ഉൽപത്തി 24:15-21

ഉൽപത്തി 24:15-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ പറഞ്ഞു തീരുംമുമ്പേ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ച് കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്ന്: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്ന് അവൾ പറഞ്ഞു വേഗം പാത്രം കൈയിൽ ഇറക്കി അവന് കുടിപ്പാൻ കൊടുത്തു. അവനു കുടിപ്പാൻ കൊടുത്തശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്ന് അറിയേണ്ടതിനു മിണ്ടാതിരുന്നു.

ഉൽപത്തി 24:15-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അയാൾ പ്രാർഥിച്ചുതീരുന്നതിനു മുമ്പായി റിബേക്കാ തോളിൽ കുടവുമായി അവിടെ എത്തി. അവൾ അബ്രഹാമിന്റെ സഹോദരൻ നാഹോരിനു മിൽക്കായിൽ ജനിച്ച ബെഥൂവേലിന്റെ പുത്രി ആയിരുന്നു. ആ കന്യക അതീവ സുന്ദരി ആയിരുന്നു. അവൾ ആ നീരുറവയിൽനിന്നു വെള്ളം നിറച്ച കുടവുമായി വന്നു. അബ്രഹാമിന്റെ ദാസൻ ഓടിച്ചെന്ന് അവളോടു, “കുടിക്കാൻ അല്പം വെള്ളം തന്നാലും” എന്നു പറഞ്ഞു. “പ്രഭോ, അങ്ങു കുടിച്ചാലും” എന്നു പറഞ്ഞ് ഉടനെ അവൾ കുടം താഴ്ത്തിക്കൊടുത്തു. അയാൾക്കു കുടിക്കാൻ കൊടുത്തശേഷം അവൾ പറഞ്ഞു: “അങ്ങയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം വെള്ളം ഞാൻ കോരിക്കൊടുക്കാം.” കുടത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചശേഷം വീണ്ടും വെള്ളം കോരാൻ അവൾ നീരുറവിനരികിലേക്ക് ഓടിപ്പോയി, ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. അപ്പോഴെല്ലാം അയാൾ അവളെ ശ്രദ്ധിച്ചുകൊണ്ടിരുന്നു; തന്റെ ദൗത്യം സർവേശ്വരൻ സഫലമാക്കിയെന്നു ബോധ്യപ്പെടുന്നതുവരെ അയാൾ നിശ്ശബ്ദനായിരുന്നു.

ഉൽപത്തി 24:15-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്‍റെ സഹോദരനായ നാഹോരിൻ്റെ ഭാര്യ മിൽക്കായുടെ മകൻ ബെഥൂവേലിൻ്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാലിക അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രത്തിൽ വെള്ളം നിറച്ച് കയറി വന്നു. ദാസൻ അവളെ കാണുവാനായി ഓടിച്ചെന്നു: “നിന്‍റെ പാത്രത്തിലെ വെള്ളം കുറച്ച് എനിക്ക് കുടിക്കുവാൻ തരേണം” എന്നു പറഞ്ഞു. “യജമാനനേ, കുടിക്ക” എന്നു അവൾ പറഞ്ഞു വേഗം പാത്രം അവളുടെ തോളിൽനിന്നും താഴ്ത്തി അവനു കുടിക്കുവാൻ കൊടുത്തു. അവനു കുടിക്കുവാൻ കൊടുത്തശേഷം: “അങ്ങേയുടെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം” എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്ക് ഓടി ഇറങ്ങി അവന്‍റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ സൂക്ഷിച്ചു നോക്കി, യഹോവ തന്‍റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന് മിണ്ടാതിരുന്നു.

ഉൽപത്തി 24:15-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ പറഞ്ഞു തീരുംമുമ്പെ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യ മിൽക്കയുടെ മകൻ ബെഥൂവേലിന്റെ മകൾ റിബെക്കാ തോളിൽ പാത്രവുമായി വന്നു. ബാല അതിസുന്ദരിയും പുരുഷൻ തൊടാത്ത കന്യകയും ആയിരുന്നു; അവൾ കിണറ്റിൽ ഇറങ്ങി പാത്രം നിറച്ചു കയറിവന്നു. ദാസൻ വേഗത്തിൽ അവളെ എതിരേറ്റു ചെന്നു: നിന്റെ പാത്രത്തിലെ വെള്ളം കുറെ എനിക്കു കുടിപ്പാൻ തരേണം എന്നു പറഞ്ഞു. യജമാനനേ, കുടിക്ക എന്നു അവൾ പറഞ്ഞു വേഗം പാത്രം കയ്യിൽ ഇറക്കി അവന്നു കുടിപ്പാൻ കൊടുത്തു. അവന്നു കുടിപ്പാൻ കൊടുത്ത ശേഷം: നിന്റെ ഒട്ടകങ്ങൾക്കും വേണ്ടുവോളം ഞാൻ കോരിക്കൊടുക്കാം എന്നു പറഞ്ഞു, പാത്രത്തിലെ വെള്ളം വേഗം തൊട്ടിയിൽ ഒഴിച്ചു, പിന്നെയും കോരിക്കൊണ്ടുവരുവാൻ കിണറ്റിലേക്കു ഓടി ഇറങ്ങി അവന്റെ ഒട്ടകങ്ങൾക്കും എല്ലാം കോരിക്കൊടുത്തു. ആ പുരുഷൻ അവളെ ഉറ്റുനോക്കി, യഹോവ തന്റെ യാത്രയെ സഫലമാക്കിയോ ഇല്ലയോ എന്നു അറിയേണ്ടതിന്നു മിണ്ടാതിരുന്നു.

ഉൽപത്തി 24:15-21 സമകാലിക മലയാളവിവർത്തനം (MCV)

അബ്രാഹാമിന്റെ ദാസൻ പ്രാർഥിച്ചുതീരുന്നതിനുമുമ്പ് റിബേക്കാ തോളിൽ കുടവുമായി വന്നു. അവൾ അബ്രാഹാമിന്റെ സഹോദരനായ നാഹോരിന്റെ ഭാര്യയായ മിൽക്കായുടെ മകനായ ബെഥൂവേലിന്റെ മകളായിരുന്നു. ആ പെൺകുട്ടി അതീവസുന്ദരിയും കന്യകയും പുരുഷസ്പർശമേൽക്കാത്തവളും ആയിരുന്നു. അവൾ കിണറ്റിലേക്ക് ഇറങ്ങിച്ചെന്നു കുടം നിറച്ചു കയറിവന്നു. ആ ദാസൻ തിടുക്കത്തിൽ അവളുടെ അടുത്തേക്കുചെന്ന്, “ദയവായി നിന്റെ കുടത്തിൽനിന്ന്, കുറച്ചുവെള്ളം എനിക്കു കുടിക്കാൻ തരണം” എന്നു പറഞ്ഞു. “പ്രഭോ, കുടിച്ചാലും” എന്നു പറഞ്ഞുകൊണ്ട് അവൾ പെട്ടെന്ന് കുടം കൈകളിൽ താഴ്ത്തി അയാൾക്കു കുടിക്കാൻ കൊടുത്തു. അദ്ദേഹത്തിനു കുടിക്കാൻ കൊടുത്തതിനുശേഷം അവൾ, “ഞാൻ അങ്ങയുടെ ഒട്ടകങ്ങൾക്കും കുടിക്കാൻ വെള്ളം വേണ്ടുവോളം കോരിക്കൊടുക്കാം” എന്നു പറഞ്ഞു. അവൾ കുടത്തിലെ വെള്ളം പെട്ടെന്നു തൊട്ടിയിലേക്ക് ഒഴിച്ചിട്ട് വെള്ളം കോരാൻ വീണ്ടും കിണറ്റിലേക്ക് ഓടിയിറങ്ങി; അദ്ദേഹത്തിന്റെ ഒട്ടകങ്ങൾക്കെല്ലാം വെള്ളം കോരിക്കൊടുത്തു. യഹോവ, തന്റെ യാത്ര വിജയകരമാക്കിയോ എന്നു ഗ്രഹിക്കേണ്ടതിന് ആ ദാസൻ ഒന്നും ഉരിയാടാതെ, അവളെ സൂക്ഷ്മമായി ശ്രദ്ധിച്ചു.