ഉൽപത്തി 27:18-46

ഉൽപത്തി 27:18-46 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്ന് അവൻ പറഞ്ഞു. യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾതന്നെ എന്നു പറഞ്ഞു. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. നീ എന്റെ മകൻ ഏശാവുതന്നെയോ എന്ന് അവൻ ചോദിച്ചതിന്: അതേ എന്ന് അവൻ പറഞ്ഞു. അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടുചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. പിന്നെ അവന്റെ അപ്പനായ യിസ്ഹാക് അവനോട്: മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്ക എന്നു പറഞ്ഞു. അവൻ അടുത്തു ചെന്ന് അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്‍ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ. യിസ്ഹാക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. അവന്റെ അപ്പനായ യിസ്ഹാക് അവനോട്: നീ ആർ എന്നു ചോദിച്ചതിന്: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്ന് അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുംമുമ്പേ ഞാൻ സകലവും തിന്ന് അവനെ അനുഗ്രഹിച്ചിരിക്കുന്നു: അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ എന്ന് അപ്പനോടു പറഞ്ഞു. അതിന് അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്ന് അവൻ പറഞ്ഞു. നീ എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ എന്ന് അവൻ ചോദിച്ചു. യിസ്ഹാക് ഏശാവിനോട്: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെയൊക്കെയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടൂ മകനേ എന്ന് ഉത്തരം പറഞ്ഞു. ഏശാവ് പിതാവിനോട്: നിനക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക് ഉത്തരമായിട്ട് അവനോടു പറഞ്ഞത്: നിന്റെ വാസം ഭൂമിയിലെ പുഷ്‍ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും. തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്ന് ഏശാവ് ഹൃദയത്തിൽ പറഞ്ഞു. മൂത്തമകനായ ഏശാവിന്റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ച് അവനോടു പറഞ്ഞത്: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്ക് ഓടിപ്പോക. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെനാൾ അവന്റെ അടുക്കൽ പാർക്ക. നിന്റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തത് അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസംതന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്? പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്ക് അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിനു ജീവിക്കുന്നു? എന്നു പറഞ്ഞു.

ഉൽപത്തി 27:18-46 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.” രോമത്തിൽ പൊതിഞ്ഞ യാക്കോബിന്റെ കൈകൾ ഏശാവിൻറേതെന്നു കരുതി ഇസ്ഹാക്ക് അവനെ അനുഗ്രഹിക്കാൻ ഭാവിച്ചു. ഇസ്ഹാക്കു വീണ്ടും ചോദിച്ചു: “നീ എന്റെ മകൻ ഏശാവുതന്നെയോ?” “ഞാൻതന്നെ” എന്ന് യാക്കോബു പറഞ്ഞു. ഇസ്ഹാക്കു പറഞ്ഞു “നീ പാകം ചെയ്ത മാംസം കൊണ്ടുവരിക. അതു ഭക്ഷിച്ച ശേഷം ഞാൻ നിന്നെ അനുഗ്രഹിക്കാം.” യാക്കോബ് ഭക്ഷണം വിളമ്പിക്കൊടുത്തു, ഇസ്ഹാക്ക് ഭക്ഷിച്ചു. കുറെ വീഞ്ഞും പകർന്നുകൊടുത്തു. ഇസ്ഹാക്ക് അതും കുടിച്ചു. പിന്നീട് ഇസ്ഹാക്ക് അവനോട് “മകനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ പിതാവിനെ ചുംബിച്ചു. അവന്റെ വസ്ത്രത്തിന്റെ മണം അറിഞ്ഞശേഷം ഇസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു പറഞ്ഞു: “ഹാ, എന്റെ മകന്റെ മണം! അതു സർവേശ്വരൻ അനുഗ്രഹിച്ച വയലിന്റെ മണംപോലെ തന്നെ. ദൈവം ആകാശത്തുനിന്നു മഞ്ഞുപൊഴിച്ച് നിന്റെ നിലത്തെ ഫലപുഷ്ടമാക്കട്ടെ; ധാന്യവും വീഞ്ഞും അവിടുന്നു നിനക്കു സമൃദ്ധമായി നല്‌കട്ടെ. ജനതകൾ നിന്നെ സേവിക്കും, രാജ്യങ്ങൾ നിന്നെ വണങ്ങും, നിന്റെ സ്വന്തക്കാർക്കു നീ യജമാനനാകും. നിന്റെ അമ്മയുടെ തന്നെ മക്കൾ നിന്റെ മുമ്പിൽ കുമ്പിടും; നിന്നെ ശപിക്കുന്നവരെല്ലാം ശപിക്കപ്പെട്ടവരും; നിന്നെ അനുഗ്രഹിക്കുന്നവരെല്ലാം അനുഗൃഹീതരുമാകും.” ഇസ്ഹാക്കിന്റെ അനുഗ്രഹം വാങ്ങി യാക്കോബ് പുറത്തുകടന്നപ്പോൾ ഏശാവു വേട്ട കഴിഞ്ഞു മടങ്ങിയെത്തി. അയാളും രുചികരമായ വേട്ടയിറച്ചി പാകം ചെയ്ത് പിതാവിന്റെ അടുക്കൽ കൊണ്ടുവന്നു. ഏശാവു പറഞ്ഞു: “അപ്പാ, ഇതാ ഞാൻ കൊണ്ടുവന്നിരിക്കുന്ന വേട്ടയിറച്ചി ഭക്ഷിച്ച ശേഷം എന്നെ അനുഗ്രഹിച്ചാലും.” ഇസ്ഹാക്ക് അവനോട്: “നീ ആരാണ്” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവ്” എന്ന് അവൻ പ്രതിവചിച്ചു. ഇസ്ഹാക്ക് നടുങ്ങിപ്പോയി. അദ്ദേഹം ചോദിച്ചു: “അപ്പോൾ ആരാണ് ഇവിടെ വേട്ടയിറച്ചി കൊണ്ടുവന്നു തന്നത്? നീ വരുംമുമ്പേ ഞാൻ അതു ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചുവല്ലോ. അവൻ അനുഗൃഹീതനായിരിക്കും.” പിതാവിന്റെ വാക്കുകൾ കേട്ടപ്പോൾ ഏശാവ് പൊട്ടിക്കരഞ്ഞു. “അപ്പാ, എന്നെയും അനുഗ്രഹിക്കണമേ” എന്നു കേണപേക്ഷിച്ചു. ഇസ്ഹാക്കു പറഞ്ഞു: “നിന്റെ സഹോദരൻ കൗശലപൂർവം വന്നു നിനക്കു ലഭിക്കേണ്ടിയിരുന്ന അനുഗ്രഹം തട്ടിയെടുത്തിരിക്കുന്നു.” ഏശാവു പറഞ്ഞു: “വെറുതെയല്ല അവന് ‘യാക്കോബ്’ എന്നു പേരിട്ടിരിക്കുന്നത്. ഇപ്പോൾ രണ്ടു പ്രാവശ്യം അവൻ എന്നെ വഞ്ചിച്ചിരിക്കുന്നു. ആദ്യം എന്റെ ജ്യേഷ്ഠാവകാശം അവൻ അപഹരിച്ചു; ഇപ്പോൾ എനിക്കു വരേണ്ട അനുഗ്രഹവും അവൻ തട്ടിയെടുത്തിരിക്കുന്നു. എനിക്കുവേണ്ടി ഒരു അനുഗ്രഹവും അങ്ങ് കരുതിവച്ചിട്ടില്ലേ?” എന്ന് ഏശാവ് പിതാവിനോടു ചോദിച്ചു. ഇസ്ഹാക്കു പറഞ്ഞു: “ഞാൻ അവനെ നിന്റെ യജമാനനാക്കി. മറ്റു സഹോദരന്മാരെ അവന്റെ ദാസന്മാരുമാക്കി; ധാന്യത്തിനും വീഞ്ഞിനും അവനെ അവകാശിയാക്കി; എന്റെ മകനേ! നിനക്കുവേണ്ടി എനിക്കിനി എന്തു ചെയ്യാൻ കഴിയും?” ഏശാവ് പിതാവിനോടു: “അപ്പാ, അപ്പന്റെ പക്കൽ ഈ ഒരു അനുഗ്രഹം മാത്രമേയുള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്ന് അപേക്ഷിച്ചുകൊണ്ട് അയാൾ ഉറക്കെ കരഞ്ഞു. അപ്പോൾ ഇസ്ഹാക്ക് പറഞ്ഞു: “നിന്റെ വാസസ്ഥലം ഐശ്വര്യസമൃദ്ധിയിൽനിന്നും ആകാശത്തിലെ മഞ്ഞുതുള്ളികളിൽനിന്നും അകന്നിരിക്കും. വാളുകൊണ്ട് നീ ഉപജീവിക്കും. നിന്റെ സഹോദരനെ നീ സേവിക്കും. എന്നാൽ നീ സ്വതന്ത്രനാകുമ്പോൾ അവന്റെ നുകം നീ ചുമലിൽനിന്നു കുടഞ്ഞുകളയും.” പിതാവ് യാക്കോബിനെ അനുഗ്രഹിച്ചതുകൊണ്ട് ഏശാവ് യാക്കോബിനെ വെറുത്തു. “പിതാവിന്റെ മരണകാലം അടുത്തിരിക്കുന്നു; അദ്ദേഹത്തെച്ചൊല്ലി വിലപിക്കാനുള്ള കാലം കഴിഞ്ഞ് ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്ന് ഏശാവ് ഉള്ളിൽ പറഞ്ഞു. ഏശാവിന്റെ അന്തർഗതം മനസ്സിലാക്കിയ റിബേക്കാ യാക്കോബിനെ വിളിച്ചു പറഞ്ഞു: “നിന്റെ സഹോദരൻ നിന്നെ കൊന്നു പകവീട്ടാൻ ഒരുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് ഞാൻ പറയുന്നതനുസരിക്കുക. ഹാരാനിലുള്ള എന്റെ സഹോദരൻ ലാബാന്റെ അടുക്കലേക്കു നീ ഓടി രക്ഷപെടുക. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ നീ അവിടെ പാർക്കുക. അവന്റെ കോപം അടങ്ങുകയും നീ ചെയ്തത് അവൻ വിസ്മരിക്കുകയും ചെയ്യുന്നതുവരെ നീ അവിടെത്തന്നെ താമസിക്കുക. പിന്നീട് ഞാനാളയച്ചു നിന്നെ വരുത്തിക്കൊള്ളാം. നിങ്ങൾ രണ്ടുപേരും ഒരു ദിവസംതന്നെ എനിക്കു നഷ്ടപ്പെടരുതല്ലോ.” റിബേക്കാ ഇസ്ഹാക്കിനോടു പറഞ്ഞു: “ഏശാവിന്റെ ഭാര്യമാരായ ഹിത്യസ്‍ത്രീകൾ നിമിത്തം ഞാൻ വലഞ്ഞു. യാക്കോബും ഹിത്യരുടെ ഇടയിൽനിന്നു വിവാഹം ചെയ്താൽ പിന്നെ ജീവിച്ചിരുന്നിട്ടു കാര്യമില്ല.”

ഉൽപത്തി 27:18-46 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ അപ്പന്‍റെ അടുക്കൽ ചെന്നു: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: “ഞാൻ നിന്‍റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്‍റെ മകനോട്: “മകനേ, നിനക്കു ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്നു ചോദിച്ചു. അതിന് “അങ്ങേയുടെ ദൈവമായ യഹോവ എന്‍റെ നേർക്കു വരുത്തിത്തന്നു” എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്‍റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്‍റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്‍റെ കൈകൾ തന്നെ” എന്നു പറഞ്ഞു. അവന്‍റെ കൈകൾ സഹോദരനായ ഏശാവിന്‍റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ട് അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. “നീ എന്‍റെ മകൻ ഏശാവ് തന്നെയോ” എന്നു അവൻ ചോദിച്ചു. അതിന്: “അതേ” എന്നു അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക്ക്: “എന്‍റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ മകന്‍റെ വേട്ടയിറച്ചി ഞാൻ ഭക്ഷിക്കാം” എന്നു പറഞ്ഞു; യാക്കോബ് അടുക്കൽ കൊണ്ടുചെന്നു, യിസ്ഹാക്ക് തിന്നു; വീഞ്ഞും കൊണ്ടുചെന്നു, യിസ്ഹാക്ക് കുടിച്ചു. പിന്നെ അവന്‍റെ അപ്പനായ യിസ്ഹാക്ക് അവനോട്: “മകനേ, നീ അടുത്തുവന്ന് എന്നെ ചുംബിക്കുക” എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് അവനെ ചുംബിച്ചു; അവൻ അവന്‍റെ വസ്ത്രങ്ങളുടെ വാസന മണത്ത് അവനെ അനുഗ്രഹിച്ചു പറഞ്ഞത്: “ഇതാ, എന്‍റെ മകന്‍റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്‍റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാരാളം ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജനതകൾ നിന്നെ വണങ്ങട്ടെ; നിന്‍റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കുക; നിന്‍റെ മാതാവിൻ്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ.” യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിന്‍റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്‍റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു. അവനും രുചികരമായ ഭക്ഷണം ഉണ്ടാക്കി അപ്പന്‍റെ അടുക്കൽ കൊണ്ടുചെന്ന് അപ്പനോട്: “അപ്പൻ എഴുന്നേറ്റ് മകന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു. അവന്‍റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നീ ആർ” എന്നു ചോദിച്ചു. അതിന്: “ഞാൻ അങ്ങേയുടെ മകൻ, അങ്ങേയുടെ ആദ്യജാതൻ ഏശാവ്” എന്നു അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് അത്യധികം ഭ്രമിച്ചു നടുങ്ങി: “എന്നാൽ വേട്ടയാടി എന്‍റെ അടുക്കൽ കൊണ്ടുവന്നവൻ ആരാകുന്നു? നീ വരുന്നതിനുമുമ്പെ ഞാൻ സകലവും ഭക്ഷിച്ച് അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും” എന്നു പറഞ്ഞു. ഏശാവ് അപ്പന്‍റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: “അപ്പാ, എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ” എന്നു അപ്പനോട് പറഞ്ഞു. അതിന് അവൻ: “നിന്‍റെ സഹോദരൻ ഉപായത്തോടെ വന്നു നിന്‍റെ അനുഗ്രഹം അപഹരിച്ചു” എന്നു പറഞ്ഞു. “ശരി, യാക്കോബ് എന്നല്ലോ അവന്‍റെ പേർ; ഈ രണ്ടാം പ്രാവശ്യവും അവൻ എന്നെ ചതിച്ചു; അവൻ എന്‍റെ ജ്യേഷ്ഠാവകാശം അപഹരിച്ചിരിക്കുന്നു; ഇപ്പോൾ ഇതാ, എന്‍റെ അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു” എന്നു അവൻ പറഞ്ഞു. “അങ്ങ് എനിക്ക് ഒരു അനുഗ്രഹവും കരുതിവച്ചിട്ടില്ലയോ” എന്നു അവൻ ചോദിച്ചു. യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്‍റെ സഹോദരന്മാരെ എല്ലാവരേയും അവനു ദാസന്മാരാക്കി; അവനു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കുവേണ്ടി ഞാൻ എന്ത് ചെയ്യേണ്ടു മകനേ?” എന്നു ഉത്തരം പറഞ്ഞു. ഏശാവ് പിതാവിനോട്: “അപ്പാ, അങ്ങേയ്ക്ക് ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ” എന്നു പറഞ്ഞ് പൊട്ടിക്കരഞ്ഞു. അപ്പോൾ അവന്‍റെ അപ്പനായ യിസ്ഹാക്ക് മറുപടിയായിട്ട് അവനോട് പറഞ്ഞത്: “നിന്‍റെ വാസസ്ഥലം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും. നിന്‍റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്‍റെ സഹോദരനെ നീ സേവിക്കും. നിന്‍റെ കെട്ട് അഴിഞ്ഞുപോകുമ്പോൾ നീ അവന്‍റെ നുകം കഴുത്തിൽനിന്ന് കുടഞ്ഞുകളയും.” തന്‍റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവ് അവനെ ദ്വേഷിച്ച്: “അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്‍റെ സഹോദരനായ യാക്കോബിനെ കൊല്ലും” എന്നു ഏശാവ് ഹൃദയത്തിൽ പറഞ്ഞു. മൂത്തമകനായ ഏശാവിന്‍റെ വാക്ക് റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ച് വിളിപ്പിച്ച് അവനോട് പറഞ്ഞത്: “നിന്‍റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. അതുകൊണ്ട് മകനേ, എന്‍റെ വാക്ക് അനുസരിക്കുക: നീ എഴുന്നേറ്റു ഹാരാനിൽ എന്‍റെ സഹോദരനായ ലാബാൻ്റെ അടുക്കലേക്ക് ഓടിപ്പോകുക. നിന്‍റെ സഹോദരന്‍റെ ക്രോധം തീരുവോളം കുറെ ദിവസം അവന്‍റെ അടുക്കൽ പാർക്കുക. നിന്‍റെ സഹോദരനു നിന്നോടുള്ള കോപം മാറി നീ അവനോട് ചെയ്തത് അവൻ മറക്കുന്നതുവരെ തന്നെ; പിന്നെ ഞാൻ ആളയച്ച് നിന്നെ അവിടെനിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നെ നിങ്ങൾ ഇരുവരും എനിക്ക് ഇല്ലാതെയാകുന്നത് എന്തിന്?” പിന്നെ റിബെക്കാ യിസ്ഹാക്കിനോട്: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എനിക്ക് എന്‍റെ ജീവിതം മടുത്തു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന് ജീവിക്കുന്നു?” എന്നു പറഞ്ഞു.

ഉൽപത്തി 27:18-46 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു. അവന്റെ കൈകൾ സഹോദരനായ ഏശാവിന്റെ കൈകൾപോലെ രോമമുള്ളവയാകകൊണ്ടു അവൻ തിരിച്ചറിയാതെ അവനെ അനുഗ്രഹിച്ചു. നീ എന്റെ മകൻ ഏശാവ് തന്നേയോ എന്നു അവൻ ചോദിച്ചതിന്നു: അതേ എന്നു അവൻ പറഞ്ഞു. അപ്പോൾ അവൻ: എന്റെ അടുക്കൽ കൊണ്ടുവാ; ഞാൻ നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ മകന്റെ വേട്ടയിറച്ചി ഞാൻ തിന്നാം എന്നു പറഞ്ഞു; അവൻ അടുക്കൽ കൊണ്ടു ചെന്നു, അവൻ തിന്നു; അവൻ വീഞ്ഞും കൊണ്ടുചെന്നു, അവൻ കുടിച്ചു. പിന്നെ അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: മകനേ, നീ അടുത്തുവന്നു എന്നെ ചുംബിക്ക എന്നു പറഞ്ഞു. അവൻ അടുത്തുചെന്നു അവനെ ചുംബിച്ചു; അവൻ അവന്റെ വസ്ത്രങ്ങളുടെ വാസന മണത്തു അവനെ അനുഗ്രഹിച്ചു പറഞ്ഞതു: ഇതാ, എന്റെ മകന്റെ വാസന യഹോവ അനുഗ്രഹിച്ചിരിക്കുന്ന വയലിലെ വാസനപോലെ. ദൈവം ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും അനവധി ധാന്യവും വീഞ്ഞും നിനക്കു തരുമാറാകട്ടെ. വംശങ്ങൾ നിന്നെ സേവിക്കട്ടെ; ജാതികൾ നിന്നെ വണങ്ങട്ടെ; നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്ക; നിന്റെ മാതാവിന്റെ പുത്രന്മാർ നിന്നെ വണങ്ങട്ടെ. നിന്നെ ശപിക്കുന്നവൻ എല്ലാം ശപിക്കപ്പെട്ടവൻ; നിന്നെ അനുഗ്രഹിക്കുന്നവൻ എല്ലാം അനുഗ്രഹിക്കപ്പെട്ടവൻ. യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു കഴിഞ്ഞപ്പോൾ യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിന്റെ മുമ്പിൽനിന്നു പുറപ്പെട്ടു; ഉടനെ അവന്റെ സഹോദരൻ ഏശാവ് വേട്ട കഴിഞ്ഞു മടങ്ങിവന്നു. അവനും രുചികരമായ ഭോജനം ഉണ്ടാക്കി അപ്പന്റെ അടുക്കൽ കൊണ്ടുചെന്നു അപ്പനോടു: അപ്പൻ എഴുന്നേറ്റു മകന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. അവന്റെ അപ്പനായ യിസ്ഹാക്ക് അവനോടു: നീ ആർ എന്നു ചോദിച്ചതിന്നു: ഞാൻ നിന്റെ മകൻ, നിന്റെ ആദ്യജാതൻ ഏശാവ് എന്നു അവൻ പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് അത്യന്തം ഭ്രമിച്ചു നടുങ്ങി: എന്നാൽ വേട്ടതേടി എന്റെ അടുക്കൽ കൊണ്ടുവന്നവൻ ആർ? നീ വരുമുമ്പെ ഞാൻ സകലവും തിന്നു അവനെ അനുഗ്രഹിച്ചിരിക്കുന്നു; അവൻ അനുഗ്രഹിക്കപ്പെട്ടവനുമാകും എന്നു പറഞ്ഞു. ഏശാവ് അപ്പന്റെ വാക്കു കേട്ടപ്പോൾ അതിദുഃഖിതനായി ഉറക്കെ നിലവിളിച്ചു: അപ്പാ, എന്നെ, എന്നെയും കൂടെ അനുഗ്രഹിക്കേണമേ എന്നു അപ്പനോടു പറഞ്ഞു. അതിന്നു അവൻ: നിന്റെ സഹോദരൻ ഉപായത്തോടെ വന്നു നിന്റെ അനുഗ്രഹം അപഹരിച്ചുകളഞ്ഞു എന്നു പറഞ്ഞു. ശരി, യാക്കോബ് എന്നല്ലോ അവന്റെ പേർ; രണ്ടു പ്രാവശ്യം അവൻ എന്നെ ചതിച്ചു; അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു; ഇപ്പോൾ ഇതാ, എന്റെ അനുഗ്രഹവും അപഹരിച്ചുകളഞ്ഞു എന്നു അവൻ പറഞ്ഞു. നീ എനിക്കു ഒരു അനുഗ്രഹവും കരുതിവെച്ചിട്ടില്ലയോ എന്നു അവൻ ചോദിച്ചു. യിസ്ഹാക്ക് ഏശാവിനോടു: ഞാൻ അവനെ നിനക്കു പ്രഭുവാക്കി അവന്റെ സഹോദരന്മാരെ ഒക്കെയും അവന്നു ദാസന്മാരാക്കി; അവന്നു ധാന്യവും വീഞ്ഞും കൊടുത്തു; ഇനി നിനക്കു ഞാൻ എന്തു തരേണ്ടു മകനേ, എന്നു ഉത്തരം പറഞ്ഞു. ഏശാവ് പിതാവിനോടു: നിനക്കു ഒരു അനുഗ്രഹം മാത്രമേ ഉള്ളുവോ, അപ്പാ? എന്നെ, എന്നെയുംകൂടെ അനുഗ്രഹിക്കേണമേ, അപ്പാ എന്നു പറഞ്ഞു പൊട്ടിക്കരഞ്ഞു. എന്നാറെ അവന്റെ അപ്പനായ യിസ്ഹാക്ക് ഉത്തരമായിട്ടു അവനോടു പറഞ്ഞതു: നിന്റെ വാസം ഭൂമിയിലെ പുഷ്ടികൂടാതെയും മീതെ ആകാശത്തിലെ മഞ്ഞുകൂടാതെയും ഇരിക്കും. നിന്റെ വാളുകൊണ്ടു നീ ഉപജീവിക്കും; നിന്റെ സഹോദരനെ നീ സേവിക്കും. നിന്റെ കെട്ടു അഴിഞ്ഞുപോകുമ്പോൾ നീ അവന്റെ നുകം കഴുത്തിൽനിന്നു കുടഞ്ഞുകളയും. തന്റെ അപ്പൻ യാക്കോബിനെ അനുഗ്രഹിച്ച അനുഗ്രഹം നിമിത്തം ഏശാവു അവനെ ദ്വേഷിച്ചു: അപ്പനെക്കുറിച്ചു ദുഃഖിക്കുന്ന കാലം അടുത്തിരിക്കുന്നു; അപ്പോൾ ഞാൻ എന്റെ സഹോദരനായ യാക്കോബിനെ കൊല്ലും എന്നു ഏശാവു ഹൃദയത്തിൽ പറഞ്ഞു. മൂത്തമകനായ ഏശാവിന്റെ വാക്കു റിബെക്കാ അറിഞ്ഞപ്പോൾ, അവൾ ഇളയമകനായ യാക്കോബിനെ ആളയച്ചു വിളിപ്പിച്ചു അവനോടു പറഞ്ഞതു: നിന്റെ സഹോദരൻ ഏശാവ് നിന്നെ കൊന്നു പകവീട്ടുവാൻ ഭാവിക്കുന്നു. ആകയാൽ മകനേ, എന്റെ വാക്കു കേൾക്ക: നീ എഴുന്നേറ്റു ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുക്കലേക്കു ഓടിപ്പോക. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുവോളം കുറെ നാൾ അവന്റെ അടുക്കൽ പാർക്ക. നിന്റെ സഹോദരന്നു നിന്നോടുള്ള കോപം മാറി നീ അവനോടു ചെയ്തതു അവൻ മറക്കുംവരെ അവിടെ താമസിക്ക; പിന്നെ ഞാൻ ആളയച്ചു നിന്നെ അവിടെ നിന്നു വരുത്തിക്കൊള്ളാം; ഒരു ദിവസം തന്നേ നിങ്ങൾ ഇരുവരും എനിക്കു ഇല്ലാതെയാകുന്നതു എന്തിനു? പിന്നെ റിബെക്കാ യിസ്ഹാക്കിനോടു: ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു? എന്നു പറഞ്ഞു.

ഉൽപത്തി 27:18-46 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു. അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു. യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു. “അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു. അവന്റെ കൈകൾ ഏശാവിന്റെ കൈകൾപോലെ രോമം നിറഞ്ഞതായിരുന്നതുകൊണ്ട്, അദ്ദേഹം അവനെ തിരിച്ചറിഞ്ഞില്ല; അങ്ങനെ യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചു. “നീ എന്റെ മകനായ ഏശാവുതന്നെയോ?” എന്ന് അദ്ദേഹം ചോദിച്ചു. “ഞാൻതന്നെ” അവൻ ഉത്തരം പറഞ്ഞു. “മോനേ, നിന്റെ വേട്ടയിറച്ചിയിൽ കുറെ എനിക്കു തരൂ, ഞാൻ ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കട്ടെ,” അദ്ദേഹം പറഞ്ഞു. യാക്കോബ് അത് പിതാവിന്റെ അടുക്കൽ കൊണ്ടുചെന്നു, അദ്ദേഹം അതു ഭക്ഷിച്ചു. അവൻ വീഞ്ഞും കൊണ്ടുചെന്നു. അതും അദ്ദേഹം പാനംചെയ്തു. പിന്നെ അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “മോനേ, അടുത്തുവന്ന് എന്നെ ചുംബിക്കൂ” എന്നു പറഞ്ഞു. അവൻ അടുത്തുചെന്ന് അദ്ദേഹത്തെ ചുംബിച്ചു. അവന്റെ വസ്ത്രം മണത്തുനോക്കി യിസ്ഹാക്ക് അവനെ അനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു: “ഹാ, എന്റെ മകന്റെ സുഗന്ധം യഹോവ അനുഗ്രഹിച്ച വയലിന്റെ സുഗന്ധംപോലെ. ദൈവം നിനക്ക് ആകാശത്തിന്റെ മഞ്ഞും ഭൂമിയുടെ പുഷ്ടിയും ധാന്യത്തിന്റെയും പുതുവീഞ്ഞിന്റെയും സമൃദ്ധിയും നൽകട്ടെ. രാഷ്ട്രങ്ങൾ നിന്നെ സേവിക്കുകയും ജനതകൾ നിന്നെ വണങ്ങുകയും ചെയ്യട്ടെ. നിന്റെ സഹോദരന്മാർക്കു നീ പ്രഭുവായിരിക്കട്ടെ; നിന്റെ അമ്മയുടെ പുത്രന്മാർ നിന്നെ നമിക്കട്ടെ. നിന്നെ ശപിക്കുന്നവർ ശപിക്കപ്പെടട്ടെ; നിന്നെ അനുഗ്രഹിക്കുന്നവർ അനുഗ്രഹിക്കപ്പെടട്ടെ.” യിസ്ഹാക്ക് യാക്കോബിനെ അനുഗ്രഹിച്ചുകഴിഞ്ഞപ്പോൾ അവൻ തന്റെ പിതാവിന്റെ മുമ്പിൽനിന്ന് കഷ്ടിച്ച് പുറത്തുപോയി. ഉടൻതന്നെ അവന്റെ സഹോദരനായ ഏശാവ് വേട്ടകഴിഞ്ഞ് മടങ്ങിയെത്തി. അവനും രുചികരമായ ഭക്ഷണം തയ്യാറാക്കി അപ്പന്റെ അടുക്കൽ കൊണ്ടുവന്നു. അവൻ അപ്പനോട്, “അപ്പാ, എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്നു ഭക്ഷിച്ച്, എന്നെ അനുഗ്രഹിക്കണമേ” എന്നു പറഞ്ഞു. അവന്റെ പിതാവായ യിസ്ഹാക്ക് അവനോട്: “നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മകൻ, അങ്ങയുടെ ആദ്യജാതനായ ഏശാവ്,” അവൻ പറഞ്ഞു. യിസ്ഹാക്ക് സംഭ്രമിച്ച് നടുങ്ങിപ്പോയി, അദ്ദേഹം പറഞ്ഞു: “അങ്ങനെയെങ്കിൽ എനിക്ക് വേട്ടയിറച്ചി കൊണ്ടുവന്നു തന്നതാരായിരുന്നു? നീ വരുന്നതിനു തൊട്ടുമുമ്പ് ഞാൻ അതു തിന്നുകയും അവനെ അനുഗ്രഹിക്കുകയും ചെയ്തു, അതേ, അവൻ വാസ്തവമായി അനുഗ്രഹിക്കപ്പെട്ടിരിക്കും!” പിതാവിന്റെ വാക്കുകൾ കേട്ട് ഏശാവ് അതീവദുഃഖത്തോടെ ഉറക്കെക്കരഞ്ഞു. “അപ്പാ, എന്നെ, എന്നെക്കൂടി അനുഗ്രഹിക്കണമേ,” അവൻ അപേക്ഷിച്ചു. എന്നാൽ യിസ്ഹാക്ക്, “നിന്റെ സഹോദരൻ ഉപായത്തിൽവന്നു നിനക്കുള്ള അനുഗ്രഹം തട്ടിയെടുത്തു” എന്നു പറഞ്ഞു. അതിന് ഏശാവ്: “അവന് യാക്കോബ് എന്നു പേരിട്ടിരിക്കുന്നതു ശരിതന്നെയല്ലോ! രണ്ടുപ്രാവശ്യവും അവൻ എന്നെ ചതിച്ചു. നേരത്തേ അവൻ എന്റെ ജ്യേഷ്ഠാവകാശം അപഹരിച്ചു, ഇപ്പോഴിതാ, എനിക്കുള്ള അനുഗ്രഹവും തട്ടിയെടുത്തിരിക്കുന്നു!” എന്നു പറഞ്ഞു. പിന്നെ അവൻ: “അങ്ങ്, എനിക്ക് ഒരനുഗ്രഹംപോലും കരുതിവെച്ചിട്ടില്ലയോ?” എന്നു ചോദിച്ചു. യിസ്ഹാക്ക് ഏശാവിനോട്: “ഞാൻ അവനെ നിനക്കു പ്രഭുവാക്കി: അവന്റെ സഹോദരന്മാരെയെല്ലാം അവന്റെ സേവകരാക്കി; ധാന്യവും വീഞ്ഞും അവനു നൽകി. ഇനി, മകനേ, നിനക്കുവേണ്ടി എനിക്കെന്തു ചെയ്യാൻ കഴിയും?” എന്നു പറഞ്ഞു. ഏശാവ് അപ്പനോട്: “അപ്പാ, അങ്ങേക്ക് ഒറ്റ അനുഗ്രഹമേ ഉള്ളോ? എന്നെയുംകൂടെ അനുഗ്രഹിക്കണമേ, അപ്പാ” എന്നു പറഞ്ഞ് ഉറക്കെ കരഞ്ഞു. അതിനുത്തരമായി അവന്റെ അപ്പനായ യിസ്ഹാക്ക് അവനോട്: “നിന്റെ വാസം ഭൂമിയുടെ സമൃദ്ധിയിൽനിന്നും മീതേ ആകാശത്തിൽനിന്നുള്ള മഞ്ഞിൽനിന്നും അകലെയായിരിക്കും. നീ വാൾകൊണ്ട് ഉപജീവനം നടത്തും; നീ നിന്റെ സഹോദരനെ സേവിക്കും. എന്നാൽ നീ അസ്വസ്ഥനായിത്തീരുമ്പോൾ അവന്റെ നുകം നിന്റെ ചുമലിൽനിന്ന് നീ കുടഞ്ഞുകളയും” എന്നു പറഞ്ഞു. യാക്കോബിനെ തന്റെ പിതാവ് അനുഗ്രഹിച്ചതുകൊണ്ട് ഏശാവിന് യാക്കോബിനോടു പകയുണ്ടായി. “എന്റെ പിതാവിനെച്ചൊല്ലി വിലപിക്കേണ്ട ദിവസങ്ങൾ അടുത്തുവരുന്നു, അതിനുശേഷം ഞാൻ എന്റെ സഹോദരൻ യാക്കോബിനെ കൊല്ലും,” അവൻ വിദ്വേഷത്തോടെ പറഞ്ഞു. ഏശാവിന്റെ വാക്കുകളെക്കുറിച്ചു റിബേക്കയ്ക്ക് അറിവുകിട്ടിയപ്പോൾ അവൾ തന്റെ ഇളയമകനായ യാക്കോബിനെ ആളയച്ചുവരുത്തി അവനോട്, “നിന്റെ സഹോദരനായ ഏശാവ് നിന്നെ കൊന്നു പകവീട്ടാൻ ആഗ്രഹിക്കുകയാണ്. അതുകൊണ്ട് മകനേ, ഞാൻ പറയുന്നതു കേൾക്കുക, ഹാരാനിൽ എന്റെ സഹോദരനായ ലാബാന്റെ അടുത്തേക്ക് ഓടിപ്പോകുക. നിന്റെ സഹോദരന്റെ ക്രോധം ശമിക്കുന്നതുവരെ കുറെക്കാലം അവിടെ താമസിക്കുക. നിന്റെ സഹോദരന് നിന്നോടുള്ള കോപം ശമിക്കുകയും നീ അവനോടു ചെയ്തത് മറക്കുകയും ചെയ്യട്ടെ. അപ്പോൾ ഞാൻ ആളയച്ച് നിന്നെ മടക്കിവരുത്താം. നിങ്ങൾ രണ്ടുപേരെയും എനിക്ക് ഒരേദിവസം നഷ്ടമാകുന്നതെന്തിന്?” എന്നു പറഞ്ഞു. പിന്നെ റിബേക്ക യിസ്ഹാക്കിനോട്, “ഈ ഹിത്യസ്ത്രീകൾനിമിത്തം എനിക്കു ജീവിതം മടുത്തു. ഈ നാട്ടുകാരികളായ ഇവരെപ്പോലെയുള്ള ഹിത്യസ്ത്രീകളിൽനിന്ന് ഒരുവളെ യാക്കോബ് വിവാഹംചെയ്താൽ പിന്നെ ഞാൻ എന്തിനു ജീവിക്കണം?” എന്നു പറഞ്ഞു.