ഉൽപത്തി 45:1-3

ഉൽപത്തി 45:1-3 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വയ്യാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യോസേഫ് സഹോദരന്മാരോട്: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

ഉൽപത്തി 45:1-3 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അപ്പോൾ ചുറ്റും നില്‍ക്കുന്നവരുടെ മുമ്പിൽ സ്വയം നിയന്ത്രിക്കുവാൻ കഴിയാതെ: “എല്ലാവരും എന്‍റെ അടുക്കൽനിന്ന് പുറത്ത് പോകുവിൻ” എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ വേറെ ആരും അവന്‍റെ അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്‍റെ കുടുംബവും അത് കേട്ടു. യോസേഫ് സഹോദരന്മാരോട്: “ഞാൻ യോസേഫ് ആകുന്നു; എന്‍റെ അപ്പൻ ജീവനോടിരിക്കുന്നുവോ” എന്നു പറഞ്ഞു. അവന്‍റെ സഹോദരന്മാർ അവന്‍റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ട് അവനോട് ഉത്തരം പറയുവാൻ അവർക്ക് കഴിഞ്ഞില്ല.

ഉൽപത്തി 45:1-3 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അപ്പോൾ ചുറ്റും നില്ക്കുന്നവരുടെ മുമ്പിൽ തന്നെത്താൻ അടക്കുവാൻ വഹിയാതെ: എല്ലാവരെയും എന്റെ അടുക്കൽനിന്നു പുറത്താക്കുവിൻ എന്നു യോസേഫ് വിളിച്ചുപറഞ്ഞു. ഇങ്ങനെ യോസേഫ് തന്റെ സഹോദരന്മാർക്കു തന്നെ വെളിപ്പെടുത്തിയപ്പോൾ ആരും അടുക്കൽ ഉണ്ടായിരുന്നില്ല. അവൻ ഉച്ചത്തിൽ കരഞ്ഞു; മിസ്രയീമ്യരും ഫറവോന്റെ ഗൃഹവും അതു കേട്ടു. യോസേഫ് സഹോദരന്മാരോടു: ഞാൻ യോസേഫ് ആകുന്നു; എന്റെ അപ്പൻ ജീവനോടിരിക്കുന്നുവോ എന്നു പറഞ്ഞു. അവന്റെ സഹോദരന്മാർ അവന്റെ സന്നിധിയിൽ ഭ്രമിച്ചുപോയതുകൊണ്ടു അവനോടു ഉത്തരം പറവാൻ അവർക്കു കഴിഞ്ഞില്ല.

ഉൽപത്തി 45:1-3 സമകാലിക മലയാളവിവർത്തനം (MCV)

അപ്പോൾ യോസേഫിനു തന്റെ ചുറ്റുംനിന്ന ഉദ്യോഗസ്ഥന്മാരുടെമുമ്പിൽ സ്വയം നിയന്ത്രിക്കാൻ കഴിയാതെയായി. “എല്ലാവരെയും എന്റെ മുന്നിൽനിന്ന് പുറത്താക്കുക,” അദ്ദേഹം വിളിച്ചുപറഞ്ഞു. അങ്ങനെ, യോസേഫ് സഹോദരന്മാർക്കു തന്നെത്തന്നെ വെളിപ്പെടുത്തിയപ്പോൾ അദ്ദേഹത്തോടൊപ്പം ആരും ഉണ്ടായിരുന്നില്ല. ഈജിപ്റ്റുകാർ കേൾക്കുംവിധം അദ്ദേഹം വളരെ ഉറക്കെ കരഞ്ഞു. ഫറവോന്റെ കൊട്ടാരത്തിലുള്ളവരും ഈ വാർത്ത കേട്ടു. യോസേഫ് സഹോദരന്മാരോട്, “ഞാൻ യോസേഫ് ആകുന്നു! എന്റെ അപ്പൻ ഇപ്പോഴും ജീവിച്ചിരിക്കുന്നോ?” എന്നു ചോദിച്ചു. എന്നാൽ അതിന് ഉത്തരം പറയാൻ അദ്ദേഹത്തിന്റെ സഹോദരന്മാർക്കു കഴിഞ്ഞില്ല; കാരണം അദ്ദേഹത്തിന്റെ സന്നിധിയിൽ അവർ അത്ഭുതപരവശരായിരുന്നു.