ഉൽപത്തി 9:1-17
ഉൽപത്തി 9:1-17 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തതെന്തെന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകല മൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകല മത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ച സസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുത്. നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിനു ഞാൻ പകരം ചോദിക്കും; സകല മൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണനു പകരം ചോദിക്കും. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയത്. ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റുപെരുകുവിൻ. ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തത്: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകല ജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകല മൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകല ജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോട് ഒരു നിയമം ചെയ്യുന്നു. പിന്നെയും ദൈവം അരുളിച്ചെയ്തത്: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകല ജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിത്: ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന് അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. അപ്പോൾ ഞാനും നിങ്ങളും സർവജഡവുമായ സകല ജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകല ജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവജഡവുമായ സകല ജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിനു ഞാൻ അതിനെ നോക്കും. ഞാൻ ഭൂമിയിലുള്ള സർവജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന് ഇത് അടയാളം എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
ഉൽപത്തി 9:1-17 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ദൈവം നോഹയെയും പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ. ഭൂമിയിലെ എല്ലാ മൃഗങ്ങളും ആകാശത്തിലെ സകല പറവകളും ഇഴഞ്ഞുനടക്കുന്ന സർവജീവികളും സമുദ്രത്തിലെ സകല മത്സ്യങ്ങളും നിങ്ങളെ ഭയപ്പെടും. അവയെ എല്ലാം ഞാൻ നിങ്ങളെ ഏല്പിച്ചിരിക്കുന്നു. ഭൂമിയിൽ ചരിക്കുന്ന എല്ലാ ജീവികളും നിങ്ങൾക്കു ഭക്ഷണമായിരിക്കും. പച്ചസസ്യങ്ങൾ ആഹാരമായി നല്‌കിയതുപോലെ സകലതും നിങ്ങൾക്കു നല്‌കുന്നു. എന്നാൽ രക്തത്തോടുകൂടിയ മാംസം ഭക്ഷിക്കരുത്; ജീവൻ രക്തത്തിലാണല്ലോ. മനുഷ്യജീവൻ അപഹരിക്കുന്നവനു ഞാൻ മരണശിക്ഷ വിധിക്കുന്നു; മനുഷ്യനെ കൊല്ലുന്ന മൃഗവും മരിക്കണം. മനുഷ്യൻ സൃഷ്‍ടിക്കപ്പെട്ടത് ദൈവത്തിന്റെ ഛായയിലാണ്; അതുകൊണ്ട് മനുഷ്യരക്തം ചൊരിയുന്നവന്റെ രക്തവും മനുഷ്യനാൽതന്നെ ചൊരിയപ്പെടണം. നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി ഭൂമിയിൽ നിറയുവിൻ.” ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തു: “നിങ്ങളോടും നിങ്ങളുടെ പിൻതലമുറകളോടും, പെട്ടകത്തിൽനിന്ന് ഇറങ്ങിവന്ന പക്ഷികൾ, വളർത്തുമൃഗങ്ങൾ, വന്യമൃഗങ്ങൾ എന്നിവയടക്കം സർവജീവജാലങ്ങളോടുമായി ഞാൻ ഇതാ, ഒരു ഉടമ്പടി സ്ഥാപിക്കുന്നു. ജലപ്രളയത്താൽ ഇനിമേൽ ജീവികളെയെല്ലാം നശിപ്പിക്കുകയില്ല; ഭൂമിയെ സമൂലം നശിപ്പിക്കത്തക്കവിധം ഇനി ഒരു ജലപ്രളയം ഉണ്ടാകയുമില്ല എന്ന ഈ ഉടമ്പടി നിങ്ങളുമായി സ്ഥാപിച്ചിരിക്കുന്നു. ഞാനും നിങ്ങളും നിങ്ങളുടെകൂടെയുള്ള സകല ജീവജാലങ്ങളും തമ്മിലും ഭാവിതലമുറകൾക്കുവേണ്ടി എന്നേക്കുമായി ഏർപ്പെടുത്തുന്ന ഉടമ്പടിയുടെ അടയാളം ഇതാകുന്നു. ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്‍ക്കുന്നു. ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയുടെ അടയാളം അതായിരിക്കും. ഞാൻ ഭൂമിക്കു മീതെ കാർമേഘങ്ങൾ വരുത്തുകയും അവയിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ, ഞാൻ നിങ്ങളോടും സകല ജീവജാലങ്ങളോടുമായി ചെയ്തിട്ടുള്ള ഉടമ്പടി ഓർക്കും; ജീവജന്തുക്കളെല്ലാം നശിക്കത്തക്കവിധത്തിൽ ഒരു ജലപ്രളയം ഇനി ഉണ്ടാവുകയില്ല. വില്ല് മേഘങ്ങളിൽ പ്രത്യക്ഷപ്പെടുമ്പോൾ ഞാൻ അതു കാണുകയും ഞാനും ഭൂമിയിലുള്ള സകല ജീവജാലങ്ങളും തമ്മിൽ എന്നേക്കുമായി ഏർപ്പെടുത്തിയിട്ടുള്ള ഉടമ്പടി ഓർക്കുകയും ചെയ്യും.” ദൈവം നോഹയോട് അരുളിച്ചെയ്തു: “ഭൂമിയിലുള്ള സകല ജീവജാലങ്ങളുമായി ഞാൻ സ്ഥാപിച്ചിട്ടുള്ള ഉടമ്പടിയുടെ അടയാളം ഇതായിരിക്കും.”
ഉൽപത്തി 9:1-17 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ച് അവരോട് അരുളിച്ചെയ്തത്: “നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറയുവിൻ. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാ പറവകൾക്കും ഭൂമിയിൽ സഞ്ചരിക്കുന്ന സകലത്തിനും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെപറ്റിയുള്ള പേടിയും നടുക്കവും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. സഞ്ചരിക്കുന്ന ജീവികളൊക്കെയും നിങ്ങൾക്ക് ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്ക് തന്നിരിക്കുന്നു. ജീവനായിരിക്കുന്ന രക്തത്തോടുകൂടെ നിങ്ങൾ മാംസം ഭക്ഷിക്കരുത്. നിങ്ങളുടെ ജീവനായിരിക്കുന്ന രക്തത്തിന് ഞാൻ നിശ്ചയമായും പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; ഓരോ മനുഷ്യന്‍റെ സഹോദരനോടും ഞാൻ മനുഷ്യന്‍റെ ജീവന് പകരം ചോദിക്കും. ദൈവത്തിന്‍റെ സ്വരൂപത്തിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ മനുഷ്യനാൽ അവന്‍റെ രക്തം ചൊരിയപ്പെടേണം. ആകയാൽ നിങ്ങൾ സന്താന പുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ ധാരാളമായി പെറ്റു പെരുകുവിൻ.” ദൈവം പിന്നെയും നോഹയോടും അവനോടുകൂടെയുള്ള അവന്‍റെ പുത്രന്മാരോടും അരുളിച്ചെയ്തത്: “ഞാൻ, ഇതാ, നിങ്ങളോടും നിങ്ങൾക്കുശേഷമുള്ള നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും എന്‍റെ ഉടമ്പടി സ്ഥാപിക്കുന്നു. ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിക്കുവാൻ ഇനി ജലപ്രളയം ഉണ്ടാകുകയുമില്ല എന്നു ഞാൻ നിങ്ങളോടു എന്‍റെ ഉടമ്പടി സ്ഥാപിക്കുന്നു.” പിന്നെയും ദൈവം അരുളിച്ചെയ്തത്: “ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന ഉടമ്പടിയുടെ അടയാളം ആകുന്നു ഇത്: ഞാൻ എന്റെ വില്ല് മേഘത്തിൽ വയ്ക്കുന്നു; അത് ഞാനും ഭൂമിയും തമ്മിലുള്ള ഉടമ്പടിയ്ക്ക് അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ല് കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്‍റെ ഉടമ്പടി ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിക്കുവാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. വില്ല് മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള ഉടമ്പടി ഓർക്കേണ്ടതിന് ഞാൻ അതിനെ നോക്കും. ഭൂമിയിലുള്ള സർവ്വജഡത്തിനും മദ്ധ്യേ ഞാൻ സ്ഥാപിച്ചിരിക്കുന്ന ഉടമ്പടിയ്ക്ക് ഇത് അടയാളം” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.
ഉൽപത്തി 9:1-17 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ദൈവം നോഹയെയും അവന്റെ പുത്രന്മാരെയും അനുഗ്രഹിച്ചു അവരോടു അരുളിച്ചെയ്തതെന്തന്നാൽ: നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയിൽ നിറവിൻ. നിങ്ങളെയുള്ള പേടിയും നടുക്കവും ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ എല്ലാപറവകൾക്കും സകല ഭൂചരങ്ങൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും ഉണ്ടാകും; അവയെ നിങ്ങളുടെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഭൂചരജന്തുക്കളൊക്കെയും നിങ്ങൾക്കു ആഹാരം ആയിരിക്കട്ടെ; പച്ചസസ്യംപോലെ ഞാൻ സകലവും നിങ്ങൾക്കു തന്നിരിക്കുന്നു. പ്രാണനായിരിക്കുന്ന രക്തത്തോടുകൂടെ മാത്രം നിങ്ങൾ മാംസം തിന്നരുതു. നിങ്ങളുടെ പ്രാണനായിരിക്കുന്ന നിങ്ങളുടെ രക്തത്തിന്നു ഞാൻ പകരം ചോദിക്കും; സകലമൃഗത്തോടും മനുഷ്യനോടും ചോദിക്കും; അവനവന്റെ സഹോദരനോടും ഞാൻ മനുഷ്യന്റെ പ്രാണന്നു പകരം ചോദിക്കും. ആരെങ്കിലും മനുഷ്യന്റെ രക്തം ചൊരിയിച്ചാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും; ദൈവത്തിന്റെ സ്വരൂപത്തിലല്ലോ മനുഷ്യനെ ഉണ്ടാക്കിയതു. ആകയാൽ നിങ്ങൾ സന്താനപുഷ്ടിയുള്ളവരായി പെരുകുവിൻ; ഭൂമിയിൽ അനവധിയായി പെറ്റു പെരുകുവിൻ. ദൈവം പിന്നെയും നോഹയോടും അവന്റെ പുത്രന്മാരോടും അരുളിച്ചെയ്തതു: ഞാൻ, ഇതാ, നിങ്ങളോടും നിങ്ങളുടെ സന്തതിയോടും ഭൂമിയിൽ നിങ്ങളോടുകൂടെ ഉള്ള പക്ഷികളും കന്നുകാലികളും കാട്ടുമൃഗങ്ങളുമായ സകലജീവജന്തുക്കളോടും പെട്ടകത്തിൽനിന്നു പുറപ്പെട്ട സകലവുമായി ഭൂമിയിലെ സകലമൃഗങ്ങളോടും ഒരു നിയമം ചെയ്യുന്നു. ഇനി സകലജഡവും ജലപ്രളയത്താൽ നശിക്കയില്ല; ഭൂമിയെ നശിപ്പിപ്പാൻ ഇനി ജലപ്രളയം ഉണ്ടാകയുമില്ല എന്നു ഞാൻ നിങ്ങളോടു ഒരു നിയമം ചെയ്യുന്നു. പിന്നെയും ദൈവം അരുളിച്ചെയ്തതു: ഞാനും നിങ്ങളും നിങ്ങളോടുകൂടെ ഉള്ള സകലജീവജന്തുക്കളും തമ്മിൽ തലമുറതലമുറയോളം സദാകാലത്തേക്കും ചെയ്യുന്ന നിയമത്തിന്റെ അടയാളം ആവിതു: ഞാൻ എന്റെ വില്ലു മേഘത്തിൽ വെക്കുന്നു; അതു ഞാനും ഭൂമിയും തമ്മിലുള്ള നിയമത്തിന്നു അടയാളമായിരിക്കും. ഞാൻ ഭൂമിയുടെ മീതെ മേഘം വരുത്തുമ്പോൾ മേഘത്തിൽ വില്ലു കാണും. അപ്പോൾ ഞാനും നിങ്ങളും സർവ്വജഡവുമായ സകലജീവജന്തുക്കളും തമ്മിലുള്ള എന്റെ നിയമം ഞാൻ ഓർക്കും; ഇനി സകലജഡത്തെയും നശിപ്പിപ്പാൻ വെള്ളം ഒരു പ്രളയമായി തീരുകയുമില്ല. വില്ലു മേഘത്തിൽ ഉണ്ടാകും; ദൈവവും ഭൂമിയിലെ സർവ്വജഡവുമായ സകലജീവികളും തമ്മിൽ എന്നേക്കുമുള്ള നിയമം ഓർക്കേണ്ടതിന്നു ഞാൻ അതിനെ നോക്കും. ഞാൻ ഭൂമിയിലുള്ള സർവ്വ ജഡത്തോടും ചെയ്തിരിക്കുന്ന നിയമത്തിന്നു ഇതു അടയാളം എന്നും ദൈവം നോഹയോടു അരുളിച്ചെയ്തു.
ഉൽപത്തി 9:1-17 സമകാലിക മലയാളവിവർത്തനം (MCV)
ദൈവം നോഹയെയും അദ്ദേഹത്തിന്റെ പുത്രന്മാരെയും അനുഗ്രഹിച്ച്, അവരോട് അരുളിച്ചെയ്തു: “നിങ്ങൾ സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ വർധിച്ച് ഭൂമിയിൽ നിറയുക. ഭൂമിയിലെ സകലമൃഗങ്ങൾക്കും ആകാശത്തിലെ സകലപക്ഷികൾക്കും സകലഭൂചരജന്തുക്കൾക്കും സമുദ്രത്തിലെ സകലമത്സ്യങ്ങൾക്കും നിങ്ങളെക്കുറിച്ചുള്ള പേടിയും നടുക്കവും ഉണ്ടാകും. ഞാൻ അവയെ നിങ്ങളുടെ കൈയിൽ ഏൽപ്പിച്ചിരിക്കുന്നു. ജീവനോടെ ചരിക്കുന്ന സകലതും നിങ്ങൾക്ക് ആഹാരമായിരിക്കും. ഞാൻ നിങ്ങൾക്കു പച്ചസസ്യങ്ങൾ നൽകിയതുപോലെ ഇപ്പോൾ സകലതും നിങ്ങൾക്കു തരുന്നു. “എന്നാൽ, ജീവരക്തത്തോടുകൂടി ഒന്നിന്റെയും മാംസം നിങ്ങൾ ഭക്ഷിക്കരുത്. നിങ്ങളുടെ ജീവരക്തത്തിനു ഞാൻ കണക്കുചോദിക്കും; ഓരോ മൃഗത്തോടും ഞാൻ കണക്ക് ആവശ്യപ്പെടും; ഓരോ മനുഷ്യനോടും അവന്റെ സുഹൃത്തിന്റെ ജീവരക്തത്തിനു കണക്കുചോദിക്കും. “മനുഷ്യന്റെ രക്തം ആരെങ്കിലും ചൊരിഞ്ഞാൽ അവന്റെ രക്തം മനുഷ്യൻ ചൊരിയിക്കും. ദൈവം തന്റെ സ്വരൂപത്തിലാണല്ലോ മനുഷ്യനെ നിർമിച്ചത്. നിങ്ങളോ, സന്താനസമൃദ്ധിയുള്ളവരായി എണ്ണത്തിൽ പെരുകുക; ഭൂമിയിൽ നിറഞ്ഞു വർധിച്ചുവരിക.” ഇതിനുശേഷം ദൈവം നോഹയോടും പുത്രന്മാരോടും അരുളിച്ചെയ്തത്: “ഇപ്പോൾ നിങ്ങളോടും നിങ്ങൾക്കുശേഷം നിങ്ങളുടെ സന്തതിപരമ്പരയോടും നിങ്ങളോടുകൂടെ ഉണ്ടായിരുന്ന സകലജീവജന്തുക്കളോടും—പക്ഷികൾ, കന്നുകാലികൾ, വന്യമൃഗങ്ങൾ, എന്നിങ്ങനെ നിങ്ങളോടുകൂടെ പെട്ടകത്തിൽനിന്നു പുറത്തു വന്ന ഭൂമിയിലെ സകലജീവികളോടും—ഞാൻ ഉടമ്പടിചെയ്യുന്നു. ഇനി ഒരിക്കലും പ്രളയജലത്താൽ എല്ലാ ജീവജാലങ്ങളും നശിക്കുകയില്ല, ഭൂമിയെ നശിപ്പിക്കാൻ ഇനിയൊരിക്കലും പ്രളയം ഉണ്ടാകുകയില്ല എന്നു ഞാൻ നിങ്ങളോട് ഉടമ്പടിചെയ്യുന്നു.” ദൈവം പിന്നെയും അരുളിച്ചെയ്തു: “എനിക്കും നിങ്ങൾക്കും നിങ്ങളോടുകൂടെ സകലജീവികൾക്കും മധ്യേ, വരുംതലമുറകൾക്കെല്ലാറ്റിനുംവേണ്ടി ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നമാണിത്, ഞാൻ മേഘങ്ങളിൽ എന്റെ വില്ല് സ്ഥാപിക്കുന്നു, അത് എനിക്കും ഭൂമിക്കുംതമ്മിലുള്ള ഉടമ്പടിയുടെ ചിഹ്നമായിരിക്കും. ഞാൻ ഭൂമിക്കുമീതേ മേഘങ്ങളെ വരുത്തുകയും മേഘങ്ങളിൽ മഴവില്ലു പ്രത്യക്ഷപ്പെടുകയും ചെയ്യുമ്പോൾ നിങ്ങളോടും സകലവിധ ജീവികളോടുമുള്ള എന്റെ ഉടമ്പടി ഞാൻ ഓർക്കും. സമസ്തജീവജാലങ്ങളെയും നശിപ്പിക്കുന്ന പ്രളയം ഇനിയൊരിക്കലും ഉണ്ടാകുകയില്ല. മേഘങ്ങളിൽ വില്ല് പ്രത്യക്ഷപ്പെടുമ്പോഴെല്ലാം ഞാൻ അതു കാണുകയും ദൈവവും ഭൂമിയിലെ സകലജീവികളുമായുള്ള ശാശ്വതമായ ഉടമ്പടി ഓർക്കുകയും ചെയ്യും. “എനിക്കും ഭൂമിയിലെ സകലജീവജാലങ്ങൾക്കും മധ്യേ ഞാൻ ചെയ്യുന്ന ഉടമ്പടിയുടെ ചിഹ്നം ഇതായിരിക്കും,” എന്നും ദൈവം നോഹയോട് അരുളിച്ചെയ്തു.