ഉൽപത്തി 41:46-52
ഉൽപത്തി 41:46-52 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ട് മിസ്രയീംദേശത്തൊക്കെയും സഞ്ചരിച്ചു. എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യമൊക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടല്ക്കരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചുവച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുംമുമ്പേ യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനമൊക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർധിപ്പിച്ചു എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
ഉൽപത്തി 41:46-52 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തിൽ പ്രവേശിക്കുമ്പോൾ യോസേഫിനു മുപ്പതു വയസ്സായിരുന്നു. അദ്ദേഹം ഫറവോയുടെ കൊട്ടാരം വിട്ട് ഈജിപ്തിലെല്ലായിടത്തും സഞ്ചരിച്ചു. സുഭിക്ഷതയുടെ ഏഴു വർഷം; ദേശത്ത് സമൃദ്ധമായി വിളവുണ്ടായി. യോസേഫ് ആ വിളവെല്ലാം ശേഖരിച്ചു നഗരത്തിൽ സൂക്ഷിച്ചു; ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിൽ ഉണ്ടാകുന്ന വിളവെല്ലാം അതതു നഗരത്തിൽത്തന്നെ സംഭരിച്ചു. അങ്ങനെ കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു; അത് അളക്കാനാകാത്തവിധം സമൃദ്ധമായിരുന്നതിനാൽ അളവുതന്നെ വേണ്ടെന്നുവച്ചു. ക്ഷാമകാലം ആരംഭിക്കുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പൊത്തിഫേറായുടെ പുത്രി ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകല ദുരിതങ്ങളും എന്റെ പിതൃഭവനവും ഞാൻ മറക്കാൻ ദൈവം സഹായിച്ചു” എന്നു പറഞ്ഞുകൊണ്ട് കടിഞ്ഞൂൽപുത്രന് മനശ്ശെ എന്നു പേരിട്ടു.” കഷ്ടതയുടെ ദേശത്ത് ദൈവം എന്നെ ധന്യനാക്കി” എന്നു പറഞ്ഞു രണ്ടാമത്തെ പുത്രനെ എഫ്രയീം എന്നു വിളിച്ചു.
ഉൽപത്തി 41:46-52 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
യോസേഫ് മിസ്രയീം രാജാവായ ഫറവോന്‍റെ മുമ്പാകെ നില്ക്കുമ്പോൾ അവനു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീം ദേശത്തെല്ലായിടവും സഞ്ചരിച്ചു. എന്നാൽ സമൃദ്ധമായ ഏഴു വർഷവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റിലുമുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ വളരെയധികം ധാന്യം ശേഖരിച്ചു വച്ചു; അളക്കുവാൻ കഴിയായ്കയാൽ അളവു നിർത്തിവച്ചു. ക്ഷാമകാലം വരുംമുമ്പ് യോസേഫിനു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. “എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി” എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു” എന്നു പറഞ്ഞ്, അവൻ രണ്ടാമത്തവന് എഫ്രയീം എന്നു പേരിട്ടു.
ഉൽപത്തി 41:46-52 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യോസേഫ് മിസ്രയീംരാജാവായ ഫറവോന്റെ മുമ്പാകെ നില്ക്കുമ്പോൾ അവന്നു മുപ്പതു വയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധാനത്തിൽനിന്നു പുറപ്പെട്ടു മിസ്രയീംദേശത്തു ഒക്കെയും സഞ്ചരിച്ചു. എന്നാൽ സുഭിക്ഷമായ ഏഴു സംവത്സരവും ദേശം സമൃദ്ധിയായി വിളഞ്ഞു. മിസ്രയീംദേശത്തു സുഭിക്ഷത ഉണ്ടായ ഏഴു സംവത്സരത്തിലെ ധാന്യം ഒക്കെയും അവൻ ശേഖരിച്ചു പട്ടണങ്ങളിൽ സൂക്ഷിച്ചു; ഓരോ പട്ടണത്തിൽ ചുറ്റുവട്ടത്തുള്ള നിലത്തിലെ ധാന്യം സൂക്ഷിച്ചു. അങ്ങനെ യോസേഫ് കടൽകരയിലെ മണൽപോലെ എത്രയും വളരെ ധാന്യം ശേഖരിച്ചു വെച്ചു; അളപ്പാൻ കഴിവില്ലായ്കയാൽ അളവു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുംമുമ്പെ യോസേഫിന്നു രണ്ടു പുത്രന്മാർ ജനിച്ചു; അവരെ ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്ത് പ്രസവിച്ചു. എന്റെ സകല കഷ്ടതയും എന്റെ പിതൃഭവനം ഒക്കെയും ദൈവം എന്നെ മറക്കുമാറാക്കി എന്നു പറഞ്ഞു യോസേഫ് തന്റെ ആദ്യജാതന്നു മനശ്ശെ എന്നു പേരിട്ടു. സങ്കടദേശത്തു ദൈവം എന്നെ വർദ്ധിപ്പിച്ചു എന്നു പറഞ്ഞു, അവൻ രണ്ടാമത്തവന്നു എഫ്രയീം എന്നു പേരിട്ടു.
ഉൽപത്തി 41:46-52 സമകാലിക മലയാളവിവർത്തനം (MCV)
ഈജിപ്റ്റിലെ രാജാവായ ഫറവോന്റെ മുന്നിൽ യോസേഫ് നിൽക്കുമ്പോൾ യോസേഫിന് മുപ്പതുവയസ്സായിരുന്നു. യോസേഫ് ഫറവോന്റെ സന്നിധിയിൽനിന്ന് പുറപ്പെട്ടുപോയി ദേശത്തെങ്ങും സഞ്ചരിച്ചു. സമൃദ്ധിയുടെ ഏഴുവർഷങ്ങളിൽ ദേശം അത്യധികം വിളവുനൽകി. ഈജിപ്റ്റിൽ, സമൃദ്ധിയുടെ ആ ഏഴുവർഷങ്ങളിൽ വിളഞ്ഞ ധാന്യം മുഴുവൻ യോസേഫ് ശേഖരിച്ച് നഗരങ്ങളിൽ സൂക്ഷിച്ചു. ഓരോ നഗരത്തിന്റെയും ചുറ്റുപാടുമുള്ള വയലുകളിൽ വിളഞ്ഞ ധാന്യം അദ്ദേഹം അതതു നഗരത്തിൽ സൂക്ഷിച്ചുവെച്ചു. കടൽക്കരയിലെ മണൽപോലെ വളരെയധികം ധാന്യം യോസേഫ് ശേഖരിച്ചു. അളന്നു തിട്ടപ്പെടുത്താൻ അസാധ്യമായതുകൊണ്ട് അളക്കുന്നതു നിർത്തിക്കളഞ്ഞു. ക്ഷാമകാലം വരുന്നതിനുമുമ്പ് യോസേഫിന് ഓനിലെ പുരോഹിതനായ പോത്തിഫേറയുടെ മകൾ ആസ്നത്തിൽ രണ്ടു പുത്രന്മാർ ജനിച്ചു. “എന്റെ സകലകഷ്ടതയെയും എന്റെ പിതൃഭവനത്തെയും മറക്കാൻ ദൈവം എനിക്ക് ഇടയാക്കി,” എന്നു പറഞ്ഞുകൊണ്ട് യോസേഫ് തന്റെ ആദ്യജാതനു മനശ്ശെ എന്നു പേരിട്ടു. “എന്റെ യാതനയുടെ ദേശത്ത് ദൈവം എനിക്കു ഫലസമൃദ്ധി നൽകി,” എന്നു പറഞ്ഞ് അദ്ദേഹം രണ്ടാമത്തെ മകന് എഫ്രയീം എന്നു പേരിട്ടു.