ഉൽപത്തി 29:1-30
ഉൽപത്തി 29:1-30 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്ത് എത്തി. അവൻ വെളിമ്പ്രദേശത്ത് ഒരു കിണറ് കണ്ടു. അതിനരികെ മൂന്ന് ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നത്; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ല് വലുതായിരുന്നു. ആ സ്ഥലത്തു കൂട്ടങ്ങളൊക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ല് കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കയും ചെയ്യും. യാക്കോബ് അവരോട്: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്: ഞങ്ങൾ ഹാരാന്യർ എന്ന് അവർ പറഞ്ഞു. അവൻ അവരോട്: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്: അറിയും എന്ന് അവർ പറഞ്ഞു. അവൻ അവരോട്: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്ന് അവർ അവനോടു പറഞ്ഞു. പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്ന് അവൻ പറഞ്ഞതിന് അവർ: കൂട്ടങ്ങളൊക്കെയും കൂടുവോളം ഞങ്ങൾക്കു വയ്യാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നത്. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരമൊക്കെയും പറഞ്ഞു. ലാബാൻ അവനോട്: നീ എന്റെ അസ്ഥിയും മാംസവുംതന്നെ എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ പാർത്തു. പിന്നെ ലാബാൻ യാക്കോബിനോട്: നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കേണമോ? നിനക്ക് എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയായുടെ കണ്ണ് ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു: നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിനു ലാബാൻ: ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലത്; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ട് അത് അവന് അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോട്: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയായെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടുപോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പായെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ട് അവൻ ലാബാനോട്: നീ എന്നോടു ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? നീ എന്തിന് എന്നെ ചതിച്ചു എന്നു പറഞ്ഞു. അതിനു ലാബാൻ: മൂത്തവൾക്കു മുമ്പേ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവയ്ക്കുവേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. യാക്കോബ് അങ്ങനെതന്നെ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹായെ ദാസിയായി കൊടുത്തു. അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.
ഉൽപത്തി 29:1-30 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
യാക്കോബു യാത്ര തുടർന്ന് കിഴക്കുള്ള ജനതയുടെ ദേശത്ത് എത്തി. അവിടെ അയാൾ വെളിമ്പ്രദേശത്ത് ഒരു കിണറു കണ്ടു; അതിനടുത്തു മൂന്നു ആട്ടിൻപറ്റങ്ങൾ കിടന്നിരുന്നു. ആടുകൾക്കു കുടിക്കാനുള്ള വെള്ളം ആ കിണറ്റിൽനിന്നായിരുന്നു കോരിയിരുന്നത്. കിണറു മൂടിയിരുന്ന കല്ല് വളരെ വലുതായിരുന്നു. ആട്ടിൻപറ്റങ്ങളെല്ലാം എത്തിക്കഴിയുമ്പോൾ ഇടയന്മാർ ആ കല്ല് ഉരുട്ടിമാറ്റും. ആടുകൾക്കു കുടിക്കാൻ വേണ്ട വെള്ളം കോരിക്കഴിഞ്ഞാൽ കല്ലുകൊണ്ട് കിണറിന്റെ വായ് വീണ്ടും മൂടുക പതിവായിരുന്നു. “സ്നേഹിതരേ, നിങ്ങൾ എവിടെനിന്നു വരുന്നു?” യാക്കോബ് അവരോടു ചോദിച്ചു. “ഹാരാനിൽനിന്ന്” എന്ന് അവർ മറുപടി പറഞ്ഞു. അയാൾ ചോദിച്ചു: “നാഹോരിന്റെ പുത്രനായ ലാബാനെ നിങ്ങൾ അറിയുമോ?” “ഞങ്ങൾക്കറിയാം” അവർ പറഞ്ഞു. “അദ്ദേഹത്തിനു സുഖം തന്നെയോ?” എന്ന് അയാൾ വീണ്ടും ചോദിച്ചു. “സുഖം തന്നെ; അദ്ദേഹത്തിന്റെ പുത്രി റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” അവർ പറഞ്ഞു. “നേരം ഉച്ചകഴിഞ്ഞതേയുള്ളൂ; ആട്ടിൻപറ്റങ്ങളെ ആലയിൽ അടയ്‍ക്കേണ്ട സമയം ആയിട്ടില്ല; അതുകൊണ്ട് നിങ്ങളുടെ ആടുകൾക്ക് വെള്ളം കൊടുത്ത് അവയെ മേയാൻ വിടുക” എന്നു യാക്കോബു പറഞ്ഞു. അവർ പറഞ്ഞു: “എല്ലാ പറ്റങ്ങളും എത്തിയാലേ കിണറിന്റെ വായ്‍ക്കലുള്ള കല്ല് ഉരുട്ടിമാറ്റാൻ സാധ്യമാകൂ. കല്ലു മാറ്റിയിട്ടേ വെള്ളം കോരാൻ പറ്റുകയുള്ളല്ലോ.” യാക്കോബ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നെ റാഹേൽ തന്റെ പിതാവിന്റെ ആടുകളുമായി അവിടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. യാക്കോബ് മാതൃസഹോദരനായ ലാബാന്റെ പുത്രി റാഹേലിനെയും കൂടെയുണ്ടായിരുന്ന ആട്ടിൻപറ്റത്തെയും കണ്ടപ്പോൾ എഴുന്നേറ്റു കല്ലുരുട്ടി മാറ്റി ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. അവളുടെ പിതാവിന്റെ സഹോദരി റിബേക്കായുടെ പുത്രനാണ് താൻ എന്ന് അയാൾ പറഞ്ഞു. അതു കേട്ട മാത്രയിൽ അവൾ ഓടിപ്പോയി പിതാവിനെ വിവരം അറിയിച്ചു. സഹോദരീപുത്രനായ യാക്കോബാണെന്ന് കേട്ടപ്പോൾ ലാബാൻ ഓടിയെത്തി അയാളെ ആലിംഗനംചെയ്തു ചുംബിച്ചു. ലാബാൻ അയാളെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോയി. യാക്കോബ് ലാബാനോടു തന്റെ വിവരങ്ങളെല്ലാം പറഞ്ഞു. അതു കേട്ടു ലാബാൻ യാക്കോബിനോടു പറഞ്ഞു: “നീ എന്റെ അസ്ഥിയും മാംസവും തന്നെയാണ്.” ഒരു മാസം യാക്കോബ് അവിടെ താമസിച്ചു. ഒരു മാസം കഴിഞ്ഞ് ലാബാൻ യാക്കോബിനോടു ചോദിച്ചു: “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്. ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവൾ ലേയായും ഇളയവൾ റാഹേലും. ലേയായുടെ കണ്ണുകൾ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാൽ റാഹേൽ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു. റാഹേലിൽ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം അങ്ങയെ സേവിച്ചുകൊള്ളാം.” “അവളെ നിനക്കു നല്‌കുന്നതാണ് മറ്റാർക്കു നല്‌കുന്നതിലും നല്ലത്. എന്റെകൂടെ ഇവിടെ വസിക്കുക.” യാക്കോബ് ഏഴു വർഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾപോലെ മാത്രമേ അയാൾക്കു തോന്നിയുള്ളൂ. യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാൻ അവളെ ഭാര്യയാക്കട്ടെ.” ലാബാൻ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി. എന്നാൽ രാത്രിയായപ്പോൾ ലാബാൻ ലേയായെ യാക്കോബിന്റെ അടുക്കൽ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു. ലാബാൻ സില്പായെ ലേയായ്‍ക്കു ദാസിയായി കൊടുത്തു. പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാൻ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?” ലാബാൻ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല. വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വർഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു. റാഹേലിനു ദാസിയായി ബിൽഹായെ ലാബാൻ നല്‌കി. യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാൾ റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു. അയാൾ ഏഴു വർഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു.
ഉൽപത്തി 29:1-30 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ യാക്കോബ് യാത്ര തുടർന്ന് പൗരസ്ത്യദേശത്ത് എത്തി. അവൻ വെളിമ്പ്രദേശത്ത് ഒരു കിണർ കണ്ടു. അതിനരികിൽ മൂന്നു ആട്ടിൻകൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നായിരുന്നു ആട്ടിൻകൂട്ടങ്ങൾക്ക് വെള്ളം കൊടുത്തിരുന്നത്; എന്നാൽ കിണറിന്‍റെ തലക്കലുള്ള കല്ല് വലുതായിരുന്നു. ആട്ടിൻകൂട്ടങ്ങൾ വരുമ്പോഴെല്ലാം ഇടയന്മാർ കിണറിന്‍റെ തലക്കൽ നിന്നു കല്ലുരുട്ടി ആടുകൾക്കു വെള്ളം കൊടുക്കുകയും കല്ല് തലയ്ക്കൽ അതിന്‍റെ സ്ഥലത്തുതന്നെ തിരികെ വയ്ക്കുകയും ചെയ്യും. യാക്കോബ് അവരോട്: “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്ന് വരുന്നു?” എന്നു ചോദിച്ചു. അതിന്: “ഞങ്ങൾ ഹാരാനിൽനിന്ന് വരുന്നു” എന്നു അവർ പറഞ്ഞു. അവൻ അവരോട്: “നിങ്ങൾ നാഹോരിൻ്റെ മകനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു. അതിന്: “അറിയും” എന്നു അവർ പറഞ്ഞു. അവൻ അവരോട്: “അവൻ സുഖമായിരിക്കുന്നുവോ?” എന്നു ചോദിച്ചു. “സുഖം തന്നെ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടി വരുന്നു” എന്നു അവർ അവനോട് പറഞ്ഞു. “പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ച് കൂടുന്ന സമയമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ” എന്നു അവൻ പറഞ്ഞു. അതിന് അവർ: “കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു സാദ്ധ്യമല്ല; അവർ കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും” എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചു കൊണ്ടിരിക്കുമ്പോൾതന്നെ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചിരുന്നത്. തന്‍റെ അമ്മയുടെ സഹോദരനായ ലാബാൻ്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്നു കിണറിന്‍റെ വായ്ക്കൽനിന്നു കല്ലുരുട്ടി, അമ്മയുടെ സഹോദരനായ ലാബാൻ്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. താൻ അവളുടെ അപ്പന്‍റെ ബന്ധുവും റിബെക്കായുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്‍റെ വിവരം കേട്ടപ്പോൾ അവനെ എതിരേൽക്കുവാൻ ഓടിച്ചെന്ന് അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. ലാബാൻ അവനോട്: “നീ എന്റെ അസ്ഥിയും മാംസവും തന്നെ” എന്നു പറഞ്ഞു. അവൻ ഒരു മാസക്കാലം അവന്റെ അടുക്കൽ താമസിച്ചു. പിന്നെ ലാബാൻ യാക്കോബിനോട്: “നീ എന്റെ സഹോദരനാകകൊണ്ട് വെറുതെ എന്നെ സേവിക്കണമോ? നിനക്കു എന്ത് പ്രതിഫലം വേണം? എന്നോട് പറക” എന്നു പറഞ്ഞു. എന്നാൽ ലാബാന് രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയയുടെ കണ്ണുകൾ ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; “നിന്റെ ഇളയമകൾ റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം നിന്നെ സേവിക്കാം” എന്നു അവൻ പറഞ്ഞു. അതിന് ലാബാൻ: “ഞാൻ അവളെ അന്യപുരുഷനു കൊടുക്കുന്നതിലും നിനക്കു തരുന്നത് നല്ലത്; എന്നോടുകൂടെ പാർക്കുക” എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവനം ചെയ്തു; അവൻ അവളെ സ്നേഹിച്ചതുകൊണ്ട് അത് അവനു അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോട്: “എന്റെ സമയം തികഞ്ഞിരിക്കുകയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം” എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി യാക്കോബിന്‍റെ അടുക്കൽ കൊണ്ടുപോയി വിട്ടു; യാക്കോബ് അവളെ സ്വീകരിച്ചു. ലാബാൻ തന്റെ മകൾ ലേയായ്ക്ക് തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അത് ലേയാ എന്നു കണ്ടു അവൻ ലാബാനോട്: “നീ എന്നോട് ഈ ചെയ്തത് എന്ത്? റാഹേലിനുവേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചത്? പിന്നെ നീ എന്തിന് എന്നെ ചതിച്ചു?” എന്നു പറഞ്ഞു. അതിന് ലാബാൻ: “മൂത്തവൾക്കു മുമ്പ് ഇളയവളെ കൊടുക്കുക ഞങ്ങളുടെ നാട്ടിൽ പതിവില്ല. വിവാഹ കർമ്മങ്ങളുടെ ആഴ്ചവട്ടം പൂർത്തീകരിക്കുന്നതു വരെ നീ കാത്തിരിക്കുക എന്നാൽ അടുത്ത് ഏഴു വർഷംകൂടി നീ എനിക്കുവേണ്ടി സേവനം ചെയ്യുമെങ്കിൽ ഞങ്ങൾ റാഹേലിനേയും നിനക്കു തരും” എന്നു പറഞ്ഞു. യാക്കോബ് അങ്ങനെ തന്നെ ചെയ്തു, ലേയയുടെ വിവാഹ ആഴ്ചവട്ടം പൂർത്തിയാക്കി; ലാബാൻ തന്റെ മകൾ റാഹേലിനെയും അവനു ഭാര്യയായി കൊടുത്തു. തന്റെ മകൾ റാഹേലിന് ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. യാക്കോബ് റാഹേലിന്‍റെ അടുക്കലും ചെന്നു; റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു വർഷം ലാബാൻ്റെ അടുക്കൽ സേവനം ചെയ്തു.
ഉൽപത്തി 29:1-30 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ യാക്കോബ് പ്രയാണം ചെയ്തു കിഴക്കരുടെ ദേശത്തു എത്തി. അവൻ വെളിമ്പ്രദേശത്തു ഒരു കിണർ കണ്ടു. അതിന്നരികെ മൂന്നു ആട്ടിൻ കൂട്ടം കിടക്കുന്നു. ആ കിണറ്റിൽനിന്നു ആയിരുന്നു ആട്ടിൻ കൂട്ടങ്ങൾക്കു വെള്ളം കൊടുക്കുന്നതു; എന്നാൽ കിണറ്റിന്റെ വായ്ക്കലുള്ള കല്ലു വലുതായിരുന്നു. ആ സ്ഥലത്തു കൂട്ടങ്ങൾ ഒക്കെ കൂടുകയും അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി ആടുകൾക്കു വെള്ളം കൊടുക്കയും കല്ലു കിണറ്റിന്റെ വായ്ക്കൽ അതിന്റെ സ്ഥലത്തു തന്നേ തിരികെ വെക്കയും ചെയ്യും. യാക്കോബ് അവരോടു: സഹോദരന്മാരേ, നിങ്ങൾ എവിടുത്തുകാർ എന്നു ചോദിച്ചതിന്നു: ഞങ്ങൾ ഹാരാന്യർ എന്നു അവർ പറഞ്ഞു. അവൻ അവരോടു: നിങ്ങൾ നാഹോരിന്റെ മകനായ ലാബാനെ അറിയുമോ എന്നു ചോദിച്ചതിന്നു: അറിയും എന്നു അവർ പറഞ്ഞു. അവൻ അവരോടു: അവൻ സുഖമായിരിക്കുന്നുവോ എന്നു ചോദിച്ചു. സുഖം തന്നേ; അവന്റെ മകൾ റാഹേൽ അതാ ആടുകളോടുകൂടെ വരുന്നു എന്നു അവർ അവനോടു പറഞ്ഞു. പകൽ ഇനിയും വളരെയുണ്ടല്ലോ; കൂട്ടം ഒന്നിച്ചു കൂടുന്ന നേരമായിട്ടില്ല; ആടുകൾക്കു വെള്ളം കൊടുത്തു കൊണ്ടുപോയി തീറ്റുവിൻ എന്നു അവൻ പറഞ്ഞതിന്നു അവർ: കൂട്ടങ്ങൾ ഒക്കെയും കൂടുവോളം ഞങ്ങൾക്കു വഹിയാ; അവർ കിണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടും; പിന്നെ ഞങ്ങൾ ആടുകൾക്കു വെള്ളം കൊടുക്കും എന്നു പറഞ്ഞു. അവൻ അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ റാഹേൽ തന്റെ അപ്പന്റെ ആടുകളോടുകൂടെ വന്നു. അവളായിരുന്നു അവയെ മേയിച്ചുവന്നതു. തന്റെ അമ്മയുടെ സഹോദരനായ ലാബാന്റെ മകൾ റാഹേലിനെയും അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തു ചെന്നു കണറ്റിന്റെ വായ്ക്കൽനിന്നു കല്ലു ഉരുട്ടി, അമ്മയുടെ സഹോദരനായ ലാബാന്റെ ആടുകൾക്കു വെള്ളം കൊടുത്തു. യാക്കോബ് റാഹേലിനെ ചുംബിച്ചു പൊട്ടിക്കരഞ്ഞു. താൻ അവളുടെ അപ്പന്റെ സഹോദരൻ എന്നും റിബെക്കയുടെ മകനെന്നും യാക്കോബ് റാഹേലിനോടു പറഞ്ഞു. അവൾ ഓടിച്ചെന്നു തന്റെ അപ്പനെ അറിയിച്ചു. ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിന്റെ വസ്തുത കേട്ടപ്പോൾ അവനെ എതിരേല്പാൻ ഓടിച്ചെന്നു അവനെ ആലിംഗനം ചെയ്തു ചുംബിച്ചു വീട്ടിൽ കൂട്ടിക്കൊണ്ടുപോയി; അവൻ ലാബാനോടു വിവരം ഒക്കെയും പറഞ്ഞു. ലാബാൻ അവനോടു: നീ എന്റെ അസ്ഥിയും മാംസവും തന്നേ എന്നു പറഞ്ഞു. അവൻ ഒരു മാസകാലം അവന്റെ അടുക്കൽ പാർത്തു. പിന്നെ ലാബാൻ യാക്കോബിനോടു: നീ എന്റെ സഹോദരനാകകൊണ്ടു വെറുതെ എന്നെ സേവിക്കേണമോ? നിനക്കു എന്തു പ്രതിഫലം വേണം? എന്നോടു പറക എന്നു പറഞ്ഞു. എന്നാൽ ലാബാന്നു രണ്ടു പുത്രിമാർ ഉണ്ടായിരുന്നു: മൂത്തവൾക്കു ലേയാ എന്നും ഇളയവൾക്കു റാഹേൽ എന്നും പേർ. ലേയയുടെ കണ്ണു ശോഭ കുറഞ്ഞതായിരുന്നു; റാഹേലോ സുന്ദരിയും മനോഹരരൂപിണിയും ആയിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചു; നിന്റെ ഇളയമകൾ റാഹേലിന്നു വേണ്ടി ഞാൻ ഏഴു സംവത്സരം നിന്നെ സേവിക്കാം എന്നു പറഞ്ഞു. അതിന്നു ലാബാൻ: ഞാൻ അവളെ അന്യപുരുഷന്നു കൊടുക്കുന്നതിലും നിനക്കു തരുന്നതു നല്ലതു; എന്നോടുകൂടെ പാർക്ക എന്നു പറഞ്ഞു. അങ്ങനെ യാക്കോബ് റാഹേലിന്നു വേണ്ടി ഏഴു സംവത്സരം സേവ ചെയ്തു; അവൻ അവളെ സ്നേഹിക്കകൊണ്ടു അതു അവന്നു അല്പകാലംപോലെ തോന്നി. അനന്തരം യാക്കോബ് ലാബാനോടു: എന്റെ സമയം തികഞ്ഞിരിക്കയാൽ ഞാൻ എന്റെ ഭാര്യയുടെ അടുക്കൽ ചെല്ലുവാൻ അവളെ തരേണം എന്നു പറഞ്ഞു. അപ്പോൾ ലാബാൻ ആ സ്ഥലത്തെ ജനങ്ങളെ എല്ലാം ഒന്നിച്ചുകൂട്ടി ഒരു വിരുന്നു കഴിച്ചു. എന്നാൽ രാത്രിയിൽ അവൻ തന്റെ മകൾ ലേയയെ കൂട്ടി അവന്റെ അടുക്കൽ കൊണ്ടു പോയി ആക്കി; അവൻ അവളുടെ അടുക്കൽ ചെന്നു. ലാബാൻ തന്റെ മകൾ ലേയെക്കു തന്റെ ദാസി സില്പയെ ദാസിയായി കൊടുത്തു. നേരം വെളുത്തപ്പോൾ അതു ലേയാ എന്നു കണ്ടു അവൻ ലാബാനോടു: നീ എന്നോടു ചെയ്തതു എന്തു? റാഹേലിന്നു വേണ്ടി അല്ലയോ ഞാൻ നിന്നെ സേവിച്ചതു? നീ എന്തിന്നു എന്നെ ചതിച്ചു എന്നു പറഞ്ഞു. അതിന്നു ലാബാൻ: മൂത്തവൾക്കു മുമ്പെ ഇളയവളെ കൊടുക്ക ഞങ്ങളുടെ ദിക്കിൽ നടപ്പില്ല. ഇവളുടെ ആഴ്ചവട്ടം നിവർത്തിക്ക; എന്നാൽ നീ ഇനിയും ഏഴു സംവത്സരം എന്റെ അടുക്കൽ ചെയ്യുന്ന സേവെക്കു വേണ്ടി ഞങ്ങൾ അവളെയും നിനക്കു തരാം എന്നു പറഞ്ഞു. യാക്കോബ് അങ്ങനെ തന്നേ ചെയ്തു, അവളുടെ ആഴ്ചവട്ടം നിവർത്തിച്ചു; അവൻ തന്റെ മകൾ റാഹേലിനെയും അവന്നു ഭാര്യയായി കൊടുത്തു. തന്റെ മകൾ റാഹേലിന്നു ലാബാൻ തന്റെ ദാസി ബിൽഹയെ ദാസിയായി കൊടുത്തു. അവൻ റാഹേലിന്റെ അടുക്കലും ചെന്നു; റാഹേലിനെ ലേയയെക്കാൾ അധികം സ്നേഹിച്ചു; പിന്നെയും ഏഴു സംവത്സരം അവന്റെ അടുക്കൽ സേവ ചെയ്തു.
ഉൽപത്തി 29:1-30 സമകാലിക മലയാളവിവർത്തനം (MCV)
യാക്കോബ് യാത്രതുടർന്ന് പൂർവദേശത്തെ ജനങ്ങളുടെ അടുത്തെത്തി. അവിടെ വെളിമ്പ്രദേശത്ത് അയാൾ ഒരു കിണർ കണ്ടു: ആട്ടിൻപറ്റങ്ങൾക്ക് അതിൽനിന്ന് വെള്ളം കൊടുത്തിരുന്നതുകൊണ്ട് അതിനു സമീപം മൂന്ന് ആട്ടിൻപറ്റം കിടക്കുന്നുണ്ടായിരുന്നു. കിണറ്റിന്റെ വായ്ക്കൽ വെച്ചിരുന്ന കല്ല് വളരെ വലുതായിരുന്നു. ആട്ടിൻപറ്റങ്ങൾ വന്നുകൂടുമ്പോൾ ഇടയന്മാർ കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടി നീക്കുകയും ആടുകൾക്ക് വെള്ളം കൊടുക്കുകയും ചെയ്യും. പിന്നെ കല്ല് കിണറിന്റെ വായ്ക്കൽ അതിന്റെ സ്ഥാനത്തു വെക്കും. യാക്കോബ് ആട്ടിടയന്മാരോട്, “സഹോദരന്മാരേ, നിങ്ങൾ എവിടെനിന്നുള്ളവർ?” എന്നു ചോദിച്ചു. “ഞങ്ങൾ ഹാരാനിൽനിന്നുള്ളവർ” അവർ മറുപടി പറഞ്ഞു. അദ്ദേഹം അവരോട്, “നിങ്ങൾ നാഹോരിന്റെ പൗത്രനായ ലാബാനെ അറിയുമോ?” എന്നു ചോദിച്ചു. “ഞങ്ങൾ അറിയും,” അവർ ഉത്തരം പറഞ്ഞു. “അദ്ദേഹം സുഖമായിരിക്കുന്നോ?” യാക്കോബ് അവരോട് അന്വേഷിച്ചു. “അദ്ദേഹം സുഖമായിരിക്കുന്നു. അതാ, അദ്ദേഹത്തിന്റെ മകൾ റാഹേൽ ആടുകളുമായി വരുന്നു,” അവർ പറഞ്ഞു. “നോക്കൂ, പകലിനിയും വളരെയുണ്ടല്ലോ; ആട്ടിൻപറ്റങ്ങളെ കൂട്ടിച്ചേർക്കാൻ നേരമായിട്ടില്ല. ആടുകൾക്ക് വെള്ളം കൊടുത്തിട്ട് മേച്ചിൽപ്പുറത്തേക്കു കൊണ്ടുപോകുക,” യാക്കോബ് അവരോടു പറഞ്ഞു. “എല്ലാ കൂട്ടങ്ങളും വന്നുചേരുകയും കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ലു മാറ്റുകയും വേണം. അപ്പോൾ ഞങ്ങൾ ആടുകൾക്ക് വെള്ളം കൊടുക്കും. അല്ലാതെ, തിരിച്ചുപോകാൻ സാധ്യമല്ല,” അവർ മറുപടി പറഞ്ഞു. ഇങ്ങനെ യാക്കോബ് അവരുമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ റാഹേൽ തന്റെ അപ്പന്റെ ആടുകളുമായി അവിടെ എത്തി; അവളായിരുന്നു അതിനെ മേയിച്ചിരുന്നത്. തന്റെ അമ്മാവനായ ലാബാന്റെ മകളായ റാഹേലിനെയും ലാബാന്റെ ആടുകളെയും കണ്ടപ്പോൾ യാക്കോബ് അടുത്തുചെന്ന് കിണറ്റിന്റെ വായ്ക്കൽനിന്ന് കല്ല് ഉരുട്ടിമാറ്റിയിട്ട് അമ്മാവന്റെ ആടുകൾക്ക് വെള്ളം കൊടുത്തു. പിന്നെ യാക്കോബ് റാഹേലിനെ ചുംബിച്ച് ഉച്ചത്തിൽ കരഞ്ഞു. താൻ അവളുടെ പിതാവിന്റെ ബന്ധുവും റിബേക്കയുടെ മകനുമാണെന്ന് യാക്കോബ് അവളോടു പറഞ്ഞു. അവൾ ഓടിച്ചെന്ന് വിവരം പിതാവിനെ അറിയിച്ചു. ലാബാൻ തന്റെ സഹോദരിയുടെ മകനായ യാക്കോബിനെക്കുറിച്ചു കേട്ടയുടനെ അദ്ദേഹത്തെ എതിരേൽക്കാൻ ഓടിച്ചെന്നു. ലാബാൻ യാക്കോബിനെ കെട്ടിപ്പിടിച്ചു ചുംബിച്ച് വീട്ടിൽ കൊണ്ടുവന്നു. അവിടെവെച്ച് യാക്കോബ് എല്ലാക്കാര്യങ്ങളും ലാബാനോടു പറഞ്ഞു. അപ്പോൾ ലാബാൻ യാക്കോബിനോട്, “നീ എന്റെ സ്വന്തം മാംസവും രക്തവും ആകുന്നു” എന്നു പറഞ്ഞു. യാക്കോബ് ലാബാനോടുകൂടെ ഒരുമാസം താമസിച്ചു. അതിനുശേഷം ലാബാൻ യാക്കോബിനോട്, “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി പ്രതിഫലം കൂടാതെ ജോലി ചെയ്യണമെന്നുണ്ടോ? നിനക്ക് എന്തു പ്രതിഫലം വേണമെന്നു പറയൂ” എന്നു ചോദിച്ചു. ലാബാനു രണ്ടു പെൺമക്കൾ ഉണ്ടായിരുന്നു; മൂത്തവളുടെ പേര് ലേയാ എന്നും ഇളയവളുടെ പേര് റാഹേൽ എന്നും ആയിരുന്നു. ലേയയുടെ കണ്ണുകൾ ശോഭകുറഞ്ഞതായിരുന്നു; എന്നാൽ, റാഹേൽ ആകാരഭംഗിയുള്ളവളും സുന്ദരിയുമായിരുന്നു. യാക്കോബ് റാഹേലിനെ സ്നേഹിച്ചിരുന്നതുകൊണ്ട്, “അങ്ങയുടെ ഇളയ മകളായ റാഹേലിനുവേണ്ടി ഞാൻ ഏഴുവർഷം അങ്ങയെ സേവിക്കാം” എന്ന് അദ്ദേഹം ലാബാനോടു പറഞ്ഞു. “അവളെ മറ്റൊരു പുരുഷനു കൊടുക്കുന്നതിനെക്കാൾ നിനക്കു തരുന്നതാണു നല്ലത്; എന്റെകൂടെ ഇവിടെ താമസിക്കുക” എന്നായിരുന്നു ലാബാന്റെ മറുപടി. അങ്ങനെ യാക്കോബ് റാഹേലിനെ നേടുന്നതിനുവേണ്ടി ഏഴുവർഷം സേവിച്ചു. എന്നാൽ, അവളോടുള്ള സ്നേഹംനിമിത്തം ആ ഏഴുവർഷം അദ്ദേഹത്തിന് അൽപ്പകാലംമാത്രമായി അനുഭവപ്പെട്ടു. പിന്നെ യാക്കോബ് ലാബാനോട്, “ഇനി എനിക്ക് എന്റെ ഭാര്യയെ തരിക, എന്റെ കാലാവധി തികച്ചിരിക്കുന്നു, ഞാൻ അവളെ അറിയട്ടെ” എന്നു പറഞ്ഞു. ലാബാൻ ദേശവാസികളെ എല്ലാവരെയും വിളിച്ചുകൂട്ടി ഒരു വിരുന്നു നടത്തി. രാത്രിയിൽ അദ്ദേഹം തന്റെ മകൾ ലേയയെ കൊണ്ടുചെന്ന് യാക്കോബിന്റെ അടുക്കൽ ആക്കി. യാക്കോബ് അവളെ അറിഞ്ഞു. ലാബാൻ തന്റെ വേലക്കാരിയായ സിൽപ്പയെ മകൾക്കു ദാസിയായി വിട്ടുകൊടുത്തു. നേരം പുലർന്നപ്പോൾ, അതു ലേയാ ആയിരുന്നെന്നു ഗ്രഹിച്ചിട്ട് യാക്കോബ് ലാബാനോട്, “താങ്കൾ എന്നോട് ചെയ്തതെന്ത്? ഞാൻ റാഹേലിനുവേണ്ടി അല്ലയോ അങ്ങയെ സേവിച്ചത്? എന്നെ കബളിപ്പിച്ചത് എന്തിന്?” എന്നു ചോദിച്ചു. അതിനു ലാബാൻ: “മൂത്തവൾക്കു മുമ്പായി ഇളയവളുടെ വിവാഹം നടത്തുന്ന സമ്പ്രദായം ഇവിടെ ഞങ്ങൾക്കില്ല. ഇവളുടെ വിവാഹവാരം പൂർത്തിയാക്കുക, മറ്റൊരു ഏഴുവർഷത്തെ പ്രയത്നത്തിനു പ്രതിഫലമായി ഇളയവളെയും ഞങ്ങൾ നിനക്കു തരാം.” യാക്കോബ് അങ്ങനെതന്നെ ചെയ്തു. അദ്ദേഹം ലേയായോടൊത്തുള്ള വിവാഹവാരം പൂർത്തീകരിച്ചു. പിന്നീട് ലാബാൻ തന്റെ മകളായ റാഹേലിനെയും യാക്കോബിന് ഭാര്യയായി നൽകി. ലാബാൻ തന്റെ വേലക്കാരിയായ ബിൽഹയെ മകളായ റാഹേലിനു ദാസിയായി കൊടുത്തു. യാക്കോബ് റാഹേലിനെ അറിഞ്ഞു. അദ്ദേഹം ലേയയെക്കാൾ കൂടുതലായി റാഹേലിനെ സ്നേഹിച്ചു; ലാബാനുവേണ്ടി അദ്ദേഹം മറ്റൊരു ഏഴുവർഷംകൂടി പണിയെടുത്തു.