ഉൽപത്തി 5:1-6
ഉൽപത്തി 5:1-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ആദാമിന്റെ വംശപാരമ്പര്യമാവിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. ആദാമിനു നൂറ്റിമുപ്പതു വയസ്സായപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവനു ശേത്ത് എന്നു പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു. ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ശേത്തിനു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.
ഉൽപത്തി 5:1-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ആദാമിന്റെ പിൻതലമുറക്കാർ: ദൈവം സ്വന്തം സാദൃശ്യത്തിലായിരുന്നു മനുഷ്യനെ സൃഷ്‍ടിച്ചത്. ആണും പെണ്ണുമായി അവിടുന്ന് അവരെ സൃഷ്‍ടിച്ചു. ദൈവം അവരെ അനുഗ്രഹിക്കുകയും സൃഷ്‍ടിച്ച നാളിൽ ആദാം എന്നു പേരു വിളിക്കുകയും ചെയ്തു. നൂറ്റിമുപ്പതാമത്തെ വയസ്സായപ്പോൾ ആദാമിന് തന്റെ ഛായയിലും സാദൃശ്യത്തിലുമുള്ള ഒരു പുത്രൻ ജനിച്ചു. ആദാം അവനെ ശേത്ത് എന്നു വിളിച്ചു. ആദാം എണ്ണൂറുവർഷംകൂടി ജീവിച്ചിരുന്നു. വേറെ പുത്രന്മാരും പുത്രിമാരും അയാൾക്കുണ്ടായി. തൊള്ളായിരത്തി മുപ്പതു വയസ്സായപ്പോൾ ആദാം മരിച്ചു. നൂറ്റിഅഞ്ചാമത്തെ വയസ്സിൽ ശേത്തിന് എനോശ് ജനിച്ചു.
ഉൽപത്തി 5:1-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ആദാമിന്‍റെ വംശപാരമ്പര്യമാണിത്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി. ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കുകയും അവർക്ക് ആദാമെന്നു പേരിടുകയും ചെയ്തു. ആദാമിന് നൂറ്റിമുപ്പത് (130) വയസ്സായപ്പോൾ അവൻ തന്‍റെ സാദൃശ്യത്തിലും സ്വരൂപപ്രകാരം ഒരു മകന് ജന്മം നൽകി; അവനു ശേത്ത് എന്നു പേരിട്ടു. ശേത്തിനു ജന്മം നൽകിയശേഷം ആദാം എണ്ണൂറു വർഷം (800) ജീവിച്ചിരുന്നു; അവനു പുത്രന്മാരും പുത്രിമാരും ഉണ്ടായി. ആദാമിന്‍റെ ആയുഷ്കാലം ആകെ തൊള്ളായിരത്തിമുപ്പതു (930) വർഷമായിരുന്നു; പിന്നെ അവൻ മരിച്ചു. ശേത്തിന് നൂറ്റഞ്ചു (105) വയസ്സായപ്പോൾ അവൻ ഏനോശിനു ജന്മം നൽകി.
ഉൽപത്തി 5:1-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ആദാമിന്റെ വംശപാരമ്പര്യമാവിതു: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ ദൈവത്തിന്റെ സാദൃശ്യത്തിൽ അവനെ ഉണ്ടാക്കി; ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു; സൃഷ്ടിച്ച നാളിൽ അവരെ അനുഗ്രഹിക്കയും അവർക്കു ആദാമെന്നു പേരിടുകയും ചെയ്തു. ആദാമിനു നൂറ്റിമുപ്പതു വയസ്സായാപ്പോൾ അവൻ തന്റെ സാദൃശ്യത്തിൽ തന്റെ സ്വരൂപപ്രകാരം ഒരു മകനെ ജനിപ്പിച്ചു; അവന്നു ശേത്ത് എന്നു പേരിട്ടു. ശേത്തിനെ ജനിപ്പിച്ചശേഷം ആദാം എണ്ണൂറു സംവത്സരം ജീവിച്ചിരുന്നു പുത്രന്മാരേയും പുത്രിമാരെയും ജനിപ്പിച്ചു. ആദാമിന്റെ ആയുഷ്കാലം ആകെ തൊള്ളായിരത്തി മുപ്പതു സംവത്സരമായിരുന്നു; പിന്നെ അവൻ മരിച്ചു. ശേത്തിന്നു നൂറ്റഞ്ചു വയസ്സായപ്പോൾ അവൻ എനോശിനെ ജനിപ്പിച്ചു.
ഉൽപത്തി 5:1-6 സമകാലിക മലയാളവിവർത്തനം (MCV)
ആദാമിന്റെ വംശപാരമ്പര്യരേഖ ഇപ്രകാരമാണ്: ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ, തന്റെ സാദൃശ്യത്തിലാണ് അവിടന്ന് മനുഷ്യരെ മെനഞ്ഞത്; ദൈവം പുരുഷനും സ്ത്രീയുമായി അവരെ സൃഷ്ടിച്ചു; അവരെ സൃഷ്ടിച്ച ദിവസം അവിടന്ന് അവരെ അനുഗ്രഹിച്ച് അവർക്ക് “ആദാം,” എന്നു പേരിട്ടു. ആദാമിനു 130 വയസ്സായപ്പോൾ തന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും ഒരു മകൻ ജനിച്ചു; അവന് അദ്ദേഹം ശേത്ത് എന്ന് പേരിട്ടു. ശേത്ത് ജനിച്ചതിനുശേഷം ആദാം 800 വർഷം ജീവിച്ചിരുന്നു; അദ്ദേഹത്തിൽനിന്ന് വേറെ പുത്രന്മാരും പുത്രിമാരും ജനിച്ചു. ആദാമിന്റെ ആയുസ്സ് ആകെ 930 വർഷമായിരുന്നു; പിന്നെ അദ്ദേഹം മരിച്ചു. ശേത്തിനു 105 വയസ്സായപ്പോൾ അദ്ദേഹത്തിന് ഏനോശ് ജനിച്ചു.