ഉൽപത്തി 8:1-19

ഉൽപത്തി 8:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിലുള്ള സകല ജീവികളെയും സകല മൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം നിലച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇടവിടാതെ ഭൂമിയിൽനിന്ന് ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി. ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരത്ത് പർവതത്തിൽ ഉറച്ചു. പത്താം മാസംവരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവതശിഖരങ്ങൾ കാണായി. നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. അവൻ ഒരു മലങ്കാക്കയെ പുറത്തുവിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു. ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്ന് അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തുവിട്ടു; എന്നാൽ സർവഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവ് കാൽ വയ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിലാക്കി. ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തുവിട്ടു. പ്രാവ് വൈകുന്നേരത്ത് അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തുവിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങിവന്നില്ല. അറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. ദൈവം നോഹയോട് അരുളിച്ചെയ്തത്: നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. പറവകളും മൃഗങ്ങളും നിലത്തിഴയുന്ന ഇഴജാതിയുമായ സർവജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർധിക്കയും പെറ്റുപെരുകുകയും ചെയ്യട്ടെ. അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. സകല മൃഗങ്ങളും ഇഴജാതികളൊക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതി ജാതിയായി പെട്ടകത്തിൽനിന്ന് ഇറങ്ങി.

പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക

ഉൽപത്തി 8:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദൈവം നോഹയെയും കൂടെയുണ്ടായിരുന്ന എല്ലാ വന്യമൃഗങ്ങളെയും വളർത്തുമൃഗങ്ങളെയും ഓർത്തു; അവിടുന്നു ഭൂമിയിൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം താണുതുടങ്ങി. ആഴത്തിലെ ഉറവകളും ആകാശത്തിലെ വാതിലുകളും അടഞ്ഞു. മഴയും നിലച്ചു. ഭൂമിയിൽനിന്ന് ജലം ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റിഅമ്പതു ദിവസമായപ്പോൾ ജലനിരപ്പു വളരെ താണു. ഏഴാംമാസം പതിനേഴാം ദിവസം പെട്ടകം അരാരത്തു പർവതത്തിൽ ഉറച്ചു. പത്താം മാസംവരെ ജലനിരപ്പ് തുടരെ താണുകൊണ്ടിരുന്നു. പത്താം മാസം ഒന്നാം ദിവസം പർവതശൃംഗങ്ങൾ കാണാറായി. നാല്പതു ദിവസം കഴിഞ്ഞപ്പോൾ നോഹ പെട്ടകത്തിന്റെ കിളിവാതിൽ തുറന്ന് ഒരു മലങ്കാക്കയെ പുറത്തേക്ക് അയച്ചു. ഭൂമിയിൽ വെള്ളം വറ്റുന്നതുവരെ അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. പിന്നീട്, ഭൂമിയിൽനിന്ന് വെള്ളം ഇറങ്ങിയോ എന്നറിയാൻ ഒരു പ്രാവിനെ പുറത്തേക്ക് അയച്ചു. കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ തിരിച്ചെത്തി. അപ്പോഴും ഭൂതലം മുഴുവൻ വെള്ളംകൊണ്ടു മൂടിയിരുന്നു. നോഹ കൈ നീട്ടി ആ പ്രാവിനെ പിടിച്ചു പെട്ടകത്തിന്റെ ഉള്ളിലാക്കി. ഏഴു ദിവസംകൂടി കാത്തിരുന്നശേഷം നോഹ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. സന്ധ്യയായപ്പോൾ പ്രാവ് മടങ്ങിവന്നു. അതിന്റെ ചുണ്ടിൽ ഒരു പച്ച ഒലിവില ഉണ്ടായിരുന്നു. അങ്ങനെ ഭൂമിയിൽനിന്നു വെള്ളമിറങ്ങി എന്നു നോഹ മനസ്സിലാക്കി. ഏഴു ദിവസം കഴിഞ്ഞ് ആ പ്രാവിനെ വീണ്ടും പുറത്തേക്കയച്ചു. പിന്നീട് അതു തിരിച്ചു വന്നില്ല. നോഹയ്‍ക്ക് അറുനൂറ്റിഒന്നു വയസ്സു തികഞ്ഞ വർഷം ഒന്നാം മാസം ഒന്നാം ദിവസം ആയപ്പോൾ ഭൂമിയിൽ വെള്ളം വറ്റിക്കഴിഞ്ഞിരുന്നു. നോഹ പെട്ടകത്തിന്റെ മേൽത്തട്ടു നീക്കി, പുറത്തേക്കു നോക്കിയപ്പോൾ നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. രണ്ടാം മാസം ഇരുപത്തിഏഴാം ദിവസം ആയപ്പോൾ ഭൂമി തീർത്തും ഉണങ്ങിക്കഴിഞ്ഞിരുന്നു. ദൈവം നോഹയോടു പറഞ്ഞു: “നീയും നിന്റെ ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തിറങ്ങുക. പക്ഷികളും, മൃഗങ്ങളും, ഇഴജന്തുക്കളുമായി നിന്റെ കൂടെയുള്ള എല്ലാ ജീവികളെയും പുറത്തേക്കു കൊണ്ടുവരിക. അവ ഭൂമിയിൽ പെറ്റുപെരുകട്ടെ.” നോഹയും ഭാര്യയും പുത്രന്മാരും അവരുടെ ഭാര്യമാരും പുറത്തുവന്നു. അവരോടൊപ്പം എല്ലാ മൃഗങ്ങളും ഇഴജന്തുക്കളും പക്ഷികളുമായി ഭൂമിയിൽ വ്യാപരിക്കുന്ന എല്ലാ ജീവികളും വർഗംവർഗമായി പെട്ടകത്തിൽനിന്ന് ഇറങ്ങി.

പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക

ഉൽപത്തി 8:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദൈവം നോഹയെയും പെട്ടകത്തിൽ ഉള്ള സകലജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റ് അടിപ്പിച്ചു; ജലനിരപ്പ് താഴുവാൻ തുടങ്ങി. അഗാധത്തിൻ്റെ ഉറവുകളും ആകാശത്തിന്‍റെ ജലപ്രവാഹ ജാലകങ്ങളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം തുടർച്ചയായി ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പത് (150) ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞുതുടങ്ങി. ഏഴാം മാസം പതിനേഴാം തീയതി പെട്ടകം അരാരാത്ത് പർവ്വതത്തിൽ ഉറച്ചു. പത്താം മാസം വരെ വെള്ളം തുടർച്ചയായി കുറഞ്ഞു; പത്താം മാസം ഒന്നാം തീയതി പർവ്വതശിഖരങ്ങൾ കാണുവാൻ തുടങ്ങി. നാല്പത് ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന് ഉണ്ടാക്കിയിരുന്ന കിളിവാതില്‍ തുറന്നു. അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അത് പുറപ്പെട്ടു ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയതുവരെ പോയും വന്നും കൊണ്ടിരുന്നു. ഭൂമിയിൽ നിന്ന് വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന് അവൻ ഒരു പ്രാവിനെയും തന്‍റെ അടുക്കൽനിന്ന് പുറത്തു വിട്ടു. എന്നാൽ സർവ്വഭൂമുഖത്തും വെള്ളം കിടന്നിരുന്നതിനാൽ പ്രാവ് കാൽ വയ്ക്കുവാൻ സ്ഥലം കാണാതെ അവന്‍റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈ നീട്ടി അതിനെ പിടിച്ചു തന്‍റെ അടുക്കൽ പെട്ടകത്തിൽ ആക്കി. ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽനിന്നു പുറത്തു വിട്ടു. പ്രാവ് വൈകുന്നേരത്ത് അവന്‍റെ അടുക്കൽ വന്നു; അതിന്‍റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽനിന്ന് വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ട് അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അത് പിന്നെ അവന്‍റെ അടുക്കൽ മടങ്ങിവന്നില്ല. അറുനൂറ്റൊന്നാം (601) വർഷം ഒന്നാം മാസം ഒന്നാം തീയതി ഭൂമിയിൽനിന്ന് വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്‍റെ മേൽത്തട്ട് നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. രണ്ടാം മാസം ഇരുപത്തേഴാം തീയതി ഭൂമി ഉണങ്ങിയിരുന്നു. ദൈവം നോഹയോട് അരുളിച്ചെയ്തത്: “നീയും നിന്‍റെ ഭാര്യയും നിന്നോടുകൂടെയുള്ള പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. പറവകളും മൃഗങ്ങളും നിലത്ത് ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെയുള്ള സകലജീവികളെയും പുറത്ത് കൊണ്ടുവരുക; അവ ഭൂമിയിൽ ധാരാളമായി വർദ്ധിക്കുകയും പെറ്റു പെരുകുകയും ചെയ്യട്ടെ.” അങ്ങനെ നോഹയും അവനോടുകൂടെയുള്ള അവന്‍റെ പുത്രന്മാരും അവന്‍റെ ഭാര്യയും അവന്‍റെ പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂമിയിൽ സഞ്ചരിക്കുന്നതൊക്കെയും ഓരോ ഇനമായി പെട്ടകത്തിന് പുറത്ത് ഇറങ്ങി.

പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക

ഉൽപത്തി 8:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദൈവം നോഹയെയും അവനോടുകൂടെ പെട്ടകത്തിൽ ഉള്ള സകല ജീവികളെയും സകലമൃഗങ്ങളെയും ഓർത്തു; ദൈവം ഭൂമിമേൽ ഒരു കാറ്റു അടിപ്പിച്ചു; വെള്ളം നിലെച്ചു. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തുനിന്നുള്ള മഴയും നിന്നു. വെള്ളം ഇടവിടാതെ ഭൂമിയിൽനിന്നു ഇറങ്ങിക്കൊണ്ടിരുന്നു; നൂറ്റമ്പതു ദിവസം കഴിഞ്ഞശേഷം വെള്ളം കുറഞ്ഞു തുടങ്ങി. ഏഴാം മാസം പതിനേഴാം തിയ്യതി പെട്ടകം അരരാത്ത് പർവ്വതത്തിൽ ഉറെച്ചു. പത്താം മാസം വരെ വെള്ളം ഇടവിടാതെ കുറഞ്ഞു; പത്താം മാസം ഒന്നാം തിയ്യതി പർവ്വതശിഖരങ്ങൾ കാണായി. നാല്പതു ദിവസം കഴിഞ്ഞശേഷം നോഹ താൻ പെട്ടകത്തിന്നു ഉണ്ടാക്കിയിരുന്ന കിളിവാതിൽ തുറന്നു. അവൻ ഒരു മലങ്കാക്കയെ പുറത്തു വിട്ടു; അതു പുറപ്പെട്ടു ഭൂമിയിൽ വെള്ളം വറ്റിപ്പോയതു വരെ പോയും വന്നും കൊണ്ടിരുന്നു. ഭൂമിയിൽ വെള്ളം കുറഞ്ഞുവോ എന്നു അറിയേണ്ടതിന്നു അവൻ ഒരു പ്രാവിനെയും തന്റെ അടുക്കൽനിന്നു പുറത്തു വിട്ടു. എന്നാൽ സർവ്വഭൂമിയിലും വെള്ളം കിടക്കകൊണ്ടു പ്രാവു കാൽ വെപ്പാൻ സ്ഥലം കാണാതെ അവന്റെ അടുക്കൽ പെട്ടകത്തിലേക്കു മടങ്ങിവന്നു; അവൻ കൈനീട്ടി അതിനെ പിടിച്ചു തന്റെ അടുക്കൽ പെട്ടകത്തിൽ ആക്കി. ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ വീണ്ടും ആ പ്രാവിനെ പെട്ടകത്തിൽ നിന്നു പുറത്തു വിട്ടു. പ്രാവു വൈകുന്നേരത്തു അവന്റെ അടുക്കൽ വന്നു; അതിന്റെ വായിൽ അതാ, ഒരു പച്ച ഒലിവില; അതിനാൽ ഭൂമിയിൽ വെള്ളം കുറഞ്ഞു എന്നു നോഹ അറിഞ്ഞു. പിന്നെയും ഏഴു ദിവസം കഴിഞ്ഞിട്ടു അവൻ ആ പ്രാവിനെ പുറത്തു വിട്ടു; അതു പിന്നെ അവന്റെ അടുക്കൽ മടങ്ങി വന്നില്ല. ആറുനൂറ്റൊന്നാം സംവത്സരം ഒന്നാം മാസം ഒന്നാം തിയ്യതി ഭൂമിയിൽ വെള്ളം വറ്റിപ്പോയിരുന്നു; നോഹ പെട്ടകത്തിന്റെ മേല്ത്തട്ടു നീക്കി, ഭൂതലം ഉണങ്ങിയിരിക്കുന്നു എന്നു കണ്ടു. രണ്ടാം മാസം ഇരുപത്തേഴാം തിയ്യതി ഭൂമി ഉണങ്ങിയിരുന്നു. ദൈവം നോഹയോടു അരുളിച്ചെയ്തതു: നീയും നിന്റെ ഭാര്യയും പുത്രന്മാരും പുത്രന്മാരുടെ ഭാര്യമാരും പെട്ടകത്തിൽനിന്നു പുറത്തിറങ്ങുവിൻ. പറവകളും മൃഗങ്ങളും നിലത്തു ഇഴയുന്ന ഇഴജാതിയുമായ സർവ്വജഡത്തിൽനിന്നും നിന്നോടുകൂടെ ഇരിക്കുന്ന സകല ജീവികളെയും പുറത്തു കൊണ്ടുവരിക; അവ ഭൂമിയിൽ അനവധിയായി വർദ്ധിക്കയും പെറ്റു പെരുകുകയും ചെയ്യട്ടെ. അങ്ങനെ നോഹയും അവന്റെ പുത്രന്മാരും ഭാര്യയും പുത്രന്മാരുടെ ഭാര്യമാരും പുറത്തിറങ്ങി. സകലമൃഗങ്ങളും ഇഴജാതികൾ ഒക്കെയും എല്ലാ പറവകളും ഭൂചരങ്ങളൊക്കെയും ജാതിജാതിയായി പെട്ടകത്തിൽനിന്നു ഇറങ്ങി.

പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക

ഉൽപത്തി 8:1-19 സമകാലിക മലയാളവിവർത്തനം (MCV)

ദൈവം നോഹയെയും അദ്ദേഹത്തോടുകൂടെ പെട്ടകത്തിൽ ഉണ്ടായിരുന്ന സകലവന്യജീവികളെയും കന്നുകാലികളെയും ഓർത്തു; അവിടന്നു ഭൂമിയുടെമേൽ ഒരു കാറ്റ് അടിപ്പിച്ചു; വെള്ളം പിൻവാങ്ങാൻ തുടങ്ങി. ആഴിയുടെ ഉറവുകളും ആകാശത്തിന്റെ കിളിവാതിലുകളും അടഞ്ഞു; ആകാശത്തിൽനിന്നുള്ള ജലപാതവും നിലച്ചു. വെള്ളം ഭൂമിയിൽനിന്ന് ക്രമേണ ഇറങ്ങിത്തുടങ്ങി. നൂറ്റി അൻപതു ദിവസം കഴിഞ്ഞപ്പോൾ വെള്ളം വലിഞ്ഞ്, ഏഴാംമാസം പതിനേഴാംതീയതി, പെട്ടകം അരാരാത്ത് പർവതത്തിൽ ഉറച്ചു. പത്താംമാസംവരെ വെള്ളം കുറഞ്ഞുകൊണ്ടേയിരുന്നു; പത്താംമാസം ഒന്നാംതീയതി പർവതശിഖരങ്ങൾ ദൃശ്യമായി. നാൽപ്പതുദിവസംകൂടി കഴിഞ്ഞപ്പോൾ, നോഹ, പെട്ടകത്തിൽ താൻ ഉണ്ടാക്കിയിരുന്ന ജനാല തുറന്ന് ഒരു കാക്കയെ പുറത്തേക്കയച്ചു; ഭൂമിയിൽ വെള്ളം വറ്റുന്നതുവരെയും അതു വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. ഭൂമിയുടെ പ്രതലത്തിൽനിന്ന് വെള്ളം വലിഞ്ഞിട്ടുണ്ടോ എന്നറിയാൻ ഒരു പ്രാവിനെയും അദ്ദേഹം പുറത്തേക്കയച്ചു. എന്നാൽ ഭൂമിയിൽ എങ്ങും വെള്ളമായിരുന്നതുകൊണ്ട് കാലുകുത്താൻ ഇടം കാണാതെ അതു പെട്ടകത്തിൽ നോഹയുടെ അടുക്കൽ മടങ്ങിയെത്തി. അദ്ദേഹം കൈനീട്ടി അതിനെ പിടിച്ച് പെട്ടകത്തിനുള്ളിൽ തന്റെ അടുക്കൽ ആക്കി. ഏഴുദിവസംകൂടി കാത്തിരുന്നതിനുശേഷം നോഹ പ്രാവിനെ വീണ്ടും പെട്ടകത്തിൽനിന്ന് പുറത്തേക്ക് അയച്ചു. പ്രാവു വൈകുന്നേരം തിരിച്ചെത്തിയപ്പോൾ, അതിന്റെ ചുണ്ടിൽ അതാ ഒരു പച്ച ഒലിവില! വെള്ളം ഭൂമിയിൽനിന്ന് വലിഞ്ഞിരിക്കുന്നു എന്ന് അപ്പോൾ നോഹയ്ക്ക് മനസ്സിലായി. അദ്ദേഹം ഏഴുദിവസംകൂടി കാത്തിരുന്നു; പ്രാവിനെ വീണ്ടും പുറത്തേക്ക് അയച്ചു. എന്നാൽ ഇത്തവണ അത് അദ്ദേഹത്തിന്റെ അടുക്കൽ മടങ്ങിവന്നില്ല. നോഹയുടെ അറുനൂറ്റിയൊന്നാംവർഷം ഒന്നാംമാസം ഒന്നാംദിവസം ആയപ്പോൾ വെള്ളം ഭൂമിയുടെ പ്രതലത്തിൽനിന്ന് വറ്റിപ്പോയിരുന്നു. അതിനുശേഷം നോഹ പെട്ടകത്തിന്റെ മൂടി നീക്കി. നിലം ഉണങ്ങിയിരിക്കുന്നതായി കണ്ടു. രണ്ടാംമാസം ഇരുപത്തിയേഴാംതീയതി ഭൂമി പൂർണമായും ഉണങ്ങിയിരുന്നു. ഇതിനുശേഷം ദൈവം നോഹയോട് അരുളിച്ചെയ്തു: “നീയും നിന്റെ ഭാര്യയും നിന്റെ പുത്രന്മാരും അവരുടെ ഭാര്യമാരും പെട്ടകത്തിൽനിന്ന് പുറത്തുവരിക. നിന്നോടൊപ്പമുള്ള എല്ലാവിധ ജീവികളെയും—പക്ഷികളെയും മൃഗങ്ങളെയും നിലത്തിഴയുന്ന എല്ലാ ഇഴജന്തുക്കളെയും—പുറത്തുകൊണ്ടുവരിക; അവ ഭൂമിയിൽ പെറ്റുപെരുകി, എണ്ണത്തിൽ വർധിക്കട്ടെ.” അങ്ങനെ നോഹ തന്റെ പുത്രന്മാരോടും ഭാര്യയോടും പുത്രന്മാരുടെ ഭാര്യമാരോടുംകൂടെ പുറത്തുവന്നു. എല്ലാ മൃഗങ്ങളും എല്ലാ ഇഴജന്തുക്കളും എല്ലാ പക്ഷികളും—ഭൂചരജീവികളൊക്കെയും—ജോടിജോടിയായി പെട്ടകത്തിൽനിന്നു പുറത്തേക്കുവന്നു.

പങ്ക് വെക്കു
ഉൽപത്തി 8 വായിക്കുക