ഉൽപത്തി 20:2-18

ഉൽപത്തി 20:2-18 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർരാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു. എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാർഥതയോടും കൈയുടെ നിർമ്മലതയോടുംകൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിനു ദൈവം സ്വപ്നത്തിൽ അവനോട്: നീ ഇതു ഹൃദയപരമാർഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. ഇപ്പോൾ ആ പുരുഷന് അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകനാകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്ന് അറിഞ്ഞുകൊൾക എന്ന് അരുളിച്ചെയ്തു. അബീമേലെക് അതികാലത്ത് എഴുന്നേറ്റു തന്റെ സകല ഭൃത്യന്മാരെയും വരുത്തി ഈ കാര്യമൊക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു. അബീമേലെക് അബ്രാഹാമിനെ വിളിപ്പിച്ച് അവനോട്: നീ ഞങ്ങളോടു ചെയ്തത് എന്ത്? നീ എന്റെമേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത് എന്ന് അബീമേലെക് അബ്രാഹാമിനോടു ചോദിച്ചതിന് അബ്രാഹാം പറഞ്ഞത്: ഈ സ്ഥലത്തു ദൈവഭയമില്ല നിശ്ചയം; എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു. വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകൾ അല്ലതാനും; അവൾ എനിക്കു ഭാര്യയായി. എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: നീ എനിക്ക് ഒരു ദയ ചെയ്യേണം: നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ, അവൻ എന്റെ ആങ്ങള എന്ന് എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു. അബീമേലെക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറായെയും അവനു മടക്കിക്കൊടുത്തു: ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ബോധിച്ചേടത്തു പാർത്തുകൊൾക എന്ന് അബീമേലെക് പറഞ്ഞു. സാറായോട് അവൻ: നിന്റെ ആങ്ങളയ്ക്ക് ഞാൻ ആയിരം വെള്ളിക്കാശ് കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്ക് ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോട് അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. അബ്രാഹാമിന്റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭമൊക്കെയും അടച്ചിരുന്നു.

ഉൽപത്തി 20:2-18 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ഗെരാറിൽ പാർത്തിരുന്നപ്പോൾ, തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രിയിൽ ദൈവം അബീമേലെക്കിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവൾ മറ്റൊരു പുരുഷന്റെ ഭാര്യയാണ്.” അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സർവേശ്വരാ, നിർദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ? ‘ഇവൾ തന്റെ സഹോദരിയാണെന്ന്’ അയാൾ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാർഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാൻ ഇതു ചെയ്തത്.” ദൈവം സ്വപ്നത്തിൽ അരുളിച്ചെയ്തു: “അതേ, നീ പരമാർഥഹൃദയത്തോടുകൂടിയാണ് ഇതു ചെയ്തത് എന്നു ഞാൻ അറിയുന്നു. അതുകൊണ്ടാണ് എനിക്കെതിരായി പാപം ചെയ്യുന്നതിനു നിന്നെ ഞാൻ അനുവദിക്കാതെയിരുന്നത്. അവളെ സ്പർശിക്കാൻ ഞാൻ നിന്നെ അനുവദിച്ചില്ല. ഇപ്പോൾ നീ അവളെ അവളുടെ ഭർത്താവിനു തിരിച്ചേല്പിക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; നീ ജീവനോടിരിക്കുകയും ചെയ്യും. നീ അവളെ തിരികെ ഏല്പിക്കാതെയിരുന്നാൽ നീ മാത്രമല്ല നിനക്കുള്ളവരൊക്കെയും നിശ്ചയമായും മരിക്കും.” അബീമേലെക്ക് അതിരാവിലെ ഉണർന്നു. ഭൃത്യന്മാരെയെല്ലാം വിളിച്ചുകൂട്ടി അവരോട് ഈ കാര്യം പറഞ്ഞു. അവരും ആകെ ഭയന്നു. അബീമേലെക്ക് അബ്രഹാമിനെ വിളിപ്പിച്ചു പറഞ്ഞു: “നീ എന്താണ് ഞങ്ങളോടു ചെയ്തത്? എന്റെമേലും എന്റെ രാജ്യത്തിന്മേലും മഹാപാപം വരത്തക്കവിധം ഞാൻ എന്തു തെറ്റാണു നിന്നോടു ചെയ്തത്? ഒരിക്കലും ചെയ്തു കൂടാത്തതാണ് നീ എന്നോടു ചെയ്തിരിക്കുന്നത്. എന്താണ് നീ ഇങ്ങനെ ചെയ്തത്?” അപ്പോൾ അബ്രഹാം പറഞ്ഞു: “ഇവിടെ ദൈവഭയം ഉള്ളവർ ആരുമില്ലെന്നും എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലുമെന്നും വിചാരിച്ചാണ് ഞാൻ അങ്ങനെ ചെയ്തത്. മാത്രമല്ല, വാസ്തവത്തിൽ അവൾ എന്റെ സഹോദരിയാണുതാനും; എന്റെ പിതാവിന്റെ മകൾ തന്നെ. എന്റെ അമ്മയുടെ മകളല്ലെന്നു മാത്രം. അവൾ എന്റെ ഭാര്യയായിത്തീർന്നു. ദൈവനിയോഗമനുസരിച്ച് ഞാൻ പിതൃഭവനം വിട്ടു സഞ്ചരിച്ചു തുടങ്ങിയപ്പോൾതന്നെ, ‘നീ എന്നോട് ഇപ്രകാരം ദയ കാണിക്കണം; നാം ചെല്ലുന്ന ഓരോ സ്ഥലത്തും ഞാൻ നിന്റെ സഹോദരനാണെന്നു പറയണം’ എന്നു ഞാൻ അവളോടു പറഞ്ഞിരുന്നു.” അബീമേലെക്ക് സാറായെ അബ്രഹാമിനു തിരിച്ചേല്പിച്ചു. ആടുമാടുകളെയും ദാസീദാസന്മാരെയും അദ്ദേഹത്തിനു നല്‌കി. അബീമേലെക്ക് പറഞ്ഞു: “എന്റെ രാജ്യം മുഴുവൻ നിന്റെ മുമ്പിലുണ്ട്. നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊള്ളുക”. അദ്ദേഹം സാറായോടു പറഞ്ഞു: “ഞാൻ നിന്റെ സഹോദരന് ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ട്. നീ നിർദോഷിയാണെന്നുള്ളതിനു നിന്റെകൂടെ ഉള്ളവർക്കെല്ലാം അതൊരു തെളിവായിരിക്കും.” അതിനുശേഷം അബ്രഹാം ദൈവത്തോടു പ്രാർഥിച്ചു. ദൈവം അബീമേലെക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ദാസിമാരെയും സുഖപ്പെടുത്തി. അങ്ങനെ അവർക്കെല്ലാം സന്താനലബ്ധിയുണ്ടായി. അബ്രഹാമിന്റെ ഭാര്യയായ സാറായെപ്രതി അബീമേലെക്കിന്റെ കൊട്ടാരത്തിലുള്ള എല്ലാ സ്‍ത്രീകളെയും സർവേശ്വരൻ വന്ധ്യകളാക്കിയിരുന്നു.

ഉൽപത്തി 20:2-18 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബ്രാഹാം തന്‍റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്‍റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്‍റെ ഭാര്യ” എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും അങ്ങ് കൊല്ലുമോ ‘ഇവൾ എന്‍റെ പെങ്ങളാകുന്നു’ എന്നു അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്‍റെ ആങ്ങള’ എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അതിന് ദൈവം സ്വപ്നത്തിൽ അവനോട്: “അതേ, നീ ഇത് ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു” എന്നു ഞാൻ അറിയുന്നു; “എനിക്കെതിരെ പാപം ചെയ്യുന്നതിൽനിന്ന് ഞാൻ നിന്നെ തടഞ്ഞു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നത്. ഇപ്പോൾ ആ പുരുഷന്‍റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന് അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊള്ളുക” എന്നു അരുളിച്ചെയ്തു. അബീമേലെക്ക് അതിരാവിലെ എഴുന്നേറ്റ് തന്‍റെ സകലസേവകന്മാരെയും വരുത്തി ഈ കാര്യം എല്ലാം അവരോടു പറഞ്ഞു കേൾപ്പിച്ചു; അവർ ഏറ്റവും ഭയപ്പെട്ടു. അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോട്: “നീ ഞങ്ങളോട് ചെയ്തത് എന്ത്? നീ എന്‍റെമേലും എന്‍റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോട് എന്ത് കുറ്റം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോട് ചെയ്തുവല്ലോ” എന്നു പറഞ്ഞു. “നീ എന്ത് കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തത്? എന്നു അബീമേലെക്ക് അബ്രാഹാമിനോട് ചോദിച്ചു. അതിന് അബ്രാഹാം പറഞ്ഞത്: “ഈ സ്ഥലത്ത് ദൈവഭയം ഇല്ല നിശ്ചയം; എന്‍റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ വിചാരിച്ചു. വാസ്തവത്തിൽ അവൾ എന്‍റെ പെങ്ങളാകുന്നു; എന്‍റെ അപ്പന്‍റെ മകൾ; എന്‍റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്ക് ഭാര്യയാവുകയും ചെയ്തു. എന്നാൽ ദൈവം എന്നെ എന്‍റെ പിതൃഭവനത്തിൽ നിന്ന് പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോട്: ‘നീ എനിക്ക് ഒരു ദയ ചെയ്യേണം; ഏതൊരു സ്ഥലത്ത് നാം എവിടെയൊക്കെപോയാലും: “അവൻ എന്‍റെ ആങ്ങള” എന്നു എന്നെക്കുറിച്ച് പറയേണം എന്നു പറഞ്ഞിരുന്നു.” അബീമേലെക്ക് അബ്രാഹാമിന് ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്‍റെ ഭാര്യയായ സാറായെയും അവനു തിരികെക്കൊടുത്തു: “ഇതാ, എന്‍റെ രാജ്യം നിന്‍റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ഇഷ്ടമുള്ളടത്ത് പാർത്തുകൊള്ളുക” എന്നു അബീമേലെക്ക് പറഞ്ഞു. സാറായോടു അവൻ: “നിന്‍റെ ആങ്ങളയ്ക്ക് ഞാൻ ആയിരം (1,000) വെള്ളിക്കാശു കൊടുത്തിട്ടുണ്ട്; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പരിഹാരം; നീ ഒരു കുറ്റവും ചെയ്തിട്ടില്ല. എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു” എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോടു പ്രാർത്ഥിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്‍റെ ഭാര്യയെയും അവന്‍റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. അബ്രാഹാമിന്‍റെ ഭാര്യയായ സാറായുടെ നിമിത്തം യഹോവ അബീമേലെക്കിന്‍റെ ഭവനത്തിൽ തലമുറകൾ ജനിക്കുന്നത് അസാധ്യമാക്കിയിരുന്നു.

ഉൽപത്തി 20:2-18 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അതിന്നു ദൈവം സ്വപ്നത്തിൽ അവനോടു: നീ ഇതു ഹൃദയപരമാർത്ഥതയോടെ ചെയ്തിരിക്കുന്നു എന്നു ഞാൻ അറിയുന്നു; നീ എന്നോടു പാപം ചെയ്യാതിരിപ്പാൻ ഞാൻ നിന്നെ തടുത്തു; അതുകൊണ്ടാകുന്നു അവളെ തൊടുവാൻ ഞാൻ നിന്നെ സമ്മതിക്കാതിരുന്നതു. ഇപ്പോൾ ആ പുരുഷന്നു അവന്റെ ഭാര്യയെ മടക്കിക്കൊടുക്ക; അവൻ ഒരു പ്രവാചകൻ ആകുന്നു; നീ ജീവനോടിരിക്കേണ്ടതിന്നു അവൻ നിനക്കുവേണ്ടി പ്രാർത്ഥിക്കട്ടെ. അവളെ മടക്കിക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ളവരൊക്കെയും മരിക്കേണ്ടിവരും എന്നു അറിഞ്ഞുകൊൾക എന്നു അരുളിച്ചെയ്തു. അബീമേലെക്ക് അതികാലത്തു എഴുന്നേറ്റു തന്റെ സകലഭൃത്യന്മാരെയും വരുത്തി ഈ കാര്യം ഒക്കെയും അവരോടു പറഞ്ഞു; അവർ ഏറ്റവും ഭയപ്പെട്ടു. അബീമേലെക്ക് അബ്രാഹാമിനെ വിളിപ്പിച്ചു അവനോടു: നീ ഞങ്ങളോടു ചെയ്തതു എന്തു? നീ എന്റെ മേലും എന്റെ രാജ്യത്തിന്മേലും ഒരു മഹാപാപം വരുത്തുവാൻ തക്കവണ്ണം ഞാൻ നിന്നോടു എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യം നീ എന്നോടു ചെയ്തുവല്ലോ എന്നു പറഞ്ഞു. നീ എന്തു കണ്ടിട്ടാകുന്നു ഇക്കാര്യം ചെയ്തതു എന്നു അബീമേലെക്ക് അബ്രാഹാമിനോടു ചോദിച്ചതിന്നു അബ്രാഹാം പറഞ്ഞതു: ഈ സ്ഥലത്തു ദൈവഭയം ഇല്ല നിശ്ചയം; എന്റെ ഭാര്യനിമിത്തം അവർ എന്നെ കൊല്ലും എന്നു ഞാൻ നിരൂപിച്ചു. വാസ്തവത്തിൽ അവൾ എന്റെ പെങ്ങളാകുന്നു; എന്റെ അപ്പന്റെ മകൾ; എന്റെ അമ്മയുടെ മകളല്ല താനും; അവൾ എനിക്കു ഭാര്യയായി. എന്നാൽ ദൈവം എന്നെ എന്റെ പിതൃഭവനത്തിൽനിന്നു പുറപ്പെടുവിച്ചപ്പോൾ ഞാൻ അവളോടു: നീ എനിക്കു ഒരു ദയ ചെയ്യേണം; നാം ഏതൊരു ദിക്കിൽ ചെന്നാലും അവിടെ: അവൻ എന്റെ ആങ്ങള എന്നു എന്നെക്കുറിച്ചു പറയേണം എന്നു പറഞ്ഞിരുന്നു. അബീമേലെക്ക് അബ്രാഹാമിന്നു ആടുമാടുകളെയും ദാസീദാസന്മാരെയും കൊടുത്തു; അവന്റെ ഭാര്യയായ സാറയെയും അവന്നു മടക്കിക്കൊടുത്തു: ഇതാ, എന്റെ രാജ്യം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്കു ബോധിച്ചേടത്തു പാർത്തുകൊൾക എന്നു അബീമേലെക്ക് പറഞ്ഞു. സാറയോടു അവൻ: നിന്റെ ആങ്ങളെക്കു ഞാൻ ആയിരം വെള്ളിക്കാശു കൊടുത്തിട്ടുണ്ടു; നിന്നോടുകൂടെയുള്ള എല്ലാവരുടെയും മുമ്പാകെ ഇതു നിനക്കു ഒരു പ്രതിശാന്തി; നീ എല്ലാവർക്കും മുമ്പാകെ നീതീകരിക്കപ്പെട്ടുമിരിക്കുന്നു എന്നു പറഞ്ഞു. അബ്രാഹാം ദൈവത്തോടു അപേക്ഷിച്ചു; അപ്പോൾ ദൈവം അബീമേലെക്കിനെയും അവന്റെ ഭാര്യയെയും അവന്റെ ദാസിമാരെയും സൗഖ്യമാക്കി, അവർ പ്രസവിച്ചു. അബ്രാഹാമിന്റെ ഭാര്യയായ സാറയുടെ നിമിത്തം യഹോവ അബീമേലെക്കിന്റെ ഭവനത്തിലെ ഗർഭം ഒക്കെയും അടെച്ചിരുന്നു.

ഉൽപത്തി 20:2-18 സമകാലിക മലയാളവിവർത്തനം (MCV)

അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു. അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ ദൈവം സ്വപ്നത്തിൽ അദ്ദേഹത്തോട്: “നീ ശുദ്ധമനസ്സാക്ഷിയോടെ ഇതു ചെയ്തു എന്നു ഞാൻ അറിയുന്നു, അതുകൊണ്ടാണ് എനിക്കെതിരേ പാപംചെയ്യാതിരിക്കാൻ ഞാൻ നിന്നെ തടഞ്ഞത്; അവളെ തൊടാൻ ഞാൻ നിന്നെ അനുവദിക്കാതിരുന്നത്. നീ ഇപ്പോൾ ആ മനുഷ്യന് അവന്റെ ഭാര്യയെ തിരിച്ചുകൊടുക്കുക; അവൻ ഒരു പ്രവാചകനാണ്; അവൻ നിനക്കുവേണ്ടി പ്രാർഥിക്കും; അങ്ങനെ നീ ജീവിച്ചിരിക്കുകയും ചെയ്യും. അവളെ തിരികെക്കൊടുക്കാതിരുന്നാലോ, നീയും നിനക്കുള്ള സകലരും മരിക്കുമെന്ന് നിശ്ചയമായും അറിഞ്ഞുകൊള്ളുക” എന്ന് അരുളിച്ചെയ്തു. പിറ്റേന്ന് അതിരാവിലെ അബീമെലെക്ക് തന്റെ എല്ലാ ഉദ്യോഗസ്ഥന്മാരെയും വിളിച്ചുകൂട്ടി, സംഭവിച്ചതെല്ലാം അവരെ പറഞ്ഞുകേൾപ്പിച്ചു; അവർ ഭയന്നുവിറച്ചു. പിന്നെ അബീമെലെക്ക് അബ്രാഹാമിനെ അകത്തേക്കു വിളിച്ച്, “നീ ഞങ്ങളോട് ഈ ചെയ്തത് എന്താണ്? നീ എന്റെയും എന്റെ രാജ്യത്തിന്റെയുംമേൽ ഇത്രവലിയ അപരാധം വരുത്താൻ ഞാൻ നിന്നോട് എന്തു ദോഷം ചെയ്തു? ചെയ്യരുതാത്ത കാര്യങ്ങളത്രേ നീ എന്നോടു ചെയ്തിരിക്കുന്നത്” എന്നു പറഞ്ഞു. “ഇങ്ങനെ പ്രവർത്തിക്കാനുള്ള കാരണം എന്താണ്?” എന്ന് അബീമെലെക്ക് അബ്രാഹാമിനോട് ആരാഞ്ഞു. അതിന് അബ്രാഹാം ഇങ്ങനെ മറുപടി പറഞ്ഞു: “ ‘ഈ സ്ഥലത്തു നിശ്ചയമായും ദൈവഭയം തീരെയില്ല എന്നും എന്റെ ഭാര്യ നിമിത്തം അവർ എന്നെ കൊല്ലുമെന്നും’ ഞാൻ വിചാരിച്ചു. തന്നെയുമല്ല, അവൾ വാസ്തവത്തിൽ എന്റെ സഹോദരിയാണ്; ഞങ്ങൾ രണ്ടുപേരുടെയും പിതാവ് ഒന്നാണ്, എന്നാൽ ഒരമ്മയിൽനിന്നു ജനിച്ചവരുമല്ല; അവൾ എന്റെ ഭാര്യയായിത്തീർന്നു. എന്നാൽ, എന്റെ പിതൃഭവനം വിട്ടു ദേശാടനം ചെയ്യാൻ ദൈവം എന്നോട് കൽപ്പിച്ചപ്പോൾ, ഞാൻ അവളോട്: ‘നാം ചെല്ലുന്നേടത്തെല്ലാം “അദ്ദേഹം എന്റെ സഹോദരൻ” എന്നു നീ പറയണം, അങ്ങനെയാണു നിനക്ക് എന്നോടുള്ള സ്നേഹം വെളിപ്പെടുത്തേണ്ടത്’ എന്നു പറഞ്ഞിരുന്നു.” പിന്നെ അബീമെലെക്ക് ആടുമാടുകളെയും ദാസീദാസന്മാരെയും കൊണ്ടുവന്ന് അബ്രാഹാമിനു കൊടുത്തു; അദ്ദേഹത്തിന്റെ ഭാര്യയായ സാറയെയും തിരികെ ഏൽപ്പിച്ചു. അബീമെലെക്ക് അബ്രാഹാമിനോട്, “എന്റെ ദേശം നിന്റെ മുമ്പാകെ ഇരിക്കുന്നു; നിനക്ക് ഇഷ്ടമുള്ളേടത്തു താമസിച്ചുകൊൾക” എന്നു പറഞ്ഞു. പിന്നെ അദ്ദേഹം സാറായോട്, “ഞാൻ നിന്റെ സഹോദരന് ആയിരം ശേക്കേൽ വെള്ളി കൊടുക്കുന്നു, ഇതു ഞാൻ നിന്നോടുചെയ്ത കുറ്റത്തിനു നഷ്ടപരിഹാരമായി നിന്നോടുകൂടെയുള്ളവരെ സാക്ഷിയാക്കി നൽകുന്നതാണ്; നീ തികച്ചും കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുന്നു” എന്നു പറഞ്ഞു. അപ്പോൾ അബ്രാഹാം ദൈവത്തോടു പ്രാർഥിച്ചു; ദൈവം അബീമെലെക്കിനെയും അദ്ദേഹത്തിന്റെ ഭാര്യയെയും വെപ്പാട്ടിമാരെയും സൗഖ്യമാക്കി. അവർക്കു കുട്ടികൾ ജനിച്ചു. അബ്രാഹാമിന്റെ ഭാര്യയായ സാറനിമിത്തം യഹോവ അബീമെലെക്കിന്റെ ഭവനത്തിൽ എല്ലാ സ്ത്രീകളുടെയും ഗർഭം അടച്ചിരുന്നു.