ഉൽപത്തി 19:4-8

ഉൽപത്തി 19:4-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവർ ഉറങ്ങുവാൻ പോകും മുമ്പേ സൊദോം പട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. അവർ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിനു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്ന് അവനോടു പറഞ്ഞു. ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതക് അടച്ചുംവച്ചു: സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നത് എന്നു പറഞ്ഞു.

ഉൽപത്തി 19:4-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവർ ഉറങ്ങാൻ കിടക്കുംമുമ്പ് പട്ടണവാസികൾ ഒന്നാകെ വന്നു, വീടുവളഞ്ഞു. അവർ ലോത്തിനെ വിളിച്ചു പറഞ്ഞു: “സന്ധ്യക്ക് നിന്റെ വീട്ടിൽ വന്ന പുരുഷന്മാർ എവിടെ? അവരെ ഞങ്ങൾക്കു വിട്ടുതരിക; ഞങ്ങൾ അവരുമായി രമിക്കട്ടെ.” ലോത്ത് വീടിനു പുറത്തേക്കു വന്നു; വാതിൽ അടച്ചശേഷം അവരോടു പറഞ്ഞു: “സഹോദരന്മാരേ, ഇത്ര നീചമായി പെരുമാറരുതേ! എനിക്കു കന്യകമാരായ രണ്ടു പുത്രിമാർ ഉണ്ട്; അവരെ ഞാൻ പുറത്തു കൊണ്ടുവരാം; അവരോടു നിങ്ങളുടെ ഇഷ്ടംപോലെ പെരുമാറിക്കൊള്ളുക. എന്റെ വീട്ടിൽ അന്തിയുറങ്ങാൻ വന്ന ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ.”

ഉൽപത്തി 19:4-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവർ ഉറങ്ങുവാൻ പോകുന്നതിനുമുമ്പേ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും വൃദ്ധന്മാരും യൗവനക്കാരും എല്ലാവരും വന്നു വീടു വളഞ്ഞു. അവർ ലോത്തിനെ വിളിച്ചു: “ഈ രാത്രി നിന്‍റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരുമായി സുഖഭോഗത്തിലേർപ്പെടേണ്ടതിന് അവരെ ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരൂ” എന്നു അവനോട് പറഞ്ഞു. ലോത്ത് വാതിലിലൂടെ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതക് അടച്ചിട്ട് അവരോട്: “സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. നോക്കൂ, പുരുഷസംസർഗം ഉണ്ടായിട്ടില്ലാത്ത കന്യകമാരായ രണ്ടു പുത്രിമാർ എനിക്കുണ്ട്; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങളുടെ ഇഷ്ടംപോലെ അവരോട് ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിനായിട്ടല്ലോ അവർ എന്‍റെ വീടിന്‍റെ നിഴലിൽ കീഴിൽ വന്നത്“ എന്നു പറഞ്ഞു.

ഉൽപത്തി 19:4-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവർ ഉറങ്ങുവാൻ പോകുമ്മുമ്പെ സൊദോംപട്ടണത്തിലെ പുരുഷന്മാർ സകല ഭാഗത്തുനിന്നും ആബാലവൃദ്ധം എല്ലാവരും വന്നു വീടു വളഞ്ഞു. അവർ ലോത്തിനെ വിളിച്ചു: ഈ രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? ഞങ്ങൾ അവരെ ഭോഗിക്കേണ്ടതിന്നു ഞങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവാ എന്നു അവനോടു പറഞ്ഞു. ലോത്ത് വാതിൽക്കൽ അവരുടെ അടുക്കൽ പുറത്തു ചെന്നു, കതകു അടെച്ചുംവെച്ചു: സഹോദരന്മാരേ, ഇങ്ങനെ ദോഷം ചെയ്യരുതേ. പുരുഷൻ തൊടാത്ത രണ്ടു പുത്രിമാർ എനിക്കുണ്ടു; അവരെ ഞാൻ നിങ്ങളുടെ അടുക്കൽ പുറത്തു കൊണ്ടുവരാം; നിങ്ങൾക്കു ബോധിച്ചതുപോലെ അവരോടു ചെയ്തുകൊൾവിൻ; ഈ പുരുഷന്മാരോടു മാത്രം ഒന്നും ചെയ്യരുതേ; ഇതിന്നായിട്ടല്ലോ അവർ എന്റെ വീട്ടിന്റെ നിഴലിൽ വന്നതു എന്നു പറഞ്ഞു.

ഉൽപത്തി 19:4-8 സമകാലിക മലയാളവിവർത്തനം (MCV)

അവർ ഉറങ്ങാൻ കിടക്കുന്നതിനുമുമ്പ് സൊദോം നഗരത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള പുരുഷന്മാർ—യുവാക്കന്മാരും വൃദ്ധന്മാരും—എല്ലാവരുംകൂടി ആ വീട് വളഞ്ഞു. അവർ ലോത്തിനെ വിളിച്ച് “ഇന്നു രാത്രി നിന്റെ അടുക്കൽ വന്ന പുരുഷന്മാർ എവിടെ? അവരെ പുറത്ത്, ഞങ്ങളുടെ അടുത്തേക്കു കൊണ്ടുവരൂ; ഞങ്ങൾ അവരുമായി ലൈംഗികവേഴ്ച നടത്തട്ടെ” എന്നു പറഞ്ഞു. ലോത്ത് അവരോടു സംസാരിക്കാൻ പുറത്തേക്കു ചെന്നു, കതകടച്ചിട്ട് അവരോട്, “എന്റെ സ്നേഹിതരേ, അതു പാടില്ല; ഈ അധർമം പ്രവർത്തിക്കരുതേ. പുരുഷനോടൊപ്പം കിടക്കപങ്കിട്ടിട്ടില്ലാത്ത രണ്ടു പുത്രിമാർ എനിക്കുണ്ട്. ഞാൻ അവരെ നിങ്ങളുടെ അടുക്കൽ കൊണ്ടുവരാം, നിങ്ങളുടെ ഇഷ്ടംപോലെ അവരോടു പെരുമാറിക്കൊള്ളുക. എന്നാൽ, ഈ പുരുഷന്മാരോട് ഒന്നും ചെയ്യരുതേ; അവർ എന്റെ ഭവനത്തിൽ അഭയംതേടി വന്നവരാണ്” എന്നു പറഞ്ഞു.