ഉൽപത്തി 27:1-22

ഉൽപത്തി 27:1-22 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

യിസ്ഹാക് വൃദ്ധനായി അവന്റെ കണ്ണു കാൺമാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്തമകനായ ഏശാവിനെ വിളിച്ച് അവനോട്: മകനേ എന്നു പറഞ്ഞു. അവൻ അവനോട്: ഞാൻ ഇതാ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്ന് എനിക്കു വേണ്ടി വേട്ട തേടി എനിക്ക് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കും മുമ്പേ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ട തേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞത്: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട് സംസാരിച്ചു: ഞാൻ എന്റെ മരണത്തിനു മുമ്പേ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു. ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ട്, ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക. ആട്ടിൻകൂട്ടത്തിൽ ചെന്ന് അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ട് നിന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിനുമുമ്പേ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം. അതിനു യാക്കോബ് തന്റെ അമ്മയായ റിബെക്കായോട്: എന്റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമം ഇല്ലാത്തവനും ആകുന്നുവല്ലോ. പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്ന് അവന് തോന്നിയിട്ട് ഞാൻ എന്റെമേൽ അനുഗ്രഹമല്ല ശാപംതന്നെ വരുത്തും എന്നു പറഞ്ഞു. അവന്റെ അമ്മ അവനോട്: മകനേ, നിന്റെ ശാപം എന്റെമേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കലുള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻകുട്ടികളുടെ തോൽകൊണ്ട് അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കൈയിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്ന്: അപ്പാ, എന്നു പറഞ്ഞതിന്: ഞാൻ ഇതാ; നീ ആർ, മകനെ എന്ന് അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: ഞാൻ നിന്റെ ആദ്യജാതൻ ഏശാവ്; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക് തന്റെ മകനോട്: മകനേ, നിനക്ക് ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ എന്ന് ചോദിച്ചതിന് നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്ന് അവൻ പറഞ്ഞു. യിസ്ഹാക് യാക്കോബിനോട്: മകനേ, അടുത്തു വരിക; നീ എന്റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾതന്നെ എന്നു പറഞ്ഞു.

ഉൽപത്തി 27:1-22 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്ഹാക്ക് വൃദ്ധനായി, കാഴ്ചമങ്ങി. ഒരു ദിവസം മൂത്തമകനായ ഏശാവിനെ, “എന്റെ മകനേ” എന്നു വിളിച്ചു. “ഇതാ ഞാൻ ഇവിടെയുണ്ട്;” ഏശാവ് വിളി കേട്ടു. ഇസ്ഹാക്ക് പറഞ്ഞു: “നോക്കൂ, ഞാൻ വൃദ്ധനായി; എപ്പോൾ മരിക്കുമെന്നു ഞാൻ അറിയുന്നില്ല. നിന്റെ അമ്പും വില്ലുമെടുത്തു കാട്ടിൽ പോയി എനിക്കുവേണ്ടി ഏതെങ്കിലും മൃഗത്തെ ഉടനെതന്നെ വേട്ടയാടുക. വേട്ടയിറച്ചികൊണ്ട് എനിക്ക് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം ഉണ്ടാക്കിക്കൊണ്ടുവരിക. മരിക്കുംമുമ്പ് അതു ഭക്ഷിച്ച് ഞാൻ നിന്നെ അനുഗ്രഹിക്കട്ടെ. “ഇസ്ഹാക്കും ഏശാവും തമ്മിലുള്ള സംഭാഷണം റിബേക്കാ കേട്ടു. ഏശാവ് വേട്ടയ്‍ക്കായി പോയപ്പോൾ അവൾ യാക്കോബിനോടു പറഞ്ഞു: “നീ വേട്ടയ്‍ക്കു പോയി രുചിയുള്ള ഭക്ഷണം പാകം ചെയ്തുതരിക. ഞാൻ മരിക്കുംമുമ്പ് അതു ഭക്ഷിച്ചു സർവേശ്വരന്റെ സന്നിധിയിൽ നിന്നെ അനുഗ്രഹിക്കട്ടെ” എന്നു നിന്റെ പിതാവ് നിന്റെ സഹോദരനോടു പറയുന്നതു ഞാൻ കേട്ടു. അതുകൊണ്ട് എന്റെ മകനേ, ഞാൻ പറയുന്നതു നീ അനുസരിക്കുക. ആട്ടിൻകൂട്ടത്തിൽനിന്നു നല്ല രണ്ട് ആട്ടിൻകുട്ടികളെ പിടിച്ചു കൊണ്ടുവരിക. നിന്റെ പിതാവ് ഇഷ്ടപ്പെടുന്ന വിധത്തിൽ ഞാൻ അതു പാകം ചെയ്തുതരാം. അതു നീ പിതാവിനു കൊണ്ടുചെന്നു കൊടുക്കണം. അങ്ങനെ അപ്പൻ മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കട്ടെ.” യാക്കോബ് അമ്മയോടു പറഞ്ഞു: “എന്റെ സഹോദരനായ ഏശാവിന്റെ ദേഹം മുഴുവൻ രോമമുണ്ടല്ലോ. എന്റെ ദേഹമാകട്ടെ മിനുസ്സമുള്ളതും. ഒരുവേള പിതാവ് എന്നെ തൊട്ടുനോക്കിയാലോ? അപ്പോൾ ഞാൻ ചതിയനാണെന്നു വരും. അങ്ങനെ അനുഗ്രഹത്തിനു പകരം ശാപമായിരിക്കും എനിക്കു ലഭിക്കുക.” അമ്മ പറഞ്ഞു: “മകനേ, ആ ശാപം ഞാൻ ഏറ്റുകൊള്ളാം. ഞാൻ പറയുന്നതു നീ കേൾക്കൂ. നീ പോയി ആട്ടിൻകുട്ടികളെ കൊണ്ടുവരിക.” അങ്ങനെ യാക്കോബ് ചെന്ന് ആട്ടിൻകുട്ടികളെ പിടിച്ചുകൊണ്ടുവന്ന് അമ്മയെ ഏല്പിച്ചു; പിതാവിന് ഇഷ്ടപ്പെട്ട രുചികരമായ ഭക്ഷണം അമ്മ തയ്യാറാക്കി. പിന്നെ റിബേക്കാ ഏശാവിന്റെ വകയായി താൻ സൂക്ഷിച്ചിരുന്ന ഏറ്റവും വിശേഷപ്പെട്ട വസ്ത്രങ്ങളെടുത്ത് യാക്കോബിനെ ധരിപ്പിച്ചു. ആട്ടിൻ തോലുകൊണ്ട് കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. പിന്നീട് താൻ പാകം ചെയ്ത രുചികരമായ ഇറച്ചിയും അപ്പവും യാക്കോബിന്റെ കൈയിൽ കൊടുത്തു. യാക്കോബ് പിതാവിന്റെ അടുക്കൽ ചെന്നു, “അപ്പാ” എന്നു വിളിച്ചു. പിതാവ് വിളി കേട്ടു. “മകനേ നീ ആരാണ്?” എന്നു ചോദിച്ചു. “ഞാൻ അങ്ങയുടെ മൂത്തമകൻ ഏശാവാണ്. അങ്ങു പറഞ്ഞതുപോലെ ഞാൻ വേട്ടയിറച്ചി തയ്യാറാക്കി കൊണ്ടുവന്നിരിക്കുന്നു. എഴുന്നേറ്റ് ഇതു ഭക്ഷിച്ച് എന്നെ അനുഗ്രഹിച്ചാലും” എന്നു യാക്കോബ് പറഞ്ഞു. “ഇത്രവേഗം നിനക്ക് എങ്ങനെ വേട്ടയിറച്ചി കിട്ടി?” എന്നു പിതാവ് അന്വേഷിച്ചു. “അങ്ങയുടെ ദൈവമായ സർവേശ്വരൻ സഹായിച്ചു” എന്നു യാക്കോബു മറുപടി പറഞ്ഞു. ഇസ്ഹാക്ക് യാക്കോബിനോടു പറഞ്ഞു: “മകനേ, അടുത്തു വരൂ; നീ എന്റെ മൂത്തമകൻ ഏശാവു തന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ.” യാക്കോബ് ഇസ്ഹാക്കിന്റെ സമീപത്തേക്കു ചെന്നു; അദ്ദേഹം അവനെ തപ്പിനോക്കിക്കൊണ്ടു പറഞ്ഞു: “ശബ്ദം യാക്കോബിൻറേതാണ്. എന്നാൽ കൈകൾ ഏശാവിൻറേതുപോലെ.”

ഉൽപത്തി 27:1-22 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

യിസ്ഹാക്ക് വൃദ്ധനായി അവന്‍റെ കണ്ണ് കാണുവാൻ കഴിയാതവണ്ണം മങ്ങിയപ്പോൾ അവൻ മൂത്തമകനായ ഏശാവിനെ വിളിച്ച് വരുത്തി അവനോട്: “മകനേ,” എന്നു പറഞ്ഞു. അവൻ അവനോട്: “ഞാൻ ഇതാ” എന്നു പറഞ്ഞു. അപ്പോൾ അവൻ: “ഞാൻ വൃദ്ധനായിരിക്കുന്നു; എന്‍റെ മരണദിവസം അറിയുന്നതുമില്ല. നീ ഇപ്പോൾ നിന്‍റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കുവേണ്ടി വേട്ടതേടി എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി, ഞാൻ മരിക്കുംമുമ്പ് ഭക്ഷിച്ച് നിന്നെ അനുഗ്രഹിക്കേണ്ടതിന് എന്‍റെ അടുക്കൽ കൊണ്ടുവരുക” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്‍റെ മകനായ ഏശാവിനോടു പറയുമ്പോൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടയാടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. റിബെക്കാ തന്‍റെ മകനായ യാക്കോബിനോടു പറഞ്ഞത്: “നിന്‍റെ അപ്പൻ നിന്‍റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു: ‘ഞാൻ എന്‍റെ മരണത്തിനു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിനു നീ വേട്ടയിറച്ചി കൊണ്ടുവന്ന് രുചികരമായ ഭക്ഷണം ഉണ്ടാക്കിത്തരിക’ എന്നു പറയുന്നത് ഞാൻ കേട്ടു. അതുകൊണ്ട് മകനേ, നീ എന്‍റെ വാക്ക് കേട്ടു ഞാൻ നിന്നോട് കല്പിക്കുന്നത് ചെയ്ക. ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്ന് രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരുക; ഞാൻ അവയെക്കൊണ്ട് നിന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കും. നിന്‍റെ അപ്പൻ തിന്നു തന്‍റെ മരണത്തിനു മുമ്പെ നിന്നെ അനുഗ്രഹിക്കേണ്ടതിനു നീ അത് അപ്പന്‍റെ അടുക്കൽ കൊണ്ടുചെല്ലേണം.” അതിന് യാക്കോബ് തന്‍റെ അമ്മയായ റിബെക്കായോട്: “എന്‍റെ സഹോദരനായ ഏശാവ് രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ. പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ചതിയൻ എന്നു അപ്പന് തോന്നിയിട്ട് ഞാൻ എന്‍റെ മേൽ അനുഗ്രഹമല്ല ശാപം തന്നെ വരുത്തും” എന്നു പറഞ്ഞു. അവന്‍റെ അമ്മ അവനോട്: “മകനേ, നിന്‍റെ ശാപം എന്‍റെ മേൽ വരട്ടെ; എന്‍റെ വാക്കുമാത്രം അനുസരിക്കുക; പോയി കൊണ്ടുവാ” എന്നു പറഞ്ഞു. അവൻ ചെന്നു പിടിച്ച് അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്‍റെ അപ്പന് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി. പിന്നെ റിബെക്കാ വീട്ടിൽ തന്‍റെ കൈവശം ഉള്ളതായ മൂത്തമകൻ ഏശാവിന്‍റെ വിശേഷവസ്ത്രങ്ങൾ എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ട് അവന്‍റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ മാംസാഹാരവും അപ്പവും തന്‍റെ മകനായ യാക്കോബിന്‍റെ കയ്യിൽ കൊടുത്തു. അവൻ അപ്പന്‍റെ അടുക്കൽ ചെന്നു: “അപ്പാ” എന്നു പറഞ്ഞതിന്: “ഞാൻ ഇതാ; നീ ആരാകുന്നു, മകനേ” എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോട്: “ഞാൻ നിന്‍റെ ആദ്യജാതൻ ഏശാവ്; എന്നോട് കല്പിച്ചത് ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റിരുന്ന് എന്‍റെ വേട്ടയിറച്ചി തിന്ന് എന്നെ അനുഗ്രഹിക്കേണമേ” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്‍റെ മകനോട്: “മകനേ, നിനക്കു ഇത്രവേഗത്തിൽ കിട്ടിയത് എങ്ങനെ” എന്നു ചോദിച്ചു. അതിന് “അങ്ങേയുടെ ദൈവമായ യഹോവ എന്‍റെ നേർക്കു വരുത്തിത്തന്നു” എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോട്: “മകനേ, അടുത്തുവരിക; നീ എന്‍റെ മകനായ ഏശാവ് തന്നെയോ അല്ലയോ എന്നു ഞാൻ തടവി നോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്‍റെ അപ്പനായ യിസ്ഹാക്കിനോട് അടുത്തുചെന്നു; അവൻ യാക്കോബിനെ തപ്പിനോക്കി: “ശബ്ദം യാക്കോബിന്‍റെ ശബ്ദം; പക്ഷേ കൈകൾ ഏശാവിന്‍റെ കൈകൾ തന്നെ” എന്നു പറഞ്ഞു.

ഉൽപത്തി 27:1-22 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

യിസ്ഹാക്ക് വൃദ്ധനായി അവന്റെ കണ്ണു കാണ്മാൻ വഹിയാതവണ്ണം മങ്ങിയപ്പോൾ അവൻ ഒരു ദിവസം മൂത്ത മകനായ ഏശാവിനെ വിളിച്ചു അവനോടു: മകനേ, എന്നു പറഞ്ഞു. അവൻ അവനോടു: ഞാൻ ഇതാ എന്നു പറഞ്ഞു. അപ്പോൾ അവൻ: ഞാൻ വൃദ്ധനായിരിക്കുന്നു; എന്റെ മരണദിവസം അറിയുന്നതുമില്ല. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ വില്ലും പൂണിയും എടുത്തു കാട്ടിൽ ചെന്നു എനിക്കു വേണ്ടി വേട്ട തേടി എനിക്കു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി, ഞാൻ മരിക്കുമ്മുമ്പെ തിന്നു നിന്നെ അനുഗ്രഹിക്കേണ്ടതിന്നു എന്റെ അടുക്കൽ കൊണ്ടുവരിക എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു പറയുമ്പൊൾ റിബെക്കാ കേട്ടു. ഏശാവോ വേട്ടതേടി കൊണ്ടുവരുവാൻ കാട്ടിൽ പോയി. റിബെക്കാ തന്റെ മകനായ യാക്കോബിനോടു പറഞ്ഞതു: നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോടു സംസാരിച്ചു: ഞാൻ എന്റെ മരണത്തിന്നു മുമ്പെ തിന്നു നിന്നെ യഹോവയുടെ മുമ്പാകെ അനുഗ്രഹിക്കേണ്ടതിന്നു നീ വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭോജനം ഉണ്ടാക്കിത്തരിക എന്നു പറയുന്നതു ഞാൻ കേട്ടു. ആകയാൽ മകനേ, നീ എന്റെ വാക്കു കേട്ടു ഞാൻ നിന്നോടു കല്പിക്കുന്നതു ചെയ്ക. ആട്ടിൻകൂട്ടത്തിൽ ചെന്നു അവിടെനിന്നു രണ്ടു നല്ല കോലാട്ടിൻകുട്ടികളെ കൊണ്ടുവരിക; ഞാൻ അവയെക്കൊണ്ടു നിന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കും. നിന്റെ അപ്പൻ തിന്നു തന്റെ മരണത്തിന്നു മുമ്പെ അനുഗ്രഹിക്കേണ്ടതിന്നു നീ അതു അവന്റെ അടുക്കൽ കൊണ്ടുചെല്ലേണം. അതിന്നു യാക്കോബ് തന്റെ അമ്മയായ റിബെക്കയോടു: എന്റെ സഹോദരനായ ഏശാവു രോമമുള്ളവനും ഞാൻ രോമമില്ലാത്തവനും ആകുന്നുവല്ലോ. പക്ഷേ അപ്പൻ എന്നെ തപ്പിനോക്കും; ഞാൻ ഉപായി എന്നു അവന്നു തോന്നീട്ടു ഞാൻ എന്റെ മേൽ അനുഗ്രഹമല്ല ശാപം തന്നേ വരുത്തും എന്നു പറഞ്ഞു. അവന്റെ അമ്മ അവനോടു: മകനേ, നിന്റെ ശാപം എന്റെ മേൽ വരട്ടെ; എന്റെ വാക്കു മാത്രം കേൾക്ക; പോയി കൊണ്ടുവാ എന്നു പറഞ്ഞു. അവൻ ചെന്നു പിടിച്ചു അമ്മയുടെ അടുക്കൽ കൊണ്ടുവന്നു; അമ്മ അവന്റെ അപ്പന്നു ഇഷ്ടവും രുചികരവുമായ ഭോജനം ഉണ്ടാക്കി. പിന്നെ റിബെക്കാ വീട്ടിൽ തന്റെ പക്കൽ ഉള്ളതായ മൂത്തമകൻ ഏശാവിന്റെ വിശേഷവസ്ത്രം എടുത്തു ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവൾ കോലാട്ടിൻ കുട്ടികളുടെ തോൽകൊണ്ടു അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും പൊതിഞ്ഞു. താൻ ഉണ്ടാക്കിയ രുചികരമായ ഭോജനവും അപ്പവും തന്റെ മകനായ യാക്കോബിന്റെ കയ്യിൽ കൊടുത്തു. അവൻ അപ്പന്റെ അടുക്കൽ ചെന്നു: അപ്പാ എന്നു പറഞ്ഞതിന്നു: ഞാൻ ഇതാ; നീ ആർ, മകനേ എന്നു അവൻ ചോദിച്ചു. യാക്കോബ് അപ്പനോടു: ഞാൻ നിന്റെ ആദ്യജാതൻ ഏശാവു; എന്നോടു കല്പിച്ചതു ഞാൻ ചെയ്തിരിക്കുന്നു; എഴുന്നേറ്റു ഇരുന്നു എന്റെ വേട്ടയിറച്ചി തിന്നു എന്നെ അനുഗ്രഹിക്കേണമേ എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോടു: മകനേ, നിനക്കു ഇത്ര വേഗത്തിൽ കിട്ടിയതു എങ്ങനെ എന്നു ചോദിച്ചതിന്നു നിന്റെ ദൈവമായ യഹോവ എന്റെ നേർക്കു വരുത്തിത്തന്നു എന്നു അവൻ പറഞ്ഞു. യിസ്ഹാക്ക് യാക്കോബിനോടു: മകനെ, അടുത്തുവരിക; നീ എന്റെ മകനായ ഏശാവു തന്നേയോ അല്ലയോ എന്നു ഞാൻ തപ്പിനോക്കട്ടെ എന്നു പറഞ്ഞു. യാക്കോബ് തന്റെ അപ്പനായ യിസ്ഹാക്കിനോടു അടുത്തു ചെന്നു; അവൻ അവനെ തപ്പിനോക്കി: ശബ്ദം യാക്കോബിന്റെ ശബ്ദം; കൈകൾ ഏശാവിന്റെ കൈകൾ തന്നേ എന്നു പറഞ്ഞു.

ഉൽപത്തി 27:1-22 സമകാലിക മലയാളവിവർത്തനം (MCV)

യിസ്ഹാക്ക് വൃദ്ധനായി; അദ്ദേഹത്തിന്റെ കണ്ണുകൾ മങ്ങി: കാഴ്ച തീരെ ഇല്ലാതായി. അദ്ദേഹം മൂത്തമകനായ ഏശാവിനെ “എന്റെ മോനേ,” എന്നു വിളിച്ചു. “ഞാൻ ഇതാ” എന്ന് അവൻ ഉത്തരം പറഞ്ഞു. യിസ്ഹാക്ക് അവനോട്, “ഇതാ ഞാൻ വൃദ്ധനായിരിക്കുന്നു, എന്റെ മരണദിവസം എനിക്ക് അറിഞ്ഞുകൂടാ. നീ ഇപ്പോൾ നിന്റെ ആയുധങ്ങളായ ആവനാഴിയും വില്ലും എടുത്ത് വെളിമ്പ്രദേശത്തേക്കു ചെന്ന് എനിക്കുവേണ്ടി വേട്ടയാടുക. എനിക്ക് ഇഷ്ടവും രുചികരവുമായ ഭക്ഷണം ഉണ്ടാക്കി എന്റെ അടുക്കൽ കൊണ്ടുവരിക; ഞാൻ അതു ഭക്ഷിച്ച് മരിക്കുന്നതിനുമുമ്പ് നിന്നെ അനുഗ്രഹിക്കാം” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനായ ഏശാവിനോടു സംസാരിക്കുന്നത് റിബേക്ക കേട്ടു. ഏശാവു വേട്ടയാടിക്കൊണ്ടുവരാൻ വെളിമ്പ്രദേശത്തേക്കു പോയപ്പോൾ. റിബേക്ക തന്റെ മകനായ യാക്കോബിനോട് പറഞ്ഞു: “ഇതാ, നിന്റെ അപ്പൻ നിന്റെ സഹോദരനായ ഏശാവിനോട്, ‘വേട്ടയിറച്ചി കൊണ്ടുവന്നു രുചികരമായ ഭക്ഷണം തയ്യാറാക്കിത്തരിക, ഞാൻ മരിക്കുന്നതിനുമുമ്പ് യഹോവയുടെ സന്നിധിയിൽ ഞാൻ നിന്നെ അനുഗ്രഹിക്കാം’ എന്നു പറയുന്നതു ഞാൻ കേട്ടു. അതുകൊണ്ട് മകനേ, ഇപ്പോൾ നീ ശ്രദ്ധിച്ചുകേട്ട് ഞാൻ പറയുന്നതുപോലെ ചെയ്യണം. നീ ആട്ടിൻപറ്റത്തിലേക്കു ചെന്ന് നല്ല രണ്ട് ആട്ടിൻകുട്ടികളെ കൊണ്ടുവരണം. ഞാൻ അതുകൊണ്ട് നിന്റെ അപ്പന് ഇഷ്ടപ്പെടുന്നവിധത്തിൽ സ്വാദിഷ്ഠമായ ഭക്ഷണം തയ്യാറാക്കാം. നീ അതു കൊണ്ടുപോയി നിന്റെ അപ്പനു ഭക്ഷിക്കാൻ കൊടുക്കണം; അപ്പൻ അതു തിന്ന് മരണത്തിനുമുമ്പ് നിന്നെ അനുഗ്രഹിക്കും.” എന്നാൽ, യാക്കോബ് തന്റെ അമ്മയായ റിബേക്കയോട്: “എന്റെ സഹോദരനായ ഏശാവ് രോമം ഉള്ളവനും ഞാൻ രോമം ഇല്ലാത്തവനുമാണ്. അപ്പൻ എന്നെ തൊട്ടുനോക്കിയാൽ എന്തുചെയ്യും? ഞാൻ അദ്ദേഹത്തെ കബളിപ്പിക്കുകയാണെന്നു വരും. അതെനിക്ക് അനുഗ്രഹത്തിനുപകരം ശാപത്തിനു കാരണമാകും” എന്നു പറഞ്ഞു. അവന്റെ അമ്മ അവനോട്, “എന്റെ മകനേ, ആ ശാപം എന്റെമേൽ വന്നുകൊള്ളട്ടെ; ഞാൻ പറയുന്നതു ചെയ്യുക, നീ ചെന്ന് ആട്ടിൻകുട്ടികളെ കൊണ്ടുവരിക” എന്നു പറഞ്ഞു. അങ്ങനെ അവൻ പോയി, അവയെ അമ്മയുടെ അടുക്കൽ കൊണ്ടുവന്നു. അവൾ അവന്റെ അപ്പന് ഇഷ്ടപ്പെടുന്നതരത്തിൽ രുചിയുള്ള ഭക്ഷണം തയ്യാറാക്കി. പിന്നെ റിബേക്ക മൂത്തമകൻ ഏശാവിന്റേതായി വീട്ടിൽ സൂക്ഷിച്ചുവെച്ചിരുന്ന ഏറ്റവും നല്ല വസ്ത്രം എടുത്ത് ഇളയമകൻ യാക്കോബിനെ ധരിപ്പിച്ചു. അവന്റെ കൈകളും രോമമില്ലാത്ത കഴുത്തും അവൾ ആട്ടിൻകുട്ടിയുടെ തുകൽകൊണ്ടു മറച്ചു; പിന്നെ താൻ ഉണ്ടാക്കിയിരുന്ന രുചികരമായ ഭക്ഷണവും അപ്പവും ഇളയമകനായ യാക്കോബിനെ ഏൽപ്പിച്ചു. അങ്ങനെ അവൻ അപ്പന്റെ അടുക്കൽച്ചെന്ന്, “അപ്പാ” എന്നു വിളിച്ചു. അദ്ദേഹം “മോനേ” എന്നു വിളികേട്ടിട്ട്, “അതാരാകുന്നു?” എന്നു ചോദിച്ചു. യാക്കോബ് തന്റെ അപ്പനോട്, “ഞാൻ അങ്ങയുടെ ആദ്യജാതനായ ഏശാവാണ്. എന്നോടു പറഞ്ഞതുപോലെ ഞാൻ ചെയ്തിരിക്കുന്നു. എഴുന്നേറ്റിരുന്ന് ഞാൻ കൊണ്ടുവന്ന വേട്ടയിറച്ചിയിൽനിന്ന് ഭക്ഷിച്ച് എന്നെ അനുഗ്രഹിക്കുക.” എന്നു പറഞ്ഞു. യിസ്ഹാക്ക് തന്റെ മകനോട്, “മോനേ, നിനക്ക് ഇത്ര വേഗത്തിൽ ഇതു കിട്ടിയതെങ്ങനെ?” എന്നു ചോദിച്ചു. “അങ്ങയുടെ ദൈവമായ യഹോവ അതിനെ എന്റെമുമ്പിൽ എത്തിച്ചു,” എന്ന് അവൻ മറുപടി പറഞ്ഞു. അപ്പോൾ യിസ്ഹാക്ക് യാക്കോബിനോട്: “മോനേ, അടുത്തുവരൂ, നീ എന്റെ മകനായ ഏശാവുതന്നെയോ എന്നു ഞാൻ തൊട്ടുനോക്കട്ടെ” എന്നു പറഞ്ഞു. യാക്കോബ് തന്റെ പിതാവായ യിസ്ഹാക്കിന്റെ അടുത്തേക്കുചെന്നു. അദ്ദേഹം അവനെ തൊട്ടുകൊണ്ട്: “ശബ്ദം യാക്കോബിന്റേത്; എന്നാൽ, കൈകൾ ഏശാവിന്റേത്” എന്നു പറഞ്ഞു.