ഉൽപത്തി 19:26-29
ഉൽപത്തി 19:26-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:26-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
എന്നാൽ ലോത്തിന്റെ പിന്നാലെ വന്ന ഭാര്യ തിരിഞ്ഞു നോക്കിയതിനാൽ ഉപ്പുതൂണായിത്തീർന്നു. രാവിലെ അബ്രഹാം എഴുന്നേറ്റു താൻ മുമ്പു സർവേശ്വരന്റെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്ത് എത്തി. അവിടെ നിന്നുകൊണ്ട് സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിലേക്കും, താഴ്വരയിലുള്ള മറ്റു സ്ഥലങ്ങളിലേക്കും നോക്കി. ആ പ്രദേശത്തുനിന്നെല്ലാം തീച്ചൂളയിൽ നിന്നെന്നപോലെ പുക ഉയരുന്നതു കണ്ടു. താഴ്വരയിലുള്ള പട്ടണങ്ങളെ ദൈവം നശിപ്പിച്ചപ്പോൾ അബ്രഹാമിനെ ഓർത്ത് അവിടുന്ന് ആ നാശത്തിന്റെ നടുവിൽനിന്ന് ലോത്തിനെ രക്ഷിച്ചു.
ഉൽപത്തി 19:26-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു. അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തിയപ്പോൾ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:26-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:26-29 സമകാലിക മലയാളവിവർത്തനം (MCV)
എന്നാൽ, ലോത്തിന്റെ ഭാര്യ അവന്റെ പിറകെ ഓടുന്നതിനിടയിൽ പിറകോട്ടു നോക്കി, അവൾ ഉപ്പുതൂണായിത്തീർന്നു. പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു. അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു. ഇങ്ങനെ ദൈവം സമഭൂമിയിലെ നഗരങ്ങളെ നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്തു. ലോത്തു ജീവിച്ചിരുന്ന നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടന്ന് ആ മഹാവിപത്തിൽനിന്നും ലോത്തിനെ രക്ഷിച്ചു.