ഉൽപത്തി 45:4-11
ഉൽപത്തി 45:4-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോസേഫ് സഹോദരന്മാരോട്: ഇങ്ങോട്ട് അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്: നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ട്. ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്കു മുമ്പേ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവൻ എന്നെ ഫറവോനു പിതാവും അവന്റെ ഗൃഹത്തിനൊക്കെയും യജമാനനും മിസ്രയീംദേശത്തിനൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു. നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്ന് അവനോടു പറയേണ്ടത് എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു, ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്ത് എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നെ. നിനക്കും കുടുംബത്തിനും നിനക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.
ഉൽപത്തി 45:4-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യോസേഫ് അവരോട് അടുത്തുചെല്ലാൻ പറഞ്ഞു. അവർ അടുത്തുചെന്നപ്പോൾ അദ്ദേഹം പറഞ്ഞു: “നിങ്ങൾ അടിമയായി വിറ്റ് ഈജിപ്തിലേക്കയച്ച നിങ്ങളുടെ സഹോദരൻ യോസേഫാണു ഞാൻ. നിങ്ങൾ എന്നെ ഇവിടേക്കു വിറ്റതിൽ ദുഃഖിക്കുകയോ സ്വയം കുറ്റപ്പെടുത്തുകയോ വേണ്ടാ. നിങ്ങളുടെ ജീവൻ രക്ഷിക്കാൻവേണ്ടി ദൈവമാണ് എന്നെ മുൻകൂട്ടി ഇവിടേക്കയച്ചത്. ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടു വർഷമേ ആയിട്ടുള്ളൂ. ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനി വരാനിരിക്കുന്നു. നിങ്ങളുടെ സന്തതി ഭൂമിയിൽ അവശേഷിക്കാനും നിങ്ങൾക്ക് അദ്ഭുതകരമായ രക്ഷ നല്‌കാനുമായി ദൈവമാണ് എന്നെ ഇങ്ങോട്ടയച്ചത്. അതുകൊണ്ട് യഥാർഥത്തിൽ നിങ്ങളല്ല ദൈവമാണ് എന്നെ ഇവിടേക്കയച്ചത്. അവിടുന്നെന്നെ ഫറവോയ്‍ക്ക് പിതാവും അദ്ദേഹത്തിന്റെ ഗൃഹത്തിനു നാഥനും ഈജിപ്തുദേശത്തിന് അധിപതിയും ആക്കിയിരിക്കുന്നു. നിങ്ങൾ വേഗം മടങ്ങിച്ചെന്ന് അങ്ങയുടെ പുത്രനായ യോസേഫ് ഇപ്രകാരം പറയുന്നുവെന്ന് അറിയിക്കുക: ദൈവം എന്നെ ഈജിപ്തിന്റെ മുഴുവൻ അധിപതിയാക്കിയിരിക്കുന്നു; എത്രയും വേഗം അപ്പൻ എന്റെ അടുക്കൽ എത്തണം. അപ്പനും മക്കളും കൊച്ചുമക്കളും അങ്ങയുടെ ആടുമാടുകളും മറ്റെല്ലാ സമ്പാദ്യങ്ങളുമായി എന്റെ അടുത്തുതന്നെയുള്ള ഗോശെൻ ദേശത്തു വന്നു പാർക്കണം. ക്ഷാമം ഇനിയും അഞ്ചു വർഷംകൂടി നീണ്ടുനില്‌ക്കും. എന്നാൽ അങ്ങയെയും കുടുംബത്തിലുള്ള എല്ലാവരെയും അങ്ങേക്കുള്ള എല്ലാറ്റിനെയും ക്ഷാമം ബാധിക്കാതെ ഞാൻ സംരക്ഷിച്ചുകൊള്ളാം.
ഉൽപത്തി 45:4-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോസേഫ് സഹോദരന്മാരോട്: “ഇങ്ങോട്ട് അടുത്തുവരുവിൻ” എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞത്; “നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കണ്ടാ, വിഷാദിക്കുകയും വേണ്ടാ; ജീവരക്ഷയ്ക്കായി ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ട് ഇപ്പോൾ രണ്ടു വർഷമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു വർഷം ഇനിയും ഉണ്ട്. ഭൂമിയിൽ നിങ്ങൾക്ക് സന്തതി ശേഷിക്കേണ്ടതിനും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിനും ദൈവം എന്നെ നിങ്ങൾക്ക് മുമ്പെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചത്; അവിടുന്ന് എന്നെ ഫറവോനു പിതാവും അവന്‍റെ കുടുംബത്തിനൊക്കെയും യജമാനനും മിസ്രയീം ദേശത്തിനൊക്കെയും ഉയർന്ന ഉദ്യോഗസ്ഥനും ആക്കിയിരിക്കുന്നു. നിങ്ങൾ ബദ്ധപ്പെട്ട് എന്റെ അപ്പന്റെ അടുക്കൽ ചെന്നു അപ്പനോട് പറയേണ്ടത് എന്തെന്നാൽ: ‘അങ്ങേയുടെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിനൊക്കെയും അധിപതിയാക്കിയിരിക്കുന്നു; അങ്ങ് താമസിക്കാതെ എന്‍റെ അടുക്കൽ വരേണം. അങ്ങേക്ക് ഗോശെൻദേശത്തു പാർക്കാം എനിക്ക് സമീപമായിരിക്കും; അങ്ങും മക്കളും മക്കളുടെ മക്കളും അങ്ങേയുടെ ആടുകളും കന്നുകാലികളും അങ്ങേയ്ക്കുള്ളതൊക്കെയും തന്നെ. അങ്ങേയ്ക്കും കുടുംബത്തിനും അങ്ങേയ്ക്കുള്ള സകലത്തിനും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ അങ്ങയെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു വർഷം നില്ക്കും.’
ഉൽപത്തി 45:4-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോസേഫ് സഹോദരന്മാരോടു: ഇങ്ങോട്ടു അടുത്തുവരുവിൻ എന്നു പറഞ്ഞു; അവർ അടുത്തുചെന്നപ്പോൾ അവൻ പറഞ്ഞതു; നിങ്ങൾ മിസ്രയീമിലേക്കു വിറ്റുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ. എന്നെ ഇവിടെ വിറ്റതുകൊണ്ടു നിങ്ങൾ വ്യസനിക്കേണ്ടാ, വിഷാദിക്കയും വേണ്ടാ; ജീവരക്ഷക്കായി ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചതാകുന്നു. ദേശത്തു ക്ഷാമം ഉണ്ടായിട്ടു ഇപ്പോൾ രണ്ടു സംവത്സരമായി; ഉഴവും കൊയ്ത്തും ഇല്ലാത്ത അഞ്ചു സംവത്സരം ഇനിയും ഉണ്ടു. ഭൂമിയിൽ നിങ്ങൾക്കു സന്തതി ശേഷിക്കേണ്ടതിന്നും വലിയോരു രക്ഷയാൽ നിങ്ങളുടെ ജീവനെ രക്ഷിക്കേണ്ടതിന്നും ദൈവം എന്നെ നിങ്ങൾക്കു മുമ്പെ അയച്ചിരിക്കുന്നു. ആകയാൽ നിങ്ങൾ അല്ല, ദൈവം അത്രേ എന്നെ ഇവിടെ അയച്ചതു; അവൻ എന്നെ ഫറവോന്നു പിതാവും അവന്റെ ഗൃഹത്തിന്നു ഒക്കെയും യജമാനനും മിസ്രയീംദേശത്തിന്നൊക്കെയും അധിപതിയും ആക്കിയിരിക്കുന്നു. നിങ്ങൾ ബദ്ധപ്പെട്ടു എന്റെ അപ്പന്റെ അടുക്കൽ ചെന്നു അവനോടു പറയേണ്ടതു എന്തെന്നാൽ: നിന്റെ മകനായ യോസേഫ് ഇപ്രകാരം പറയുന്നു: ദൈവം എന്നെ മിസ്രയീമിന്നൊക്കെയും അധിപതിയാക്കിയിരിക്കുന്നു; നീ താമസിയാതെ എന്റെ അടുക്കൽ വരേണം. നീ ഗോശെൻദേശത്തു പാർത്തു എനിക്കു സമീപമായിരിക്കും; നീയും മക്കളും മക്കളുടെ മക്കളും നിന്റെ ആടുകളും കന്നുകാലികളും നിനക്കുള്ളതൊക്കെയും തന്നേ. നിനക്കും കുടുംബത്തിന്നും നിനക്കുള്ള സകലത്തിന്നും ദാരിദ്ര്യം നേരിടാതവണ്ണം ഞാൻ അവിടെ നിന്നെ പോഷിപ്പിക്കും; ക്ഷാമം ഇനിയും അഞ്ചു സംവത്സരം നില്ക്കും.
ഉൽപത്തി 45:4-11 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യോസേഫ് സഹോദരന്മാരോട്, “എന്റെ അടുത്തേക്കു വരിക” എന്നു പറഞ്ഞു. അവർ അടുക്കൽവന്നു. അദ്ദേഹം പറഞ്ഞു, “ഞാൻ നിങ്ങളുടെ സഹോദരനായ യോസേഫ് ആണ്. നിങ്ങൾ എന്നെ ഈജിപ്റ്റിലേക്കു വിറ്റുകളഞ്ഞു. എന്നാൽ ഇപ്പോൾ നിങ്ങൾ ദുഃഖിക്കരുത്; ഇവിടേക്കു വിറ്റതിൽ നിങ്ങളോടുതന്നെ കോപിക്കയുമരുത്; കാരണം, ജീവരക്ഷയ്ക്കായി ദൈവം നിങ്ങൾക്കുമുമ്പായി എന്നെ ഇവിടെ അയച്ചതാണ്. ദേശത്തു ക്ഷാമം തുടങ്ങിയിട്ട് ഇപ്പോൾ രണ്ടുവർഷം കഴിഞ്ഞിരിക്കുന്നു; ഉഴവും കൊയ്ത്തുമില്ലാത്ത അഞ്ചുവർഷം ഇനിയും ഉണ്ട്. എന്നാൽ ഭൂമുഖത്ത് നിങ്ങൾക്കായി ഒരു ശേഷിപ്പിനെ നിലനിർത്താനും മഹത്തായ ഒരു വിടുതലിലൂടെ നിങ്ങളുടെ പ്രാണനെ രക്ഷിക്കാനുമായി ദൈവം നിങ്ങൾക്കുമുമ്പേ എന്നെ അയച്ചിരിക്കുന്നു. “ആകയാൽ നിങ്ങളല്ല, ദൈവമാണ് എന്നെ ഇവിടെ അയച്ചത്. അവിടന്ന് എന്നെ ഫറവോനു പിതാവും അദ്ദേഹത്തിന്റെ കുടുംബത്തിലുള്ള എല്ലാവർക്കും പ്രഭുവും ഈജിപ്റ്റുദേശത്തിലുള്ള എല്ലാവർക്കും ഭരണാധികാരിയും ആക്കിയിരിക്കുന്നു. ഇപ്പോൾ നിങ്ങൾ വേഗം എന്റെ അപ്പന്റെ അടുക്കൽ എത്തി അദ്ദേഹത്തോട് ഇങ്ങനെ പറയണം: ‘അങ്ങയുടെ മകനായ യോസേഫ് അറിയിക്കുന്നു: ദൈവം എന്നെ ഈജിപ്റ്റിന്റെ മുഴുവൻ പ്രഭുവാക്കിയിരിക്കുന്നു; അങ്ങ് എന്റെ അടുക്കലേക്കു വേഗം വരണം, ഒട്ടും താമസിക്കരുത്. അങ്ങും, അങ്ങയുടെ മക്കളും കൊച്ചുമക്കളും ആടുമാടുകളും സകലസ്വത്തുക്കളുമായി വന്ന് എന്റെ സമീപത്ത്, ഗോശെൻ ദേശത്തു താമസിച്ചുകൊള്ളുക. അവിടെ നിങ്ങൾക്കു വേണ്ടുന്നതെല്ലാം ഞാൻ എത്തിച്ചുതന്നുകൊള്ളാം; ക്ഷാമത്തിന്റെ അഞ്ചുവർഷങ്ങൾകൂടി ഇനിയുണ്ട്. അല്ലെങ്കിൽ അങ്ങും അങ്ങയുടെ കുടുംബത്തിലുള്ളവരും അങ്ങേക്കുള്ളതെല്ലാം നശിച്ചുപോകുമല്ലോ.’