ഉൽപത്തി 21:14-21

ഉൽപത്തി 21:14-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബ്രാഹാം അതികാലത്ത് എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാറിന്റെ തോളിൽ വച്ചു, കുട്ടിയെയും കൊടുത്ത് അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നുനടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിനെതിരേ ഒരു അമ്പിൻപാടു ദൂരത്തിരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞ് എതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: ഹാഗാറേ, നിനക്ക് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്ന് അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്ന് അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.

ഉൽപത്തി 21:14-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അബ്രഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തോൽസഞ്ചി നിറച്ചു വെള്ളവുമെടുത്തു ഹാഗാറിന്റെ തോളിൽ വച്ചുകൊടുത്തു. ബാലനെയും ഏല്പിച്ചിട്ട് അവളെ പറഞ്ഞയച്ചു. അവർ ബേർ-ശേബാ മരുഭൂമിയിൽ അലഞ്ഞുനടന്നു. തോൽസഞ്ചിയിലുണ്ടായിരുന്ന വെള്ളം തീർന്നപ്പോൾ അവൾ അവനെ ഒരു കുറ്റിക്കാട്ടിൽ കിടത്തി. ‘കുഞ്ഞു മരിക്കുന്നതു കാണാൻ എനിക്കു കരുത്തില്ല’ എന്നു പറഞ്ഞ് അവൾ ഒരു കല്ലേറു ദൂരം ചെന്ന് കുട്ടിയുടെ എതിർവശത്തേക്കു തിരിഞ്ഞിരുന്ന് ഉറക്കെ കരഞ്ഞു. കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടു; ദൈവത്തിന്റെ ഒരു ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ചു ചോദിച്ചു: “ഹാഗാറേ, നീ എന്തിനു വിഷമിക്കുന്നു? ഭയപ്പെടേണ്ടാ; കുട്ടിയുടെ കരച്ചിൽ ദൈവം കേട്ടിരിക്കുന്നു. എഴുന്നേല്‌ക്കുക: നീ ചെന്ന് അവനെ മാറിലണച്ച് ആശ്വസിപ്പിക്കുക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും.” ദൈവം അവളുടെ കണ്ണുകൾ തുറന്നു; അവൾ ഒരു നീരുറവ കണ്ടു; അവൾ ചെന്നു തോൽസഞ്ചിയിൽ വെള്ളം നിറച്ചു ബാലനു കുടിക്കാൻ കൊടുത്തു. ദൈവം അവന്റെകൂടെ ഉണ്ടായിരുന്നു. അവൻ വളർന്ന് ഒരു വില്ലാളിവീരനായിത്തീർന്നു. പാരാൻമരുഭൂമിയിലായിരുന്നു അവൻ പാർത്തിരുന്നത്. അവന്റെ അമ്മ ഒരു ഈജിപ്തുകാരി യുവതിയെ അവനു ഭാര്യയായി തിരഞ്ഞെടുത്തു നൽകി.

ഉൽപത്തി 21:14-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് അപ്പവും ഒരു തുരുത്തി വെള്ളവും എടുത്ത് ഹാഗാറിൻ്റെ തോളിൽവച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ അലഞ്ഞുനടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറ്റിക്കാടിൻ്റെ തണലിൽ കിടത്തി. അവൾ പോയി അതിനെതിരെ ഒരു അമ്പെയ്ത്തു ദൂരത്തിരുന്നു; കുട്ടിയുടെ മരണം എനിക്ക് കാണണ്ടാ എന്നു പറഞ്ഞ് എതിരെ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം ബാലന്‍റെ നിലവിളി കേട്ടു; ദൈവത്തിന്‍റെ ദൂതൻ ആകാശത്തുനിന്നു ഹാഗാറിനെ വിളിച്ച് അവളോട്: “ഹാഗാറേ, നീ വിഷമിക്കുന്നത് എന്ത്? നീ ഭയപ്പെടേണ്ടാ; ബാലൻ ആയിരിക്കുന്നിടത്തുനിന്ന് അവന്‍റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. എഴുന്നേറ്റ് ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജനതയാക്കും” എന്നു അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണ് തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു. അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്‍റെ അമ്മ മിസ്രയീം ദേശത്തുനിന്ന് അവനു ഒരു ഭാര്യയെ കൊണ്ടുവന്നു.

ഉൽപത്തി 21:14-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു. തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു. അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻപാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു. ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു. ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു. ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു. അവൻ പാരാൻമരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

ഉൽപത്തി 21:14-21 സമകാലിക മലയാളവിവർത്തനം (MCV)

പിറ്റേദിവസം അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, കുറെ ഭക്ഷണവും ഒരു തുകൽക്കുടം നിറയെ വെള്ളവും എടുത്തു ഹാഗാറിനു കൊടുത്തു. അദ്ദേഹം അത് അവളുടെ തോളിൽ വെച്ചുകൊടുത്തിട്ട് അവളെയും കുട്ടിയെയും പറഞ്ഞയച്ചു. അവൾ യാത്രചെയ്ത് ബേർ-ശേബാ മരുഭൂമിയിലെത്തി അലഞ്ഞുനടന്നു. കുടത്തിലെ വെള്ളം തീർന്നപ്പോൾ അവൾ ബാലനെ ഒരു കുറ്റിച്ചെടിയുടെ ചുവട്ടിലാക്കി. പിന്നെ അവൾ പോയി, ഏകദേശം ഒരു അമ്പിൻപാട് അകലെ ഇരുന്നു. “ബാലൻ മരിക്കുന്നത് എനിക്കു കാണാൻ വയ്യ” എന്നു പറഞ്ഞുകൊണ്ട് അവനെതിരേ ഇരുന്ന് ഉറക്കെ കരഞ്ഞു. ദൈവം കുട്ടിയുടെ കരച്ചിൽ കേട്ടു; ദൈവദൂതൻ ആകാശത്തുനിന്ന് ഹാഗാറിനെ വിളിച്ച് അവളോട്, “ഹാഗാറേ, നിനക്കെന്തുപറ്റി? ഭയപ്പെടേണ്ട, ബാലൻ കിടക്കുന്നിടത്തുനിന്നുള്ള അവന്റെ നിലവിളി ദൈവം കേട്ടിരിക്കുന്നു. നീ ചെന്ന് ബാലനെ താങ്ങി എഴുന്നേൽപ്പിച്ചുകൊൾക; ഞാൻ അവനെ വലിയൊരു ജനതയാക്കും” എന്ന് അരുളിച്ചെയ്തു. പിന്നെ ദൈവം അവളുടെ കണ്ണ് തുറന്നു; അവളൊരു നീരുറവ കണ്ടു. അവൾ ചെന്നു കുടത്തിൽ വെള്ളം നിറച്ചുകൊണ്ടുവന്നു ബാലനു കുടിക്കാൻ കൊടുത്തു. ബാലന്റെ വളർച്ചയിൽ ദൈവം അവനോടുകൂടെ ഉണ്ടായിരുന്നു. അവൻ മരുഭൂമിയിൽ താമസിച്ചു മുതിർന്നപ്പോൾ ഒരു വില്ലാളിയായിത്തീർന്നു. പാരാൻ മരുഭൂമിയിൽ താമസിച്ചിരുന്നകാലത്ത് അവന്റെ അമ്മ ഈജിപ്റ്റിൽനിന്ന് അവന് ഒരു ഭാര്യയെ കൊണ്ടുവന്നു.