ഉൽപത്തി 4:1-8

ഉൽപത്തി 4:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്ക് ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവയ്ക്ക് ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്ന്, അവയുടെ മേദസ്സിൽനിന്നുതന്നെ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന് ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോട്: നീ കോപിക്കുന്നത് എന്തിന്? നിന്റെ മുഖം വാടുന്നതും എന്ത്? നീ നന്മ ചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതിൽക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്ക് ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോട്: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്ത് അവനെ കൊന്നു.

പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക

ഉൽപത്തി 4:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആദാം ഹവ്വായെ പ്രാപിച്ചു. അവൾ ഗർഭിണിയായി കയീനെ പ്രസവിച്ചു: “സർവേശ്വരന്റെ സഹായത്താൽ ഒരു മകനെ എനിക്കു ലഭിച്ചു” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഒരു മകനെ പ്രസവിച്ചു. ഹാബെൽ എന്നായിരുന്നു അവന്റെ പേര്. ഹാബെൽ ആട്ടിടയനും കയീൻ കർഷകനുമായിത്തീർന്നു. കുറെക്കാലം കഴിഞ്ഞ് കയീൻ തന്റെ നിലത്തിലെ വിളവുകളിൽനിന്ന് സർവേശ്വരന് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെൽ ആട്ടിൻകൂട്ടത്തിൽ കടിഞ്ഞൂൽകുട്ടികളിൽ ഒന്നിന്റെ മേദസ്സുള്ള ഭാഗങ്ങൾ സർവേശ്വരന് അർപ്പിച്ചു. ഹാബെലിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും അവിടുന്നു പ്രസാദിച്ചില്ല. കയീൻ കുപിതനായി. അവന്റെ മുഖഭാവം മാറി. സർവേശ്വരൻ കയീനോടു ചോദിച്ചു: “നീ എന്തിനു കോപിക്കുന്നു? നിന്റെ മുഖഭാവം മാറിയതെന്ത്? നല്ലതു ചെയ്തിരുന്നെങ്കിൽ നിന്നിലും ഞാൻ പ്രസാദിക്കുമായിരുന്നില്ലേ? നല്ലത് പ്രവർത്തിക്കുന്നില്ലെങ്കിൽ പാപം നിന്റെ വാതില്‌ക്കൽ പതിയിരിക്കും. അതിന്റെ ദൃഷ്‍ടി നിന്റെമേൽ പതിഞ്ഞിരിക്കുന്നു. നീ അതിനെ കീഴടക്കണം.” “നമുക്കു വയലിലേക്കു പോകാം” എന്നു കയീൻ സഹോദരനായ ഹാബെലിനോടു പറഞ്ഞു. വയലിൽവച്ച് കയീൻ സഹോദരനെ ആക്രമിച്ചു കൊന്നു.

പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക

ഉൽപത്തി 4:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആദാം തന്‍റെ ഭാര്യയായ ഹവ്വായെ പരിഗ്രഹിച്ചു; അവൾ ഗർഭംധരിച്ചു കയീനെ പ്രസവിച്ചു: “യഹോവയാൽ എനിക്ക് ഒരു പുരുഷസന്തതിയെ ലഭിച്ചു” എന്നു പറഞ്ഞു. പിന്നെ അവൾ അവന്‍റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ട് കയീൻ നിലത്തെ ഫലത്തിൽ നിന്ന് യഹോവയ്ക്ക് ഒരു വഴിപാട് കൊണ്ടുവന്നു. ഹാബെലും ആട്ടിൻകൂട്ടത്തിലെ കടിഞ്ഞൂലുകളിൽ നിന്ന് ഒന്നിനെ കൊന്ന്, അവയുടെ ഏറ്റവും കൊഴുപ്പുള്ള ഭാഗങ്ങളിൽ നിന്ന് ഒരു വഴിപാട് കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്‍റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്‍റെ വഴിപാടിലും അവിടുന്ന് പ്രസാദിച്ചില്ല. കയീൻ വളരെ കോപിച്ചു, അവന്‍റെ മുഖം വാടി. അപ്പോൾ യഹോവ കയീനോട്: “നീ കോപിക്കുന്നത് എന്തിന്? നിന്‍റെ മുഖം വാടുന്നതും എന്ത്? നീ ശരിയായത് ചെയ്യുന്നു എങ്കിൽ നിന്നിലും പ്രസാദമുണ്ടാകയില്ലയോ? നീ തിന്മ ചെയ്തതുകൊണ്ട് പാപം വാതില്ക്കൽ കിടക്കുന്നു; അതിന്‍റെ ആഗ്രഹം നിന്നോടാകുന്നു; നീയോ അതിനെ കീഴടക്കണം” എന്നു കല്പിച്ചു. അപ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനോട് “നാം വയലിലേക്കു പോക” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ തന്‍റെ അനുജനായ ഹാബെലിനെതിരായി എഴുന്നേറ്റ് അവനെ കൊന്നു.

പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക

ഉൽപത്തി 4:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അനന്തരം മനുഷ്യൻ തന്റെ ഭാര്യയായ ഹവ്വയെ പരിഗ്രഹിച്ചു; അവൾ ഗർഭം ധരിച്ചു കയീനെ പ്രസവിച്ചു: യഹോവയാൽ എനിക്കു ഒരു പുരുഷപ്രജ ലഭിച്ചു എന്നു പറഞ്ഞു. പിന്നെ അവൾ അവന്റെ അനുജനായ ഹാബെലിനെ പ്രസവിച്ചു. ഹാബെൽ ആട്ടിടയനും കയീൻ കൃഷിക്കാരനും ആയിത്തീർന്നു. കുറെക്കാലം കഴിഞ്ഞിട്ടു കയീൻ നിലത്തെ അനുഭവത്തിൽനിന്നു യഹോവെക്കു ഒരു വഴിപാടു കൊണ്ടുവന്നു. ഹാബെലും ആട്ടിൻ കൂട്ടത്തിലെ കടിഞ്ഞൂലുകളിൽനിന്നു, അവയുടെ മേദസ്സിൽനിന്നു തന്നേ, ഒരു വഴിപാടു കൊണ്ടുവന്നു. യഹോവ ഹാബെലിലും അവന്റെ വഴിപാടിലും പ്രസാദിച്ചു. കയീനിലും അവന്റെ വഴിപാടിലും പ്രസാദിച്ചില്ല. കയീന്നു ഏറ്റവും കോപമുണ്ടായി, അവന്റെ മുഖം വാടി. എന്നാറെ യഹോവ കയീനോടു: നീ കോപിക്കുന്നതു എന്തിന്നു? നിന്റെ മുഖം വാടുന്നതും എന്തു? നീ നന്മചെയ്യുന്നു എങ്കിൽ പ്രസാദമുണ്ടാകയില്ലയോ? നീ നന്മ ചെയ്യുന്നില്ലെങ്കിലോ പാപം വാതില്ക്കൽ കിടക്കുന്നു; അതിന്റെ ആഗ്രഹം നിങ്കലേക്കു ആകുന്നു; നീയോ അതിനെ കീഴടക്കേണം എന്നു കല്പിച്ചു. എന്നാറെ കയീൻ തന്റെ അനുജനായ ഹാബെലിനോടു: (നാം വയലിലേക്കു പോക എന്നു) പറഞ്ഞു. അവർ വയലിൽ ഇരിക്കുമ്പോൾ കയീൻ തന്റെ അനുജനായ ഹാബെലിനോടു കയർത്തു അവനെ കൊന്നു.

പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക

ഉൽപത്തി 4:1-8 സമകാലിക മലയാളവിവർത്തനം (MCV)

ഇതിനുശേഷം ആദാം തന്റെ ഭാര്യയായ ഹവ്വായെ അറിഞ്ഞു. അവൾ ഗർഭംധരിച്ച് കയീന് ജന്മംനൽകി. “യഹോവ സഹായിച്ചതിനാൽ എനിക്കൊരു പുരുഷപ്രജ ലഭിച്ചു,” എന്ന് അവൾ പറഞ്ഞു. ഹവ്വാ വീണ്ടും ഗർഭംധരിച്ച് കയീന്റെ സഹോദരനായ ഹാബേലിനെ പ്രസവിച്ചു. ഹാബേൽ ആട്ടിടയനും കയീൻ നിലത്ത് പണിയെടുക്കുന്നവനും ആയിത്തീർന്നു. വിളവെടുപ്പിന്റെ സമയമായപ്പോൾ കയീൻ വയലിലെ വിളവിൽനിന്ന് ഒരംശം യഹോവയ്ക്കു യാഗമായി കൊണ്ടുവന്നു. ഹാബേലോ, തന്റെ ആട്ടിൻപറ്റത്തിലെ കടിഞ്ഞൂലുകളിൽനിന്ന് മേൽത്തരം ആടുകളെ യാഗത്തിനു കൊണ്ടുവന്നു. യഹോവ ഹാബേലിലും അവന്റെ യാഗത്തിലും സംപ്രീതനായി; എന്നാൽ, കയീനിലും അവന്റെ യാഗാർപ്പണത്തിലും പ്രസാദിച്ചില്ല. കയീൻ ഇതിൽ വളരെ കുപിതനായി; അവന്റെ മുഖം മ്ലാനമായി. യഹോവ കയീനോട്: “നീ കോപിക്കുന്നതെന്തിന്? നിന്റെ മുഖം മ്ലാനമാകുന്നതും എന്തിന്? എന്നു ചോദിച്ചു. നന്മയായതു പ്രവർത്തിക്കുന്നെങ്കിൽ നീ അംഗീകരിക്കപ്പെടുകയില്ലയോ? എന്നാൽ നന്മയായതു പ്രവർത്തിക്കാതിരുന്നാൽ പാപം നിന്റെ വാതിൽക്കൽ കിടക്കുന്നു, അതു നിന്നെ അധീനനാക്കാൻ ആഗ്രഹിക്കുന്നു, നീയോ അതിനെ കീഴടക്കണം” എന്നു കൽപ്പിച്ചു. ഒരു ദിവസം കയീൻ തന്റെ സഹോദരനായ ഹാബേലിനോട്, “നമുക്കു വയലിലേക്കു പോകാം” എന്നു പറഞ്ഞു. അവർ വയലിൽ ആയിരുന്നപ്പോൾ കയീൻ സഹോദരനായ ഹാബേലിനെ ആക്രമിച്ചു കൊലപ്പെടുത്തി.

പങ്ക് വെക്കു
ഉൽപത്തി 4 വായിക്കുക