ഉൽപത്തി 19:15-29
ഉൽപത്തി 19:15-29 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൊൾക എന്നു പറഞ്ഞു. അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തു കൊണ്ടുവന്നശേഷം അവൻ: ജീവരക്ഷയ്ക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുത്; ഈ പ്രദേശത്തെങ്ങും നില്ക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവതത്തിലേക്ക് ഓടിപ്പോക എന്നു പറഞ്ഞു. ലോത്ത് അവരോടു പറഞ്ഞത്: അങ്ങനെയല്ല കർത്താവേ; നിനക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവതത്തിൽ ഓടി എത്തുവാൻ എനിക്ക് കഴികയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം ഭവിക്കും. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്ക് എനിക്ക് ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. അവൻ അവനോട്: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. ബദ്ധപ്പെട്ട് അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്ക് ഒന്നും ചെയ്വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി. ലോത്ത് സോവാരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തുനിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകല നിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകല ദിക്കിനും നേരേ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:15-29 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
പ്രഭാതമായപ്പോൾ ദൂതന്മാർ ലോത്തിനോടു നിർബന്ധപൂർവം പറഞ്ഞു: “ഈ നഗരത്തിനു വരാൻ പോകുന്ന ശിക്ഷയിൽ അകപ്പെട്ടു നശിക്കാതിരിക്കാൻ ഭാര്യയെയും നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പുറപ്പെടുക. എന്നിട്ടും ലോത്ത് ശങ്കിച്ചുനിന്നു; സർവേശ്വരൻ ലോത്തിനോടു കരുണ കാട്ടി, ലോത്തിനെയും അയാളുടെ ഭാര്യയെയും പുത്രിമാരെയും ആ പുരുഷന്മാർതന്നെ കൈക്കു പിടിച്ച് പട്ടണത്തിനു പുറത്തു കൊണ്ടുവന്നു. അവരിൽ ഒരാൾ പറഞ്ഞു: “ആ മലയിലേക്ക് ഓടി രക്ഷപെടുക. തിരിഞ്ഞുനോക്കുകയോ, താഴ്‌വരയിലെവിടെയെങ്കിലും തങ്ങിനില്‌ക്കുകയോ ചെയ്യരുത്. നിങ്ങൾ ദഹിച്ചുപോകാതിരിക്കാൻ ഓടിപ്പോകുക.” ലോത്ത് മറുപടി പറഞ്ഞു: “അരുതേ, അങ്ങനെ ഞങ്ങളെ നിർബന്ധിക്കരുതേ. അവിടുന്ന് എന്നോടു കരുണ ചെയ്ത് എന്നെ രക്ഷിച്ചുവല്ലോ. മലയിലേക്ക് ഓടി എത്താൻ എനിക്ക് കഴിവില്ല. അവിടെ എത്തുന്നതിനുമുമ്പ് നാശത്തിൽപ്പെട്ട് ഞാൻ മരിച്ചുപോകും. അതാ, ആ കാണുന്ന ചെറിയ പട്ടണം അടുത്താണല്ലോ, ഓടിയെത്താനുള്ള ദൂരമേയുള്ളൂ. ഞങ്ങൾ അവിടേക്ക് ഓടി രക്ഷപെടട്ടെയോ?” ദൂതൻ പറഞ്ഞു: “ശരി, ഇക്കാര്യത്തിലും ഞാൻ നിന്റെ അപേക്ഷ സ്വീകരിച്ചിരിക്കുന്നു. നീ പറഞ്ഞ ആ പട്ടണം ഞാൻ നശിപ്പിക്കുകയില്ല. വേഗം അവിടെയെത്തി രക്ഷപെടുക; നീ അവിടെ എത്തുന്നതുവരെ എനിക്ക് ഒന്നും ചെയ്യാനാവില്ല.” അങ്ങനെ ആ പട്ടണത്തിനു സോവർ എന്നു പേരുണ്ടായി. ലോത്ത് സോവറിൽ എത്തിയപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. സർവേശ്വരൻ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്നു ഗന്ധകവും തീയും വർഷിച്ചു. ആ പട്ടണങ്ങളെയും താഴ്‌വരകളെയും അവിടെയുള്ള സകല നിവാസികളെയും എല്ലാ സസ്യങ്ങളെയും നശിപ്പിച്ചു. എന്നാൽ ലോത്തിന്റെ പിന്നാലെ വന്ന ഭാര്യ തിരിഞ്ഞു നോക്കിയതിനാൽ ഉപ്പുതൂണായിത്തീർന്നു. രാവിലെ അബ്രഹാം എഴുന്നേറ്റു താൻ മുമ്പു സർവേശ്വരന്റെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്ത് എത്തി. അവിടെ നിന്നുകൊണ്ട് സൊദോം, ഗൊമോറാ എന്നീ പട്ടണങ്ങളിലേക്കും, താഴ്‌വരയിലുള്ള മറ്റു സ്ഥലങ്ങളിലേക്കും നോക്കി. ആ പ്രദേശത്തുനിന്നെല്ലാം തീച്ചൂളയിൽ നിന്നെന്നപോലെ പുക ഉയരുന്നതു കണ്ടു. താഴ്‌വരയിലുള്ള പട്ടണങ്ങളെ ദൈവം നശിപ്പിച്ചപ്പോൾ അബ്രഹാമിനെ ഓർത്ത് അവിടുന്ന് ആ നാശത്തിന്റെ നടുവിൽനിന്ന് ലോത്തിനെ രക്ഷിച്ചു.
ഉൽപത്തി 19:15-29 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ തിടുക്കപ്പെടുത്തി: “ഈ പട്ടണത്തിന്‍റെ ശിക്ഷയിൽ ദഹിക്കാതിരിക്കുവാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെയുള്ള നിന്‍റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ട് പൊയ്ക്കൊള്ളുക” എന്നു പറഞ്ഞു. അവൻ താമസിച്ചപ്പോൾ, യഹോവ അവനോട് കരുണ ചെയ്യുകയാൽ, ആ ദൈവ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തുകൊണ്ടുവന്ന ശേഷം അവൻ: “ജീവരക്ഷയ്ക്കായി ഓടിപ്പോവുക; പുറകോട്ട് നോക്കരുത്; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുത്; നിനക്കു നാശം ഭവിക്കാതിരിക്കുവാൻ പർവ്വതത്തിലേക്ക് ഓടിപ്പോക” എന്നു പറഞ്ഞു. ലോത്ത് അവരോട് പറഞ്ഞത്: “അങ്ങനെയല്ല കർത്താവേ; അങ്ങേയ്ക്ക് അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിക്കുവാൻ എനിക്ക് വലിയ കൃപ അങ്ങ് കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്ക് കഴിയുകയില്ല; പക്ഷേ എനിക്ക് ദോഷം തട്ടി മരണം സംഭവിക്കും. ഇതാ, ഈ പട്ടണം ഓടിരക്ഷപ്പെടുവാൻ കഴിയുന്നത്ര സമീപമാകുന്നു; അത് ചെറിയതുമാകുന്നു; ഞാൻ അവിടേക്ക് ഓടിപ്പോകട്ടെ. അത് ചെറിയതല്ലോ; എന്നാൽ എനിക്ക് ജീവരക്ഷ ഉണ്ടാകും.” ആ ദൈവപുരുഷൻ അവനോട്: “ഇതാ, ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ ഈ പട്ടണം ഞാൻ നശിപ്പിച്ചുകളയുകയില്ല. വേഗമാകട്ടെ! അവിടേക്ക് ഓടിപ്പോക; നീ അവിടെ എത്തുന്നതുവരെയും എനിക്ക് ഒന്നും ചെയ്യുവാൻ കഴിയുകയില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിന് സോവർ എന്നു പേരായി. ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. യഹോവ സൊദോമിൻ്റെയും ഗൊമോരായുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്ന്, ആകാശത്തു നിന്നുതന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. ആ പട്ടണങ്ങൾക്കും പ്രദേശത്തിനു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായിത്തീർന്നു. അബ്രാഹാം അതിരാവിലെ എഴുന്നേറ്റ് താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തുചെന്നു, സൊദോമിനും ഗൊമോറായ്ക്കും ആ പ്രദേശത്തിലെ സകലദിക്കിനും നേരെ നോക്കി, അതാ, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നത് കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്ക് ഉന്മൂലനാശം വരുത്തിയപ്പോൾ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:15-29 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
ഉഷസ്സായപ്പോൾ ദൂതന്മാർ ലോത്തിനെ ബദ്ധപ്പെടുത്തി: ഈ പട്ടണത്തിന്റെ അകൃത്യത്തിൽ നശിക്കാതിരിപ്പാൻ എഴുന്നേറ്റു നിന്റെ ഭാര്യയെയും ഇവിടെ കാണുന്ന നിന്റെ രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടു പൊയ്ക്കൾക എന്നു പറഞ്ഞു. അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയി ആക്കി. അവരെ പുറത്തു കൊണ്ടുവന്ന ശേഷം അവൻ: ജീവരക്ഷെക്കായി ഓടിപ്പോക; പുറകോട്ടു നോക്കരുതു; ഈ പ്രദേശത്തെങ്ങും നിൽക്കയുമരുതു; നിനക്കു നാശം ഭവിക്കാതിരിപ്പാൻ പർവ്വതത്തിലേക്കു ഓടിപ്പോക എന്നു പറഞ്ഞു. ലോത്ത് അവരോടു പറഞ്ഞതു: അങ്ങനെയല്ല കർത്താവേ; നിനക്കു അടിയനോടു കൃപ തോന്നിയല്ലോ; എന്റെ ജീവനെ രക്ഷിപ്പാൻ എനിക്കു വലിയ കൃപ നീ കാണിച്ചിരിക്കുന്നു; പർവ്വതത്തിൽ ഓടി എത്തുവാൻ എനിക്കു കഴികയില്ല; പക്ഷേ എനിക്കു ദോഷം തട്ടി മരണം ഭവിക്കും. ഇതാ, ഈ പട്ടണം സമീപമാകുന്നു; അവിടേക്കു എനിക്കു ഓടാം; അതു ചെറിയതുമാകുന്നു; ഞാൻ അവിടേക്കു ഓടിപ്പേകട്ടെ. അതു ചെറിയതല്ലോ; എന്നാൽ എനിക്കു ജീവരക്ഷ ഉണ്ടാകും. അവൻ അവനോടു: ഇക്കാര്യത്തിലും ഞാൻ നിന്നെ കടാക്ഷിച്ചിരിക്കുന്നു; നീ പറഞ്ഞ പട്ടണം ഞാൻ മറിച്ചുകളകയില്ല. ബദ്ധപ്പെട്ടു അവിടേക്കു ഓടിപ്പോക; നീ അവിടെ എത്തുവോളം എനിക്കു ഒന്നും ചെയ്വാൻ കഴികയില്ല എന്നു പറഞ്ഞു. അതുകൊണ്ടു ആ പട്ടണത്തിന്നു സോവർ എന്നു പേരായി. ലോത്ത് സോവരിൽ കടന്നപ്പോൾ സൂര്യൻ ഉദിച്ചിരുന്നു. യഹോവ സൊദോമിന്റെയും ഗൊമോരയുടെയും മേൽ യഹോവയുടെ സന്നിധിയിൽനിന്നു, ആകാശത്തു നിന്നു തന്നെ, ഗന്ധകവും തീയും വർഷിപ്പിച്ചു. ആ പട്ടണങ്ങൾക്കും പ്രദേശത്തിന്നു മുഴുവനും ആ പട്ടണങ്ങളിലെ സകലനിവാസികൾക്കും നിലത്തെ സസ്യങ്ങൾക്കും ഉന്മൂലനാശം വരുത്തി. ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു. അബ്രാഹാം രാവിലെ എഴുന്നേറ്റു താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു, സൊദോമിന്നും ഗൊമോരെക്കും ആ പ്രദേശത്തിലെ സകലദിക്കിന്നും നേരെ നോക്കി, ദേശത്തിലെ പുക തീച്ചൂളയിലെ പുകപോലെ പൊങ്ങുന്നതു കണ്ടു. എന്നാൽ ആ പ്രദേശത്തിലെ പട്ടണങ്ങളെ നശിപ്പിക്കുമ്പോൾ ദൈവം അബ്രാഹാമിനെ ഓർത്തു. ലോത്ത് പാർത്ത പട്ടണങ്ങൾക്കു ഉന്മൂലനാശം വരുത്തുകയിൽ ലോത്തിനെ ആ ഉന്മൂലനാശത്തിൽനിന്നു വിടുവിച്ചു.
ഉൽപത്തി 19:15-29 സമകാലിക മലയാളവിവർത്തനം (MCV)
ഉഷസ്സായപ്പോൾ ആ ദൂതന്മാർ ലോത്തിനെ നിർബന്ധിച്ചുകൊണ്ടു “വേഗം, നിന്റെ ഭാര്യയെയും രണ്ടു പുത്രിമാരെയും കൂട്ടിക്കൊണ്ടുപോകുക, അല്ലെങ്കിൽ നഗരത്തോടൊപ്പം നിങ്ങൾ നശിച്ചുപോകും” എന്നു പറഞ്ഞു. ലോത്ത് മടിച്ചുനിന്നപ്പോൾ—യഹോവയ്ക്ക് അവരോടു കരുണയുണ്ടായി—ആ പുരുഷന്മാർ അദ്ദേഹത്തെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കുപിടിച്ചു നഗരത്തിനു പുറത്തേക്കു കൊണ്ടുപോയി. അവരെ പുറത്തുകൊണ്ടുവന്നശേഷം അവരിൽ ഒരാൾ, “പ്രാണരക്ഷയ്ക്കായി ഓടിപ്പോകുക, തിരിഞ്ഞുനോക്കരുത്, സമഭൂമിയിൽ ഒരിടത്തും തങ്ങരുത്. മലകളിലേക്ക് ഓടുക, അല്ലെങ്കിൽ നിങ്ങൾ നിശ്ശേഷം നശിച്ചുപോകും” എന്നു പറഞ്ഞു. എന്നാൽ ലോത്ത് അവരോട്, “കർത്താവേ, ദയവായി അങ്ങനെ ചെയ്യരുതേ! അങ്ങേക്ക് അടിയനോടു കൃപതോന്നിയല്ലോ. എന്റെ ജീവനെ രക്ഷിച്ചതിലൂടെ അവിടന്നു വലിയ കരുണകാണിച്ചിരിക്കുന്നു. എനിക്കു മലകളിലേക്ക് ഓടിരക്ഷപ്പെടാൻ നിവൃത്തിയില്ല; ഈ വിപത്ത് എന്നെ മൂടിക്കളയും, ഞാൻ മരിച്ചുപോകുകയും ചെയ്യും. ഇതാ, ഓടിച്ചെന്നെത്താൻ കഴിയുംവിധം സമീപത്തായി ഒരു ചെറിയ പട്ടണമുണ്ടല്ലോ! അതിലേക്ക് ഓടിപ്പോകാൻ എന്നെ അനുവദിക്കണമേ; അതു തീരെ ചെറിയതുമാണ്; എങ്കിൽ എന്റെ ജീവൻ രക്ഷപ്പെടും” എന്നു പറഞ്ഞു. അവിടന്നു ലോത്തിനോട്, “വളരെ നന്ന്, ഈ അപേക്ഷയും ഞാൻ അനുവദിച്ചുതരും, നീ പറയുന്ന പട്ടണം ഞാൻ നശിപ്പിക്കുകയില്ല. എന്നാൽ, പെട്ടെന്ന് അവിടേക്ക് ഓടുക, നീ അവിടെ എത്തുന്നതുവരെ എനിക്കൊന്നും ചെയ്യാൻ നിർവാഹമില്ല” എന്നു പറഞ്ഞു. അതുകൊണ്ട് ആ പട്ടണത്തിനു സോവാർ എന്നു പേരായി. ലോത്ത് സോവാരിൽ എത്തിയപ്പോഴേക്കും സൂര്യൻ ഉദിച്ചുകഴിഞ്ഞിരുന്നു. അപ്പോൾ യഹോവ സൊദോമിന്റെയും ഗൊമോറായുടെയുംമേൽ ആകാശത്തുനിന്ന്—യഹോവയുടെ സന്നിധിയിൽനിന്നുതന്നെ—ആളിക്കത്തുന്ന ഗന്ധകം വർഷിപ്പിച്ചു. ഇപ്രകാരം അവിടന്ന് ആ സമഭൂമിയെ നിശ്ശേഷമായി—ആ നഗരങ്ങളെയും അവയിൽ താമസിച്ചിരുന്ന സകലരെയും ദേശത്തെ സസ്യാദികളെയും നശിപ്പിച്ചുകളഞ്ഞു. എന്നാൽ, ലോത്തിന്റെ ഭാര്യ അവന്റെ പിറകെ ഓടുന്നതിനിടയിൽ പിറകോട്ടു നോക്കി, അവൾ ഉപ്പുതൂണായിത്തീർന്നു. പിറ്റേന്ന് അതിരാവിലെ അബ്രാഹാം എഴുന്നേറ്റ്, താൻ യഹോവയുടെ സന്നിധിയിൽ നിന്നിരുന്ന സ്ഥലത്തു ചെന്നു. അദ്ദേഹം സൊദോമിനും ഗൊമോറായ്ക്കും സമഭൂമിയിലെ സകലപ്രദേശങ്ങൾക്കും നേരേ നോക്കി, തീച്ചൂളയിൽനിന്നെന്നപോലെ ആ ദേശത്തുനിന്നു പുക ഉയരുന്നതു കണ്ടു. ഇങ്ങനെ ദൈവം സമഭൂമിയിലെ നഗരങ്ങളെ നശിപ്പിച്ചപ്പോൾ, അബ്രാഹാമിനെ ഓർത്തു. ലോത്തു ജീവിച്ചിരുന്ന നഗരങ്ങളെ നശിപ്പിച്ചപ്പോൾ അവിടന്ന് ആ മഹാവിപത്തിൽനിന്നും ലോത്തിനെ രക്ഷിച്ചു.