ഉൽപത്തി 41:8-13

ഉൽപത്തി 41:8-13 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പ്രാതഃകാലത്ത് അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോട് തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞത്: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽതന്നെ സ്വപ്നം കണ്ടു; വെവ്വേറെ അർഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടത്. അവിടെ അകമ്പടിനായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തനു താന്താന്റെ സ്വപ്നത്തിന്റെ അർഥം പറഞ്ഞുതന്നു. അവൻ അർഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

ഉൽപത്തി 41:8-13 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

രാവിലെ അദ്ദേഹം അസ്വസ്ഥനായിരുന്നു. ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും കൊട്ടാരത്തിൽ വരുത്തി അവരോടു തന്റെ സ്വപ്നം വിവരിച്ചു പറഞ്ഞു; എന്നാൽ അതു ഫറവോയ്‍ക്കു വ്യാഖ്യാനിച്ചുകൊടുക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല. അപ്പോൾ പാനീയമേൽവിചാരകൻ ഫറവോയോടു പറഞ്ഞു: “ഞാൻ ഒരു അപരാധം ചെയ്തുപോയത് ഇപ്പോൾ ഓർക്കുന്നു. അങ്ങ് ഒരിക്കൽ കോപിച്ച് പാചകമേൽവിചാരകനെയും എന്നെയും അകമ്പടിസേനാനായകന്റെ ഭവനത്തിൽ തടവിലാക്കിയിരുന്നല്ലോ. ഒരു രാത്രിയിൽ വ്യത്യസ്ത അർഥങ്ങളുള്ള ഓരോ സ്വപ്നം ഞങ്ങൾ രണ്ടു പേരും കണ്ടു. അകമ്പടിസേനാനായകന്റെ അടിമയായിരുന്ന ഒരു എബ്രായയുവാവ് ഞങ്ങളോടൊപ്പം തടവിൽ ഉണ്ടായിരുന്നു; ഞങ്ങളുടെ സ്വപ്നങ്ങൾ അവനോടു പറഞ്ഞപ്പോൾ അവൻ അവയുടെ അർഥം വ്യാഖ്യാനിച്ചു. അതുപോലെ സംഭവിക്കുകയും ചെയ്തു. എന്നെ ജോലിയിൽ തിരികെ പ്രവേശിപ്പിക്കുകയും പാചകമേൽവിചാരകനെ തൂക്കിക്കൊല്ലുകയും ചെയ്തു.”

ഉൽപത്തി 41:8-13 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

പ്രഭാതത്തിൽ അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ച് വരുത്തി അവരോട് തന്‍റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രധാനി ഫറവോനോട് പറഞ്ഞത്: “ഇന്ന് ഞാൻ എന്‍റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രധാനിയെയും അംഗരക്ഷാനായകൻ്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവച്ച് ഞാനും അവനും ഒരു രാത്രിയിൽ വ്യത്യസ്ത അർത്ഥമുള്ള സ്വപ്നങ്ങൾ കണ്ടു; അവിടെ അംഗരക്ഷാനായകൻ്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോട് അറിയിച്ചപ്പോൾ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന് അവനവന്‍റെ സ്വപ്നത്തിന്‍റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നെ സംഭവിച്ചു; എന്നെ വീണ്ടും യഥാസ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിക്കൊല്ലുകയും ചെയ്തുവല്ലോ.”

ഉൽപത്തി 41:8-13 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പ്രാതഃകാലത്തു അവൻ വ്യാകുലപ്പെട്ടു മിസ്രയീമിലെ മന്ത്രവാദികളെയും ജ്ഞാനികളെയും എല്ലാം ആളയച്ചു വരുത്തി അവരോടു തന്റെ സ്വപ്നം പറഞ്ഞു. എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പാനപാത്രവാഹകന്മാരുടെ പ്രമാണി ഫറവോനോടു പറഞ്ഞതു: ഇന്നു ഞാൻ എന്റെ കുറ്റം ഓർക്കുന്നു. ഫറവോൻ അടിയങ്ങളോടു കോപിച്ചു, എന്നെയും അപ്പക്കാരുടെ പ്രമാണിയെയും അകമ്പടിനായകന്റെ വീട്ടിൽ തടവിലാക്കിയിരുന്നുവല്ലോ. അവിടെവെച്ചു ഞാനും അവനും ഒരു രാത്രിയിൽ തന്നേ സ്വപ്നം കണ്ടു; വെവ്വേറെ അർത്ഥമുള്ള സ്വപ്നം ആയിരുന്നു ഓരോരുത്തൻ കണ്ടതു. അവിടെ അകമ്പടി നായകന്റെ ദാസനായ ഒരു എബ്രായ യൗവനക്കാരൻ ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു; ഞങ്ങൾ അവനോടു അറിയിച്ചാറെ അവൻ സ്വപ്നങ്ങളെ വ്യാഖ്യാനിച്ചു; ഓരോരുത്തന്നു താന്താന്റെ സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞുതന്നു. അവൻ അർത്ഥം പറഞ്ഞതുപോലെ തന്നേ സംഭവിച്ചു; എന്നെ വീണ്ടും സ്ഥാനത്തു ആക്കുകയും മറ്റവനെ തൂക്കിക്കളകയും ചെയ്തുവല്ലോ.

ഉൽപത്തി 41:8-13 സമകാലിക മലയാളവിവർത്തനം (MCV)

പ്രഭാതത്തിൽ അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായിരുന്നു. അദ്ദേഹം ഈജിപ്റ്റിലെ സകലജ്യോതിഷികളെയും ജ്ഞാനികളെയും ആളയച്ചുവരുത്തി; ഫറവോൻ അവരോട് തന്റെ സ്വപ്നം പറഞ്ഞു; എന്നാൽ അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ പ്രധാന വീഞ്ഞുകാരൻ ഫറവോനോടു പറഞ്ഞു: “ഇന്ന് ഞാൻ എന്റെ തെറ്റ് ഓർക്കുന്നു. ഒരിക്കൽ ഫറവോൻ തന്റെ ദാസന്മാരോടു കോപിച്ചു; അവിടന്ന് എന്നെയും പ്രധാന അപ്പക്കാരനെയും അംഗരക്ഷകരുടെ അധിപന്റെ വീട്ടിൽ തടവിലാക്കി. ഒരേരാത്രിയിൽ ഞങ്ങൾ ഇരുവരും വ്യത്യസ്ത അർഥമുള്ള ഓരോ സ്വപ്നംകണ്ടു; അംഗരക്ഷകരുടെ അധിപന്റെ ദാസനായ ഒരു എബ്രായയുവാവ് അന്നു ഞങ്ങളോടുകൂടെ ഉണ്ടായിരുന്നു. ഞങ്ങൾ ഞങ്ങളുടെ സ്വപ്നങ്ങൾ അവനെ അറിയിച്ചു; അവൻ ഞങ്ങൾക്ക് അവ വ്യാഖ്യാനിച്ചുതന്നു; ഓരോരുത്തന്റെയും സ്വപ്നത്തിന്റെ അർഥവും പറഞ്ഞുതന്നു. അവൻ അവ ഞങ്ങൾക്കു വ്യാഖ്യാനിച്ചുതന്നതുപോലെതന്നെ സംഭവിച്ചു; എന്നെ പഴയ സ്ഥാനത്ത് ആക്കുകയും മറ്റവനെ തൂക്കിലേറ്റുകയും ചെയ്തു.”