ഉൽപത്തി 41:14-25

ഉൽപത്തി 41:14-25 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യാനിപ്പാൻ ആരുമില്ല; എന്നാൽ നീയൊരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിനു യോസേഫ് ഫറവോനോട്: ഞാനല്ല, ദൈവം തന്നെ ഫറവോന് ശുഭമായൊരു ഉത്തരം നല്കും എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്‍ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറിവന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്‍ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്ന് അറിവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെതന്നെ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞത്: ഫറവോന്റെ സ്വപ്നം ഒന്നുതന്നെ; താൻ ചെയ്‍വാൻ ഭാവിക്കുന്നതു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.

ഉൽപത്തി 41:14-25 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഫറവോ യോസേഫിനെ കൊണ്ടുവരാൻ ആളയച്ചു; തടവറയിൽനിന്ന് ഉടൻതന്നെ അവനെ മോചിപ്പിച്ചു. അവനെ ക്ഷൗരം ചെയ്യിച്ച് വസ്ത്രം മാറ്റി രാജസന്നിധിയിൽ ഹാജരാക്കി. ഫറവോ യോസേഫിനോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതു വ്യാഖ്യാനിച്ചു തരാൻ ആർക്കും കഴിയുന്നില്ല; സ്വപ്നം വ്യാഖ്യാനിക്കാനുള്ള കഴിവ് നിനക്കുണ്ടെന്നു ഞാൻ അറിഞ്ഞു.” യോസേഫ് പറഞ്ഞു: “ഞാനല്ല, ദൈവം തന്നെ അങ്ങേക്കു ശരിയായ വ്യാഖ്യാനം നല്‌കും.” രാജാവ് യോസേഫിനോടു പറഞ്ഞു: “ഇതാണു സ്വപ്നം; ഞാൻ നൈൽനദിയുടെ തീരത്തു നില്‌ക്കുകയായിരുന്നു. തടിച്ചുകൊഴുത്ത ഏഴു പശുക്കൾ നദിയിൽനിന്നു കയറിവന്ന് നദീതീരത്തു ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു; അപ്പോൾ അവയുടെ പിന്നാലെ മെലിഞ്ഞ് വളരെ വിരൂപമായ വേറെ ഏഴു പശുക്കൾ കൂടി കയറി വന്നു; അവയെപ്പോലെ മെലിഞ്ഞ് എല്ലുന്തിയ പശുക്കളെ ഒരിക്കലും ഈജിപ്തിൽ ഒരിടത്തും ഞാൻ കണ്ടിട്ടില്ല. മെലിഞ്ഞ പശുക്കൾ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ തിന്നുകളഞ്ഞു. എന്നാൽ തടിച്ചുകൊഴുത്ത ഏഴു പശുക്കളെ ഭക്ഷിച്ചു കഴിഞ്ഞിട്ടും അവയെ ഭക്ഷിച്ചു എന്ന് ആരും പറയാത്തവിധം അവ ആദ്യത്തേതുപോലെതന്നെ മെലിഞ്ഞിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. ഞാൻ വീണ്ടും കണ്ട സ്വപ്നത്തിൽ ഒരു തണ്ടിൽനിന്നു നല്ലമണികൾ നിറഞ്ഞ പുഷ്‍ടിയുള്ള ഏഴു ധാന്യക്കതിരുകൾ വളർന്നുവന്നു; അവയ്‍ക്കു പിന്നാലെ ശുഷ്കിച്ചതും കിഴക്കൻ കാറ്റേറ്റ് ഉണങ്ങിയതുമായ വേറെ ഏഴു കതിരുകൾകൂടി ഉയർന്നുവന്നു; ഉണങ്ങിയ കതിരുകൾ പുഷ്‍ടിയുള്ള ഏഴു കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഈ സ്വപ്നങ്ങൾ ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ അവ വ്യാഖ്യാനിക്കാൻ അവർക്കാർക്കും കഴിഞ്ഞില്ല.” യോസേഫ് ഫറവോയോടു പറഞ്ഞു: “രണ്ടു സ്വപ്നങ്ങൾക്കും അർഥം ഒന്നുതന്നെ. ദൈവം ചെയ്യാൻ പോകുന്നതു രാജാവിനു വെളിപ്പെടുത്തിത്തന്നിരിക്കുന്നു.

ഉൽപത്തി 41:14-25 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ഉടനെ ഫറവോൻ ആളയച്ച് യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗം തടവറയിൽനിന്ന് ഇറക്കി; അവൻ ക്ഷൗരം ചെയ്തു, വസ്ത്രം മാറി, ഫറവോന്‍റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോട്: “ഞാൻ ഒരു സ്വപ്നം കണ്ടു; അത് വ്യാഖ്യാനിക്കുവാൻ ആരുമില്ല; എന്നാൽ ഒരു സ്വപ്നം വിവരിച്ചു കേട്ടാൽ നീ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ച് ഞാൻ കേട്ടിരിക്കുന്നു” എന്നു പറഞ്ഞു. അതിന് യോസേഫ് ഫറവോനോട്: “ഞാനല്ല ദൈവം തന്നെ ഫറവോന് ശുഭമായോരു ഉത്തരം നല്കും” എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞത്: “എന്‍റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശുക്കൾ നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും വളരെ വിരൂപമായുമുള്ള വേറെ ഏഴു പശുക്കൾ കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീം ദേശത്ത് എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിയുവാനില്ലായിരുന്നു; അവ മുമ്പിലത്തെപ്പോലെ തന്നെ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടത്: പുഷ്ടിയുള്ളതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ നിന്നു പെട്ടെന്ന് പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും ശോഷിച്ചും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. ശോഷിച്ച ഏഴു കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിക്കുവാൻ ആർക്കും കഴിഞ്ഞില്ല.” അപ്പോൾ യോസേഫ് ഫറവോനോട് പറഞ്ഞത്: “ഫറവോന്‍റെ സ്വപ്നം ഒന്നുതന്നെ; ദൈവം ചെയ്യുവാൻ പോകുന്നത് ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.

ഉൽപത്തി 41:14-25 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ഉടനെ ഫറവോൻ ആളയച്ചു യോസേഫിനെ വിളിപ്പിച്ചു. അവർ അവനെ വേഗത്തിൽ കുണ്ടറയിൽനിന്നു ഇറക്കി; അവൻ ക്ഷൗരം ചെയ്യിച്ചു, വസ്ത്രം മാറി, ഫറവോന്റെ അടുക്കൽ ചെന്നു. ഫറവോൻ യോസേഫിനോടു: ഞാൻ ഒരു സ്വപ്നം കണ്ടു; അതിനെ വ്യാഖ്യനിപ്പാൻ ആരുമില്ല; എന്നാൽ നീ ഒരു സ്വപ്നം കേട്ടാൽ വ്യാഖ്യാനിക്കുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു യോസേഫ് ഫറവോനോടു: ഞാനല്ല ദൈവം തന്നേ ഫറവോന്നു ശുഭമായോരു ഉത്തരം നല്കും എന്നു പറഞ്ഞു. പിന്നെ ഫറവോൻ യോസേഫിനോടു പറഞ്ഞതു: എന്റെ സ്വപ്നത്തിൽ ഞാൻ നദീതീരത്തു നിന്നു. അപ്പോൾ മാംസപുഷ്ടിയും രൂപഗുണവുമുള്ള ഏഴു പശു നദിയിൽനിന്നു കയറി ഞാങ്ങണയുടെ ഇടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയുടെ പിന്നാലെ ക്ഷീണിച്ചും മെലിഞ്ഞും എത്രയും വിരൂപമായുമുള്ള വേറെ ഏഴു പശു കയറി വന്നു; അത്ര വിരൂപമായവയെ ഞാൻ മിസ്രയീംദേശത്തു എങ്ങും കണ്ടിട്ടില്ല. എന്നാൽ മെലിഞ്ഞും വിരൂപമായുമുള്ള പശുക്കൾ പുഷ്ടിയുള്ള മുമ്പിലത്തെ ഏഴു പശുക്കളെ തിന്നുകളഞ്ഞു; ഇവ അവയുടെ വയറ്റിൽ ചെന്നിട്ടും വയറ്റിൽ ചെന്നു എന്നു അറിവാനില്ലായിരന്നു; അവ മുമ്പിലത്തെപ്പോലെ തന്നേ വിരൂപമുള്ളവ ആയിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. പിന്നെയും ഞാൻ സ്വപ്നത്തിൽ കണ്ടതു: നിറഞ്ഞതും നല്ലതുമായ ഏഴു കതിർ ഒരു തണ്ടിൽ പൊങ്ങിവന്നു. അവയുടെ പിന്നാലെ ഉണങ്ങിയും നേർത്തും കിഴക്കൻ കാറ്റിനാൽ കരിഞ്ഞുമിരിക്കുന്ന ഏഴു കതിർ പൊങ്ങിവന്നു. നേർത്ത കതിരുകൾ ഏഴു നല്ല കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഇതു ഞാൻ മന്ത്രവാദികളോടു പറഞ്ഞു; എന്നാൽ വ്യാഖ്യാനിപ്പാൻ ആർക്കും കഴിഞ്ഞില്ല. അപ്പോൾ യോസേഫ് ഫറവോനോടു പറഞ്ഞതു: ഫറവോന്റെ സ്വപ്നം ഒന്നുതന്നേ; താൻ ചെയ്‌വാൻ ഭാവിക്കുന്നതു ദൈവം ഫറവോന്നു വെളിപ്പെടുത്തിയിരിക്കുന്നു.

ഉൽപത്തി 41:14-25 സമകാലിക മലയാളവിവർത്തനം (MCV)

ഫറവോൻ യോസേഫിനുവേണ്ടി ആളയച്ചു; അവനെ കൽത്തുറുങ്കിൽനിന്ന് ഉടൻതന്നെ വരുത്തി. അവൻ ക്ഷൗരംചെയ്ത് വസ്ത്രം മാറിയതിനുശേഷം ഫറവോന്റെ സന്നിധിയിൽ വന്നു. ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാനൊരു സ്വപ്നംകണ്ടു, അതു വ്യാഖ്യാനിക്കാൻ ആർക്കും കഴിയുന്നില്ല. എന്നാൽ നിനക്ക് ഒരു സ്വപ്നം കേൾക്കുമ്പോൾത്തന്നെ അതു വ്യാഖ്യാനിക്കാൻ കഴിയുമെന്നു നിന്നെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നു.” “ഞാനല്ല, ദൈവമാണ് ഫറവോനു ശുഭകരമായ മറുപടി നൽകുന്നത്,” യോസേഫ് ഫറവോനോട് ഉത്തരം പറഞ്ഞു. അപ്പോൾ ഫറവോൻ യോസേഫിനോടു പറഞ്ഞു: “ഞാൻ സ്വപ്നത്തിൽ നദീതീരത്തു നിൽക്കുകയായിരുന്നു; അപ്പോൾ പുഷ്ടിയും ഭംഗിയും ഉള്ള ഏഴു പശുക്കൾ നദിയിൽനിന്ന് കയറിവന്ന്, ഞാങ്ങണകൾക്കിടയിൽ മേഞ്ഞുകൊണ്ടിരുന്നു. അവയ്ക്കു പിന്നാലെ തീരെ മെലിഞ്ഞ് വിരൂപമായ വേറെ ഏഴു പശുക്കൾ കയറിവന്നു. ഇത്രയും വിരൂപമായ പശുക്കളെ ഞാൻ ഈജിപ്റ്റുദേശത്തെങ്ങും ഇതിനുമുമ്പ് ഒരിക്കലും കണ്ടിട്ടില്ല. മെലിഞ്ഞു വിരൂപമായ ആ പശുക്കൾ, ആദ്യം കയറിവന്ന പുഷ്ടിയുള്ള ഏഴു പശുക്കളെയും തിന്നുകളഞ്ഞു. അവ അവയുടെ വയറ്റിൽ ചെന്നു; എന്നിട്ടും അവ അവയുടെ വയറ്റിൽ ചെന്നതിന്റെ ഒരു ലക്ഷണവും ഉണ്ടായിരുന്നില്ല. മുമ്പിലത്തെപ്പോലെതന്നെ അവ വിരൂപമായിരുന്നു. അപ്പോൾ ഞാൻ ഉണർന്നു. “പിന്നെയും എന്റെ സ്വപ്നത്തിൽ ഞാൻ ധാന്യം നിറഞ്ഞതും നല്ലതുമായ ഏഴു കതിരുകൾ ഒരേ തണ്ടിൽനിന്ന് പൊങ്ങിവന്നതായി കണ്ടു. അവയ്ക്കു പിന്നാലെ കൊഴിഞ്ഞതും നേർത്തതും കിഴക്കൻകാറ്റടിച്ചു വരണ്ടുപോയതുമായ വേറെ ഏഴു കതിരുകൾ ഉയർന്നുവന്നു. ആ നേർത്ത ധാന്യക്കതിരുകൾ നല്ല ഏഴു കതിരുകളെയും വിഴുങ്ങിക്കളഞ്ഞു. ഞാൻ ഇതു ജ്യോതിഷപുരോഹിതന്മാരോടു പറഞ്ഞു, എങ്കിലും എനിക്ക് അതു വിശദീകരിച്ചുതരാൻ ആർക്കും കഴിഞ്ഞില്ല.” ഇതു കേട്ടതിനുശേഷം യോസേഫ് ഫറവോനോട്: “ഫറവോന്റെ സ്വപ്നങ്ങൾ ഒന്നുതന്നെയാണ്. അവിടന്ന് എന്താണു ചെയ്യാൻ പോകുന്നതെന്നു ദൈവം ഫറവോനു വെളിപ്പെടുത്തിയിരിക്കുന്നു.