ഉൽപത്തി 39:1-18

ഉൽപത്തി 39:1-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ കൃതാർഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു. യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു. അതുകൊണ്ടു യോസേഫ് അവന് ഇഷ്ടനായി ശുശ്രൂഷ ചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കൈയിൽ ഏല്പിച്ചു. അവൻ തന്റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കൈയിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശമുള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ട് യജമാനന്റെ ഭാര്യ യോസേഫിൻമേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൻ അതിനു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോട്: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ എന്നു പറഞ്ഞു. അവൾ ദിനംപ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല. ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‍വാൻ വീട്ടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു; എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കൈയിൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന് അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന് എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ച് ഓടിപ്പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വച്ചുകൊണ്ടിരുന്നു. അവനോട് അവൾ അവ്വണ്ണംതന്നെ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്ക് ഓടിപ്പോയി എന്നു പറഞ്ഞു.

ഉൽപത്തി 39:1-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇശ്മായേല്യർ യോസേഫിനെ ഈജിപ്തിൽ കൊണ്ടുവന്നു ഫറവോന്റെ അകമ്പടിസേനാനായകനായ പൊത്തീഫറിനു വിറ്റു. സർവേശ്വരൻ യോസേഫിന്റെകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ എല്ലാകാര്യങ്ങളിലും വിജയിച്ചു. ഈജിപ്തുകാരനായ യജമാനന്റെ ഭവനത്തിൽത്തന്നെ അവൻ പാർത്തു. സർവേശ്വരൻ യോസേഫിന്റെകൂടെ ഉണ്ടെന്നും അവിടുന്ന് അവന് എല്ലാ കാര്യങ്ങളിലും വിജയം നല്‌കുന്നു എന്നും യജമാനൻ മനസ്സിലാക്കി. അതുകൊണ്ട് അദ്ദേഹത്തിന് അവനോടു പ്രത്യേക പ്രീതി തോന്നി. യോസേഫ് അദ്ദേഹത്തെ വിശ്വസ്തതയോടെ സേവിച്ചു; അതുകൊണ്ട് അദ്ദേഹം യോസേഫിനെ ഭവനത്തിന്റെ മേൽവിചാരകനായി നിയമിച്ചു; വീട്ടുകാര്യങ്ങളെല്ലാം അവന്റെ ചുമതലയിലായി. ഭവനത്തിലുള്ള സർവത്തിന്റെയും മേൽനോട്ടം യോസേഫിനെ ഏല്പിച്ചതുമുതൽ സർവേശ്വരൻ യോസേഫിനെ ഓർത്ത് ആ ഈജിപ്തുകാരന്റെ ഭവനത്തെ അനുഗ്രഹിച്ചു തുടങ്ങി. ഭവനത്തിലും പുറത്തുമുള്ള എല്ലാറ്റിന്റെയുംമേൽ അവിടുത്തെ അനുഗ്രഹമുണ്ടായി. പൊത്തീഫർ തനിക്കുള്ള സകലതും യോസേഫിന്റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങൾ ഒഴിച്ചു മറ്റു യാതൊന്നിലും അയാൾക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല. യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം യജമാനന്റെ ഭാര്യ അവനിൽ നോട്ടമിട്ട് തന്റെ കൂടെ ശയിക്കാൻ അവനോട് ആവശ്യപ്പെട്ടു. യോസേഫ് അതു നിരസിച്ചു. അവൻ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനൻ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്റെ ചുമതലയിൽ ഏല്പിച്ചിരിക്കുകയാണ്. “ഈ ഭവനത്തിൽ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്റെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാൻ ചെയ്യും? അതു ഞാൻ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?” അവൾ ദിനംതോറും നിർബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല. ഒരു ദിവസം തന്റെ ജോലി ചെയ്യാൻ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോൾ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അവൾ അവന്റെ അങ്കിയിൽ കടന്നുപിടിച്ച് “എന്റെകൂടെ ശയിക്കുക” എന്നു പറഞ്ഞു. എന്നാൽ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി. ഉടനെ അവൾ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാൻ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവൻ എന്റെകൂടെ ശയിക്കാൻ അകത്തു വന്നു; ഞാൻ ഉച്ചത്തിൽ നിലവിളിച്ചു; അപ്പോൾ അവൻ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.” ഭർത്താവ് വരുന്നതുവരെ അവൾ ആ വസ്ത്രം തന്റെ കൈവശം സൂക്ഷിച്ചു. അദ്ദേഹം വന്നപ്പോൾ അവൾ ആ കഥ ആവർത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാൻ കയറിവന്നു; എന്നാൽ ഞാൻ ഉറക്കെ കരഞ്ഞതുകൊണ്ട് അവൻ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.”

ഉൽപത്തി 39:1-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കൈയിൽനിന്നു ഫറവോന്‍റെ ഒരു ഉദ്യോഗസ്ഥനായി അംഗരക്ഷകരുടെ നായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലയ്ക്കു വാങ്ങി. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതിനാൽ അവൻ ശ്രേഷ്ഠനായി, മിസ്രയീമ്യനായ യജമാനന്‍റെ വീട്ടിൽ വസിച്ചു. യഹോവ അവനോടുകൂടെ ഉണ്ടെന്നും അവന്‍റെ പ്രവൃത്തികൾ യഹോവ സാധിപ്പിക്കുന്നു എന്നും അവന്‍റെ യജമാനൻ കണ്ടു. അതുകൊണ്ട് പോത്തീഫറിനു യോസേഫിനോട് ഇഷ്ടം തോന്നി; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്‍റെ കയ്യിൽ ഏല്പിച്ചു. അവൻ തന്‍റെ വീട്ടിനും തനിക്കുള്ള സകലത്തിനും അവനെ വിചാരകനാക്കിയതുമുതൽ യഹോവ യോസേഫിന്‍റെ നിമിത്തം മിസ്രയീമ്യൻ്റെ വീടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവനുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. അവൻ തനിക്കുള്ളതെല്ലാം യോസേഫിന്‍റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്‍റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് സുന്ദരനും സുമുഖനും ആയിരുന്നതുകൊണ്ട് യജമാനന്‍റെ ഭാര്യക്ക് അവനോട് അനുരാഗം തോന്നി: “എന്നോടുകൂടെ ശയിക്ക” എന്നു അവൾ പറഞ്ഞു. അവൻ അതിന് വിസമ്മതിച്ചു യജമാനന്‍റെ ഭാര്യയോട്: “ഇതാ, വീട്ടിൽ എന്‍റെ കൈവശമുള്ള യാതൊന്നും എന്‍റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ള സകലതും എന്‍റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്‍റെ ഭാര്യ ആയതിനാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്ക് വിലക്കിയിട്ടുമില്ല; അതുകൊണ്ട് ഞാൻ ഈ മഹാദോഷം പ്രവർത്തിച്ച് ദൈവത്തോടു പാപം ചെയ്യുന്നത് എങ്ങനെ?” എന്നു പറഞ്ഞു. അവൾ അനുദിനം യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിക്കുവാനോ അവളുടെ അരികിൽ ഇരിക്കുവാനോ അവൻ അവളെ അനുസരിച്ചില്ല. ഒരു ദിവസം യോസേഫ് തന്‍റെ ജോലി ചെയ്യുവാൻ വീടിനകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്‍റെ വസ്ത്രം പിടിച്ചു: “എന്നോട് കൂടെ ശയിക്കുക” എന്നു പറഞ്ഞു: എന്നാൽ അവൻ തന്‍റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്‍റെ കയ്യിൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ച് അവരോട്: “കണ്ടോ, നമ്മെ അപമാനിക്കേണ്ടതിന് അദ്ദേഹം ഒരു എബ്രായനെ കൊണ്ടുവന്നിരിക്കുന്നു; അവൻ എന്നോടുകൂടി ശയിക്കുന്നതിനു എന്‍റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടു കളഞ്ഞിട്ട് ഓടി പൊയ്ക്കളഞ്ഞു” എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്‍റെ കൈവശം വച്ചുകൊണ്ടിരുന്നു. അവനോട് അവൾ അതുപോലെ തന്നെ സംസാരിച്ചു: “അങ്ങ് കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ അപമാനിക്കുവാൻ എന്‍റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്‍റെ വസ്ത്രം എന്‍റെ അടുക്കൽ വിട്ടിട്ട് പുറത്തേക്ക് ഓടിപ്പോയി” എന്നു പറഞ്ഞു.

ഉൽപത്തി 39:1-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

എന്നാൽ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി; അവനെ അവിടെ കൊണ്ടുവന്ന യിശ്മായേല്യരുടെ കയ്യിൽനിന്നു ഫറവോന്റെ ഒരു ഉദ്യോഗസ്ഥനായി അകമ്പടിനായകനായ പോത്തീഫർ എന്ന ഒരു മിസ്രയീമ്യൻ അവനെ വിലെക്കു വാങ്ങി. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ടു അവൻ കൃതാർത്ഥനായി, മിസ്രയീമ്യനായ യജമാനന്റെ വീട്ടിൽ പാർത്തു. യഹോവ അവനോടുകൂടെ ഉണ്ടെന്നും അവൻ ചെയ്യുന്നതൊക്കെയും യഹോവ സാധിപ്പിക്കുന്നു എന്നും അവന്റെ യജമാനൻ കണ്ടു. അതുകൊണ്ടു യോസേഫ് അവന്നു ഇഷ്ടനായി ശുശ്രൂഷചെയ്തു; അവൻ അവനെ ഗൃഹവിചാരകനാക്കി, തനിക്കുള്ളതൊക്കെയും അവന്റെ കയ്യിൽ ഏല്പിച്ചു. അവൻ തന്റെ വീട്ടിന്നും തനിക്കുള്ള സകലത്തിന്നും അവനെ വിചാരകനാക്കിയതു മുതൽ യഹോവ യോസേഫിന്റെ നിമിത്തം മിസ്രയീമ്യന്റെ വീട്ടിനെ അനുഗ്രഹിച്ചു; വീട്ടിലും വയലിലും അവന്നുള്ള സകലത്തിന്മേലും യഹോവയുടെ അനുഗ്രഹം ഉണ്ടായി. അവൻ തനിക്കുള്ളതൊക്കെയും യോസേഫിന്റെ കയ്യിൽ ഏല്പിച്ചു; താൻ ഭക്ഷിക്കുന്ന ഭക്ഷണം ഒഴികെ അവന്റെ കൈവശം ഉള്ള മറ്റു യാതൊന്നും അവൻ അറിഞ്ഞില്ല. യോസേഫ് കോമളനും മനോഹരരൂപിയും ആയിരുന്നതുകൊണ്ടു യജമാനന്റെ ഭാര്യ യോസേഫിന്മേൽ കണ്ണു പതിച്ചു: എന്നോടുകൂടെ ശയിക്ക എന്നു പറഞ്ഞു. അവൻ അതിന്നു സമ്മതിക്കാതെ യജമാനന്റെ ഭാര്യയോടു: ഇതാ, വീട്ടിൽ എന്റെ കൈവശമുള്ള യാതൊന്നും എന്റെ യജമാനൻ അറിയുന്നില്ല; തനിക്കുള്ളതൊക്കെയും എന്റെ കയ്യിൽ ഏല്പിച്ചിരിക്കുന്നു. ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു. അവൾ ദിനം പ്രതിയും യോസേഫിനോടു പറഞ്ഞിട്ടും അവളോടുകൂടെ ശയിപ്പാനോ അവളുടെ അരികെ ഇരിപ്പാനോ അവൻ അവളെ അനുസരിച്ചില്ല. ഒരു ദിവസം അവൻ തന്റെ പ്രവൃത്തി ചെയ്‌വാൻ വീട്ടിന്നകത്തു ചെന്നു; വീട്ടിലുള്ളവർ ആരും അവിടെ ഇല്ലായിരുന്നു. അവൾ അവന്റെ വസ്ത്രം പിടിച്ചു: എന്നോടു കൂടെ ശയിക്ക എന്നു പറഞ്ഞു: എന്നാൽ അവൻ തന്റെ വസ്ത്രം അവളുടെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിക്കളഞ്ഞു. അവൻ വസ്ത്രം തന്റെ കയ്യിൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു കണ്ടപ്പോൾ, അവൾ വീട്ടിലുള്ളവരെ വിളിച്ചു അവരോടു: കണ്ടോ, നമ്മെ ഹാസ്യമാക്കേണ്ടതിന്നു അവൻ ഒരു എബ്രായനെ കൊണ്ടുവന്നിട്ടിരിക്കുന്നു; അവൻ എന്നോടുകൂടെ ശയിക്കേണ്ടതിന്നു എന്റെ അടുക്കൽ വന്നു; എന്നാൽ ഞാൻ ഉറക്കെ നിലവിളിച്ചു. ഞാൻ ഉറക്കെ നിലവിളിച്ചതു കേട്ടപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു ഓടി പൊയ്ക്കളഞ്ഞു എന്നു പറഞ്ഞു. യജമാനൻ വീട്ടിൽ വരുവോളം അവൾ ആ വസ്ത്രം തന്റെ പക്കൽ വെച്ചുകൊണ്ടിരുന്നു. അവനോടു അവൾ അവ്വണ്ണം തന്നേ സംസാരിച്ചു: നീ കൊണ്ടുവന്നിരിക്കുന്ന എബ്രായദാസൻ എന്നെ ഹാസ്യമാക്കുവാൻ എന്റെ അടുക്കൽ വന്നു. ഞാൻ ഉറക്കെ നിലവിളിച്ചപ്പോൾ അവൻ തന്റെ വസ്ത്രം എന്റെ അടുക്കൽ വിട്ടേച്ചു പുറത്തേക്കു ഓടിപ്പോയി എന്നു പറഞ്ഞു.

ഉൽപത്തി 39:1-18 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ യോസേഫിനെ യിശ്മായേല്യ കച്ചവടക്കാർ ഈജിപ്റ്റിലേക്കു കൊണ്ടുപോയി. അവനെ അവിടേക്കു കൊണ്ടുപോയ യിശ്മായേല്യരുടെ പക്കൽനിന്ന് ഫറവോന്റെ ഉദ്യോഗസ്ഥന്മാരിൽ ഒരുവനും അംഗരക്ഷകരുടെ അധിപനുമായ പോത്തീഫർ എന്ന ഒരു ഈജിപ്റ്റുകാരൻ വിലയ്ക്കുവാങ്ങി. യഹോവ യോസേഫിനോടുകൂടെ ഉണ്ടായിരുന്നതുകൊണ്ട് അവൻ അഭിവൃദ്ധിപ്രാപിച്ചു. അവൻ ഈജിപ്റ്റുകാരനായ യജമാനന്റെ വീട്ടിൽ ജീവിച്ചുപോന്നു. യഹോവ അവനോടുകൂടെയുണ്ട് എന്നും എല്ലാ പ്രവർത്തനങ്ങളിലും അവനു വിജയം നൽകുന്നെന്നും അവന്റെ യജമാനൻ മനസ്സിലാക്കി. പോത്തീഫർ ഇതിൽ സന്തുഷ്ടനാകുകയും യോസേഫിനെ അദ്ദേഹത്തിന്റെ പരിചാരകനാക്കുകയും ചെയ്തു. അങ്ങനെ പോത്തീഫർ തന്റെ ഗൃഹകാര്യങ്ങളുടെ അധികാരിയായി യോസേഫിനെ നിയമിക്കുകയും തനിക്കുള്ളതെല്ലാം അവനെ ഭരമേൽപ്പിക്കുകയും ചെയ്തു. പോത്തീഫർ യോസേഫിനെ തന്റെ ഭവനത്തിന്റെയും തന്റെ സ്വത്തുക്കളുടെയും മേലധികാരിയായി നിയമിച്ചപ്പോൾമുതൽ യഹോവ യോസേഫ് നിമിത്തം അദ്ദേഹത്തിന്റെ ഭവനത്തെ അനുഗ്രഹിച്ചു. വീട്ടിലും വയലിലും ഉണ്ടായിരുന്ന സകലത്തിന്റെമേലും യഹോവയുടെ അനുഗ്രഹം ഉണ്ടായിരുന്നു. അതുകൊണ്ട് പോത്തീഫർ തന്റെ സകലസ്വത്തും യോസേഫിന്റെ അധികാരത്തിൻകീഴിൽ വിട്ടുകൊടുത്തു; താൻ കഴിക്കുന്ന ആഹാരം ഒഴികെയുള്ള മറ്റൊരു കാര്യത്തിലും ഇടപെട്ടതുമില്ല. യോസേഫ് ദൃഢഗാത്രനും അതിസുന്ദരനും ആയിരുന്നു. കുറെക്കാലത്തിനുശേഷം അവന്റെ യജമാനന്റെ ഭാര്യ യോസേഫിൽ ആസക്തയായി, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” അവൾ പറഞ്ഞു. യോസേഫ് ആ ക്ഷണം നിരസിച്ചു. “എന്റെ യജമാനൻ എന്നെ കാര്യവിചാരകനാക്കിയതിനുശേഷം വീട്ടിലുള്ള ഒരു കാര്യത്തിലും ഇടപെടുന്നില്ല; തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം അദ്ദേഹം എന്നെ ഭരമേൽപ്പിച്ചിരിക്കുന്നു. ഈ ഭവനത്തിൽ എന്നെക്കാൾ വലിയവനായി ആരുമില്ല. നിങ്ങൾ എന്റെ യജമാനന്റെ ഭാര്യ ആയതിനാൽ നിങ്ങളെ ഒഴികെ, മറ്റൊന്നും എനിക്കു വിട്ടുതരാതെയിരുന്നിട്ടില്ല. അങ്ങനെയിരിക്കെ, ഇത്തരം ഒരു ദുഷ്കർമം ചെയ്യാനും ദൈവത്തോടു പാപം ചെയ്യാനും എനിക്കെങ്ങനെ കഴിയും?” എന്ന് യോസേഫ് ചോദിച്ചു. അവൾ ദിവസംതോറും യോസേഫിനോടു സംസാരിച്ചെങ്കിലും അവളോടൊപ്പം കിടക്ക പങ്കിടാനോ അവളുടെ സമീപത്തു നിൽക്കാൻപോലുമോ അവൻ കൂട്ടാക്കിയില്ല. ഒരു ദിവസം യോസേഫ് തന്റെ ചുമതലയിൽപ്പെട്ട കാര്യങ്ങൾ ചെയ്യുന്നതിന് വീടിനുള്ളിലേക്കു പോയി; വീട്ടിലെ വേലക്കാർ ആരുംതന്നെ അകത്തുണ്ടായിരുന്നില്ല. അവൾ അവന്റെ പുറങ്കുപ്പായത്തിൽ കടന്നു പിടിച്ചിട്ട്, “എന്നോടൊപ്പം കിടക്കയിലേക്കു വരിക” എന്നു പറഞ്ഞു. എന്നാൽ അവൻ ആ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടിട്ട് വീടിനു പുറത്തേക്ക് ഓടിപ്പോയി. അവൻ ഇങ്ങനെ പുറങ്കുപ്പായം അവളുടെ കൈയിൽ വിട്ടുകൊടുത്തിട്ടു വീടിനു പുറത്തേക്ക് ഓടിപ്പോയി എന്നുകണ്ടപ്പോൾ അവൾ തന്റെ വീട്ടുവേലക്കാരെ വിളിച്ചു; “ഇതാ, നമ്മെ അപഹാസ്യരാക്കാനാണ് ഈ എബ്രായനെ കൊണ്ടുവന്നിരിക്കുന്നത്. എന്നോടൊപ്പം കിടക്കപങ്കിടാൻ അവൻ അകത്തു കയറിവന്നു; എന്നാൽ ഞാൻ നിലവിളിച്ചു. ഞാൻ സഹായത്തിനായി നിലവിളിക്കുന്നതു കേട്ടിട്ട് അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.” അവന്റെ യജമാനൻ വീട്ടിൽ എത്തുന്നതുവരെ അവൾ യോസേഫിന്റെ പുറങ്കുപ്പായം തന്റെ അടുക്കൽ സൂക്ഷിച്ചു. അവൾ അതേ വാക്കുകൾതന്നെ അദ്ദേഹത്തോടും പറഞ്ഞു: “അങ്ങു കൊണ്ടുവന്ന എബ്രായദാസൻ എന്നെ അപഹാസ്യയാക്കാനായി എന്റെ അടുക്കൽവന്നു. എന്നാൽ സഹായത്തിനായി ഞാൻ നിലവിളിച്ചമാത്രയിൽത്തന്നെ അവൻ തന്റെ കുപ്പായം എന്റെ അടുക്കൽ ഉപേക്ഷിച്ചിട്ട് വീടിനു പുറത്തേക്ക് ഓടിക്കളഞ്ഞു.”