ഉൽപത്തി 6:5-8
ഉൽപത്തി 6:5-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അത് അവന്റെ ഹൃദയത്തിനു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.
ഉൽപത്തി 6:5-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത എത്ര വലിയതാണെന്നും അവന്റെ വിചാരങ്ങളും ഭാവനകളും എത്രമാത്രം ദുഷിച്ചതാണെന്നും സർവേശ്വരൻ കണ്ടു. മനുഷ്യനെ സൃഷ്ടിച്ചതിൽ സർവേശ്വരനു ദുഃഖം തോന്നി. അവിടുത്തെ ഹൃദയം വേദനിച്ചു. “ഞാൻ സൃഷ്ടിച്ച മനുഷ്യനെ ഭൂമിയിൽനിന്നു നീക്കിക്കളയും, മനുഷ്യനെ മാത്രമല്ല, മൃഗങ്ങളെയും ഇഴജന്തുക്കളെയും ആകാശത്തിലെ പറവകളെയുംകൂടി നശിപ്പിക്കും; അവയെ സൃഷ്ടിച്ചതിൽ ഞാൻ ദുഃഖിക്കുന്നു” എന്നു സർവേശ്വരൻ പറഞ്ഞു. എന്നാൽ നോഹ അവിടുത്തെ പ്രീതിക്കു പാത്രമായി.
ഉൽപത്തി 6:5-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വർദ്ധിച്ചിരിക്കുന്നു എന്നും അവന്‍റെ ഹൃദയ നിരൂപണമൊക്കെയും എല്ലായ്‌പ്പോഴും ദോഷമുള്ളതാകുന്നു എന്നും യഹോവ കണ്ടു. താന്‍ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കിയതുകൊണ്ട് യഹോവ അനുതപിച്ചു; അത് അവിടുത്തെ ഹൃദയത്തിന് ദുഃഖമായി: “ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽനിന്ന് നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നെ; അവയെ ഉണ്ടാക്കിയതുകൊണ്ട് ഞാൻ അനുതപിക്കുന്നു” എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ യഹോവയ്ക്ക് നോഹയോട് പ്രസാദം തോന്നി.
ഉൽപത്തി 6:5-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വലിയതെന്നും അവന്റെ ഹൃദയവിചാരങ്ങളുടെ നിരൂപണമൊക്കെയും എല്ലായ്പോഴും ദോഷമുള്ളതത്രേ എന്നും യഹോവ കണ്ടു. താൻ ഭൂമിയിൽ മനുഷ്യനെ ഉണ്ടാക്കുകകൊണ്ടു യഹോവ അനുതപിച്ചു; അതു അവന്റെ ഹൃദയത്തിന്നു ദുഃഖമായി: ഞാൻ സൃഷ്ടിച്ചിട്ടുള്ള മനുഷ്യനെ ഭൂമിയിൽ നിന്നു നശിപ്പിച്ചുകളയും; മനുഷ്യനെയും മൃഗത്തെയും ഇഴജാതിയെയും ആകാശത്തിലെ പക്ഷികളെയും തന്നേ; അവയെ ഉണ്ടാക്കുകകൊണ്ടു ഞാൻ അനുതപിക്കുന്നു എന്നു യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹെക്കു യഹോവയുടെ കൃപ ലഭിച്ചു.
ഉൽപത്തി 6:5-8 സമകാലിക മലയാളവിവർത്തനം (MCV)
ഭൂമിയിൽ മനുഷ്യന്റെ ദുഷ്ടത വളരെയധികം വർധിച്ചിരിക്കുന്നെന്നും അവന്റെ ഹൃദയവിചാരങ്ങൾ എപ്പോഴും തിന്മനിറഞ്ഞതെന്നും യഹോവ കണ്ടു. ഭൂമിയിൽ മനുഷ്യനെ സൃഷ്ടിച്ചതുകൊണ്ട് യഹോവ ദുഃഖിച്ചു; അവിടത്തെ ഹൃദയം അത്യന്തം വേദനിച്ചു. “ഞാൻ സൃഷ്ടിച്ച മനുഷ്യവംശത്തെ—മനുഷ്യരെയും മൃഗങ്ങളെയും നിലത്ത് ഇഴയുന്ന ജന്തുക്കളെയും ആകാശത്തിലെ പക്ഷികളെയും—ഭൂമുഖത്തുനിന്നു തുടച്ചുനീക്കും; അവയെ ഉണ്ടാക്കിയതിൽ ഞാൻ ദുഃഖിക്കുന്നു” എന്ന് യഹോവ അരുളിച്ചെയ്തു. എന്നാൽ നോഹയ്ക്കു യഹോവയുടെ കൃപ ലഭിച്ചു.