ഹബക്കൂക് 2:1-4

ഹബക്കൂക് 2:1-4 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഞാൻ കൊത്തളത്തിൽനിന്നു കാവൽ കാത്തുകൊണ്ട്: അവൻ എന്നോട് എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാതി സംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടൂ എന്നും കാണേണ്ടതിനു ദൃഷ്‍ടിവയ്ക്കും. യഹോവ എന്നോട് ഉത്തരം അരുളിയത്: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരയ്ക്കുക. ദർശനത്തിന് ഒരു അവധിവച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിനായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. അവന്റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

ഹബക്കൂക് 2:1-4 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഞാൻ കാവൽഗോപുരത്തിൽ നില്‌ക്കും; അവിടുന്ന് എന്നോട് എന്ത് അരുളിച്ചെയ്യുമെന്നും എന്റെ ആവലാതിയെക്കുറിച്ച് എന്തു മറുപടി നല്‌കുമെന്നും അറിയാൻ ഞാൻ നോക്കിക്കൊണ്ടിരിക്കും. സർവേശ്വരൻ എനിക്ക് ഇപ്രകാരം മറുപടി തന്നു: “ഈ ദർശനം നീ എഴുതിയിടുക. ഒറ്റനോട്ടത്തിൽതന്നെ വായിക്കാൻ കഴിയുംവിധം അതു ഫലകത്തിൽ വ്യക്തമായി രേഖപ്പെടുത്തുക.” ദർശനം അതിന്റെ സമയത്തിനായി കാത്തിരിക്കുകയാണ്. ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. അതിനു മാറ്റമുണ്ടാവില്ല. വൈകുന്നു എന്നു തോന്നിയാലും കാത്തിരിക്കുക. ആ സമയം വരികതന്നെ ചെയ്യും; വൈകുകയില്ല. നിഷ്കളങ്കനല്ലാത്തവൻ പരാജയപ്പെടും; എന്നാൽ നീതിമാൻ വിശ്വാസത്താൽ ജീവിക്കും. സമ്പത്ത് വഞ്ചനാപൂർണമാണ്. ഗർവുള്ളവർക്കു നിലനില്പില്ല.

ഹബക്കൂക് 2:1-4 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഞാൻ എന്‍റെ കാവൽഗോപുരത്തിൽ നിലയുറപ്പിക്കും. യഹോവ എന്നോട് എന്ത് അരുളിച്ചെയ്യും എന്നും എന്‍റെ ആവലാതിയെക്കുറിച്ച് അവിടുന്ന് എന്ത് ഉത്തരം നൽകുമെന്നും അറിയുവാൻ ഞാൻ കാത്തിരിക്കുന്നു. യഹോവ എന്നോട് ഉത്തരം അരുളിയത്: “നീ ദർശനം എഴുതുക; വേഗത്തിൽ വായിക്കുവാൻ തക്കവിധം അത് പലകയിൽ വ്യക്തമായി എഴുതുക.” ഈ ദർശനത്തിനായി ഒരു സമയം നിശ്ചയിക്കപ്പെട്ടിരിക്കുന്നു; ആ സമയം അടുത്തുകൊണ്ടിരിക്കുന്നു. സമയം തെറ്റുകയുമില്ല. അത് വൈകിയാലും അതിനായി കാത്തിരിക്കുക; അത് വരും നിശ്ചയം; താമസിക്കുകയുമില്ല. അവന്‍റെ മനസ്സ് അവനിൽ അഹങ്കരിച്ചിരിക്കുന്നു; അത് നേരുള്ളതല്ല; നീതിമാൻ വിശ്വാസത്താൽ ജീവിച്ചിരിക്കും.

ഹബക്കൂക് 2:1-4 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഞാൻ കൊത്തളത്തിൽനിന്നു കാവൽകാത്തുകൊണ്ടു: അവൻ എന്നോടു എന്തരുളിച്ചെയ്യും എന്നും എന്റെ ആവലാധിസംബന്ധിച്ചു ഞാൻ എന്തുത്തരം പറയേണ്ടു എന്നും കാണേണ്ടതിന്നു ദൃഷ്ടിവെക്കും. യഹോവ എന്നോടു ഉത്തരം അരുളിയതു: നീ ദർശനം എഴുതുക; ഓടിച്ചു വായിപ്പാൻ തക്കവണ്ണം അതു പലകയിൽ തെളിവായി വരെക്കുക. ദർശനത്തിന്നു ഒരു അവധി വെച്ചിരിക്കുന്നു; അതു സമാപ്തിയിലേക്കു ബദ്ധപ്പെടുന്നു; സമയം തെറ്റുകയുമില്ല; അതു വൈകിയാലും അതിന്നായി കാത്തിരിക്ക; അതു വരും നിശ്ചയം; താമസിക്കയുമില്ല. അവന്റെ മനസ്സു അവനിൽ അഹങ്കരിച്ചിരിക്കുന്നു; അതു നേരുള്ളതല്ല; നീതിമാനോ വിശ്വാസത്താൽ ജീവിച്ചിരിക്കും.

ഹബക്കൂക് 2:1-4 സമകാലിക മലയാളവിവർത്തനം (MCV)

ഞാൻ എന്റെ കൊത്തളങ്ങളിൽ കാവൽനിൽക്കും, കോട്ടമതിലിനു മുകളിൽത്തന്നെ ഞാൻ നിൽക്കും; അവൻ എന്നോടു സംസാരിക്കുന്നത് എന്തെന്നു ഞാൻ ശ്രദ്ധിക്കും ഈ ആവലാതിക്ക് ഞാൻ എന്തു മറുപടി നൽകും? അപ്പോൾ യഹോവ ഇപ്രകാരം മറുപടി നൽകി: “വെളിപ്പാട് എഴുതുക, ഓടിച്ചുവായിക്കാൻ തക്കവണ്ണം അതു ഫലകത്തിൽ വ്യക്തമായി എഴുതുക. കാരണം, വെളിപ്പാടു നിശ്ചിതസമയത്തിനായി കാത്തിരിക്കുന്നു; അത് അന്ത്യത്തെക്കുറിച്ചു സംസാരിക്കുന്നു, അതു തെറ്റുകയുമില്ല. താമസിച്ചാലും അതിനായി കാത്തിരിക്കുക; അതു നിശ്ചയമായും വരും, താമസിക്കുകയില്ല. “നോക്കൂ, ശത്രു അഹങ്കരിച്ചിരിക്കുന്നു; അവന്റെ ആഗ്രഹങ്ങൾ നേരുള്ളവയല്ല, എന്നാൽ നീതിമാനോ, വിശ്വാസത്താൽ ജീവിക്കും.