ഉൽപത്തി 38:16-26
ഉൽപത്തി 38:16-26 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞ് തന്റെ മരുമകൾ എന്ന് അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്തു തരും എന്ന് അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയയ്ക്കാം എന്ന് അവൻ പറഞ്ഞു. നീ കൊടുത്തയയ്ക്കുവോളത്തിന് ഒരു പണയം തരുമോ എന്ന് അവൾ ചോദിച്ചു. എന്തു പണയം തരേണം എന്ന് അവൻ ചോദിച്ചതിനു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും എന്ന് അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിനു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. അവൻ ആ സ്ഥലത്തെ ആളുകളോട്: എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെയെന്നു ചോദിച്ചതിന്: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവർ പറഞ്ഞു. അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്ന് അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു. അപ്പോൾ യെഹൂദാ: നമുക്ക് അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. ഏകദേശം മൂന്നു മാസം കഴിഞ്ഞിട്ട്: നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദായ്ക്ക് അറിവു കിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തു കൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളത് എന്നു നോക്കി അറിയേണം എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
ഉൽപത്തി 38:16-26 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പുത്രഭാര്യ ആണെന്നറിയാതെ അയാൾ വഴിയരികിൽ അവളുടെ അടുത്തുചെന്നു: “ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “അങ്ങ് എന്തു പ്രതിഫലം തരും?” അവൾ ചോദിച്ചു. “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ കൊടുത്തയയ്‍ക്കാം” എന്നു യെഹൂദാ മറുപടി പറഞ്ഞു. “അത് കൊടുത്തയയ്‍ക്കുന്നതുവരെ എന്തു പണയം തരും?” എന്ന് അവൾ ചോദിച്ചു. “എന്താണ് പണയം വേണ്ടത്?” എന്ന് യെഹൂദാ ചോദിച്ചപ്പോൾ അവൾ പറഞ്ഞു: “അങ്ങയുടെ മുദ്രമോതിരവും മോതിരച്ചരടും അങ്ങയുടെ വടിയും പണയമായി തരിക.” യെഹൂദാ അവയെല്ലാം അവൾക്കു കൊടുത്തു; അയാൾ അവളെ പ്രാപിച്ചു, അങ്ങനെ അവൾ ഗർഭവതിയായി. പിന്നീട് അവൾ എഴുന്നേറ്റുപോയി മൂടുപടം മാറ്റി വൈധവ്യവസ്ത്രം ധരിച്ചു. ആട്ടിൻകുട്ടിയെ കൊടുത്ത് പണയംവച്ച സാധനങ്ങൾ തിരികെ വാങ്ങാൻ സുഹൃത്തായ ഹീരാമിനെ യെഹൂദാ അയച്ചു. എന്നാൽ അയാൾക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ല. “എനയീമിൽ വഴിയരികിൽ ഇരുന്ന വേശ്യ എവിടെ” എന്നു സ്ഥലവാസികളോടു ചോദിച്ചപ്പോൾ “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നവർ പറഞ്ഞു. അയാൾ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു പറഞ്ഞു: “അവളെ ഞാൻ കണ്ടില്ല; അവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നാണു നാട്ടുകാർ പറഞ്ഞത്.” യെഹൂദാ പറഞ്ഞു: “സാധനങ്ങൾ അവൾതന്നെ എടുത്തുകൊള്ളട്ടെ. അല്ലെങ്കിൽ നാം പരിഹാസ്യരാകും. നോക്കൂ, ഞാൻ ആട്ടിൻകുട്ടിയെ തന്നയച്ചു. നിനക്ക് അവളെ കണ്ടുപിടിക്കാൻ കഴിഞ്ഞില്ലല്ലോ.” പുത്രഭാര്യയായ താമാർ വേശ്യാവൃത്തിയിലേർപ്പെട്ട് ഗർഭിണിയായി എന്ന് മൂന്നു മാസം കഴിഞ്ഞ് യെഹൂദാ അറിഞ്ഞു. അപ്പോൾ അയാൾ പറഞ്ഞു: “അവളെ പുറത്താക്കി ചുട്ടുകളയുക.” അവളെ പുറത്തു കൊണ്ടുവരുന്നതിനിടയിൽ അവൾ ഭർതൃപിതാവിനെ ഇങ്ങനെ അറിയിച്ചു: “ഈ സാധനങ്ങളുടെ ഉടമസ്ഥൻ നിമിത്തമാണ് ഞാൻ ഗർഭിണി ആയത്. ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേതാണെന്നു നോക്കണം.” യെഹൂദാ ആ സാധനങ്ങൾ തിരിച്ചറിഞ്ഞു. അയാൾ പറഞ്ഞു: “അവൾ എന്നെക്കാൾ ധർമിഷ്ഠയാണ്. എന്റെ മകനായ ശേലായ്‍ക്ക് അവളെ വിവാഹം ചെയ്തു കൊടുക്കാതെയിരുന്ന ഞാനാണ് കുറ്റക്കാരൻ.” പിന്നീടൊരിക്കലും അയാൾ അവളെ പ്രാപിച്ചില്ല.
ഉൽപത്തി 38:16-26 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അവൻ വഴിയരികെ അവളുടെ അടുക്കലേക്ക് തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു പറഞ്ഞു. “എന്റെ അടുക്കൽ വരുന്നതിനു നീ എനിക്ക് എന്ത് തരും?” എന്നു അവൾ ചോദിച്ചു. “ഞാൻ ആട്ടിൻകൂട്ടത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം” എന്നു അവൻ പറഞ്ഞു. “നീ കൊടുത്തയക്കുന്നതുവരെ ഒരു പണയം തരുമോ?” എന്നു അവൾ ചോദിച്ചു. “ഞാൻ നിനക്കു എന്ത് പണയം തരേണം?” എന്നു അവൻ ചോദിച്ചു. അതിന് “നിന്‍റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കൈയിലെ വടിയും” എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റുപോയി, തന്‍റെ മൂടുപടം നീക്കി വിധവാവസ്ത്രം ധരിച്ചു. സ്ത്രീയുടെ കൈയിൽനിന്നും പണയം മടക്കിവാങ്ങേണ്ടതിന് യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ലതാനും. അവൻ ആ സ്ഥലത്തെ ആളുകളോട്: “എനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ?” എന്നു ചോദിച്ചു. അതിന്: “ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല” എന്നു അവർ പറഞ്ഞു. അവൻ യെഹൂദായുടെ അടുക്കൽ മടങ്ങിവന്നു: “ഞാൻ അവളെ കണ്ടില്ല; ‘ഈ സ്ഥലത്ത് ഒരു വേശ്യയും ഉണ്ടായിരുന്നില്ല’ എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു” എന്നു പറഞ്ഞു. “അപ്പോൾ യെഹൂദാ നമുക്ക് അപകീർത്തി ഉണ്ടാകാതിരിക്കുവാൻ അവൾ അത് എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും” എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ട്: “നിന്റെ മരുമകൾ താമാർ പരസംഗം ചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു” എന്നു യെഹൂദായ്ക്ക് അറിവുകിട്ടി. അപ്പോൾ യെഹൂദാ: “അവളെ പുറത്തുകൊണ്ടുവരുവിൻ; അവളെ ചുട്ടുകളയേണം” എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പൻ്റെ അടുക്കൽ ആളയച്ച്: “ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നത്; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആരുടേത് എന്നു നോക്കി അറിയേണം” എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞ്: “അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിനു കൊടുത്തില്ല” എന്നു പറഞ്ഞു; അതിൽപിന്നെ അവളെ പ്രാപിച്ചതുമില്ല.
ഉൽപത്തി 38:16-26 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അവൻ വഴിയരികെ അവളുടെ അടുക്കലേക്കു തിരിഞ്ഞു തന്റെ മരുമകൾ എന്നു അറിയാതെ: വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ എന്നു പറഞ്ഞു. എന്റെ അടുക്കൽ വരുന്നതിന്നു നീ എനിക്കു എന്തു തരും എന്നു അവൾ ചോദിച്ചു. ഞാൻ ആട്ടിൻകൂട്ടത്തിൽ നിന്നു ഒരു കോലാട്ടിൻകുട്ടിയെ നിനക്കു കൊടുത്തയക്കാം എന്നു അവൻ പറഞ്ഞു. നീ കൊടുത്തയക്കുവോളത്തിന്നു ഒരു പണയം തരുമോ എന്നു അവൾ ചോദിച്ചു. എന്തു പണയം തരേണം എന്നു അവൻ ചോദിച്ചതിന്നു നിന്റെ മുദ്രമോതിരവും മോതിരച്ചരടും നിന്റെ കയ്യിലെ വടിയും എന്നു അവൾ പറഞ്ഞു. ഇവ അവൾക്കു കൊടുത്തു, അവൻ അവളുടെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിക്കയും ചെയ്തു. പിന്നെ അവൾ എഴുന്നേറ്റു പോയി, തന്റെ മൂടുപടം നീക്കി വൈധവ്യവസ്ത്രം ധരിച്ചു. സ്ത്രീയുടെ കയ്യിൽനിന്നു പണയം മടക്കി വാങ്ങേണ്ടതിന്നു യെഹൂദാ അദുല്ലാമ്യനായ സ്നേഹിതന്റെ കൈവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; അവൻ അവളെ കണ്ടില്ല താനും. അവൻ ആ സ്ഥലത്തെ ആളുകളോടു: ഏനയീമിൽ വഴിയരികെ ഇരുന്ന വേശ്യ എവിടെ എന്നു ചോദിച്ചതിന്നു: ഇവിടെ ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവർ പറഞ്ഞു. അവൻ യെഹൂദയുടെ അടുക്കൽ മടങ്ങിവന്നു: ഞാൻ അവളെ കണ്ടില്ല; ഈ സ്ഥലത്തു ഒരു വേശ്യയും ഉണ്ടായിരുന്നില്ല എന്നു അവിടെയുള്ള ആളുകൾ പറഞ്ഞു എന്നു പറഞ്ഞു. അപ്പോൾ യെഹൂദാ നമുക്കു അപകീർത്തി ഉണ്ടാകാതിരിപ്പാൻ അവൾ അതു എടുത്തുകൊള്ളട്ടെ; ഞാൻ ഈ ആട്ടിൻകുട്ടിയെ കൊടുത്തയച്ചുവല്ലോ; നീ അവളെ കണ്ടില്ലതാനും എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞിട്ടു: നിന്റെ മരുമകൾ താമാർ പരസംഗംചെയ്തു, പരസംഗത്താൽ ഗർഭിണിയായിരിക്കുന്നു എന്നു യെഹൂദെക്കു അറിവുകിട്ടി. അപ്പോൾ യെഹൂദാ: അവളെ പുറത്തുകൊണ്ടു വരുവിൻ; അവളെ ചുട്ടുകളയേണം എന്നു പറഞ്ഞു. അവളെ പുറത്തു കൊണ്ടുവന്നപ്പോൾ അവൾ അമ്മായപ്പന്റെ അടുക്കൽ ആളയച്ചു: ഇവയുടെ ഉടമസ്ഥനായ പുരുഷനാൽ ആകുന്നു ഞാൻ ഗർഭിണിയായിരിക്കുന്നതു; ഈ മുദ്രമോതിരവും മോതിരച്ചരടും വടിയും ആർക്കുള്ളതു എന്നു നോക്കി അറിയേണം എന്നു പറയിച്ചു. യെഹൂദാ അവയെ അറിഞ്ഞു: അവൾ എന്നിലും നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലാവിന്നു കൊടുത്തില്ല എന്നു പറഞ്ഞു; അതിൽ പിന്നെ അവളെ പരിഗ്രഹിച്ചതുമില്ല.
ഉൽപത്തി 38:16-26 സമകാലിക മലയാളവിവർത്തനം (MCV)
അവൾ തന്റെ മരുമകളാണെന്നുള്ളതു തിരിച്ചറിയാതെ അയാൾ വഴിവക്കിൽ അവളുടെ അടുത്തുചെന്ന്, “വരിക, ഞാൻ നിന്റെ അടുക്കൽ വരട്ടെ” എന്നു ചോദിച്ചു. “എന്റെ അടുക്കൽ വരുന്നതിന് നീ എനിക്ക് എന്തുതരും?” അവൾ ചോദിച്ചു. “എന്റെ ആട്ടിൻപറ്റത്തിൽനിന്ന് ഒരു ആട്ടിൻകുട്ടിയെ ഞാൻ നിനക്കു കൊടുത്തയയ്ക്കാം,” അയാൾ മറുപടി പറഞ്ഞു. “അതു കൊടുത്തയയ്ക്കുന്നതുവരെ എനിക്ക് എന്തെങ്കിലും പണയമായിത്തരാമോ,” എന്ന് അവൾ ചോദിച്ചു. അതിന് അയാൾ, “എന്തു പണയമാണു നിനക്കുവേണ്ടത്?” എന്നു ചോദിച്ചു. “താങ്കളുടെ മുദ്രമോതിരവും അതിന്റെ ചരടും താങ്കളുടെ കൈയിൽ ഇരിക്കുന്ന വടിയും,” അവൾ ഉത്തരം പറഞ്ഞു. അയാൾ അതെല്ലാം അവൾക്കുകൊടുത്തു; എന്നിട്ട് അവളോടുകൂടെ കിടക്കപങ്കിട്ടു. അയാൾനിമിത്തം അവൾ ഗർഭംധരിച്ചു. അതിനുശേഷം അവൾ തന്റെ ഭവനത്തിലേക്ക് പോയി മൂടുപടം നീക്കി വീണ്ടും തന്റെ വൈധവ്യവസ്ത്രം ധരിച്ചു. യെഹൂദാ ആ സ്ത്രീയുടെ പക്കൽനിന്ന് തന്റെ പണയം തിരികെ വാങ്ങുന്നതിന് സ്നേഹിതനായ അദുല്ലാമ്യൻവശം ആട്ടിൻകുട്ടിയെ കൊടുത്തയച്ചു; എന്നാൽ അയാൾക്ക് അവളെ കണ്ടെത്താൻ കഴിഞ്ഞില്ല. അവൻ അവിടെ താമസിച്ചിരുന്ന ആളുകളോട്, “എനയീമിലേക്കുള്ള വഴിയുടെ അരികിൽ ഇരുന്നിരുന്ന ആ ക്ഷേത്രഗണിക എവിടെയാണ്?” എന്നു ചോദിച്ചു. “ഇവിടെ അങ്ങനെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ലല്ലോ,” അവർ മറുപടി പറഞ്ഞു. അവൻ തിരികെച്ചെന്ന് യെഹൂദയോട്, “ഞാൻ അവളെ കണ്ടില്ല. തന്നെയുമല്ല, ‘ഇവിടെ ഒരു ക്ഷേത്രഗണിക ഉണ്ടായിരുന്നില്ല’ എന്ന് അവിടെ താമസിക്കുന്നവർ പറയുകയും ചെയ്തു” എന്നറിയിച്ചു. അപ്പോൾ യെഹൂദാ, “അവൾ അത് എടുക്കട്ടെ; അല്ലെങ്കിൽ നമ്മൾ പരിഹാസപാത്രമായിത്തീരും. ഏതായാലും, ഞാൻ ഈ ആട്ടിൻകുട്ടിയെ അവൾക്കു കൊടുത്തയച്ചു, നീ അവളെ കണ്ടെത്തിയതുമില്ല” എന്നു പറഞ്ഞു. ഏകദേശം മൂന്നുമാസം കഴിഞ്ഞ്, “നിന്റെ മരുമകളായ താമാർ വേശ്യാവൃത്തി നിമിത്തം കുറ്റക്കാരി ആയിരിക്കുന്നു. അതിന്റെ ഫലമായി അവൾ ഇപ്പോൾ ഗർഭിണിയുമാണ്” എന്ന് യെഹൂദയ്ക്ക് അറിവുകിട്ടി. “അവളെ ഇവിടെ കൊണ്ടുവന്നു ജീവനോടെ ദഹിപ്പിക്കുക,” യെഹൂദാ പറഞ്ഞു. അങ്ങനെ അവളെ കൊണ്ടുവരുമ്പോൾ അവൾ തന്റെ അമ്മായിയപ്പന്, “ഈ മുദ്രയും ചരടും വടിയും ആരുടേത് എന്നു തിരിച്ചറിയുന്നോ? ഇവയുടെ ഉടമസ്ഥൻ നിമിത്തമത്രേ ഞാൻ ഗർഭിണിയായിരിക്കുന്നത്” എന്ന് ഒരു സന്ദേശം അയച്ചു. യെഹൂദാ അവയെ തിരിച്ചറിഞ്ഞിട്ട്, “അവൾ എന്നെക്കാൾ നീതിയുള്ളവൾ; ഞാൻ അവളെ എന്റെ മകൻ ശേലഹിനു കൊടുത്തില്ലല്ലോ” എന്നു പറഞ്ഞു. അയാൾ പിന്നീട് അവളോടുകൂടെ കിടക്കപങ്കിട്ടില്ല.