ഉൽപത്തി 23:1-9

ഉൽപത്തി 23:1-9 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സാറായ്ക്കു നൂറ്റിയിരുപത്തേഴ് വയസ്സ് ആയിരുന്നു; ഇതു സാറായുടെ ആയുഷ്കാലം. സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽവച്ചു മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നുപാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽ വച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ച് അവരോടു സംസാരിച്ചു: എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അവൻ അതിനെ പിടിപ്പതു വിലയ്ക്കു തരേണം എന്നു പറഞ്ഞു.

ഉൽപത്തി 23:1-9 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കനാനിൽ ഹെബ്രോൻ എന്നറിയപ്പെടുന്ന കിര്യത്ത്-അർബയിൽ വച്ച് സാറാ നൂറ്റിഇരുപത്തേഴാമത്തെ വയസ്സിൽ മരിച്ചു. സാറായുടെ മരണത്തിൽ ദുഃഖിതനായ അബ്രഹാം വളരെ വിലപിച്ചു. പിന്നീട് ഭാര്യയുടെ മൃതദേഹത്തിനരികിൽനിന്ന് അബ്രഹാം എഴുന്നേറ്റുപോയി ഹിത്യരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യനും പരദേശിയും ആണല്ലോ. എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ നിങ്ങളുടെ ഇടയിൽ എനിക്ക് ഒരു ശ്മശാനഭൂമി വിലയ്‍ക്കു തന്നാലും.” ഹിത്യർ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ! ഞങ്ങൾ പറയുന്നതു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിലെ പ്രബലനായ ഒരു പ്രഭു ആണല്ലോ. ഞങ്ങളുടെ കല്ലറകളിൽ ഏറ്റവും മെച്ചപ്പെട്ട ഒന്നിൽ മൃതശരീരം സംസ്കരിച്ചാലും. ഞങ്ങളിലാരും അങ്ങേക്കു കല്ലറ വിട്ടുതരാതിരിക്കുകയില്ല. മൃതദേഹം സംസ്കരിക്കാൻ തടസ്സം നില്‌ക്കുകയുമില്ല.” അബ്രഹാം ആ ദേശക്കാരായ ഹിത്യരെ വണങ്ങിയശേഷം അവരോടു പറഞ്ഞു: “നിങ്ങൾക്കു സമ്മതമെങ്കിൽ സോഹരിന്റെ മകനായ എഫ്രോനോട് അയാളുടെ നിലത്തിന്റെ അതിരിലുള്ള മക്പേലാ ഗുഹ എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ എനിക്കു തരാൻ പറയുക. നിങ്ങളുടെ മുമ്പിൽവച്ച് അതിന്റെ മുഴുവൻ വിലയും സ്വീകരിച്ച് അയാൾ അത് എനിക്ക് അവകാശമായി തരട്ടെ. എനിക്കത് ശ്മശാനമായി ഉപയോഗിക്കാമല്ലോ.”

ഉൽപത്തി 23:1-9 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം. സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽ വച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു: “ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: അങ്ങ് ഞങ്ങളുടെ ഇടയിൽ “ദൈവത്തിന്‍റെ” ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊള്ളുക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങേയ്ക്കു തരാതിരിക്കയില്ല” എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു: “ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിൻ്റെ മകനായ എഫ്രോനോട്, അദ്ദേഹം തന്‍റെ നിലത്തിന്‍റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്ക് തരേണ്ടതിന് അപേക്ഷിക്കുവിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദ്ദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു.

ഉൽപത്തി 23:1-9 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം. സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്തർബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു: എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു, അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു.

ഉൽപത്തി 23:1-9 സമകാലിക മലയാളവിവർത്തനം (MCV)

സാറ നൂറ്റിഇരുപത്തിയേഴു വയസ്സുവരെ ജീവിച്ചിരുന്നു. അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി. പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു. അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്, “പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ്, ദേശവാസികളായ ഹിത്യരെ വണങ്ങി. അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.”