ഉൽപത്തി 21:1-7
ഉൽപത്തി 21:1-7 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറായ്ക്കു നിവൃത്തിച്ചുകൊടുത്തു. അബ്രാഹാമിന്റെ വാർധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന അവധിക്ക് സാറാ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിച്ചു. സാറാ അബ്രാഹാമിനു പ്രസവിച്ച മകന് അവൻ യിസ്ഹാക് എന്നു പേരിട്ടു. ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന് എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. തന്റെ മകനായ യിസ്ഹാക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു വയസ്സായിരുന്നു. ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു. സാറാ മക്കൾക്കു മുല കൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു. അവന്റെ വാർധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചത് എന്നും അവൾ പറഞ്ഞു.
ഉൽപത്തി 21:1-7 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
വാഗ്ദാനം ചെയ്തിരുന്നതുപോലെ സർവേശ്വരൻ സാറായെ അനുഗ്രഹിച്ചു. അവൾ ഗർഭിണിയായി; അബ്രഹാമിന്റെ വാർധക്യകാലത്തു ദൈവം അരുളിച്ചെയ്തിരുന്ന സമയത്തുതന്നെ ഒരു പുത്രനെ പ്രസവിച്ചു. സാറായിൽ പിറന്ന പുത്രന് ‘ഇസ്ഹാക്ക്’ എന്ന് അബ്രഹാം പേരിട്ടു. ദൈവം കല്പിച്ചിരുന്നതുപോലെ അദ്ദേഹം തന്റെ പുത്രനായ ഇസ്ഹാക്കിന് എട്ടാംദിവസം പരിച്ഛേദനം നടത്തി. ഇസ്ഹാക്ക് ജനിച്ചപ്പോൾ അബ്രഹാമിന് നൂറു വയസ്സായിരുന്നു. സാറാ പറഞ്ഞു: “എനിക്കു സന്തോഷിക്കാൻ സർവേശ്വരൻ ഇടയാക്കി. ഇതേപ്പറ്റി കേൾക്കുന്നവർ എന്നെച്ചൊല്ലി ചിരിക്കും”. അവൾ തുടർന്നു: “സാറാ മക്കളെ പോറ്റിവളർത്തുമെന്ന് അബ്രഹാമിനോട് ആർക്കെങ്കിലും പറയാൻ കഴിയുമായിരുന്നോ? എങ്കിലും അബ്രഹാമിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു പുത്രനെ പ്രസവിച്ചിരിക്കുന്നു.”
ഉൽപത്തി 21:1-7 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യഹോവ അവിടുന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറായെ സന്ദർശിച്ചു; അവിടുന്ന് വാഗ്ദത്തം ചെയ്തിരുന്നതുപോലെ യഹോവ സാറായ്ക്ക് നിവർത്തിച്ചുകൊടുത്തു. അബ്രാഹാമിന്‍റെ വാർദ്ധക്യത്തിൽ ദൈവം അവനോട് അരുളിച്ചെയ്തിരുന്ന ആ നിശ്ചിത സമയത്ത് സാറാ ഗർഭംധരിച്ച് ഒരു മകനെ പ്രസവിച്ചു. സാറാ അബ്രാഹാമിന് പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു അബ്രാഹാം പേരിട്ടു. ദൈവം അബ്രാഹാമിനോട് കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിനെ എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന് നൂറു (100) വയസ്സായിരുന്നു. “ദൈവം എനിക്ക് സന്തോഷവും ആനന്ദവും നൽകി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും” എന്നു സാറാ പറഞ്ഞു. “സാറാ മക്കൾക്ക് മുലകൊടുക്കുമെന്ന് അബ്രാഹാമിനോട് ആർ പറയുമായിരുന്നു? അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ അവനു ഒരു മകനെ പ്രസവിച്ചത്“ എന്നും അവൾ പറഞ്ഞു.
ഉൽപത്തി 21:1-7 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ താൻ അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; താൻ വാഗ്ദത്തം ചെയ്തിരുന്നതു യഹോവ സാറെക്കു നിവൃത്തിച്ചുകൊടുത്തു. അബ്രാഹാമിന്റെ വാർദ്ധക്യത്തിൽ ദൈവം അവനോടു അരുളിച്ചെയ്തിരുന്ന അവധിക്കു സാറാ ഗർഭം ധരിച്ചു ഒരു മകനെ പ്രസവിച്ചു. സാറാ അബ്രാഹാമിന്നു പ്രസവിച്ച മകന്നു അവൻ യിസ്ഹാക്ക് എന്നു പേരിട്ടു. ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു. തന്റെ മകനായ യിസ്ഹാക്ക് ജനിച്ചപ്പോൾ അബ്രാഹാമിന്നു നൂറു വയസ്സായിരുന്നു. ദൈവം എനിക്കു ചിരിയുണ്ടാക്കി; കേൾക്കുന്നവരെല്ലാം എന്നെച്ചൊല്ലി ചിരിക്കും എന്നു സാറാ പറഞ്ഞു. സാറാ മക്കൾക്കു മുലകൊടുക്കുമെന്നു അബ്രാഹാമിനോടു ആർ പറയുമായിരുന്നു. അവന്റെ വാർദ്ധക്യത്തിലല്ലോ ഞാൻ ഒരു മകനെ പ്രസവിച്ചതു എന്നും അവൾ പറഞ്ഞു.
ഉൽപത്തി 21:1-7 സമകാലിക മലയാളവിവർത്തനം (MCV)
ഇതിനുശേഷം യഹോവ, അവിടന്ന് അരുളിച്ചെയ്തിരുന്നതുപോലെ സാറയെ സന്ദർശിച്ചു; അവൾക്ക് അവിടന്നു നൽകിയിരുന്ന വാഗ്ദാനം നിറവേറ്റി. അബ്രാഹാമിന്, വാർധക്യത്തിൽ, ദൈവം വാഗ്ദാനംചെയ്തിരുന്ന സമയത്തുതന്നെ, സാറാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. അബ്രാഹാം, സാറാ തനിക്കു പ്രസവിച്ച മകന് യിസ്ഹാക്ക് എന്നു പേരിട്ടു. ദൈവം തന്നോടു കൽപ്പിച്ചിരുന്നതുപോലെ അബ്രാഹാം, തന്റെ മകനായ യിസ്ഹാക്കിനെ എട്ടാംദിവസം പരിച്ഛേദനം ചെയ്തു. അബ്രാഹാമിനു നൂറു വയസ്സായപ്പോഴാണ് അദ്ദേഹത്തിന്റെ മകനായ യിസ്ഹാക്കു ജനിക്കുന്നത്. സാറ പറഞ്ഞു: “ദൈവം എനിക്കു ചിരിക്കാൻ വകയുണ്ടാക്കിയിരിക്കുന്നു. ഇതെക്കുറിച്ചു കേൾക്കുന്നവരെല്ലാവരും എന്നോടൊപ്പം ചിരിക്കും. സാറ കുഞ്ഞുങ്ങളെ മുലയൂട്ടുമെന്ന് ആരെങ്കിലും അബ്രാഹാമിനോടു പറയുമായിരുന്നോ? എന്നിട്ടും അദ്ദേഹത്തിന്റെ വാർധക്യത്തിൽ ഞാൻ അദ്ദേഹത്തിന് ഒരു മകനെ പ്രസവിച്ചിരിക്കുന്നു” എന്ന് അവൾ പറഞ്ഞു.