ഉൽപത്തി 25:7-11
ഉൽപത്തി 25:7-11 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണനുമായി നല്ല വാർധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേയ്ക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്ത് മക്പേലാ ഗുഹയിൽ അവനെ അടക്കംചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തുതന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കംചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക് ബേർലഹയീരോയീക്കരികെ പാർത്തു.
ഉൽപത്തി 25:7-11 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
നൂറ്റിഎഴുപത്തിയഞ്ചാമത്തെ വയസ്സിൽ തികഞ്ഞ വാർധക്യത്തിൽ അബ്രഹാം ചരമമടഞ്ഞു, പിതാക്കന്മാരോടു ചേർന്നു. പുത്രന്മാരായ ഇസ്ഹാക്കും ഇശ്മായേലുംകൂടി മമ്രെക്കു കിഴക്കു ഹിത്യനായ സോഹരിന്റെ മകൻ എഫ്രോന്റെ നിലത്തിലുള്ള മക്പേലാ ഗുഹയിൽ അദ്ദേഹത്തെ സംസ്കരിച്ചു. അത് ഹിത്യരിൽനിന്ന് അബ്രഹാം വിലയ്‍ക്കു വാങ്ങിയതായിരുന്നു. അവിടെ സാറായെ സംസ്കരിച്ചിടത്തു തന്നെ അബ്രഹാമിനെയും സംസ്കരിച്ചു. അബ്രഹാമിന്റെ മരണശേഷം അദ്ദേഹത്തിന്റെ പുത്രനായ ഇസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു. ഇസ്ഹാക്ക് ബേർ- ലഹയീ-രോയീയിലാണ് അപ്പോൾ പാർത്തിരുന്നത്.
ഉൽപത്തി 25:7-11 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബ്രാഹാമിന്‍റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു (175) വർഷം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിൻ്റെ മകനായ എഫ്രോനെന്ന ഹിത്യൻ്റെ നിലത്ത് മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയ നിലത്തു തന്നെ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറായെയും അടക്കം ചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ വസിച്ചു.
ഉൽപത്തി 25:7-11 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാഹാമിന്റെ ആയുഷ്കാലം നൂറ്റെഴുപത്തഞ്ചു സംവത്സരം ആയിരുന്നു. അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു. അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മക്പേലാഗുഹയിൽ അവനെ അടക്കം ചെയ്തു. അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു. അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാക്ക് ബേർലഹയിരോയീക്കരികെ പാർത്തു.
ഉൽപത്തി 25:7-11 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാഹാം നൂറ്റിയെഴുപത്തഞ്ചു വർഷം ജീവിച്ചിരുന്നു. വയോധികനും കാലസമ്പൂർണനുമായിത്തീർന്ന അബ്രാഹാം തികഞ്ഞ വാർധക്യത്തിൽ മരിച്ചു തന്റെ ജനത്തോടു ചേർന്നു. അദ്ദേഹത്തിന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലുംകൂടി, ഹിത്യനായ സോഹരിന്റെ മകനായ എഫ്രോന്റെ പുരയിടത്തിൽ മമ്രേയ്ക്കു സമീപമുള്ള മക്പേലാഗുഹയിൽ അദ്ദേഹത്തെ അടക്കംചെയ്തു. ഈ ശ്മശാനഭൂമി അബ്രാഹാം ഹിത്യരോടു വിലയ്ക്കു വാങ്ങിയതായിരുന്നു. അവിടെ അബ്രാഹാം തന്റെ ഭാര്യയായ സാറയോടൊപ്പം അടക്കംചെയ്യപ്പെട്ടു. അബ്രാഹാമിന്റെ മരണത്തിനുശേഷം അദ്ദേഹത്തിന്റെ പുത്രനായ യിസ്ഹാക്കിനെ ദൈവം അനുഗ്രഹിച്ചു; യിസ്ഹാക്ക് ആ കാലത്ത് ബേർ-ലഹയീ-രോയീലായിരുന്നു താമസിച്ചിരുന്നത്.