ഉൽപത്തി 43:1-14

ഉൽപത്തി 43:1-14 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ ക്ഷാമം ദേശത്തു കഠിനമായിത്തീർന്നു. അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു. അതിനു യെഹൂദാ അവനോടു പറഞ്ഞത്: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം തീർച്ചയായും ഞങ്ങളോടു പറഞ്ഞിരിക്കുന്നു. നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയച്ചാൽ ഞങ്ങൾ ചെന്ന് ആഹാരം വാങ്ങിക്കൊണ്ടുവരാം; അയയ്ക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു. നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന് എന്നു യിസ്രായേൽ പറഞ്ഞു. അതിന് അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയുംകുറിച്ചു താൽപര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു. പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത്: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിനു ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം. ഞാൻ അവനുവേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്ന് അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയി വരുമായിരുന്നു. അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: അങ്ങനെയെങ്കിൽ ഇതു ചെയ്‍വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ച വയ്പിൻ. ഇരട്ടിദ്രവ്യവും കൈയിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കൈയിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും. നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ട് അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ. അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയയ്ക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.

ഉൽപത്തി 43:1-14 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ക്ഷാമം ദേശത്ത് അതിരൂക്ഷമായിത്തീർന്നു. ഈജിപ്തിൽനിന്നു കൊണ്ടുവന്നിരുന്ന ധാന്യം തീർന്നപ്പോൾ പിതാവ് അവരോടു പറഞ്ഞു: “നിങ്ങൾ പോയി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടു വരിക.” യെഹൂദാ പറഞ്ഞു: “സഹോദരനെ കൂടാതെ വന്നാൽ നിങ്ങൾക്കിനി എന്നെ കാണാനാവുകയില്ല എന്ന് അദ്ദേഹം ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. ബെന്യാമീനെ ഞങ്ങളോടുകൂടി അയച്ചാൽ ഞങ്ങൾ പോയി ഭക്ഷണസാധനങ്ങൾ വാങ്ങിക്കൊണ്ടുവരാം. സഹോദരനെ കൂടാതെവന്നാൽ നിങ്ങൾക്കിനി എന്നെ കാണാനാവുകയില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. അവനെ ഞങ്ങളോടൊപ്പം അയയ്‍ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല.” അപ്പോൾ യാക്കോബു പറഞ്ഞു: “മറ്റൊരു സഹോദരനുണ്ടെന്ന് അദ്ദേഹത്തോടു പറഞ്ഞ് എന്നെ ഈ വിഷമസന്ധിയിലാക്കിയത് എന്തിന്?” അവർ മറുപടി പറഞ്ഞു: “ഞങ്ങളെയും ഞങ്ങളുടെ കുടുംബത്തെയുംപറ്റി അദ്ദേഹം താൽപര്യപൂർവം അന്വേഷിച്ചു. നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ, നിങ്ങൾക്കു വേറെ സഹോദരനുണ്ടോ എന്നെല്ലാം വിശദമായി ചോദിച്ചപ്പോൾ ഞങ്ങൾ അതിനു മറുപടി പറഞ്ഞു. എന്നാൽ നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ടു വരിക എന്ന് അദ്ദേഹം പറയുമെന്ന് ഞങ്ങൾക്കെങ്ങനെ മുൻകൂട്ടി അറിയാൻ കഴിയും?” യെഹൂദാ യാക്കോബിനോടു പറഞ്ഞു: “ബാലനെ എന്റെകൂടെ അയച്ചാലും; അങ്ങും ഞങ്ങളും നമ്മുടെ കൊച്ചുകുഞ്ഞുങ്ങളും പട്ടിണികൊണ്ടു മരിക്കാതെയിരിക്കാൻ ധാന്യങ്ങൾ കൊണ്ടുവരാൻ ഞങ്ങൾ ഉടൻതന്നെ പോകാം. അവന്റെ ഉത്തരവാദിത്വം ഞാൻ ഏറ്റെടുക്കുന്നു. അവനെ എന്നോടുതന്നെ ചോദിച്ചുകൊള്ളുക. ഞാൻ അവനെ അങ്ങയുടെ അടുക്കൽ തിരികെ കൊണ്ടുവരുന്നില്ലെങ്കിൽ അങ്ങയുടെ മുമ്പാകെ ഞാൻ എന്നും കുറ്റക്കാരനായിരുന്നുകൊള്ളാം. ഇത്രയും താമസിക്കാതിരുന്നെങ്കിൽ രണ്ടു തവണ പോയി വരാമായിരുന്നു.” പിതാവ് അവരോടു പറഞ്ഞു: “വേറെ മാർഗമില്ലെങ്കിൽ അപ്രകാരം ചെയ്യുക; ദേശാധിപതിക്കു സമ്മാനിക്കാനായി ഈ ദേശത്തിലെ വിശിഷ്ടവസ്തുക്കളായ സുഗന്ധപ്പശ, തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാംപരിപ്പ് ഇവ നിങ്ങളുടെ ചാക്കുകളിൽ എടുത്തുകൊള്ളുക. ആവശ്യമുള്ളതിന്റെ ഇരട്ടി പണവും കൊണ്ടുപോകണം; ചാക്കിൽ ഇരുന്ന പണം തിരിച്ചുകൊണ്ടുപോകുക. അത് അറിയാതെ സംഭവിച്ചതായിരിക്കും. നിങ്ങളുടെ സഹോദരനെ കൂട്ടിക്കൊണ്ടു ദേശാധിപതിയുടെ അടുക്കലേക്കു പൊയ്‍ക്കൊള്ളുക; അദ്ദേഹത്തിനു നിങ്ങളോടു കരുണ തോന്നാൻ സർവശക്തനായ ദൈവം ഇടവരുത്തട്ടെ. അങ്ങനെ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും തിരിച്ചയയ്‍ക്കട്ടെ. പുത്രദുഃഖമാണ് എനിക്കു നിശ്ചയിച്ചിരിക്കുന്നതെങ്കിൽ അങ്ങനെയും ആകട്ടെ.”

ഉൽപത്തി 43:1-14 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ ക്ഷാമം കനാനില്‍ കഠിനമായി തീർന്നു. അവർ മിസ്രയീമിൽ നിന്നു കൊണ്ടുവന്ന ധാന്യം ഭക്ഷിച്ചു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്: “നിങ്ങൾ ഇനിയും പോയി കുറെ ആഹാരംകൂടി വാങ്ങുവിൻ” എന്നു പറഞ്ഞു. അതിന് യെഹൂദാ അപ്പനോട് പറഞ്ഞത് “നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്‍റെ മുഖം കാണുകയില്ല“ എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു. അപ്പൻ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം; അയക്കാതിരുന്നാലോ ഞങ്ങൾ പോകയില്ല. ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്‍റെ മുഖം കാണുകയില്ല’ എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു.” “നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടെന്ന് നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞ് എനിക്ക് ഈ ദോഷം വരുത്തിയത് എന്തിന്?” എന്നു യിസ്രായേൽ പറഞ്ഞു. അതിന് അവർ “‘നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്ക് ഇനിയും ഒരു സഹോദരൻ ഉണ്ടോ?’ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും നമ്മുടെ കുടുംബത്തെയുംകുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ട് ഞങ്ങൾ ഇതെല്ലാം അറിയിക്കേണ്ടിവന്നു; ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ’ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ” എന്നു പറഞ്ഞു. പിന്നെ യെഹൂദാ തന്‍റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞത് “ഞങ്ങളും അപ്പനും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്നോടുകൂടെ അയയ്ക്കേണം; എന്നാൽ ഞങ്ങൾ പോകാം. ഞാൻ അവനു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്‍റെ കൈയിൽനിന്നു ചോദിക്കേണം; ഞാൻ അവനെ അപ്പന്‍റെ അടുക്കൽ കൊണ്ടുവന്ന് അപ്പന്‍റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. ഞങ്ങൾ താമസിക്കാതിരുന്നെങ്കിൽ ഇപ്പോൾ രണ്ടുപ്രാവശ്യം പോയിവരുമായിരുന്നു.” അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞത്: “അങ്ങനെയെങ്കിൽ ഇതു ചെയ്യുവിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാമ്പ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിനു കാഴ്ചവയ്ക്കുവിൻ. ഇരട്ടിപണവും കയ്യിൽ എടുത്തുകൊള്ളുവിൻ; നിങ്ങളുടെ ചാക്കിൻ്റെ വായ്ക്കൽ മടങ്ങിവന്ന പണവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; ഒരുപക്ഷേ അത് നോട്ടപ്പിശകായിരിക്കാം. നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്‍റെ അടുക്കൽ വീണ്ടും ചെല്ലുവിൻ. അവൻ നിങ്ങളുടെ മറ്റെ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടി അയക്കേണ്ടതിന് സർവ്വശക്തിയുള്ള ദൈവം അവനു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകണമെങ്കിൽ ആകട്ടെ.”

ഉൽപത്തി 43:1-14 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ ക്ഷാമം ദേശത്തു കഠിനമായി തീർന്നു. അവർ മിസ്രയീമിൽനിന്നു കൊണ്ടുവന്ന ധാന്യം തിന്നു തീർന്നപ്പോൾ അവരുടെ അപ്പൻ അവരോടു: നിങ്ങൾ ഇനിയും പോയി കുറെ ആഹാരം കൊള്ളുവിൻ എന്നു പറഞ്ഞു. അതിന്നു യെഹൂദാ അവനോടു പറഞ്ഞതു: നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലാതിരുന്നാൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം തീർച്ചയായി ഞങ്ങളോടു പറഞ്ഞിരിക്കുന്നു. നീ ഞങ്ങളുടെ സഹോദരനെ ഞങ്ങളുടെകൂടെ അയച്ചാൽ ഞങ്ങൾ ചെന്നു ആഹാരം വാങ്ങി കൊണ്ടുവരാം; അയക്കാഞ്ഞാലോ ഞങ്ങൾ പോകയില്ല. നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ല എങ്കിൽ നിങ്ങൾ എന്റെ മുഖം കാണുകയില്ല എന്നു അദ്ദേഹം ഞങ്ങളോടു പറഞ്ഞിരിക്കുന്നു. നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടെന്നു നിങ്ങൾ അദ്ദേഹത്തോടു പറഞ്ഞു എനിക്കു ഈ ദോഷം വരുത്തിയതു എന്തിന്നു എന്നു യിസ്രായേൽ പറഞ്ഞു. അതിന്നു അവർ: നിങ്ങളുടെ അപ്പൻ ജീവിച്ചിരിക്കുന്നുവോ? നിങ്ങൾക്കു ഇനിയും ഒരു സഹോദരൻ ഉണ്ടോ എന്നിങ്ങനെ അദ്ദേഹം ഞങ്ങളെയും ഞങ്ങളുടെ വംശത്തെയും കുറിച്ചു താല്പര്യമായി ചോദിച്ചതുകൊണ്ടു ഞങ്ങൾ ഇതൊക്കെയും അറിയിക്കേണ്ടിവന്നു; നിങ്ങളുടെ സഹോദരനെ ഇവിടെ കൂട്ടിക്കൊണ്ടുവരുവിൻ എന്നു അദ്ദേഹം പറയുമെന്നു ഞങ്ങൾ അറിഞ്ഞിരുന്നുവോ എന്നു പറഞ്ഞു. പിന്നെ യെഹൂദാ തന്റെ അപ്പനായ യിസ്രായേലിനോടു പറഞ്ഞതു: ഞങ്ങളും നീയും ഞങ്ങളുടെ കുഞ്ഞുകുട്ടികളും മരിക്കാതെ ജീവിച്ചിരിക്കേണ്ടതിന്നു ബാലനെ എന്നോടുകൂടെ അയക്കേണം; എന്നാൽ ഞങ്ങൾ പോകാം. ഞാൻ അവന്നു വേണ്ടി ഉത്തരവാദിയായിരിക്കാം; നീ അവനെ എന്റെ കയ്യിൽനിന്നു ചോദിക്കേണം; ഞാൻ അവനെ നിന്റെ അടുക്കൽ കൊണ്ടുവന്നു അവനെ നിന്റെ മുമ്പിൽ നിർത്തുന്നില്ലെങ്കിൽ ഞാൻ സദാകാലം നിനക്കു കുറ്റക്കാരനായിക്കൊള്ളാം. ഞങ്ങൾ താമസിച്ചിരുന്നില്ലെങ്കിൽ ഇപ്പോൾ രണ്ടു പ്രാവശ്യം പോയിവരുമായിരുന്നു. അപ്പോൾ അവരുടെ അപ്പനായ യിസ്രായേൽ അവരോടു പറഞ്ഞതു: അങ്ങനെയെങ്കിൽ ഇതു ചെയ്‌വിൻ: നിങ്ങളുടെ പാത്രങ്ങളിൽ കുറെ സുഗന്ധപ്പശ, കുറെ തേൻ, സാംപ്രാണി, സന്നിനായകം, ബോടനണ്ടി, ബദാമണ്ടി എന്നിങ്ങനെ ദേശത്തിലെ വിശേഷവസ്തുക്കളിൽ ചിലതൊക്കെയും കൊണ്ടുപോയി അദ്ദേഹത്തിന്നു കാഴ്ചവെപ്പിൻ. ഇരട്ടിദ്രവ്യവും കയ്യിൽ എടുത്തുകൊൾവിൻ; നിങ്ങളുടെ ചാക്കിന്റെ വായ്ക്കൽ മടങ്ങിവന്ന ദ്രവ്യവും കയ്യിൽ തിരികെ കൊണ്ടുപോകുവിൻ; പക്ഷേ അതു കൈമറിച്ചലായിരിക്കും. നിങ്ങളുടെ സഹോദരനെയും കൂട്ടി പുറപ്പെട്ടു അദ്ദേഹത്തിന്റെ അടുക്കൽ വീണ്ടും ചെല്ലുവിൻ. അവൻ നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടുകൂടെ അയക്കേണ്ടതിന്നു സർവ്വശക്തിയുള്ള ദൈവം അവന്നു നിങ്ങളോടു കരുണ തോന്നിക്കട്ടെ; എന്നാൽ ഞാൻ മക്കളില്ലാത്തവനാകേണമെങ്കിൽ ആകട്ടെ.

ഉൽപത്തി 43:1-14 സമകാലിക മലയാളവിവർത്തനം (MCV)

ദേശത്തു ക്ഷാമം കഠിനമായിത്തീർന്നു. ഈജിപ്റ്റിൽനിന്ന് കൊണ്ടുവന്ന ധാന്യം മുഴുവൻ ഭക്ഷിച്ചുതീർന്നപ്പോൾ അവരുടെ അപ്പൻ അവരോട്, “നിങ്ങൾ മടങ്ങിച്ചെന്ന് നമുക്കുവേണ്ടി കുറെ ധാന്യംകൂടി വാങ്ങിക്കൊണ്ടുവരിക” എന്നു പറഞ്ഞു. എന്നാൽ യെഹൂദാ അദ്ദേഹത്തോട് ഇങ്ങനെ പറഞ്ഞു: “ ‘നിങ്ങളുടെ സഹോദരൻ നിങ്ങളോടുകൂടെ ഇല്ലെങ്കിൽ നിങ്ങൾ എന്റെ മുഖം ഇനി കാണുകയില്ല’ എന്ന് ആ മനുഷ്യൻ ഞങ്ങളോടു ഗൗരവമായി താക്കീതു ചെയ്തിട്ടുണ്ട്. അങ്ങ് ഞങ്ങളുടെ സഹോദരനെ ഞങ്ങളോടുകൂടെ അയയ്ക്കുമെങ്കിൽ ഞങ്ങൾ ചെന്ന് അങ്ങേക്കുവേണ്ടി ധാന്യം വാങ്ങാം. എന്നാൽ അങ്ങ് അവനെ അയയ്ക്കുന്നില്ലെങ്കിൽ ഞങ്ങൾ പോകുകയില്ല; ‘നിങ്ങളുടെ സഹോദരൻ നിങ്ങളുടെ കൂടെയില്ലെങ്കിൽ നിങ്ങൾ ഇനി എന്റെ മുഖം കാണുകയില്ല’ എന്ന് അദ്ദേഹം ഞങ്ങളോടു പറഞ്ഞിട്ടുണ്ട്.” “ഞങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ട് എന്ന് ആ മനുഷ്യനോടു പറഞ്ഞ് നിങ്ങൾ എനിക്ക് ഈ പ്രയാസം വരുത്തിവെച്ചതെന്തിന്?” ഇസ്രായേൽ ചോദിച്ചു. അതിന് അവർ ഉത്തരം പറഞ്ഞത്, “ആ മനുഷ്യൻ ഞങ്ങളോടു നമ്മെക്കുറിച്ചും നമ്മുടെ കുടുംബത്തെക്കുറിച്ചും വളരെ സൂക്ഷ്മമായി ചോദിച്ചു. ‘നിങ്ങളുടെ പിതാവു ജീവിച്ചിരിക്കുന്നോ? നിങ്ങൾക്കു മറ്റൊരു സഹോദരൻ ഉണ്ടോ?’ എന്നും അദ്ദേഹം ഞങ്ങളോടു ചോദിച്ചു. ഞങ്ങൾ അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പറയുകമാത്രമേ ചെയ്തിട്ടുള്ളൂ. ‘നിങ്ങളുടെ സഹോദരനെ ഇവിടെ കൊണ്ടുവരിക’ എന്ന് അദ്ദേഹം പറയുമെന്നു ഞങ്ങൾ എങ്ങനെയാണ് അറിയുക?” അപ്പോൾ യെഹൂദാ തന്റെ പിതാവായ ഇസ്രായേലിനോടു പറഞ്ഞു: “ഞങ്ങളും അങ്ങും ഞങ്ങളുടെ കുഞ്ഞുങ്ങളും മരിച്ചുപോകാതെ, ജീവിച്ചിരിക്കേണ്ടതിന് ബാലനെ എന്റെകൂടെ അയയ്ക്കുക, ഞങ്ങൾ ഉടനെതന്നെ പോകാം. അവന്റെ സുരക്ഷിതത്വത്തിനു ഞാൻതന്നെ ഉറപ്പുതരുന്നു; അവനുവേണ്ടി ഞാൻ അങ്ങയോട് ഉത്തരവാദി ആയിരിക്കും. അവനെ ഞാൻ തിരികെക്കൊണ്ടുവന്ന് ഇവിടെ അങ്ങയുടെ സന്നിധിയിൽ നിർത്താത്തപക്ഷം ഞാൻ എന്റെ ആയുഷ്കാലം മുഴുവൻ അങ്ങയുടെമുമ്പാകെ അതിന്റെ ദോഷം വഹിച്ചുകൊള്ളാം. നാം ഇത്രയും കാലതാമസം വരുത്താതിരുന്നെങ്കിൽ ഞങ്ങൾക്ക് ഇതിനോടകം രണ്ടുതവണ പോയിവരാൻ കഴിയുമായിരുന്നു.” അപ്പോൾ അവരുടെ പിതാവായ ഇസ്രായേൽ അവരോടു പറഞ്ഞു, “അങ്ങനെ നിർബന്ധമെങ്കിൽ ഇതു ചെയ്യുക—കുറെ സുഗന്ധപ്പശ, അൽപ്പം തേൻ, സുഗന്ധവസ്തുക്കൾ, മീറ, പിസ്താപ്പരിപ്പ്, ബദാം എന്നിങ്ങനെ—ഈ നാട്ടിലെ ഏറ്റവും നല്ല വസ്തുക്കളിൽ ചിലത് ആ മനുഷ്യനുള്ള സമ്മാനമായി നിങ്ങളുടെ സഞ്ചികളിൽ കരുതിവെക്കുക. നിങ്ങളുടെ ചാക്കുകളിൽ വെച്ചിരുന്ന പണം തിരികെ കൊടുക്കേണ്ടതായതിനാൽ ഇരട്ടിത്തുകയും എടുക്കണം; ഒരുപക്ഷേ അതൊരു തെറ്റുപറ്റിയതാകാം. നിങ്ങളുടെ സഹോദരനെയും കൂട്ടിക്കൊണ്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് ഉടൻതന്നെ പോകുക. നിങ്ങളുടെ മറ്റേ സഹോദരനെയും ബെന്യാമീനെയും നിങ്ങളോടൊപ്പം തിരികെപ്പോരാൻ അദ്ദേഹം അനുവദിക്കുംവിധം സർവശക്തനായ ദൈവം അദ്ദേഹത്തിന്റെ മുമ്പാകെ നിങ്ങളോടു കരുണ കാണിക്കുമാറാകട്ടെ. എനിക്കോ, എന്റെ മക്കൾ നഷ്ടപ്പെടുകയാണെങ്കിൽ അതും ആകട്ടെ!”