ഉൽപത്തി 24:5-9

ഉൽപത്തി 24:5-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ദാസൻ അവനോട്: പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. അബ്രാഹാം അവനോട് പറഞ്ഞത്: എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോടു സത്യം ചെയ്തവനുമായി സ്വർഗത്തിന്റെ ദൈവമായ യഹോവ എന്റെ മകനു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയയ്ക്കും. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകുക മാത്രം അരുത്. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈ വച്ച് അങ്ങനെ അവനോടു സത്യം ചെയ്തു.

ഉൽപത്തി 24:5-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ദാസൻ ചോദിച്ചു: “ഒരുപക്ഷേ, പെൺകുട്ടി സ്വന്തം വീടുവിട്ട് എന്റെകൂടെ ഈ സ്ഥലത്തേക്കു വരുന്നതിനു വിസമ്മതിച്ചാൽ ഞാൻ എന്തു ചെയ്യണം? അങ്ങയുടെ ജന്മസ്ഥലത്തേക്ക് അവിടുത്തെ പുത്രനെ ഞാൻ കൊണ്ടുപോകണമോ?” അബ്രഹാം പറഞ്ഞു: “എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൂട്ടിക്കൊണ്ടു വരികയും എന്നോടു സംസാരിക്കുകയും ഈ സ്ഥലം എന്റെ സന്തതിക്കു നല്‌കുമെന്നു വാഗ്ദാനം ചെയ്യുകയും ചെയ്ത സ്വർഗത്തിലെ ദൈവമായ സർവേശ്വരൻ അവിടുത്തെ ദൂതനെ നിനക്കു മുമ്പായി അയയ്‍ക്കും. നീ അവിടെനിന്ന് എന്റെ മകനു ഭാര്യയെ കണ്ടെത്തുകയും ചെയ്യും. എന്നാൽ ആ പെൺകുട്ടി നിന്റെകൂടെ പോരാൻ വിസമ്മതിച്ചാൽ എന്നോടു ചെയ്ത ഈ പ്രതിജ്ഞയിൽനിന്നു നീ വിമുക്തനായിരിക്കും. എന്തായാലും എന്റെ മകനെ അവിടേക്കു കൊണ്ടുപോകരുത്.” ദാസൻ തന്റെ യജമാനനായ അബ്രഹാമിന്റെ തുടയുടെ കീഴിൽ കൈവച്ച് അപ്രകാരം പ്രവർത്തിക്കാമെന്നു സത്യം ചെയ്തു.

ഉൽപത്തി 24:5-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ദാസൻ അവനോട്: “പക്ഷേ സ്ത്രീക്ക് എന്നോടുകൂടെ ഈ ദേശത്തേക്ക് വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്ക് ഞാൻ നിന്‍റെ മകനെ മടക്കിക്കൊണ്ടുപോകണമോ?“ എന്നു ചോദിച്ചു. അബ്രാഹാം അവനോട് പറഞ്ഞത്: “എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടു പോകാതിരിക്കുവാൻ സൂക്ഷിച്ചുകൊൾക. എന്‍റെ പിതൃഭവനത്തിൽ നിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോട് അരുളിച്ചെയ്തവനും നിന്‍റെ സന്തതിക്ക് ഞാൻ ഈ ദേശം കൊടുക്കുമെന്ന് എന്നോട് സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിൻ്റെ ദൈവമായ യഹോവ എന്‍റെ മകന് നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻതക്കവണ്ണം നിനക്കു മുമ്പായി തന്‍റെ ദൂതനെ അയക്കും. എന്നാൽ പെൺകുട്ടിക്ക് നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽനിന്ന് ഒഴിഞ്ഞിരിക്കും; എന്‍റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോവുക മാത്രം അരുത്.” അപ്പോൾ ദാസൻ തന്‍റെ യജമാനനായ അബ്രാഹാമിന്‍റെ തുടയിൻകീഴിൽ കൈവച്ച് ഈ കാര്യത്തെക്കുറിച്ച് അവനോട് സത്യംചെയ്തു.

ഉൽപത്തി 24:5-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ദാസൻ അവനോടു: പക്ഷേ സ്ത്രീക്കു എന്നോടുകൂടെ ഈ ദേശത്തേക്കു വരുവാൻ മനസ്സില്ലെങ്കിലോ? നീ വിട്ടുപോന്ന ദേശത്തേക്കു ഞാൻ നിന്റെ മകനെ മടക്കിക്കൊണ്ടുപോകേണമോ എന്നു ചോദിച്ചു. അബ്രാഹാം അവനോടു പറഞ്ഞതു: എന്റെ മകനെ അവിടെക്കു മടക്കിക്കൊണ്ടു പോകാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്റെ പിതൃഭവനത്തിൽനിന്നും ജന്മദേശത്തുനിന്നും എന്നെ കൊണ്ടുവന്നവനും എന്നോടു അരുളിച്ചെയ്തവനും നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു എന്നോടു സത്യം ചെയ്തവനുമായി സ്വർഗ്ഗത്തിന്റെ ദൈവമായ യഹോവ എന്റെ മകന്നു നീ ഒരു ഭാര്യയെ അവിടെനിന്നു കൊണ്ടുവരുവാൻ തക്കവണ്ണം നിനക്കു മുമ്പായി തന്റെ ദൂതനെ അയക്കും. എന്നാൽ സ്ത്രീക്കു നിന്നോടുകൂടെ വരുവാൻ മനസ്സില്ലെങ്കിൽ നീ ഈ സത്യത്തിൽ നിന്നു ഒഴിഞ്ഞിരിക്കും; എന്റെ മകനെ അവിടേക്കു മടക്കിക്കൊണ്ടുപോക മാത്രം അരുതു. അപ്പോൾ ദാസൻ തന്റെ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ കൈവെച്ചു അങ്ങനെ അവനോടു സത്യം ചെയ്തു.

ഉൽപത്തി 24:5-9 സമകാലിക മലയാളവിവർത്തനം (MCV)

ദാസൻ അദ്ദേഹത്തോട്: “ആ സ്ത്രീക്ക് എന്നോടൊപ്പം ഈ ദേശത്തേക്കു വരുന്നതിനു സമ്മതമില്ലെങ്കിലോ? അപ്പോൾ ഞാൻ അങ്ങു വിട്ടുപോന്ന ദേശത്തേക്ക് അങ്ങയുടെ മകനെ കൂട്ടിക്കൊണ്ടുപോകണമോ?” എന്നു ചോദിച്ചു. അതിന് അബ്രാഹാം മറുപടി പറഞ്ഞത്, “നീ എന്റെ പുത്രനെ ആ ദേശത്തേക്കു കൊണ്ടുപോകാൻ പാടില്ല. എന്നെ എന്റെ പിതൃഭവനത്തിൽനിന്നും സ്വദേശത്തുനിന്നും കൂട്ടിക്കൊണ്ടുവരികയും എന്നോടു സംസാരിക്കുകയും ‘ഞാൻ ഈ ദേശം നിന്റെ സന്തതിക്കു തരും’ എന്ന് ആണയിട്ടു വാഗ്ദാനം നൽകുകയും ചെയ്ത, സ്വർഗത്തിന്റെ ദൈവമായ യഹോവ, അവിടത്തെ ദൂതനെ നിനക്കുമുമ്പായി അയയ്ക്കും; അങ്ങനെ അവിടെനിന്ന് എന്റെ മകനു ഭാര്യയെ എടുക്കാൻ നിനക്കു സാധിക്കുകയും ചെയ്യും. സ്ത്രീ നിന്നോടുകൂടെ ഇങ്ങോട്ടുവരുന്നതിനു വിസമ്മതിക്കുന്നെങ്കിൽ എന്നോടുള്ള ഈ ശപഥത്തിൽനിന്ന് നീ ഒഴിഞ്ഞിരിക്കും. എന്നാൽ എന്റെ മകനെ ഒരിക്കലും അവിടേക്കു കൊണ്ടുപോകരുത്.” ആ ദാസൻ തന്റെ കൈ യജമാനനായ അബ്രാഹാമിന്റെ തുടയിൻകീഴിൽ വെച്ച്, ഇക്കാര്യം സംബന്ധിച്ച് അദ്ദേഹത്തോടു ശപഥംചെയ്തു.