ഉൽപത്തി 23:1-19

ഉൽപത്തി 23:1-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സാറായ്ക്കു നൂറ്റിയിരുപത്തേഴ് വയസ്സ് ആയിരുന്നു; ഇതു സാറായുടെ ആയുഷ്കാലം. സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽവച്ചു മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നുപാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽ വച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ച് അവരോടു സംസാരിച്ചു: എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന് അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അവൻ അതിനെ പിടിപ്പതു വിലയ്ക്കു തരേണം എന്നു പറഞ്ഞു. എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നുത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നത് എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: യജമാനനേ, കേട്ടാലും: നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അത് എനിക്കും നിനക്കും എന്തുള്ളൂ? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്ന് ഉത്തരം പറഞ്ഞു. അബ്രാഹാം എഫ്രോന്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറ് അവനു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാ നിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകല വൃക്ഷങ്ങളും, അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.

ഉൽപത്തി 23:1-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കനാനിൽ ഹെബ്രോൻ എന്നറിയപ്പെടുന്ന കിര്യത്ത്-അർബയിൽ വച്ച് സാറാ നൂറ്റിഇരുപത്തേഴാമത്തെ വയസ്സിൽ മരിച്ചു. സാറായുടെ മരണത്തിൽ ദുഃഖിതനായ അബ്രഹാം വളരെ വിലപിച്ചു. പിന്നീട് ഭാര്യയുടെ മൃതദേഹത്തിനരികിൽനിന്ന് അബ്രഹാം എഴുന്നേറ്റുപോയി ഹിത്യരോടു പറഞ്ഞു: “ഞാൻ നിങ്ങളുടെ ഇടയിൽ വന്നു പാർക്കുന്ന അന്യനും പരദേശിയും ആണല്ലോ. എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ നിങ്ങളുടെ ഇടയിൽ എനിക്ക് ഒരു ശ്മശാനഭൂമി വിലയ്‍ക്കു തന്നാലും.” ഹിത്യർ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ! ഞങ്ങൾ പറയുന്നതു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിലെ പ്രബലനായ ഒരു പ്രഭു ആണല്ലോ. ഞങ്ങളുടെ കല്ലറകളിൽ ഏറ്റവും മെച്ചപ്പെട്ട ഒന്നിൽ മൃതശരീരം സംസ്കരിച്ചാലും. ഞങ്ങളിലാരും അങ്ങേക്കു കല്ലറ വിട്ടുതരാതിരിക്കുകയില്ല. മൃതദേഹം സംസ്കരിക്കാൻ തടസ്സം നില്‌ക്കുകയുമില്ല.” അബ്രഹാം ആ ദേശക്കാരായ ഹിത്യരെ വണങ്ങിയശേഷം അവരോടു പറഞ്ഞു: “നിങ്ങൾക്കു സമ്മതമെങ്കിൽ സോഹരിന്റെ മകനായ എഫ്രോനോട് അയാളുടെ നിലത്തിന്റെ അതിരിലുള്ള മക്പേലാ ഗുഹ എന്റെ ഭാര്യയുടെ മൃതദേഹം സംസ്കരിക്കാൻ എനിക്കു തരാൻ പറയുക. നിങ്ങളുടെ മുമ്പിൽവച്ച് അതിന്റെ മുഴുവൻ വിലയും സ്വീകരിച്ച് അയാൾ അത് എനിക്ക് അവകാശമായി തരട്ടെ. എനിക്കത് ശ്മശാനമായി ഉപയോഗിക്കാമല്ലോ.” നഗരവാതില്‌ക്കൽ വച്ച് ഇതു സംസാരിക്കുമ്പോൾ ഹിത്യരുടെ കൂട്ടത്തിൽ എഫ്രോനും ഉണ്ടായിരുന്നു. എല്ലാവരും കേൾക്കത്തക്കവിധം എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു: “അങ്ങനെയല്ല പ്രഭോ! ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; നിലവും അതിലുള്ള ഗുഹയും എന്റെ ജനത്തിന്റെ സാന്നിധ്യത്തിൽ ഞാൻ അങ്ങേക്കു തരുന്നു; മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക.” അപ്പോൾ അബ്രഹാം അവരെ വണങ്ങിയശേഷം എല്ലാവരും കേൾക്കെ എഫ്രോനോടു പറഞ്ഞു: “ഞാൻ പറയുന്നതു കേട്ടാലും. ഞാൻ നിലത്തിന്റെ വില തരാം; അതു വാങ്ങണം; പിന്നീട് എന്റെ ഭാര്യയുടെ മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളാം.” എഫ്രോൻ അബ്രഹാമിനോടു പറഞ്ഞു: “പ്രഭോ, എന്നെ ശ്രദ്ധിച്ചാലും; നാനൂറു ശേക്കെൽ വെള്ളിയേ അതിനു വില വരൂ. നമ്മൾ അതിനു കണക്കു പറയണോ? മൃതശരീരം അവിടെ സംസ്കരിച്ചുകൊള്ളുക”. എഫ്രോൻ ഹിത്യരുടെ മുമ്പിൽവച്ചു പറഞ്ഞതുപോലെ വ്യാപാരവിനിമയനിരക്കനുസരിച്ച് നാനൂറു ശേക്കെൽ വെള്ളി അബ്രഹാം തൂക്കിക്കൊടുത്തു. അങ്ങനെ മമ്രെക്കു കിഴക്കുള്ള മക്പേലയിലെ എഫ്രോന്റെ നിലവും അതിലെ ഗുഹയും അതിൽപ്പെട്ട എല്ലാ വൃക്ഷങ്ങളും നഗരവാതില്‌ക്കൽ ഉണ്ടായിരുന്ന ഹിത്യരുടെ സാന്നിധ്യത്തിൽ അബ്രഹാമിന് അവകാശമായി ലഭിച്ചു. അതിനുശേഷം അബ്രഹാം തന്റെ ഭാര്യയുടെ മൃതശരീരം കനാനിൽ ഹെബ്രോൻ എന്ന മമ്രെക്കു കിഴക്കുള്ള മക്പേലാനിലത്തിലെ ഗുഹയിൽ സംസ്കരിച്ചു.

ഉൽപത്തി 23:1-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സാറായ്ക്ക് നൂറ്റിരുപത്തേഴ് വയസ്സ് ആയിരുന്നു: ഇത് സാറായുടെ ആയുഷ്കാലം. സാറാ കനാൻദേശത്ത് ഹെബ്രോൻ എന്ന കിര്യത്ത്-അർബ്ബയിൽ വച്ച് മരിച്ചു; അബ്രാഹാം സാറായെക്കുറിച്ച് വിലപിച്ചു കരയുവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോട് സംസാരിച്ചു: “ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന് എനിക്ക് നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ” എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: അങ്ങ് ഞങ്ങളുടെ ഇടയിൽ “ദൈവത്തിന്‍റെ” ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവച്ചു വിശേഷമായതിൽ മരിച്ചവളെ സംസ്കരിച്ചുക്കൊള്ളുക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം അങ്ങേയ്ക്കു തരാതിരിക്കയില്ല” എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ് ആ ദേശക്കാരായ ഹിത്യരെ വന്ദിച്ച് അവരോട് സംസാരിച്ചു: “ഞാൻ എന്‍റെ മരിച്ചവളെ കൊണ്ടുപോയി സംസ്കരിക്കുവാൻ നിങ്ങൾക്ക് സമ്മതമുണ്ടെങ്കിൽ എന്‍റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിൻ്റെ മകനായ എഫ്രോനോട്, അദ്ദേഹം തന്‍റെ നിലത്തിന്‍റെ അതിർത്തിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്ക് തരേണ്ടതിന് അപേക്ഷിക്കുവിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ട് അദ്ദേഹം അതിനെ യഥാർത്ഥ വിലയ്ക്ക് എനിക്ക് തരേണം” എന്നു പറഞ്ഞു. എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കുകയായിരുന്നു; ഹിത്യനായ എഫ്രോൻ ഹിത്യരും നഗരവാതിൽക്കൽക്കൂടി പ്രവേശിച്ച എല്ലാവരും കേൾക്കെ അബ്രാഹാമിനോട്: “അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലവും അതിലെ ഗുഹയും ഞാൻ അങ്ങേയ്ക്ക് തരുന്നു; എന്‍റെ ജനത്തെ സാക്ഷിയാക്കി ഞാൻ അത് അങ്ങേയ്ക്ക് തരുന്നു; അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്താലും” എന്നുത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ വന്ദിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോട്: “അങ്ങ് അത് തരുമെങ്കിൽ ദയചെയ്ത് കേൾക്കേണം; നിലത്തിന്‍റെ വില ഞാൻ അങ്ങേയ്ക്കു തരുന്നത് എന്നോട് വാങ്ങേണം; എന്നാൽ ഞാൻ എന്‍റെ മരിച്ചവളെ അവിടെ അടക്കം ചെയ്യും” എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: “യജമാനനേ, കേട്ടാലും: നാനൂറ് ശേക്കല്‍വിലയുള്ള ഒരു ഭൂമി, അത് എനിക്കും അങ്ങേയ്ക്കും എന്തുള്ളു? അങ്ങേയുടെ മരിച്ചവളെ അടക്കം ചെയ്തുകൊൾക” എന്നുത്തരം പറഞ്ഞു. അബ്രാഹാം എഫ്രോൻ്റെ വാക്ക് സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാരുടെയിടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച് നാനൂറ് ശേക്കൽ വെള്ളി അവനു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോനുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്‍റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും ഹിത്യരുടെയും നഗരവാതിൽക്കൽക്കൂടി കടന്നുപോയ എല്ലാവരുടെയും സമക്ഷത്തിൽ അബ്രാഹാമിന് അവകാശമായി ഉറച്ചുകിട്ടി. അതിന്‍റെശേഷം അബ്രാഹാം തന്‍റെ ഭാര്യയായ സാറായെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.

ഉൽപത്തി 23:1-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സാറെക്കു നൂറ്റിരുപത്തേഴു വയസ്സു ആയിരുന്നു: ഇതു സാറയുടെ ആയുഷ്കാലം. സാറാ കനാൻദേശത്തു ഹെബ്രോൻ എന്ന കിര്യത്തർബ്ബയിൽവെച്ചു മരിച്ചു; അബ്രാഹാം സാറയെക്കുറിച്ചു വിലപിച്ചു കരവാൻ വന്നു. പിന്നെ അബ്രാഹാം മരിച്ചവളുടെ അടുക്കൽ നിന്നു എഴുന്നേറ്റു ഹിത്യരോടു സംസാരിച്ചു: ഞാൻ നിങ്ങളുടെ ഇടയിൽ പരദേശിയും വന്നു പാർക്കുന്നവനും ആകുന്നു; ഞാൻ എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കേണ്ടതിന്നു എനിക്കു നിങ്ങളുടെ ഇടയിൽ ഒരു ശ്മശാനഭൂമി അവകാശമായി തരുവിൻ എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: നീ ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാകുന്നു; ഞങ്ങളുടെ ശ്മശാനസ്ഥലങ്ങളിൽവെച്ചു വിശേഷമായതിൽ മരിച്ചവളെ അടക്കിക്കൊൾക; മരിച്ചവളെ അടക്കുവാൻ ഞങ്ങളിൽ ആരും ശ്മശാനസ്ഥലം നിനക്കു തരാതിരിക്കയില്ല എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റു ആ ദേശക്കാരായ ഹിത്യരെ നമസ്കരിച്ചു അവരോടു സംസാരിച്ചു: എന്റെ മരിച്ചവളെ കൊണ്ടുപോയി അടക്കുവാൻ സമ്മതമുണ്ടെങ്കിൽ നിങ്ങൾ എന്റെ അപേക്ഷ കേട്ടു എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോടു, അവൻ തന്റെ നിലത്തിന്റെ അറുതിയിൽ തനിക്കുള്ള മക്പേലാ എന്ന ഗുഹ എനിക്കു തരേണ്ടതിന്നു അപേക്ഷിപ്പിൻ; നിങ്ങളുടെ ഇടയിൽ ശ്മശാനാവകാശമായിട്ടു അവൻ അതിനെ പിടിപ്പതു വിലെക്കു തരേണം എന്നു പറഞ്ഞു. എന്നാൽ എഫ്രോൻ ഹിത്യരുടെ നടുവിൽ ഇരിക്കയായിരുന്നു; ഹിത്യനായ എഫ്രോൻ തന്റെ നഗരവാസികളായ ഹിത്യർ എല്ലാവരും കേൾക്കെ അബ്രാഹാമിനോടു: അങ്ങനെയല്ല, യജമാനനേ, കേൾക്കേണമേ; നിലം ഞാൻ നിനക്കു തരുന്നു; അതിലെ ഗുഹയും നിനക്കു തരുന്നു; എന്റെ സ്വജനം കാൺകെ തരുന്നു; മരിച്ചവളെ അടക്കം ചെയ്തുകൊണ്ടാലും എന്നു ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം ദേശത്തിലെ ജനത്തെ നമസ്കരിച്ചു. ദേശത്തിലെ ജനം കേൾക്കെ അവൻ എഫ്രോനോടു: ദയ ചെയ്തു കേൾക്കേണം; നിലത്തിന്റെ വില ഞാൻ നിനക്കു തരുന്നതു എന്നോടു വാങ്ങേണം; എന്നാൽ ഞാൻ മരിച്ചവളെ അവിടെ അടക്കം ചെയ്യും എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോടു: യജമാനനേ, കേട്ടാലും: നാനൂറു ശേക്കെൽ വെള്ളി വിലയുള്ള ഒരു ഭൂമി, അതു എനിക്കും നിനക്കും എന്തുള്ളു? മരിച്ചവളെ അടക്കം ചെയ്തുകൊൾക എന്നു ഉത്തരം പറഞ്ഞു. അബ്രാഹാം എഫ്രോന്റെ വാക്കു സമ്മതിച്ചു ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞതുപോലെ കച്ചവടക്കാർക്കു നടപ്പുള്ള വെള്ളിശേക്കെൽ നാനൂറു അവന്നു തൂക്കിക്കൊടുത്തു. ഇങ്ങനെ മമ്രേക്കരികെ എഫ്രോന്നുള്ള മക്പേലാനിലവും അതിലെ ഗുഹയും നിലത്തിന്റെ അതിർക്കകത്തുള്ള സകലവൃക്ഷങ്ങളും അവന്റെ നഗരവാസികളായ ഹിത്യരുടെ മുമ്പാകെ അബ്രാഹാമിന്നു അവകാശമായി ഉറെച്ചുകിട്ടി. അതിന്റെ ശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ കനാൻദേശത്തിലെ ഹെബ്രോൻ എന്ന മമ്രേക്കരികെയുള്ള മക്പേലാ നിലത്തിലെ ഗുഹയിൽ അടക്കം ചെയ്തു.

ഉൽപത്തി 23:1-19 സമകാലിക മലയാളവിവർത്തനം (MCV)

സാറ നൂറ്റിഇരുപത്തിയേഴു വയസ്സുവരെ ജീവിച്ചിരുന്നു. അവൾ കനാൻദേശത്തെ ഹെബ്രോൻ എന്ന കിര്യത്ത്-അർബയിൽവെച്ചു മരിച്ചു. അബ്രാഹാം സാറായെക്കുറിച്ചു വിലപിക്കാനും കരയാനും പോയി. പിന്നെ അബ്രാഹാം ഭാര്യയുടെ മൃതദേഹത്തിന്റെ അടുക്കൽനിന്ന് എഴുന്നേറ്റ് ഹിത്യരോടു സംസാരിച്ചു. അദ്ദേഹം അവരോട്: “ഞാൻ നിങ്ങളുടെ ഇടയിൽ അന്യനും പ്രവാസിയും ആകുന്നു. എന്റെ മരിച്ചവളെ അടക്കേണ്ടതിന് എനിക്കിവിടെ ശ്മശാനത്തിനുള്ള കുറെ സ്ഥലം വിലയ്ക്കു തരണം” എന്നു പറഞ്ഞു. ഹിത്യർ അബ്രാഹാമിനോട്, “പ്രഭോ, ഞങ്ങളുടെ വാക്കു ശ്രദ്ധിച്ചാലും. അങ്ങു ഞങ്ങളുടെ ഇടയിൽ ദൈവത്തിന്റെ ഒരു പ്രഭുവാണ്; ഞങ്ങളുടെ ഏറ്റവും നല്ല കല്ലറകളിൽ ഒന്നിൽ അങ്ങയുടെ മരിച്ചവളെ അടക്കംചെയ്യുക; മരിച്ചവളെ സംസ്കരിക്കാൻ ഞങ്ങളിൽ ആരും കല്ലറ തരാതിരിക്കുകയില്ല” എന്ന് ഉത്തരം പറഞ്ഞു. അപ്പോൾ അബ്രാഹാം എഴുന്നേറ്റ്, ദേശവാസികളായ ഹിത്യരെ വണങ്ങി. അവരോടു പറഞ്ഞു: “എന്റെ മരിച്ചവളെ അടക്കാൻ നിങ്ങൾ എന്നെ അനുവദിക്കുന്നെങ്കിൽ, എന്റെ വാക്കുകേട്ട് എനിക്കുവേണ്ടി സോഹരിന്റെ മകനായ എഫ്രോനോട്, അദ്ദേഹത്തിന്റെ വയലിന്റെ അരികിലുള്ളതും അദ്ദേഹത്തിന്റെ സ്വന്തവുമായ മക്പേലാ ഗുഹ എനിക്കു വിലയ്ക്കു തരേണമെന്നു പറയണം. നിങ്ങളുടെ ഇടയിൽ, എനിക്ക് സ്വന്തമായി ഒരു ശ്മശാനഭൂമി ലഭിക്കാൻ, അതിന്റെ മുഴുവൻ വിലയും വാങ്ങിക്കൊണ്ട് എനിക്കു തരണമെന്ന് അപേക്ഷിക്കണം.” ഹിത്യനായ എഫ്രോൻ സ്വജനങ്ങൾക്കിടയിൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തന്റെ നഗരത്തിന്റെ കവാടത്തിൽ എത്തിയിരുന്ന സകലഹിത്യരും കേൾക്കെ അബ്രാഹാമിനോട്: “പ്രഭോ, അങ്ങനെയല്ല, എന്റെ വാക്കു കേട്ടാലും; ഞാൻ ആ പുരയിടം അങ്ങേക്കു തരുന്നു; അതിലുള്ള ഗുഹയും തരുന്നു. എന്റെ ജനങ്ങളുടെ മുന്നിൽവെച്ചു ഞാൻ അത് അങ്ങേക്കു തരികയാണ്. താങ്കളുടെ മരിച്ചവളെ അടക്കിക്കൊള്ളുക” എന്നു പറഞ്ഞു. അബ്രാഹാം വീണ്ടും ആ ദേശവാസികളെ വണങ്ങിയിട്ട് അവർ കേൾക്കെ എഫ്രോനോട്, “ദയവുചെയ്ത് എന്റെ വാക്കു ശ്രദ്ധിക്കുക, ഞാൻ വയലിന്റെ വില തീർത്തുതരും. അത് എന്റെ പക്കൽനിന്ന് സ്വീകരിക്കണം; അപ്പോൾ എനിക്ക് എന്റെ മരിച്ചവളെ അവിടെ അടക്കുകയും ചെയ്യാം” എന്നു പറഞ്ഞു. എഫ്രോൻ അബ്രാഹാമിനോട്: “പ്രഭോ, ഞാൻ പറയുന്നതു ശ്രദ്ധിച്ചാലും; ആ സ്ഥലത്തിനു നാനൂറു ശേക്കേൽ വെള്ളി വിലയുണ്ട്, എന്നാൽ എനിക്കും താങ്കൾക്കും മധ്യേ അതെന്തുള്ളൂ? അങ്ങയുടെ മരിച്ചവളെ അടക്കിക്കൊണ്ടാലും” എന്ന് ഉത്തരം പറഞ്ഞു. എഫ്രോന്റെ നിർദേശങ്ങൾ അബ്രാഹാം അംഗീകരിച്ചു. ഹിത്യർ കേൾക്കെ എഫ്രോൻ പറഞ്ഞ വിലയായ നാനൂറു ശേക്കേൽ വെള്ളി—കച്ചവടക്കാരുടെ ഇടയിൽ നിലവിലുള്ള തൂക്കം അനുസരിച്ച്—അബ്രാഹാം അദ്ദേഹത്തിനു തൂക്കിക്കൊടുത്തു. അങ്ങനെ മമ്രേക്കടുത്തു മക്പേലയിൽ സ്ഥിതിചെയ്യുന്ന എഫ്രോന്റെ പുരയിടം—പുരയിടവും അതിലുള്ള ഗുഹയും പുരയിടത്തിന്റെ അതിരിനകത്തുള്ള സകലവൃക്ഷങ്ങളും— നഗരകവാടത്തിൽ എത്തിയിരുന്ന എല്ലാ ഹിത്യരുടെയും മുമ്പാകെ, നിയമപ്രകാരം അബ്രാഹാമിന് അവകാശപ്പെട്ട സ്വത്തായി നൽകപ്പെട്ടു. അതിനുശേഷം അബ്രാഹാം തന്റെ ഭാര്യയായ സാറയെ, കനാൻദേശത്ത് ഹെബ്രോനിലെ മമ്രേയ്ക്കു സമീപം മക്പേലായിലുള്ള ഗുഹയിൽ അടക്കംചെയ്തു.