ഉൽപത്തി 26:6-11

ഉൽപത്തി 26:6-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അങ്ങനെ യിസ്ഹാക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ച് അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരി എന്ന് അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക് കിളിവാതിൽക്കൽക്കൂടി നോക്കി യിസ്ഹാക് തന്റെ ഭാര്യയായ റിബെക്കായോടുകൂടെ വിനോദിക്കുന്നതു കണ്ടു. അബീമേലെക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരി എന്നു നീ പറഞ്ഞത് എങ്ങനെയെന്നു ചോദിച്ചതിന് യിസ്ഹാക് അവനോട്: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത് എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്: നീ ഞങ്ങളോട് ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അബീമേലെക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും എന്നു സകല ജനത്തോടും കല്പിച്ചു.

ഉൽപത്തി 26:6-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഇസ്ഹാക്ക് ഗെരാറിൽതന്നെ പാർത്തു. ആ ദേശത്തുള്ള ജനങ്ങൾ തന്റെ ഭാര്യയെപ്പറ്റി അന്വേഷിച്ചപ്പോൾ “അവൾ എന്റെ സഹോദരി” എന്നാണ് ഇസ്ഹാക്ക് പറഞ്ഞത്. റിബേക്കാ സുന്ദരി ആയിരുന്നതിനാൽ അവൾ നിമിത്തം അവിടെയുള്ള ജനങ്ങൾ തന്നെ കൊല്ലുമെന്ന് ഇസ്ഹാക്കു ഭയന്നു. അദ്ദേഹം അവിടെ പാർപ്പുറപ്പിച്ചു. ഏറെനാൾ കഴിഞ്ഞ് ഒരു ദിവസം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കൊട്ടാരത്തിന്റെ ജാലകത്തിലൂടെ നോക്കിയപ്പോൾ ഇസ്ഹാക്ക് റിബേക്കായുമായി രമിക്കുന്നതു കണ്ടു. അബീമേലെക്ക് ഇസ്ഹാക്കിനെ വിളിച്ചു ചോദിച്ചു: “അവൾ നിന്റെ ഭാര്യയല്ലേ? പിന്നെ എന്തുകൊണ്ട് അവൾ നിന്റെ സഹോദരിയാണെന്ന് എന്നോടു പറഞ്ഞു?” ഇസ്ഹാക്കു പറഞ്ഞു: “അവൾ നിമിത്തം മരിക്കേണ്ടിവരുമോ എന്നു ഭയന്നാണ് ഞാൻ അങ്ങനെ പറഞ്ഞത്.” “നീ ഞങ്ങളോട് എന്താണ് ഈ ചെയ്തത്? ജനങ്ങളിൽ ആരെങ്കിലും അവളോടൊത്തു ശയിക്കുകയും ഞങ്ങളുടെമേൽ കുറ്റം വരുകയും ചെയ്യുമായിരുന്നല്ലോ.” അതിനുശേഷം, അബീമേലെക്ക് എല്ലാ ജനങ്ങൾക്കും മുന്നറിയിപ്പു നല്‌കി: “ഈ മനുഷ്യനോടോ അവന്റെ ഭാര്യയോടോ അപമര്യാദയായി പെരുമാറുന്നവൻ വധിക്കപ്പെടും.”

ഉൽപത്തി 26:6-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്‍റെ ഭാര്യയെക്കുറിച്ച് അവനോട് ചോദിച്ചു; “അവൾ എന്‍റെ സഹോദരി” എന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളായതുകൊണ്ട് ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നെ കൊല്ലാതിരിക്കേണ്ടതിന് അവൾ എന്‍റെ ഭാര്യ എന്നു പറയുവാൻ അവൻ ഭയപ്പെട്ടു. അവൻ അവിടെ ഏറെക്കാലം ജീവിച്ചശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് ജനാലയിൽക്കൂടി നോക്കി യിസ്ഹാക്ക് തന്‍റെ ഭാര്യയായ റിബെക്കായോടുകൂടെ സല്ലപിക്കുന്നതു കണ്ടു. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: “അവൾ നിന്‍റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ ‘അവൾ എന്‍റെ സഹോദരി’ എന്നു നീ പറഞ്ഞത് എന്തിന്?“ എന്നു ചോദിച്ചു. അതിന് യിസ്ഹാക്ക് അവനോട്: “അവളുടെ നിമിത്തം മരിക്കാതിരിക്കുവാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞത്” എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്ക്: “നീ ഞങ്ങളോടു ഈ ചെയ്തത് എന്ത്? ജനത്തിൽ ആരെങ്കിലും നിന്‍റെ ഭാര്യയോടുകൂടെ ശയിക്കുവാനും നീ ഞങ്ങളുടെമേൽ കുറ്റം വരുത്തുവാനും ഇട വരുമായിരുന്നുവല്ലോ” എന്നു പറഞ്ഞു. പിന്നെ അബീമേലെക്ക്: “ഈ പുരുഷനെയോ അവന്‍റെ ഭാര്യയെയോ തൊടുന്നവനു മരണശിക്ഷ ഉണ്ടാകും” എന്നു സകലജനത്തോടും കല്പിച്ചു.

ഉൽപത്തി 26:6-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അങ്ങനെ യിസ്ഹാക്ക് ഗെരാരിൽ പാർത്തു. ആ സ്ഥലത്തെ ജനം അവന്റെ ഭാര്യയെക്കുറിച്ചു അവനോടു ചോദിച്ചു; അവൾ എന്റെ സഹോദരിയെന്നു അവൻ പറഞ്ഞു; റിബെക്കാ സൗന്ദര്യമുള്ളവളാകകൊണ്ടു ആ സ്ഥലത്തെ ജനം അവളുടെ നിമിത്തം തന്നേ കൊല്ലാതിരിക്കേണ്ടതിന്നു അവൾ എന്റെ ഭാര്യ എന്നു പറവാൻ അവൻ ശങ്കിച്ചു. അവൻ അവിടെ ഏറെക്കാലം പാർത്തശേഷം ഫെലിസ്ത്യരുടെ രാജാവായ അബീമേലെക്ക് കിളിവാതിൽക്കൽ കൂടി നോക്കി യിസ്ഹാക്ക് തന്റെ ഭാര്യയായ റിബെക്കയോടുകൂടെ വിനോദിക്കുന്നതു കണ്ടു. അബീമേലെക്ക് യിസ്ഹാക്കിനെ വിളിച്ചു: അവൾ നിന്റെ ഭാര്യയാകുന്നു നിശ്ചയം; പിന്നെ എന്റെ സഹോദരിയെന്നു നീ പറഞ്ഞതു എങ്ങനെ എന്നു ചോദിച്ചതിന്നു യിസ്ഹാക്ക് അവനോടു: അവളുടെ നിമിത്തം മരിക്കാതിരിപ്പാൻ ആകുന്നു ഞാൻ അങ്ങനെ പറഞ്ഞതു എന്നു പറഞ്ഞു. അപ്പോൾ അബീമേലെക്ക്: നീ ഞങ്ങളോടു ഈ ചെയ്തതു എന്തു? ജനത്തിൽ ആരെങ്കിലും നിന്റെ ഭാര്യയോടുകൂടെ ശയിപ്പാനും നീ ഞങ്ങളുടെ മേൽ കുറ്റം വരുത്തുവാനും സംഗതി വരുമായിരുന്നുവല്ലോ എന്നു പറഞ്ഞു. പിന്നെ അബീമേലെക്ക്: ഈ പുരുഷനെയോ അവന്റെ ഭാര്യയെയോ തൊടുന്നവന്നു മരണശിക്ഷ ഉണ്ടാകും എന്നു സകലജനത്തോടും കല്പിച്ചു.

ഉൽപത്തി 26:6-11 സമകാലിക മലയാളവിവർത്തനം (MCV)

അതുകൊണ്ട് യിസ്ഹാക്ക് ഗെരാരിൽ താമസിച്ചു. ആ സ്ഥലത്തെ ആളുകൾ അദ്ദേഹത്തോട് തന്റെ ഭാര്യയെക്കുറിച്ചു ചോദിച്ചപ്പോൾ “അവൾ എന്റെ സഹോദരിയാകുന്നു” എന്ന് അദ്ദേഹം പറഞ്ഞു. “അവൾ എന്റെ ഭാര്യയാകുന്നു” എന്നു പറയാൻ അദ്ദേഹത്തിനു ഭയമായിരുന്നു. “റിബേക്ക സുന്ദരിയായതുകൊണ്ട് അവൾക്കുവേണ്ടി ഈ സ്ഥലത്തുള്ള പുരുഷന്മാർ എന്നെ കൊന്നുകളയും” എന്ന് അദ്ദേഹം ചിന്തിച്ചു. യിസ്ഹാക്ക് അവിടെ താമസം തുടങ്ങിയിട്ട് ഏറെക്കാലം ആയിരുന്നു. ഒരിക്കൽ ഫെലിസ്ത്യരാജാവായ അബീമെലെക്ക് ഒരു ജനാലയിലൂടെ താഴേക്കു നോക്കിയപ്പോൾ യിസ്ഹാക്ക് തന്റെ ഭാര്യയായ റിബേക്കയെ ലാളിക്കുന്നതു കണ്ടു. അബീമെലെക്ക് യിസ്ഹാക്കിനെ ആളയച്ചുവരുത്തി, അദ്ദേഹത്തോട്, “അവൾ വാസ്തവത്തിൽ നിന്റെ ഭാര്യതന്നെ! ‘അവൾ എന്റെ സഹോദരി’ എന്നു നീ പറഞ്ഞതെന്തിന്?” എന്നു ചോദിച്ചു. അതിനു യിസ്ഹാക്ക്, “അവൾനിമിത്തം എനിക്കു ജീവഹാനി നേരിട്ടേക്കുമെന്നു ഞാൻ ഭയപ്പെട്ടതുകൊണ്ടാണ്” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബീമെലെക്ക്, “നീ ഞങ്ങളോട് ഈ ചെയ്തതെന്ത്? ജനങ്ങളിൽ ആരെങ്കിലും നിന്റെ ഭാര്യയോടൊപ്പം കിടക്കപങ്കിട്ടിരുന്നെങ്കിൽ, നീ ഞങ്ങളുടെ തലയിൽ അപരാധം വരുത്തിവെക്കുമായിരുന്നു” എന്നു പറഞ്ഞു. പിന്നെ അബീമെലെക്ക്, “ഈ മനുഷ്യനെയോ ഇദ്ദേഹത്തിന്റെ ഭാര്യയെയോ തൊടുന്നവന് മരണശിക്ഷ ലഭിക്കും” എന്ന് സകലജനത്തോടും കൽപ്പിച്ചു.