ഉൽപത്തി 29:7-11

ഉൽപത്തി 29:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്ന് അവൻ പറഞ്ഞതിന് അവർ: കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങൾക്കു വയ്യാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നത്. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

ഉൽപത്തി 29:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

“നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിൻപറ്റങ്ങളെ ആലയിൽ അടയ്‍ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുത്ത് അവയെ മേയാൻ വിടുക” എന്നു യാക്കോബു പറഞ്ഞു. അവർ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്റെ വായ്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റാൻ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാൻ പറ്റുകയുള്ളല്ലോ.” യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ പിതാവിന്റെ ആടുകളുമായി അവിടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിൻപറ്റത്തെയും കണ്ടപ്പോൾ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

ഉൽപത്തി 29:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

“പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്നു അവൻ പറഞ്ഞു. അതിന് അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്‍റെ അപ്പന്‍റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. തന്‍റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

ഉൽപത്തി 29:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു.

ഉൽപത്തി 29:7-11 സമകാലിക മലയാളവിവർത്തനം (MCV)

“നോക്കൂ, പകലിനിയും വളരെയുണ്ടല്ലോ; ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ നേരമായിട്ടില്ല. ആടുകൾക്ക് വെള്ളം കൊടുത്തിട്ട് മേച്ചിൽപ്പുറത്തേക്കു കൊണ്ടുപോകുക,” യാക്കോബ് അവരോടു പറഞ്ഞു. “എല്ലാ കൂട്ടങ്ങളും വന്നുചേരുകയും കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ലു മാറ്റുകയും വേണം. അപ്പോൾ ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കും. അല്ലാതെ, തിരിച്ചുപോകാൻ സാധ്യമല്ല,” അവർ മറുപടി പറഞ്ഞു. ഇങ്ങനെ യാക്കോബ് അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ തന്റെ അപ്പന്റെ ആടുകളുമായി അവിടെ എത്തി; അവളായിരുന്നു അതിനെ മേയിച്ചിരുന്നത്. തന്റെ അമ്മാവനായ ലാബാന്റെ മകളായ റാഹേലിനെയും ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്ന് കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റിയിട്ട് അമ്മാവന്റെ ആടുകൾക്ക് വെള്ളം കൊടുത്തു. പിന്നെ യാക്കോബ് റാഹേലിനെ ചുംബിച്ച് ഉച്ചത്തിൽ കരഞ്ഞു.