ഉൽപത്തി 20:1-5
ഉൽപത്തി 20:1-5 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കേദേശത്തേക്കു യാത്ര പുറപ്പെട്ട് കാദേശിനും സൂരിനും മധ്യേ കുടിയിരുന്ന് ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർരാജാവായ അബീമേലെക് ആളയച്ചു സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്ന് അവനോട്: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്ന് അരുളിച്ചെയ്തു. എന്നാൽ അബീമേലെക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്ന് അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്ന് അവളും പറഞ്ഞു. ഹൃദയപരമാർഥതയോടും കൈയുടെ നിർമ്മലതയോടുംകൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
ഉൽപത്തി 20:1-5 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം അവിടെനിന്നു നെഗെബുദേശത്തേക്കു പോയി, കാദേശിനും സൂരിനും ഇടയ്‍ക്കു വാസമുറപ്പിച്ചു. ഗെരാറിൽ പാർത്തിരുന്നപ്പോൾ, തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ സഹോദരിയാണ്” എന്നായിരുന്നു അബ്രഹാം പറഞ്ഞത്. അതുകൊണ്ട് ഗെരാറിലെ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൂട്ടിക്കൊണ്ടുപോയി. രാത്രിയിൽ ദൈവം അബീമേലെക്കിനു സ്വപ്നത്തിൽ പ്രത്യക്ഷനായി അരുളിച്ചെയ്തു: “നീ കൂട്ടിക്കൊണ്ടുവന്ന ഈ സ്‍ത്രീ നിമിത്തം നീ മരിക്കും. അവൾ മറ്റൊരു പുരുഷന്റെ ഭാര്യയാണ്.” അബീമേലെക്ക് അതുവരെ അവളെ പ്രാപിച്ചിരുന്നില്ല; രാജാവു പറഞ്ഞു: “സർവേശ്വരാ, നിർദോഷികളായ ഒരു ജനതയെ അവിടുന്നു സംഹരിക്കുമോ? ‘ഇവൾ തന്റെ സഹോദരിയാണെന്ന്’ അയാൾ തന്നെയല്ലേ പറഞ്ഞത്? അബ്രഹാം സഹോദരനാണെന്ന് അവളും പറഞ്ഞു. പരമാർഥഹൃദയത്തോടും കറയറ്റ കരങ്ങളോടുംകൂടി ആയിരുന്നു ഞാൻ ഇതു ചെയ്തത്.”
ഉൽപത്തി 20:1-5 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം അബ്രാഹാം അവിടെനിന്ന് തെക്കേ ദേശത്തേക്ക് യാത്ര പുറപ്പെട്ടു കാദേശിനും ശൂരിനും മദ്ധ്യേ താമസിച്ചു ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്: “അവൾ എന്റെ പെങ്ങൾ” എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ച് സാറായെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്‍റെ അടുക്കൽവന്ന് അവനോട്: “നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ” എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: “കർത്താവേ, നീതിയുള്ള ജനതയെയും അങ്ങ് കൊല്ലുമോ ‘ഇവൾ എന്റെ പെങ്ങളാകുന്നു’ എന്നു അവൻ എന്നോട് പറഞ്ഞുവല്ലോ. ‘അവൻ എന്റെ ആങ്ങള’ എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും നിർമ്മലമായ കരങ്ങളോടും കൂടെ ഞാൻ ഇത് ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.
ഉൽപത്തി 20:1-5 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം അബ്രാഹാം അവിടെനിന്നു തെക്കെ ദേശത്തേക്കു യാത്ര പുറപ്പെട്ടു കാദേശിന്നും സൂരിന്നും മദ്ധ്യേ കുടിയിരുന്നു ഗെരാരിൽ പരദേശിയായി പാർത്തു. അബ്രാഹാം തന്റെ ഭാര്യയായ സാറയെക്കുറിച്ചു: അവൾ എന്റെ പെങ്ങൾ എന്നു പറഞ്ഞു. ഗെരാർ രാജാവായ അബീമേലെക്ക് ആളയച്ചു സാറയെ കൊണ്ടുപോയി. എന്നാൽ രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമേലെക്കിന്റെ അടുക്കൽ വന്നു അവനോടു: നീ എടുത്ത സ്ത്രീയുടെ നിമിത്തം നീ മരിക്കും; അവൾ ഒരു പുരുഷന്റെ ഭാര്യ എന്നു അരുളിച്ചെയ്തു. എന്നാൽ അബീമേലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല; ആകയാൽ അവൻ: കർത്താവേ, നീതിയുള്ള ജാതിയെയും നീ കൊല്ലുമോ? ഇവൾ എന്റെ പെങ്ങളാകുന്നു എന്നു അവൻ എന്നോടു പറഞ്ഞുവല്ലോ. അവൻ എന്റെ ആങ്ങള എന്നു അവളും പറഞ്ഞു. ഹൃദയപരമാർത്ഥതയോടും കയ്യുടെ നിർമ്മലതയോടും കൂടെ ഞാൻ ഇതു ചെയ്തിരിക്കുന്നു എന്നു പറഞ്ഞു.
ഉൽപത്തി 20:1-5 സമകാലിക മലയാളവിവർത്തനം (MCV)
പിന്നെ അബ്രാഹാം തെക്കേ ദേശത്തേക്കു പോയി; അവിടെ കാദേശിനും ശൂരിനും മധ്യേ താമസിച്ചു. ഇതിനുശേഷം അദ്ദേഹം ഗെരാരിലേക്കുപോയി, അവിടെ പ്രവാസിയായി താമസിക്കുമ്പോൾ അബ്രാഹാം തന്റെ ഭാര്യയായ സാറായെക്കുറിച്ച്; “അവൾ എന്റെ സഹോദരി” എന്നു പ്രസ്താവിച്ചു. അപ്പോൾ ഗെരാർരാജാവായ അബീമെലെക്ക് ആളയച്ച് സാറയെ കൂട്ടിക്കൊണ്ടുപോയി. എന്നാൽ, ഒരു രാത്രിയിൽ ദൈവം സ്വപ്നത്തിൽ അബീമെലെക്കിന്റെ അടുക്കൽവന്ന് അവനോട്: “നീ സ്വന്തമാക്കിയിരിക്കുന്ന സ്ത്രീനിമിത്തം നീ മരിക്കും; അവൾ വിവാഹിതയാണ്” എന്ന് അരുളിച്ചെയ്തു. അബീമെലെക്ക് അവളുടെ അടുക്കൽ ചെന്നിരുന്നില്ല. അദ്ദേഹം ദൈവത്തോട്; “കർത്താവേ, അവിടന്ന് കുറ്റം ചെയ്യാത്ത ഒരു ജനതയെ നശിപ്പിക്കുമോ? ‘അവൾ എന്റെ സഹോദരി’ എന്ന് അയാൾ എന്നോടു പറഞ്ഞില്ലയോ? ‘അയാൾ എന്റെ സഹോദരൻ’ എന്ന് അവളും പറഞ്ഞിരുന്നല്ലോ! ശുദ്ധമനസ്സാക്ഷിയോടും നിർമലമായ കൈകളോടുംകൂടി ഞാൻ ഇതു ചെയ്തിരിക്കുന്നു” എന്നു പറഞ്ഞു.