ഉൽപത്തി 27:15-19
ഉൽപത്തി 27:15-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കലുള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
ഉൽപത്തി 27:15-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പിന്നെ റിബേക്കാ ഏശാവിന്റെ വകയായി താൻ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. ആട്ടിൻ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. പിന്നീട് താൻ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു.
ഉൽപത്തി 27:15-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
പിന്നെ റിബെക്കാ വീട്ടിൽ തന്‍റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്‍റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്നു: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: “ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു.
ഉൽപത്തി 27:15-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു.
ഉൽപത്തി 27:15-19 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ റിബേക്ക മൂത്തമകൻ ഏശാവിന്റേതായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും നല്ല വസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും അവൾ ആട്ടിൻകുട്ടിയുടെ തുകൽകൊണ്ടു മറച്ചു; പിന്നെ താൻ ഉണ്ടാക്കിയിരുന്ന രുചികരമായ ഭക്ഷണവും അപ്പവും ഇളയമകനായ യാക്കോബിനെ ഏൽപ്പിച്ചു. അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു. അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു. യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു.