ഉൽപത്തി 39:6-10

ഉൽപത്തി 39:6-10 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിൻമേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. അവൾ ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.

ഉൽപത്തി 39:6-10 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

പൊത്തീഫർ തനിക്കുള്ള സകലതും യോസേഫിന്റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങൾ ഒഴിച്ചു മറ്റു യാതൊന്നിലും അയാൾക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല. യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം യജമാനന്റെ ഭാര്യ അവനിൽ നോട്ടമിട്ട് തന്റെ കൂടെ ശയിക്കാൻ അവനോട് ആവശ്യപ്പെട്ടു. യോസേഫ് അതു നിരസിച്ചു. അവൻ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനൻ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്റെ ചുമതലയിൽ ഏല്പിച്ചിരിക്കുകയാണ്. “ഈ ഭവനത്തിൽ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്റെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാൻ ചെയ്യും? അതു ഞാൻ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?” അവൾ ദിനംതോറും നിർബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല.

ഉൽപത്തി 39:6-10 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ തനിക്കുള്ളതെല്ലാം യോസേഫിന്‍റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്‍റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്‍റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്നു അവൾ പറഞ്ഞു. അവൻ അതിന് വിസമ്മതിച്ചു യജമാനന്‍റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്‍റെ കൈവശമുള്ള യാതൊന്നും എന്‍റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്‍റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” എന്നു പറഞ്ഞു. അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല.

ഉൽപത്തി 39:6-10 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല.

ഉൽപത്തി 39:6-10 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് പോത്തീഫർ തന്റെ സകലസ്വത്തും യോസേഫിന്റെ അധികാരത്തിൻകീഴിൽ വിട്ടുകൊടുത്തു; താൻ കഴിക്കുന്ന ആഹാരം ഒഴികെയുള്ള മറ്റൊരു കാര്യത്തിലും ഇടപെട്ടതുമില്ല. യോസേഫ് ദൃഢഗാത്രനും അതിസുന്ദരനും ആയിരുന്നു. കുറെക്കാലത്തിനുശേഷം അവന്റെ യജമാനന്റെ ഭാര്യ യോസേഫിൽ ആസക്തയായി, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” അവൾ പറഞ്ഞു. യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു. അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല.