ഉൽപത്തി 18:16-19

ഉൽപത്തി 18:16-19 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. അപ്പോൾ യഹോവ അരുളിച്ചെയ്തത്: ഞാൻ ചെയ്‍വാനിരിക്കുന്നത് അബ്രാഹാമിനോടു മറച്ചുവയ്ക്കുമോ? അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവൃത്തിച്ചു കൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിനു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

ഉൽപത്തി 18:16-19 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ആ അതിഥികൾ അവിടെനിന്നു പുറപ്പെട്ട് സൊദോമിലേക്കുള്ള വഴിക്കു തിരിഞ്ഞു. യാത്ര അയയ്‍ക്കാൻ അബ്രഹാം അവരുടെകൂടെ പോയി. സർവേശ്വരൻ ചിന്തിച്ചു: “ഞാൻ ചെയ്യാൻ പോകുന്നത് അബ്രഹാമിൽനിന്നു മറച്ചുവയ്‍ക്കണമോ? അവന്റെ സന്തതി വലുതും ശക്തവുമായ ഒരു ജനതയായിത്തീരും. അവനിലൂടെ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും. ഞാൻ വാഗ്ദാനം ചെയ്തിട്ടുള്ളത് നിറവേറത്തക്കവിധം നീതിയും ന്യായവും പ്രവർത്തിച്ച് എന്റെ വഴിയിൽ നടക്കണമെന്ന് അവന്റെ പുത്രന്മാരോടും ഭാവിതലമുറകളോടും നിഷ്കർഷിക്കാനാണ് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നത്.”

ഉൽപത്തി 18:16-19 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ആ പുരുഷന്മാർ അവിടെനിന്നു എഴുന്നേറ്റ് സൊദോമിനു നേരേ തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയയ്ക്കുവാൻ അവരോടുകൂടെ പോയി. അപ്പോൾ യഹോവ അരുളിച്ചെയ്തത്: “ഞാൻ ചെയ്യുവാൻ പോകുന്നത് അബ്രാഹാമിനോട് മറച്ചുവയ്ക്കുമോ? അബ്രാഹാം നിശ്ചയമായി വലിയതും ബലമുള്ളതുമായ ജനതയായി തീരുകയും അവനിൽ ഭൂമിയിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടുകയും ചെയ്യുമെന്നിരിക്കെ യഹോവ അബ്രാഹാമിനെക്കുറിച്ച് അരുളിച്ചെയ്തത് അവനു നിവർത്തിച്ചുകൊടുക്കുവാൻ തക്കവണ്ണം അബ്രാഹാം തന്‍റെ മക്കളോടും തനിക്കു ശേഷമുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട് യഹോവയുടെ വഴിയിൽ നടക്കുവാൻ കല്പിക്കേണ്ടതിന് ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.”

ഉൽപത്തി 18:16-19 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു സൊദോംവഴിക്കു തിരിഞ്ഞു; അബ്രാഹാം അവരെ യാത്ര അയപ്പാൻ അവരോടുകൂടെ പോയി. അപ്പോൾ യഹോവ അരുളിച്ചെയ്തതു: ഞാൻ ചെയ്‌വാനിരിക്കുന്നതു അബ്രാഹാമിനോടു മറെച്ചുവെക്കുമോ? അബ്രാഹാം വലിയതും ബലമുള്ളതുമായ ജാതിയായി തീരുകയും അവനിൽ ഭൂമിയിലെ ജാതികളൊക്കെയും അനുഗ്രഹിക്കപ്പെടുകയും ചെയ്യുമല്ലോ. യഹോവ അബ്രാഹാമിനെക്കുറിച്ചു അരുളിച്ചെയ്തതു അവന്നു നിവൃത്തിച്ചുകൊടുപ്പാൻ തക്കവണ്ണം അബ്രാഹാം തന്റെ മക്കളോടും തനിക്കു പിമ്പുള്ള കുടുംബത്തോടും നീതിയും ന്യായവും പ്രവൃത്തിച്ചുകൊണ്ടു യഹോവയുടെ വഴിയിൽ നടപ്പാൻ കല്പിക്കേണ്ടതിന്നു ഞാൻ അവനെ തിരഞ്ഞെടുത്തിരിക്കുന്നു.

ഉൽപത്തി 18:16-19 സമകാലിക മലയാളവിവർത്തനം (MCV)

ആ പുരുഷന്മാർ അവിടെനിന്നു പുറപ്പെട്ടു. അവർ താഴേ സൊദോമിലേക്കു തിരിഞ്ഞു. അബ്രാഹാം അവരെ യാത്രയയയ്ക്കാൻ അവരോടുകൂടെ നടന്നു. അപ്പോൾ യഹോവ: “ഞാൻ ചെയ്യാൻപോകുന്നത് അബ്രാഹാമിൽനിന്ന് മറച്ചുവെക്കുമോ? അബ്രാഹാമിന്റെ വംശം നിശ്ചയമായും ശ്രേഷ്ഠവും പ്രബലവുമായ ഒരു രാഷ്ട്രമായിത്തീരും; ഭൂമിയിലെ സകലരാഷ്ട്രങ്ങളും അവനിലൂടെ അനുഗ്രഹിക്കപ്പെടും. അബ്രാഹാം നീതിയും ന്യായവും പ്രവർത്തിച്ചുകൊണ്ട്, തന്റെ മക്കളെയും തന്റെ കാലശേഷമുള്ള ഭവനക്കാരെയും ദൈവത്തിന്റെ വഴികളിൽ നടക്കാൻ പ്രേരിപ്പിക്കേണ്ടതിനു ഞാൻ അവനെ തെരഞ്ഞെടുത്തിരിക്കുന്നു. അങ്ങനെ, യഹോവ അബ്രാഹാമിനു നൽകിയ വാഗ്ദാനം അദ്ദേഹത്തിന് നിറവേറ്റിക്കൊടുക്കാൻ സംഗതിയാകും.”