ഉൽപത്തി 37:13-28

ഉൽപത്തി 37:13-28 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്രായേൽ യോസേഫിനോട്: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടു മേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും എന്നു പറഞ്ഞതിന് അവൻ അവനോട്: ഞാൻ പോകാം എന്നു പറഞ്ഞു. അവൻ അവനോട്: നീ ചെന്നു നിന്റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞ് ഹെബ്രോൻ താഴ്‌വരയിൽനിന്ന് അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി. അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നത് ഒരുത്തൻ കണ്ടു: നീ എന്ത് അന്വേഷിക്കുന്നു എന്ന് അവനോടു ചോദിച്ചു. അതിന് അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്ന് എന്നോട് അറിയിക്കേണമേ എന്നു പറഞ്ഞു. അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്ക് പോക എന്ന് അവർ പറയുന്നതു ഞാൻ കേട്ടു എന്ന് അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു. അവർ അവനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തു വരുംമുമ്പേ അവനു വിരോധമായി ദുരാലോചന ചെയ്തു: അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. രൂബേൻ അതു കേട്ടിട്ട്: നാം അവനു ജീവഹാനി വരുത്തരുത് എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു വിടുവിച്ചു. അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: രക്തം ചൊരിയിക്കരുത്; നിങ്ങൾ അവന്റെമേൽ കൈവയ്ക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു. യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു. അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു. അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തല പൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു. അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോട്: നാം നമ്മുടെ സഹോദരനെ കൊന്ന് അവന്റെ രക്തം മറച്ചിട്ട് എന്ത് ഉപകാരം? വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വയ്ക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സഹോദരന്മാർ അതിനു സമ്മതിച്ചു. മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

ഉൽപത്തി 37:13-28 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബ് യോസേഫിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരന്മാർ ആടുകളെ മേയ്‍ക്കാൻ ശെഖേമിലേക്കു പോയിരിക്കുകയാണല്ലോ; ഞാൻ നിന്നെ അവരുടെ അടുക്കലേക്കു വിടുകയാണ്.” യോസേഫ് അതിനു സമ്മതിച്ചു. പിതാവ് അവനോടു പറഞ്ഞു: “നീ ഇപ്പോൾത്തന്നെ പോകൂ; സഹോദരന്മാർക്കും ആടുകൾക്കും ക്ഷേമം തന്നെയോ എന്ന് അന്വേഷിച്ചു വരിക.” അങ്ങനെ പിതാവ് അവനെ ഹെബ്രോൻ താഴ്‌വരയിൽനിന്നു യാത്രയാക്കി. യോസേഫ് ശെഖേമിൽ എത്തി; അവൻ അവിടെ ചുറ്റിനടക്കുന്നതു കണ്ട് ഒരാൾ ചോദിച്ചു: “നീ എന്താണ് അന്വേഷിക്കുന്നത്?” “ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുകയാണ്. അവർ എവിടെയാണ് ആടുകളെ മേയിക്കുന്നത് എന്ന് അറിയാമോ?” അയാൾ പറഞ്ഞു: “അവർ ഇവിടെനിന്നു പോയി; ‘ദോഥാനിലേക്കു പോകാം’ എന്നു പറയുന്നതു ഞാൻ കേട്ടു.” യോസേഫ് അവരെ പിന്തുടർന്നു, ദോഥാനിൽവച്ച് അവരെ കണ്ടുമുട്ടി. ദൂരെവച്ചുതന്നെ യോസേഫ് വരുന്നതു കണ്ട സഹോദരന്മാർ അവനെ വകവരുത്താൻ ഗൂഢാലോചന നടത്തി. അവർ പറഞ്ഞു: “അതാ, സ്വപ്നക്കാരൻ വരുന്നു. വരിക, അവനെ കൊന്ന് ഏതെങ്കിലും കുഴിയിൽ തള്ളിയിടാം. ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു എന്നു നമുക്കു പറയുകയും ചെയ്യാം. അവന്റെ സ്വപ്നം എന്താകുമെന്ന് കാണാമല്ലോ.” രൂബേൻ ഇതു കേട്ട് അവനെ രക്ഷിക്കാൻ ആഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “അവനെ കൊല്ലേണ്ടാ; അവന്റെ രക്തം ചൊരിയേണ്ടാ; ഈ വിജനപ്രദേശത്തുള്ള ഏതെങ്കിലും കുഴിയിൽ അവനെ ഇട്ടുകളയാം.” എങ്ങനെയെങ്കിലും അവനെ അവരിൽനിന്നു രക്ഷിച്ചു പിതാവിനെ ഏല്പിക്കണം എന്ന ഉദ്ദേശ്യത്തോടെ ആയിരുന്നു അയാൾ അങ്ങനെ പറഞ്ഞത്. യോസേഫ് അവന്റെ സഹോദരന്മാരുടെ അടുക്കലെത്തിയപ്പോൾ അവർ അവന്റെ വിശേഷപ്പെട്ട അങ്കി ഊരിയെടുത്തു. പിന്നീട് അവനെ ഒരു കുഴിയിൽ ഇട്ടു. അത് ഒരു പൊട്ടക്കിണറായിരുന്നു. അവർ ഭക്ഷണം കഴിക്കാനിരുന്നപ്പോൾ ഗിലെയാദിൽനിന്നു സുഗന്ധപ്പശയും പരിമളദ്രവ്യങ്ങളും കുന്തുരുക്കവും ഒട്ടകപ്പുറത്തു കയറ്റി ഈജിപ്തിലേക്കു പോകുന്ന ഇശ്മായേല്യർ ആ വഴി വരുന്നതു കണ്ടു. അപ്പോൾ യെഹൂദാ സഹോദരന്മാരോടു പറഞ്ഞു: “നമ്മുടെ സഹോദരനെ കൊന്ന് ആ പാതകം മറച്ചുവച്ചാൽ നമുക്ക് എന്തു പ്രയോജനം? അവനെ നമുക്ക് ഉപദ്രവിക്കേണ്ടാ; അവൻ നമ്മുടെ സഹോദരനും നമ്മുടെ സ്വന്തം മാംസവുമാണല്ലോ. നമുക്കവനെ ഇശ്മായേല്യർക്കു വിറ്റുകളയാം.” അവന്റെ സഹോദരന്മാർ അതിനു സമ്മതിച്ചു. മിദ്യാന്യവ്യാപാരികൾ അതുവഴി കടന്നുപോയപ്പോൾ, അവർ യോസേഫിനെ പൊട്ടക്കിണറ്റിൽനിന്നു പുറത്തെടുത്ത് ഇരുപതു വെള്ളിനാണയങ്ങൾക്ക് അവനെ ഇശ്മായേല്യർക്കു വിറ്റു. അവർ യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി.

ഉൽപത്തി 37:13-28 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്രായേൽ യോസേഫിനോട്: “നിന്‍റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയയ്ക്കും” എന്നു പറഞ്ഞു. അതിന് അവൻ അവനോട്: “ഞാൻ പോകാം” എന്നു പറഞ്ഞു. യിസ്രായേൽ അവനോട്: “നീ ചെന്നു നിന്‍റെ സഹോദരന്മാർക്ക് സുഖം തന്നെയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വിവരം അറിയിക്കേണം” എന്നു പറഞ്ഞ് ഹെബ്രോൻതാഴ്വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി. അവൻ മേച്ചിൽസ്ഥലത്തു ചുറ്റി നടക്കുന്നത് ഒരുവൻ കണ്ടു: “നീ എന്ത് അന്വേഷിക്കുന്നു?” എന്നു അവനോട് ചോദിച്ചു. അതിന് അവൻ: “ഞാൻ എന്‍റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആട് മേയിക്കുന്നു എന്നു എന്നോട് അറിയിക്കേണമേ” എന്നു പറഞ്ഞു. “അവർ ഇവിടെനിന്ന് പോയി; ‘നാം ദോഥാനിലേക്ക് പോവുക’ എന്നു അവർ പറയുന്നത് ഞാൻ കേട്ടു” എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്‍റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവച്ചു കണ്ടു. സഹോദരന്മാർ യോസേഫിനെ ദൂരത്തുനിന്ന് കണ്ടിട്ട് അവനെ കൊല്ലേണ്ടതിന് അവൻ അടുത്തുവരുന്നതിനു മുമ്പെ അവനു വിരോധമായി ഗൂഢാലോചന ചെയ്തു: “അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്ന് ഒരു കുഴിയിൽ ഇട്ടുകളയുക; ‘ഒരു കാട്ടുമൃഗം അവനെ തിന്നുകളഞ്ഞു’ എന്നു പറയാം; അവന്‍റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ” എന്നു തമ്മിൽതമ്മിൽ പറഞ്ഞു. രൂബേൻ അത് കേട്ടിട്ടു: “നാം അവനു ജീവഹാനി വരുത്തരുത്” എന്നു പറഞ്ഞ് അവനെ അവരുടെ കൈയിൽനിന്നു രക്ഷിച്ചു. അവരുടെ കൈയിൽനിന്ന് അവനെ വിടുവിച്ച് അപ്പന്‍റെ അടുക്കൽ കൊണ്ടുപോകേണമെന്ന് കരുതിക്കൊണ്ടു രൂബേൻ അവരോട്: “രക്തം വീഴ്ത്തരുത്; നിങ്ങൾ അവന്‍റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ഈ കുഴിയിൽ അവനെ ഇടുവിൻ” എന്നു പറഞ്ഞു. യോസേഫ് തന്‍റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ധരിച്ചിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്ത് ഒരു കുഴിയിൽ ഇട്ടു. അത് വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു. അവർ ഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്ന് സാമ്പ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നത് കണ്ടു. അപ്പോൾ യെഹൂദാ തന്‍റെ സഹോദരന്മാരോട്: “നാം നമ്മുടെ സഹോദരനെ കൊന്ന് അവന്‍റെ രക്തം മറച്ചിട്ട് എന്ത് പ്രയോജനം? വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്‍ക്കുക; നാം അവന്‍റെമേൽ കൈ വെക്കരുത്; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ” എന്നു പറഞ്ഞു; അവന്‍റെ സഹോദരന്മാർ അതിന് സമ്മതിച്ചു. മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചുകയറ്റി, യിശ്മായേല്യർക്ക് ഇരുപതു വെള്ളിക്കാശിനു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

ഉൽപത്തി 37:13-28 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്രായേൽ യോസേഫിനോടു: നിന്റെ സഹോദരന്മാർ ശെഖേമിൽ ആടുമേയിക്കുന്നുണ്ടല്ലോ; വരിക, ഞാൻ നിന്നെ അവരുടെ അടുക്കൽ അയക്കും എന്നു പറഞ്ഞതിന്നു അവൻ അവനോടു: ഞാൻ പോകാം എന്നു പറഞ്ഞു. അവൻ അവനോടു: നീ ചെന്നു നിന്റെ സഹോദരന്മാർക്കു സുഖം തന്നേയോ? ആടുകൾ നന്നായിരിക്കുന്നുവോ എന്നു നോക്കി, വന്നു വസ്തുത അറിയിക്കേണം എന്നു പറഞ്ഞു ഹെബ്രോൻതാഴ്‌വരയിൽ നിന്നു അവനെ അയച്ചു; അവൻ ശെഖേമിൽ എത്തി. അവൻ വെളിമ്പ്രദേശത്തു ചുറ്റി നടക്കുന്നതു ഒരുത്തൻ കണ്ടു: നീ എന്തു അന്വേഷിക്കുന്നു എന്നു അവനോടു ചോദിച്ചു. അതിന്നു അവൻ: ഞാൻ എന്റെ സഹോദരന്മാരെ അന്വേഷിക്കുന്നു; അവർ എവിടെ ആടു മേയിക്കുന്നു എന്നു എന്നോടു അറിയിക്കേണമേ എന്നു പറഞ്ഞു. അവർ ഇവിടെനിന്നു പോയി; നാം ദോഥാനിലേക്കു പോക എന്നു അവർ പറയുന്നതു ഞാൻ കേട്ടു എന്നു അവൻ പറഞ്ഞു. അങ്ങനെ യോസേഫ് തന്റെ സഹോദരന്മാരെ അന്വേഷിച്ചു ചെന്നു ദോഥാനിൽവെച്ചു കണ്ടു. അവർ അവനെ ദൂരത്തു നിന്നു കണ്ടിട്ടു അവനെ കൊല്ലേണ്ടതിന്നു അവൻ അടുത്തുവരുംമുമ്പെ അവന്നു വിരോധമായി ദുരാലോചന ചെയ്തു: അതാ, സ്വപ്നക്കാരൻ വരുന്നു; വരുവിൻ, നാം അവനെ കൊന്നു ഒരു കുഴിയിൽ ഇട്ടുകളക; ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്നു പറയാം; അവന്റെ സ്വപ്നങ്ങൾ എന്താകുമെന്നു നമുക്കു കാണാമല്ലോ എന്നു തമ്മിൽ തമ്മിൽ പറഞ്ഞു. രൂബേൻ അതു കേട്ടിട്ടു: നാം അവന്നു ജീവഹാനി വരുത്തരുതു എന്നു പറഞ്ഞു അവനെ അവരുടെ കയ്യിൽനിന്നു വിടുവിച്ചു. അവരുടെ കയ്യിൽ നിന്നു അവനെ വിടുവിച്ചു അപ്പന്റെ അടുക്കൽ കൊണ്ടു പോകേണമെന്നു കരുതിക്കൊണ്ടു രൂബേൻ അവരോടു: രക്തം ചൊരിയിക്കരുതു; നിങ്ങൾ അവന്റെമേൽ കൈ വെക്കാതെ മരുഭൂമിയിലുള്ള ആ കുഴിയിൽ അവനെ ഇടുവിൻ എന്നു പറഞ്ഞു. യോസേഫ് തന്റെ സഹോദരന്മാരുടെ അടുക്കൽ വന്നപ്പോൾ അവൻ ഉടുത്തിരുന്ന നിലയങ്കി അവർ ഊരി, അവനെ എടുത്തു ഒരു കുഴിയിൽ ഇട്ടു. അതു വെള്ളമില്ലാത്ത പൊട്ടക്കുഴി ആയിരുന്നു. അവർ ഭക്ഷണം കഴിപ്പാൻ ഇരുന്നപ്പോൾ തലപൊക്കി നോക്കി, ഗിലെയാദിൽനിന്നു സാംപ്രാണിയും സുഗന്ധപ്പശയും സന്നിനായകവും ഒട്ടകപ്പുറത്തു കയറ്റി മിസ്രയീമിലേക്കു കൊണ്ടുപോകുന്ന യിശ്മായേല്യരുടെ ഒരു യാത്രക്കൂട്ടം വരുന്നതു കണ്ടു. അപ്പോൾ യെഹൂദാ തന്റെ സഹോദരന്മാരോടു: നാം നമ്മുടെ സഹോദരനെ കൊന്നു അവന്റെ രക്തം മറെച്ചിട്ടു എന്തു ഉപകാരം? വരുവിൻ, നാം അവനെ യിശ്മായേല്യർക്കു വില്ക്കുക; നാം അവന്റെ മേൽ കൈ വെക്കരുതു; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമല്ലോ എന്നു പറഞ്ഞു; അവന്റെ സാഹോദരന്മാർ അതിന്നു സമ്മതിച്ചു. മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയറ്റി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിറ്റു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.

ഉൽപത്തി 37:13-28 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെയിരിക്കെ ഒരു ദിവസം, ഇസ്രായേൽ യോസേഫിനോട്, “നിന്റെ സഹോദരന്മാർ ശേഖേമിനു സമീപം ആടുകളെ മേയിച്ചുകൊണ്ടിരിക്കുന്നെന്ന് നിനക്കറിയാമല്ലോ! വരൂ, നിന്നെ ഞാൻ അവരുടെ അടുത്തേക്കയയ്ക്കാം” എന്നു പറഞ്ഞു. “അങ്ങനെ ആകട്ടെ,” അവൻ മറുപടി പറഞ്ഞു. അദ്ദേഹം അവനോട്, “നീ ചെന്ന് നിന്റെ സഹോദരന്മാരും ആട്ടിൻപറ്റങ്ങളും ക്ഷേമമായിരിക്കുന്നോ എന്ന് അന്വേഷിച്ചിട്ടു മടങ്ങിവന്ന് എന്നെ വിവരം അറിയിക്കണം” എന്നു പറഞ്ഞു. പിന്നെ, അവനെ അദ്ദേഹം ഹെബ്രോൻ താഴ്വരയിൽനിന്ന് യാത്രയയച്ചു. യോസേഫ് ശേഖേമിൽ എത്തി. അവൻ വയലിലൂടെ അലഞ്ഞുതിരിയുന്നതു കണ്ടിട്ട് ഒരു മനുഷ്യൻ അവനോട്, “നീ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു. “ഞാൻ എന്റെ സഹോദരന്മാരെ തെരയുകയാണ്. അവർ തങ്ങളുടെ ആടുകളെ തീറ്റുന്നത് എവിടെയാണെന്നു പറഞ്ഞുതരാമോ?” യോസേഫ് ചോദിച്ചു. “അവർ ഇവിടെനിന്നു മുന്നോട്ടു പോയിട്ടുണ്ട്. ‘നമുക്കു ദോഥാനിലേക്കു പോകാം’ എന്ന് അവർ പറയുന്നതു ഞാൻ കേട്ടു,” എന്ന് ആ മനുഷ്യൻ ഉത്തരം പറഞ്ഞു. അങ്ങനെ യോസേഫ് സഹോദരന്മാരെ പിൻതുടർന്നു; ദോഥാനിൽവെച്ച് അവരെ കണ്ടെത്തുകയും ചെയ്തു. അവർ ദൂരെനിന്ന് അവനെ കണ്ടിട്ട്, അവൻ തങ്ങളുടെ അടുക്കൽ എത്തുന്നതിനുമുമ്പ്, അവനെ കൊല്ലുന്നതിനു ഗൂഢാലോചന നടത്തി. “ഇതാ, ആ സ്വപ്നക്കാരൻ വരുന്നു,” അവർ പരസ്പരം പറഞ്ഞു, “വരിക, നമുക്ക് അവനെ കൊന്ന് ഒരു ജലസംഭരണിയിൽ ഇട്ടുകളയാം, എന്നിട്ട് ഒരു ഹിംസ്രജന്തു അവനെ തിന്നുകളഞ്ഞു എന്നു പറയുകയും ചെയ്യാം. അപ്പോൾ അവന്റെ സ്വപ്നങ്ങൾ എന്താകുമെന്ന് നമുക്കു കാണാമല്ലോ.” രൂബേൻ ഇതു കേട്ടപ്പോൾ, അയാൾ യോസേഫിനെ അവരുടെ കൈയിൽനിന്നു രക്ഷപ്പെടുത്താൻ ശ്രമിച്ചു. “നാം അവനു ജീവഹാനി വരുത്തുകയോ രക്തം ചൊരിയിക്കുകയോ ചെയ്യരുത്. ഇവിടെ മരുഭൂമിയിൽ, ഇതാ, ഈ ജലസംഭരണിയിൽ അവനെ ഇട്ടുകളയുക, അവന്റെമേൽ കൈവെക്കരുത്.” രൂബേൻ ഇതു പറഞ്ഞത് യോസേഫിനെ അവരിൽനിന്ന് രക്ഷിച്ച് തന്റെ പിതാവിന്റെ അടുത്തേക്കു കൊണ്ടുപോകുന്നതിനായിരുന്നു. യോസേഫ് തന്റെ സഹോദരന്മാരുടെ അടുത്തെത്തി. അവർ അവന്റെ മനോഹരമായ കുപ്പായം ഊരിയെടുത്തു. പിന്നെ അവനെ അവർ ആ ജലസംഭരണിയിൽ തള്ളിയിട്ടു. അതൊരു വെള്ളമില്ലാത്ത പൊട്ടിയ ജലസംഭരണി ആയിരുന്നു. അവർ ഭക്ഷണം കഴിക്കാൻ ഇരുന്നു; അവർ തലയുയർത്തിനോക്കിയപ്പോൾ, യിശ്മായേല്യരുടെ ഒരു വ്യാപാരസംഘം ഗിലെയാദിൽനിന്ന് വരുന്നതു കണ്ടു. അവരുടെ ഒട്ടകങ്ങളുടെ പുറത്ത് സുഗന്ധവസ്തുക്കളും ലേപവും മീറയും നിറച്ചിരുന്നു; അവർ ആ സാധനങ്ങൾ ഈജിപ്റ്റിലേക്കു കൊണ്ടുപോകുകയായിരുന്നു. യെഹൂദാ തന്റെ സഹോദരന്മാരോടു പറഞ്ഞു: “നാം നമ്മുടെ സഹോദരനെ കൊന്ന്, അവന്റെ രക്തം മറച്ചുവെച്ചാൽ നമുക്കെന്തു നേട്ടം? വരിക, നമുക്ക് അവനെ യിശ്മായേല്യർക്കു വിൽക്കാം, അവന്റെമേൽ കൈവെക്കേണ്ടതില്ല; അവൻ നമ്മുടെ സഹോദരനും നമ്മുടെ മാംസവുമാണല്ലോ!” ഇത് അവന്റെ സഹോദരന്മാർക്കു സമ്മതമായി. മിദ്യാന്യവ്യാപാരികൾ അടുത്തെത്തിയപ്പോൾ യോസേഫിന്റെ സഹോദരന്മാർ അവനെ ജലസംഭരണിയിൽനിന്നും വലിച്ചെടുത്ത് ഇരുപതുശേക്കേൽ വെള്ളിക്ക് യിശ്മായേല്യർക്ക് വിറ്റു; അവർ യോസേഫിനെ ഈജിപ്റ്റിലേക്കു കൊണ്ടുപോയി.