ഉൽപത്തി 46:8-34 - Compare All Versions
ഉൽപത്തി 46:8-34 MALOVBSI (സത്യവേദപുസ്തകം OV Bible (BSI))
മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിത്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ. രൂബേന്റെ പുത്രന്മാർ: ഹനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ. ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി. യെഹൂദായുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ. സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ളെയേൽ. ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനായെയും അവനു പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടെ മുപ്പത്തിമൂന്നു പേർ ആയിരുന്നു. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരീ, അരോദീ, അരേലീ. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയായ്ക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ. യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു. ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്. ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ. ദാന്റെ പുത്രന്മാർ: ഹൂശീം. നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം. ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴു പേർ. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടു പേർ; മിസ്രയീമിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ. എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന് അവൻ യെഹൂദായെ അവന്റെ അടുക്കൽ മുമ്പിട്ട് അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്ത് എത്തി. യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കുപോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. യിസ്രായേൽ യോസേഫിനോട്: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: ഞാൻ ചെന്നു ഫറവോനോട്, കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്ന് അറിയിക്കും. അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ട് എന്ന് അവനോടു പറയും. അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: നിങ്ങളുടെ തൊഴിൽ എന്ത് എന്നു ചോദിക്കുമ്പോൾ: അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാർ ആകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാർ എല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.
ഉൽപത്തി 46:8-34 MALCLBSI (സത്യവേദപുസ്തകം C.L. (BSI))
ഈജിപ്തിലേക്കു വന്ന യാക്കോബിന്റെയും പുത്രന്മാരുടെയും വംശപരമ്പര: യാക്കോബിന്റെ മൂത്തപുത്രൻ രൂബേൻ. രൂബേന്റെ പുത്രന്മാർ ഹാനോക്ക്, ഫല്ലൂ, ഹെബ്രോൻ, കർമ്മി എന്നിവരായിരുന്നു. യെമൂവേൽ, യാമിൻ, ഓഹദ്, യാക്കീൻ, സോഹർ എന്നിവരും ഒരു കനാന്യസ്‍ത്രീയിൽ ജനിച്ച ശൗലുമാണ് ശിമെയോന്റെ പുത്രന്മാർ. ലേവിയുടെ പുത്രന്മാരാണ് ഗേർശോൻ, കൊഹാത്ത്, മെരാരി എന്നിവർ. യെഹൂദായുടെ പുത്രന്മാർ ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ് എന്നിവരാണ്. അവരിൽ ഏരും ഓനാനും കനാൻദേശത്തുവച്ചുതന്നെ മരിച്ചു. പേരെസിന്റെ പുത്രന്മാരാണ് ഹെസ്രോനും, ഹാമൂലും. ഇസ്സാഖാരിന്റെ പുത്രന്മാർ തോലാ, പൂവ്വാ, ഇയ്യോബ്, ശിമ്രോൻ എന്നിവർ. സെബൂലൂന്റെ പുത്രന്മാർ സേരെദ്, ഏലോൻ, യഹ്ലയേൽ എന്നിവർ. ഇവരും പുത്രി ദീനായുമാണ് പദ്ദൻ-അരാമിൽവച്ചു ലേയാ പ്രസവിച്ച മക്കൾ. ലേയായിൽ യാക്കോബിനു ജനിച്ച സന്താനങ്ങളെല്ലാംകൂടി മുപ്പത്തിമൂന്നുപേർ ആയിരുന്നു. ഗാദിന്റെ പുത്രന്മാരാണ് സിഫ്യോൻ, ഹഗ്ഗി, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി എന്നിവർ. ആശ്ശേരിന്റെ സന്താനങ്ങൾ ഇമ്നാ, ഇശ്വാ, ഇശ്വി, ബരിയാ; അവരുടെ സഹോദരി സേരഹ് എന്നിവരായിരുന്നു. ബെരിയായുടെ പുത്രന്മാരാണ് ഹേബെരും, മൽക്കിയേലും. ലാബാൻ ലേയായ്‍ക്കു കൊടുത്ത ദാസി സില്പായിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ പതിനാറു പേരായിരുന്നു. യാക്കോബിന്റെ ഭാര്യ റാഹേലിൽ ജനിച്ച പുത്രന്മാരാണ് യോസേഫും ബെന്യാമീനും. ഈജിപ്തിൽവച്ചു ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ യോസേഫിനു ജനിച്ച പുത്രന്മാരാണ് മനശ്ശെയും എഫ്രയീമും. ബെന്യാമീന്റെ പുത്രന്മാർ ബേലാ, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹി, രോശ്, മുപ്പിം, ഹുപ്പിം, ആരെദ് എന്നിവരാണ്. റാഹേലിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ ആകെ പതിനാലു പേരാണ്. ദാനിന്റെ പുത്രൻ ഹൂശിമും നഫ്താലിയുടെ പുത്രന്മാർ യെഹസേൽ, ശൂനി, യേസെർ, ശില്ലേം എന്നിവരും ആയിരുന്നു. ലാബാൻ റാഹേലിനു കൊടുത്ത ദാസി ബിൽഹായിൽ യാക്കോബിനു ജനിച്ച സന്താനങ്ങൾ ആകെ ഏഴു പേരാണ്. യാക്കോബിനോടുകൂടെ ഈജിപ്തിലേക്കു വന്ന സന്താനങ്ങൾ പുത്രഭാര്യമാരെ കൂടാതെ ആകെ അറുപത്താറു പേരാണ്. ഈജിപ്തിൽ വച്ചു യോസേഫിനു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ ഈജിപ്തിലേക്കു വന്ന യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെ എഴുപതു പേർ. യോസേഫ് ഗോശെനിൽ വന്നു തന്നെ കാണാൻ ആവശ്യപ്പെട്ടുകൊണ്ട് യാക്കോബ് യെഹൂദായെ മുൻകൂട്ടി അയച്ചു. അങ്ങനെ അവർ ഗോശെനിൽ എത്തി. പിതാവിനെ കാണുന്നതിനു യോസേഫ് രഥത്തിൽ ഗോശെനിലേക്കു പോയി. തമ്മിൽ കണ്ടപ്പോൾ യോസേഫ് പിതാവിന്റെ കഴുത്തിൽ കെട്ടിപ്പിടിച്ചുകൊണ്ട് വളരെനേരം കരഞ്ഞു. യാക്കോബ് യോസേഫിനോടു പറഞ്ഞു: “നീ ജീവിച്ചിരിക്കുന്നു എന്ന് അറിയുകയും നിന്റെ മുഖം നേരിട്ടു കാണുകയും ചെയ്തിരിക്കുന്നു. ഇനി ഞാൻ മരിച്ചുകൊള്ളട്ടെ.” യോസേഫ് സഹോദരന്മാരോടും പിതാവിന്റെ കുടുംബാംഗങ്ങളെല്ലാവരോടുമായി പറഞ്ഞു: “കനാൻദേശത്തു പാർത്തിരുന്ന എന്റെ സഹോദരന്മാരും പിതാവിന്റെ കുടുംബാംഗങ്ങളും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു ഞാൻ ഫറവോയോടു ചെന്നു പറയും. അവർ ഇടയന്മാരാണെന്നും അവരുടെ കന്നുകാലികളെയും ആട്ടിൻപറ്റങ്ങളെയുമെല്ലാം കൊണ്ടുവന്നിട്ടുണ്ടെന്നും ഞാൻ അറിയിക്കും. നിങ്ങളുടെ തൊഴിൽ എന്തെന്നു ഫറവോ ചോദിച്ചാൽ ‘അങ്ങയുടെ ദാസന്മാരായ ഞങ്ങൾ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ ചെറുപ്പംമുതൽ ഇന്നുവരെയും ഇടയന്മാരാണ്’ എന്നു നിങ്ങൾ പറയണം: അങ്ങനെ പറഞ്ഞാൽ നിങ്ങൾക്ക് ഗോശെൻദേശത്തുതന്നെ പാർക്കാൻ കഴിയും. കാരണം ഈജിപ്തുകാർക്ക് ഇടയന്മാർ നിഷിദ്ധരാണ്.”
ഉൽപത്തി 46:8-34 IRVMAL (ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം)
മിസ്രയീമിൽ വന്ന യിസ്രായേൽ മക്കളുടെ പേരുകൾ ഇവയാണ്: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ. രൂബേന്റെ പുത്രന്മാർ: ഹനോക്, പല്ലൂ, ഹെസ്രോൻ, കർമ്മി. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരിയുടെ മകനായ ശൗല്‍. ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കെഹാത്ത്, മെരാരി. യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരെഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ. സെബൂലൂൻ്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലേയേൽ. ഇവർ ലേയായുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനായെയും അവനു പദ്ദൻ-അരാമിൽവച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാംകൂടി മുപ്പത്തിമൂന്നു പേർ ആയിരുന്നു. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലി. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയാക്കു കൊടുത്ത സില്പായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഈ പതിനാറു പേരെ പ്രസവിച്ചു. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ. യോസേഫിന് മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവനു പ്രസവിച്ചു. ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, അർദ്. ഇവർ റാഹേൽ യാക്കോബിനു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിനാല് പേർ. ദാൻ്റെ പുത്രൻ: ഹൂശീം. നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം. ഇവർ ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്ത ബിൽഹായുടെ പുത്രന്മാർ; അവൾ യാക്കോബിന് ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവനിൽനിന്ന് ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. യോസേഫിനു മിസ്രയീമിൽവച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നവരായ യാക്കോബിന്റെ കുടുംബം ആകെ എഴുപത് പേർ. എന്നാൽ ഗോശെനിലേക്കു യാക്കോബിന് വഴി കാണിക്കേണ്ടതിന് യാക്കോബ് യെഹൂദയെ യോസേഫിന്‍റെ അടുക്കൽ മുൻകൂട്ടി അയച്ചു; ഇങ്ങനെ യാക്കോബും സന്തതികളും ഗോശെൻദേശത്ത് എത്തി. യോസേഫ് രഥം കെട്ടിച്ച് അപ്പനായ യിസ്രായേലിനെ എതിരേൽക്കുവാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. യിസ്രായേൽ യോസേഫിനോട്: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ട് ഞാൻ ഇപ്പോൾതന്നെ മരിച്ചാലും വേണ്ടില്ല” എന്നു പറഞ്ഞു. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞത്: “ഞാൻ ചെന്നു ഫറവോനോട്: ‘കനാൻദേശത്തുനിന്ന് എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും. അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നത് അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളത് എല്ലാം കൊണ്ടുവന്നിട്ടുണ്ട്’ എന്നു ഫറവോനോട് പറയും. അതുകൊണ്ട് ഫറവോൻ നിങ്ങളെ വിളിച്ച്: ‘നിങ്ങളുടെ തൊഴിൽ എന്ത്?’ എന്നു ചോദിക്കുമ്പോൾ: ‘അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു’ എന്നു പറയുവിൻ; എന്നാൽ ഗോശെനിൽ വസിക്കുവാൻ നിങ്ങളെ അനുവദിക്കും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.”
ഉൽപത്തി 46:8-34 വേദപുസ്തകം (മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ))
മിസ്രയീമിൽ വന്ന യിസ്രായേൽമക്കളുടെ പേരുകൾ ആവിതു: യാക്കോബും അവന്റെ പുത്രന്മാരും; യാക്കോബിന്റെ ആദ്യജാതനായ രൂബേൻ. രൂബേന്റെ പുത്രന്മാർ: ഹാനോക്, ഫല്ലൂ, ഹെസ്രോൻ, കർമ്മി. ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമീൻ, ഓഹദ്, യാഖീൻ, സോഹർ, കനാന്യക്കാരത്തിയുടെ മകനായ ശൗൽ. ലേവിയുടെ പുത്രന്മാർ: ഗേർശോൻ, കഹാത്ത്, മെരാരി. യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലാ, പേരെസ്, സേരഹ്; എന്നാൽ ഏർ, ഓനാൻ എന്നിവർ കനാൻദേശത്തുവെച്ചു മരിച്ചുപോയി. പേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാരിന്റെ പുത്രന്മാർ: തോലാ, പുവ്വാ, യോബ്, ശിമ്രോൻ. സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ. ഇവർ ലേയയുടെ പുത്രന്മാർ; അവൾ അവരെയും യാക്കോബിന്റെ മകളായ ദീനയെയും അവന്നു പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു; അവന്റെ പുത്രന്മാരും പുത്രിമാരും എല്ലാം കൂടെ മുപ്പത്തുമൂന്നു പേർ ആയിരുന്നു. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനീ, എസ്ബോൻ, ഏരി, അരോദീ, അരേലീ. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വാ, യിശ്വീ, ബെരീയാ; ഇവരുടെ സഹോദരി സേരഹ്. ബെരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ. ഇവർ ലാബാൻ തന്റെ മകളായ ലേയെക്കു കൊടുത്ത സില്പയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഈ പതിനാറു പേരെ പ്രസവിച്ചു. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ. യോസേഫിന്നു മിസ്രയീംദേശത്തു മനശ്ശെയും എഫ്രയീമും ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്ത് അവന്നു പ്രസവിച്ചു. ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബെൽ, ഗേരാ, നാമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്. ഇവർ റാഹേൽ യാക്കോബിന്നു പ്രസവിച്ച പുത്രന്മാർ; എല്ലാംകൂടെ പതിന്നാലു പേർ. ദാന്റെ പുത്രന്മാർ ഹൂശീം. നഫ്താലിയുടെ പുത്രന്മാർ: യഹസേൽ, ഗൂനീ, യേസെർ, ശില്ലേം. ഇവർ ലാബാൻ തന്റെ മകളായ റാഹേലിന്നു കൊടുത്ത ബിൽഹയുടെ പുത്രന്മാർ; അവൾ യാക്കോബിന്നു ഇവരെ പ്രസവിച്ചു; എല്ലാംകൂടെ ഏഴുപേർ. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അവന്റെ കടിപ്രദേശത്തുനിന്നു ജനിച്ചവരായി അവനോടുകൂടെ മിസ്രയീമിൽ വന്നവർ ആകെ അറുപത്താറു പേർ. യോസേഫിന്നു മിസ്രയീമിൽവെച്ചു ജനിച്ച പുത്രന്മാർ രണ്ടുപേർ; മിസ്രയീമിൽ വന്നരായ യാക്കോബിന്റെ കുടുംബം ആകെ എഴുപതു പേർ. എന്നാൽ ഗോശെനിലേക്കു യോസേഫ് തനിക്കു വഴി കാണിക്കേണ്ടതിന്നു അവൻ യെഹൂദയെ അവന്റെ അടുക്കൽ മുമ്പിട്ടു അയച്ചു; ഇങ്ങനെ അവർ ഗോശെൻദേശത്തു എത്തി. യോസേഫ് രഥം കെട്ടിച്ചു അപ്പനായ യിസ്രായേലിനെ എതിരേല്പാൻ ഗോശെനിലേക്കു പോയി, അവനെ കണ്ടപ്പോൾ കെട്ടിപ്പിടിച്ചു ഏറെനേരം കരഞ്ഞു. യിസ്രായേൽ യോസേഫിനോടു: നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല എന്നു പറഞ്ഞു. പിന്നെ യോസേഫ് സഹോദരന്മാരോടും അപ്പന്റെ കുടുംബത്തോടും പറഞ്ഞതു: ഞാൻ ചെന്നു ഫറവോനോടു: കനാൻദേശത്തുനിന്നു എന്റെ സഹോദരന്മാരും അപ്പന്റെ കുടുംബവും എന്റെ അടുക്കൽ വന്നിരിക്കുന്നു എന്നു അറിയിക്കും. അവർ ഇടയന്മാർ ആകുന്നു; കന്നുകാലികളെ മേയിക്കുന്നതു അവരുടെ തൊഴിൽ; അവർ തങ്ങളുടെ ആടുകളെയും കന്നുകാലികളെയും തങ്ങൾക്കുള്ളതൊക്കെയും കൊണ്ടുവന്നിട്ടുണ്ടു എന്നു അവനോടു പറയും. അതുകൊണ്ടു ഫറവോൻ നിങ്ങളെ വിളിച്ചു: നിങ്ങളുടെ തൊഴിൽ എന്തു എന്നു ചോദിക്കുമ്പോൾ: അടിയങ്ങൾ ബാല്യംമുതൽ ഇന്നുവരെയും, ഞങ്ങളും ഞങ്ങളുടെ പിതാക്കന്മാരും ഗോപാലകന്മാരാകുന്നു എന്നു പറവിൻ; എന്നാൽ നിങ്ങൾക്കു ഗോശെനിൽ പാർപ്പാൻ സംഗതിയാകും; ഇടയന്മാരെല്ലാം മിസ്രയീമ്യർക്കു വെറുപ്പല്ലോ.
ഉൽപത്തി 46:8-34 MCV (സമകാലിക മലയാളവിവർത്തനം)
ഈജിപ്റ്റിലേക്കു പോയവരായ ഇസ്രായേലിന്റെ പുത്രന്മാരുടെ (യാക്കോബിന്റെയും അദ്ദേഹത്തിന്റെ പിൻഗാമികളുടെയും) പേരുകൾ ഇവയാണ്: യാക്കോബിന്റെ ആദ്യജാതനായ രൂബേൻ. രൂബേന്റെ പുത്രന്മാർ: ഹാനോക്ക്, ഫല്ലൂ, ഹെസ്രോൻ, കർമി, ശിമെയോന്റെ പുത്രന്മാർ: യെമൂവേൽ, യാമിൻ, ഓഹദ്, യാഖീൻ, സോഹർ, ഒരു കനാന്യസ്ത്രീയുടെ മകനായ ശാവൂൽ. ലേവിയുടെ പുത്രന്മാർ: ഗെർശോൻ, കെഹാത്ത്, മെരാരി. യെഹൂദയുടെ പുത്രന്മാർ: ഏർ, ഓനാൻ, ശേലഹ്, ഫേരെസ്, സേരഹ് (എന്നാൽ ഏരും ഓനാനും കനാൻനാട്ടിൽവെച്ചു മരിച്ചുപോയി.) ഫേരെസിന്റെ പുത്രന്മാർ: ഹെസ്രോൻ, ഹാമൂൽ. യിസ്സാഖാറിന്റെ പുത്രന്മാർ: തോലാ, പൂവാ, യോബ്, ശിമ്രോൻ. സെബൂലൂന്റെ പുത്രന്മാർ: സേരെദ്, ഏലോൻ, യഹ്ലെയേൽ. ഇവർ യാക്കോബിന്റെ പുത്രന്മാർ; ഇവരെയും യാക്കോബിന്റെ പുത്രിയായ ദീനായെയും ലേയാ പദ്ദൻ-അരാമിൽവെച്ചു പ്രസവിച്ചു. അദ്ദേഹത്തിന്റെ ഈ പുത്രന്മാരും പുത്രിമാരുംകൂടി ആകെ മുപ്പത്തിമൂന്നു പേർ ഉണ്ടായിരുന്നു. ഗാദിന്റെ പുത്രന്മാർ: സിഫ്യോൻ, ഹഗ്ഗീ, ശൂനി, എസ്ബോൻ, ഏരി, അരോദി, അരേലി. ആശേരിന്റെ പുത്രന്മാർ: യിമ്നാ, യിശ്വ, യിശ്‌വി, ബേരീയാ. ഇവരുടെ സഹോദരി ആയിരുന്നു സേരഹ്. ബേരീയാവിന്റെ പുത്രന്മാർ: ഹേബെർ, മൽക്കീയേൽ ഇവരായിരുന്നു ലാബാൻ തന്റെ മകളായ ലേയയ്ക്കു കൊടുത്ത സിൽപ്പയിൽ യാക്കോബിനു ജനിച്ച മക്കൾ—ആകെ പതിനാറുപേർ. യാക്കോബിന്റെ ഭാര്യയായ റാഹേലിന്റെ പുത്രന്മാർ: യോസേഫ്, ബെന്യാമീൻ. ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകളായ ആസ്നത്തിൽ യോസേഫിനു മനശ്ശെയും എഫ്രയീമും ഈജിപ്റ്റിൽവെച്ചു ജനിച്ചു. ബെന്യാമീന്റെ പുത്രന്മാർ: ബേല, ബേഖെർ, അശ്ബേൽ, ഗേര, നയമാൻ, ഏഹീ, രോശ്, മുപ്പീം, ഹുപ്പീം, ആരെദ്. ഇവരായിരുന്നു യാക്കോബിനു റാഹേലിൽ ജനിച്ച പുത്രന്മാർ—ആകെ പതിന്നാലു പേർ. ദാനിന്റെ പുത്രൻ: ഹൂശീം. നഫ്താലിയുടെ പുത്രന്മാർ: യഹ്സേൽ, ഗൂനി, യേസെർ, ശില്ലേം. ഇവരായിരുന്നു ലാബാൻ തന്റെ മകളായ റാഹേലിനു കൊടുത്തിരുന്ന ബിൽഹായിൽ യാക്കോബിനു ജനിച്ച പുത്രന്മാർ—ആകെ ഏഴുപേർ. യാക്കോബിന്റെ പുത്രന്മാരുടെ ഭാര്യമാരെ കൂടാതെ അദ്ദേഹത്തിന്റെ നേരിട്ടുള്ള പിൻഗാമികളായി, അദ്ദേഹത്തോടുകൂടെ ഈജിപ്റ്റിലേക്കു പോയവർ അറുപത്തിയാറുപേർ ആയിരുന്നു. യോസേഫിന് ഈജിപ്റ്റിൽവെച്ചു ജനിച്ച രണ്ടു പുത്രന്മാർ ഉൾപ്പെടെ, ഈജിപ്റ്റിലേക്കു പോയ യാക്കോബിന്റെ കുടുംബാംഗങ്ങൾ ആകെക്കൂടി എഴുപതുപേരായിരുന്നു. ഗോശെനിലേക്കുള്ള വഴി അറിയേണ്ടതിന് യാക്കോബ് തനിക്കുമുമ്പ് യെഹൂദയെ യോസേഫിന്റെ അടുത്തേക്ക് അയച്ചു. അവർ ഗോശെൻ പ്രദേശത്ത് എത്തിയപ്പോഴേക്കും യോസേഫ് തന്റെ രഥം തയ്യാറാക്കി, പിതാവായ ഇസ്രായേലിനെ എതിരേൽക്കാൻ ഗോശെനിൽ ചെന്നിരുന്നു. പിതാവിനെ കണ്ടപ്പോൾതന്നെ യോസേഫ് അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ഏറെനേരം കരഞ്ഞു. ഇസ്രായേൽ യോസേഫിനോട്, “ഇപ്പോൾ ഞാൻ മരിക്കാൻ ഒരുക്കമാണ്, കാരണം നീ ജീവനോടെ ഇരിക്കുന്നു എന്നു ഞാൻതന്നെ നേരിട്ടു കണ്ടിരിക്കുന്നു” എന്നു പറഞ്ഞു. പിന്നെ, യോസേഫ് തന്റെ സഹോദരന്മാരോടും പിതാവിന്റെ കുടുംബത്തിലുള്ള എല്ലാവരോടുമായി പറഞ്ഞു, “ഞാൻ ചെന്ന് ഫറവോനോടു സംസാരിക്കും. അദ്ദേഹത്തോട്, ‘കനാൻദേശത്തു ജീവിച്ചിരുന്നവരായ എന്റെ സഹോദരന്മാരും പിതാവിന്റെ ഭവനത്തിലുള്ളവരും എന്റെ അടുക്കൽ വന്നിരിക്കുന്നു. ആ പുരുഷന്മാർ ഇടയന്മാരാണ്; അവർ ആടുമാടുകളെ മേയിക്കുന്നു; അവർ തങ്ങളോടൊപ്പം ആടുമാടുകളെയും തങ്ങൾക്കുള്ള സകലതും കൊണ്ടുവന്നിട്ടുണ്ട്’ എന്നു പറയും. ഫറവോൻ നിങ്ങളെ അകത്തേക്കു വിളിച്ച് ‘നിങ്ങളുടെ തൊഴിൽ എന്താണ്?’ എന്നു ചോദിക്കുമ്പോൾ ‘അടിയങ്ങൾ അടിയങ്ങളുടെ പിതാവിനെപ്പോലെതന്നെ ബാല്യംമുതൽ ആടുമാടുകളെ മേയിച്ചുപോരുന്നു’ എന്ന് ഉത്തരം പറയണം. അപ്പോൾ നിങ്ങൾക്കു ഗോശെൻ പ്രദേശത്തു താമസം ഉറപ്പിക്കാൻ അനുവാദം ലഭിക്കും; ഇടയന്മാരോട് ഈജിപ്റ്റുകാർക്കു വെറുപ്പാണ്.”