശേഷം നശിച്ചെന്നു വരാം; തൊഴുത്തുകളിൽ കന്നുകാലികൾ ഇല്ലാതെ വന്നേക്കാം. എന്നാലും ഞാൻ സർവേശ്വരനിൽ ആനന്ദിക്കും. എന്റെ രക്ഷകനായ ദൈവത്തിൽ സന്തോഷിക്കും. സർവേശ്വരനായ കർത്താവാണ് എന്റെ ബലം; പേടമാന്റെ കാലുകൾക്കുള്ള വേഗത എന്റെ കാലുകൾക്ക് അവിടുന്നു നല്‌കി; അവിടുന്ന് എന്നെ ഉന്നതങ്ങളിൽ നടത്തുന്നു.
ഹബക്കൂക് 3:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം. യഹോവേ, ഞാൻ അങ്ങയെക്കുറിച്ച് കേട്ട് ഭയപ്പെട്ടുപോയി; യഹോവേ, വർഷങ്ങൾ കഴിയുംമുമ്പ് അങ്ങേയുടെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ഈ നാളുകളിൽ അതിനെ വെളിപ്പെടുത്തണമേ; ക്രോധത്തിൽ കരുണ ഓർക്കേണമേ. ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാരൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. ദൈവത്തിന്‍റെ പ്രഭ ആകാശത്തെ മൂടുന്നു; ദൈവത്തിന്‍റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായിവരുന്നു; കിരണങ്ങൾ ദൈവത്തിന്‍റെ അടുത്തുനിന്ന് പുറപ്പെടുന്നു; അവിടെ ദൈവത്തിന്‍റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാവ്യാധി ദൈവത്തിന്‍റെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി ദൈവത്തിന്‍റെ പിന്നാലെ ചെല്ലുന്നു. ദൈവം ഭൂമിയെ കുലുക്കുന്നു; ദൈവം നോക്കി ജനതകളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; ദൈവം പുരാതന പാതകളിൽ നടക്കുന്നു. ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറയ്ക്കുന്നു. യഹോവ നദികളോട് നീരസപ്പെട്ടിരിക്കുന്നുവോ? അങ്ങേയുടെ കോപം നദികളുടെ നേരെ വരുന്നുവോ? അങ്ങ് കുതിരപ്പുറത്തും ജയരഥത്തിലും കയറിയിരിക്കുകയാൽ അങ്ങേയുടെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? അവിടുന്ന് വില്ല് പുറത്തെടുത്ത് ഞാണിൽ അമ്പ് തൊടുത്തിരിക്കുന്നു. വചനത്തിന്‍റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. അങ്ങ് ഭൂമിയെ നദികളാൽ പിളർക്കുന്നു. പർവ്വതങ്ങൾ അങ്ങയെ കണ്ടു വിറയ്ക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി ശബ്ദം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്ക് തിര ഉയർത്തുന്നു. അങ്ങേയുടെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിലും മിന്നിപ്രകാശിക്കുന്ന കുന്തത്തിന്‍റെ ശോഭയിലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. ക്രോധത്തോടെ അങ്ങ് ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജനതകളെ മെതിക്കുന്നു. അങ്ങേയുടെ ജനത്തിന്‍റെയും അങ്ങേയുടെ അഭിഷിക്തന്‍റെയും രക്ഷക്കായിട്ട് അങ്ങ് പുറപ്പെടുന്നു; അങ്ങ് ദുഷ്ടന്‍റെ വീടിന്‍റെ മുകൾഭാഗം തകർത്ത്, അടിസ്ഥാനം മുഴുവനും അനാവൃതമാക്കി. സേലാ. അങ്ങ് അവന്‍റെ കുന്തങ്ങൾകൊണ്ട് അവന്റെ യോദ്ധാക്കളുടെ നായകന്മാരുടെ തല കുത്തിത്തുളക്കുന്നു; എന്നെ ചിതറിക്കേണ്ടതിന് അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവച്ച് വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. അങ്ങേയുടെ കുതിരകളോടുകൂടി അങ്ങ് സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നെ, നടകൊള്ളുന്നു. ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, ആ ശബ്ദം കാരണം എന്‍റെ അധരം വിറച്ചു; അവൻ ജനത്തെ ആക്രമിക്കുവാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ട് എന്‍റെ അസ്ഥികൾ ഉരുകി, ഞാൻ നിന്ന നിലയിൽ വിറച്ചുപോയി. അത്തിവൃക്ഷം തളിർക്കുകയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകുകയില്ല; ഒലിവുമരത്തിന്‍റെ പ്രയത്നം നിഷ്ഫലമായിപ്പോകും; നിലങ്ങൾ ആഹാരം വിളയിക്കുകയില്ല; ആട്ടിൻകൂട്ടം തൊഴുത്തിൽനിന്ന് നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കുകയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവ് എന്റെ ബലം ആകുന്നു; കർത്താവ് എന്‍റെ കാൽ പേടമാൻ കാലുപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു.
ഹബക്കൂക് 3:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
വിഭ്രമരാഗത്തിൽ ഹബക്കൂക്ക് പ്രവാചകന്റെ ഒരു പ്രാർത്ഥനാഗീതം. യഹോവേ, ഞാൻ നിന്റെ കേൾവി കേട്ടു ഭയപ്പെട്ടുപോയി; യഹോവേ, ആണ്ടുകൾ കഴിയുംമുമ്പെ നിന്റെ പ്രവൃത്തിയെ ജീവിപ്പിക്കേണമേ; ആണ്ടുകൾ കഴിയുംമുമ്പെ അതിനെ വെളിപ്പെടുത്തേണമേ; ക്രോധത്തിങ്കൽ കരുണ ഓർക്കേണമേ. ദൈവം തേമാനിൽനിന്നും പരിശുദ്ധൻ പാറാൻ പർവ്വതത്തിൽനിന്നും വരുന്നു. സേലാ. അവന്റെ പ്രഭ ആകാശത്തെ മൂടുന്നു; അവന്റെ സ്തുതിയാൽ ഭൂമി നിറഞ്ഞിരിക്കുന്നു. സൂര്യപ്രകാശംപോലെ ഒരു ശോഭ ഉളവായ്‌വരുന്നു; കിരണങ്ങൾ അവന്റെ പാർശ്വത്തുനിന്നു പുറപ്പെടുന്നു; അവിടെ അവന്റെ വല്ലഭത്വം മറഞ്ഞിരിക്കുന്നു. മഹാമാരി അവന്റെ മുമ്പിൽ നടക്കുന്നു; ജ്വരാഗ്നി അവന്റെ പിന്നാലെ ചെല്ലുന്നു. അവൻ നിന്നു ഭൂമിയെ കുലുക്കുന്നു; അവൻ നോക്കി ജാതികളെ ചിതറിക്കുന്നു; ശാശ്വതപർവ്വതങ്ങൾ പിളർന്നുപോകുന്നു; പുരാതനഗിരികൾ വണങ്ങി വീഴുന്നു; അവൻ പുരാതനപാതകളിൽ നടക്കുന്നു. ഞാൻ കൂശാന്റെ കൂടാരങ്ങളെ അനർത്ഥത്തിൽ കാണുന്നു; മിദ്യാൻദേശത്തിലെ തിരശ്ശീലകൾ വിറെക്കുന്നു. യഹോവ നദികളോടു നീരസപ്പെട്ടിരിക്കുന്നുവോ? നിന്റെ കോപം നദികളുടെ നേരെ വരുന്നുവോ? നീ കുതരിപ്പുറത്തും ജയരഥത്തിലും കയറിയിരിക്കയാൽ നിന്റെ ക്രോധം സമുദ്രത്തിന്റെ നേരെ ഉള്ളതോ? നിന്റെ വില്ലു മുറ്റും അനാവൃതമായിരിക്കുന്നു; വചനത്തിന്റെ ദണ്ഡനങ്ങൾ ആണകളോടുകൂടിയിരിക്കുന്നു. സേലാ. നീ ഭൂമിയെ നദികളാൽ പിളർക്കുന്നു. പർവ്വതങ്ങൾ നിന്നെ കണ്ടു വിറെക്കുന്നു; വെള്ളത്തിന്റെ പ്രവാഹം കടന്നുപോകുന്നു; ആഴി മുഴക്കം പുറപ്പെടുവിക്കുന്നു; ഉയരത്തിലേക്കു കൈ ഉയർത്തുന്നു. നിന്റെ അസ്ത്രങ്ങൾ പായുന്ന പ്രകാശത്തിങ്കലും മിന്നിച്ചാടുന്ന കുന്തത്തിന്റെ ശോഭയിങ്കലും സൂര്യനും ചന്ദ്രനും സ്വഗൃഹത്തിൽ നില്ക്കുന്നു. ക്രോധത്തോടെ നീ ഭൂമിയിൽ ചവിട്ടുന്നു; കോപത്തോടെ ജാതികളെ മെതിക്കുന്നു. നിന്റെ ജനത്തിന്റെ രക്ഷെക്കായിട്ടും നിന്റെ അഭിഷിക്തന്റെ രക്ഷെക്കായിട്ടും നീ പുറപ്പെടുന്നു; നീ ദുഷ്ടന്റെ വീട്ടിൽനിന്നു മോന്തായം തകർത്തു, അടിസ്ഥാനത്തെ കഴുത്തോളം അനാവൃതമാക്കുന്നു. സേലാ. നീ അവന്റെ കുന്തങ്ങൾകൊണ്ടു അവന്റെ യോദ്ധാക്കളുടെ തല കുത്തിത്തുളെക്കുന്നു; എന്നെ ചിതറിക്കേണ്ടതിന്നു അവർ ചുഴലിക്കാറ്റുപോലെ വരുന്നു; എളിയവനെ മറവിൽവെച്ചു വിഴുങ്ങുവാൻ പോകുന്നതുപോലെ അവർ ഉല്ലസിക്കുന്നു. നിന്റെ കുതിരകളോടുകൂടെ നീ സമുദ്രത്തിൽ, പെരുവെള്ളക്കൂട്ടത്തിൽ തന്നേ, നടകൊള്ളുന്നു. ഞാൻ കേട്ടു എന്റെ ഉദരം കുലുങ്ങിപ്പോയി, മുഴക്കം ഹേതുവായി എന്റെ അധരം വിറെച്ചു; അവൻ ജനത്തെ ആക്രമിപ്പാൻ പുറപ്പെടുമ്പോൾ കഷ്ടദിവസത്തിൽ ഞാൻ വിശ്രമിച്ചിരിക്കേണ്ടതുകൊണ്ടു എന്റെ അസ്ഥികൾക്കു ഉരുക്കം തട്ടി, ഞാൻ നിന്ന നിലയിൽ വിറെച്ചുപോയി. അത്തിവൃക്ഷം തളിർക്കയില്ല; മുന്തിരിവള്ളിയിൽ അനുഭവം ഉണ്ടാകയില്ല; ഒലിവുമരത്തിന്റെ പ്രയത്നം നിഷ്ഫലമായ്പോകും; നിലങ്ങൾ ആഹാരം വിളയിക്കയില്ല; ആട്ടിൻ കൂട്ടം തൊഴുത്തിൽനിന്നു നശിച്ചുപോകും; ഗോശാലകളിൽ കന്നുകാലി ഉണ്ടായിരിക്കയില്ല. എങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും; എന്റെ രക്ഷയുടെ ദൈവത്തിൽ ഘോഷിച്ചുല്ലസിക്കും. യഹോവയായ കർത്താവു എന്റെ ബലം ആകുന്നു; അവൻ എന്റെ കാൽ പേടമാൻകാൽപോലെ ആക്കുന്നു; ഉന്നതികളിന്മേൽ എന്നെ നടക്കുമാറാക്കുന്നു. സംഗീതപ്രമാണിക്കു തന്ത്രിനാദത്തോടെ.
ഹബക്കൂക് 3:1-19 സമകാലിക മലയാളവിവർത്തനം (MCV)
യഹോവേ, ഞാൻ അങ്ങയുടെ കീർത്തിയെക്കുറിച്ചു കേട്ടിരിക്കുന്നു; അങ്ങയുടെ പ്രവൃത്തികൾ കണ്ടിട്ട് ഞാൻ ആദരപൂർണനായി നിൽക്കുന്നു. യഹോവേ, ഞങ്ങളുടെ നാളിൽ അവ ആവർത്തിക്കണമേ, ഞങ്ങളുടെകാലത്ത് അവ പ്രസിദ്ധമാക്കണമേ; കോപത്തിലും കരുണ ഓർക്കണമേ. ദൈവം തേമാനിൽനിന്ന് വന്നു, പരിശുദ്ധനായവൻ പാരാൻപർവതത്തിൽനിന്ന് വന്നു. സേലാ. അവിടത്തെ തേജസ്സ് ആകാശത്തെ മൂടിയിരുന്നു, അവിടത്തെ സ്തുതി ഭൂമിയെ നിറച്ചിരിക്കുന്നു. അവിടത്തെ മഹിമ സൂര്യോദയംപോലെ ആയിരുന്നു; തന്റെ ശക്തി മറച്ചിരുന്ന അവിടത്തെ കരങ്ങളിൽനിന്ന് പ്രഭാകിരണങ്ങൾ മിന്നി. മഹാമാരി അവിടത്തെ മുമ്പിൽ നടക്കുന്നു; പകർച്ചവ്യാധി അവിടത്തെ ചവിട്ടടികളെ പിൻതുടരുന്നു. യഹോവ എഴുന്നേറ്റു, ഭൂമിയെ കുലുക്കി. അവിടന്നു നോക്കി രാജ്യങ്ങളെ വിറപ്പിച്ചു. പുരാതനപർവതങ്ങൾ തകർന്നുവീണു പഴയ കുന്നുകൾ നിലംപൊത്തി— എന്നാൽ അവിടത്തെ വഴികൾ ശാശ്വതമായവ. കൂശാന്റെ കൂടാരങ്ങൾ അസ്വസ്ഥമായിരിക്കുന്നതു ഞാൻ കണ്ടു, മിദ്യാന്റെ പാർപ്പിടങ്ങൾ വിഷമിക്കയും ചെയ്യുന്നു. യഹോവേ, അങ്ങു നദികളോടു കോപിച്ചിരിക്കുന്നോ? അവിടത്തെ കോപം അരുവികൾക്കുനേരേയോ? കുതിരകളെയും രഥങ്ങളെയും വിജയത്തിലേക്കു നയിച്ചപ്പോൾ അങ്ങു സമുദ്രത്തോടു കോപിച്ചുവോ? അങ്ങു വില്ല് അനാവരണംചെയ്തു; അങ്ങു നിരവധി അമ്പുകൾ ആവശ്യപ്പെടുന്നു. അങ്ങ് നദികളാൽ ഭൂമിയെ വിഭജിക്കുന്നു. പർവതങ്ങൾ അങ്ങയെക്കണ്ടു വിറകൊള്ളുന്നു. ജലപ്രവാഹങ്ങൾ കടന്നുപോയി; ആഴി ഗർജിച്ചു അതിന്റെ തിരമാല ഉയർന്നുപൊങ്ങി. അങ്ങയുടെ മിന്നിപ്പറക്കുന്ന അസ്ത്രങ്ങളിലും തിളങ്ങുന്ന കുന്തത്തിന്റെ മിന്നലിലും സൂര്യനും ചന്ദ്രനും ആകാശത്തിൽ നിശ്ചലമായി നിന്നു. ക്രോധത്തിൽ അങ്ങ് ഭൂമിയിലൂടെ നടന്നു; കോപത്തിൽ രാജ്യങ്ങളെ മെതിച്ചുകളഞ്ഞു. സ്വജനത്തെ വിടുവിക്കാനും തന്റെ അഭിഷിക്തനെ രക്ഷിക്കാനും അങ്ങ് ഇറങ്ങിവന്നു. ദുഷ്ടദേശത്തിന്റെ നായകനെ അങ്ങു തകർത്തുകളഞ്ഞു, നെറുകമുതൽ പാദംവരെ അവനെ വിവസ്ത്രനാക്കി. ഞങ്ങളെ ചിതറിക്കാൻ അവന്റെ ശൂരന്മാർ പാഞ്ഞടുത്തപ്പോൾ, ഒളിച്ചിരിക്കുന്ന അരിഷ്ടന്മാരെ വിഴുങ്ങാൻ ശ്രമിക്കുന്നതുപോലെ അവർ ആനന്ദിച്ചപ്പോൾ, അവന്റെ കുന്തംകൊണ്ടുതന്നെ അങ്ങ് അവന്റെ തല തുളച്ചു. അങ്ങു കുതിരകളെക്കൊണ്ടു സമുദ്രത്തെ മെതിക്കുകയും പെരുവെള്ളത്തെ മഥിക്കുകയും ചെയ്തു. ഞാൻ അതുകേട്ടു, എന്റെ ഹൃദയം ത്രസിച്ചു; ആ ശബ്ദത്തിൽ എന്റെ അധരങ്ങൾ വിറച്ചു; എന്റെ അസ്ഥികൾ ഉരുകി, എന്റെ കാലുകൾ വിറച്ചുപോയി. എങ്കിലും ഞങ്ങളെ ആക്രമിക്കുന്ന രാജ്യത്തിന്മേൽ അത്യാഹിതം വരുന്ന ദിവസത്തിനായി ഞാൻ കാത്തിരിക്കും. അത്തിവൃക്ഷം തളിർക്കുകയില്ല, മുന്തിരിവള്ളിയിൽ ഫലമുണ്ടാകുകയില്ല, ഒലിവുമരം ഫലം കായ്ക്കുകയില്ല, നിലങ്ങൾ ധാന്യം നൽകുകയുമില്ല, തൊഴുത്തിൽ ആടുകൾ ഉണ്ടാകുകയില്ല, ഗോശാലയിൽ കന്നുകാലികൾ ഇല്ലാതിരിക്കും, ഇങ്ങനെയൊക്കെ ആണെങ്കിലും ഞാൻ യഹോവയിൽ ആനന്ദിക്കും, എന്റെ രക്ഷകനായ ദൈവത്തിൽ ഞാൻ ആഹ്ലാദിക്കും. കർത്താവായ യഹോവ എന്റെ ബലമാകുന്നു; അവിടന്ന് എന്റെ പാദങ്ങളെ മാനിന്റെ കാലുകളെപ്പോലെയാക്കുന്നു, അവിടന്ന് എന്നെ ഉന്നതികളിൽ നടക്കുമാറാക്കുന്നു.