ഉൽപത്തി 18:1-8
ഉൽപത്തി 18:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അനന്തരം യഹോവ അവനു മമ്രേയുടെ തോപ്പിൽവച്ചു പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരേ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽനിന്ന് അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻകീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത് എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്ന് അവർ പറഞ്ഞു. അബ്രാഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറായുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവ് എടുത്തു കുഴച്ച് അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ച് ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻകീഴിൽ ശുശ്രൂഷിച്ചുനിന്നു; അവർ ഭക്ഷണം കഴിച്ചു.
ഉൽപത്തി 18:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
മമ്രെയുടെ കരുവേലകത്തോപ്പിനു സമീപം സർവേശ്വരൻ അബ്രഹാമിനു പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അബ്രഹാം കൂടാരവാതില്‌ക്കൽ ഇരിക്കുകയായിരുന്നു. അദ്ദേഹം തല ഉയർത്തി നോക്കിയപ്പോൾ മൂന്ന് ആളുകൾ തനിക്കെതിരെ നില്‌ക്കുന്നതു കണ്ടു. ഉടനെ അവരെ സ്വീകരിക്കാൻ കൂടാരവാതില്‌ക്കൽനിന്ന് ഓടിച്ചെന്ന് സാഷ്ടാംഗം പ്രണമിച്ചു പറഞ്ഞു: “യജമാനന്മാരേ, നിങ്ങൾ എന്നിൽ പ്രസാദിക്കുന്നെങ്കിൽ ഈ ദാസനെ കടന്നുപോകരുതേ. ഞാൻ കുറച്ച് വെള്ളം കൊണ്ടുവരട്ടെ. കാലുകഴുകി ഈ മരത്തണലിൽ വിശ്രമിച്ചാലും; കുറെ അപ്പവും കൊണ്ടുവരാം. ക്ഷീണം ശമിച്ചിട്ട് യാത്ര തുടരാം. ഈ ദാസന്റെ അടുത്ത് നിങ്ങൾ എത്തിയിരിക്കുകയാണല്ലോ.” “ശരി അങ്ങനെ ആകട്ടെ” എന്ന് അവർ പറഞ്ഞു. അബ്രഹാം നേരെ കൂടാരത്തിൽ ചെന്നു സാറായോടു പറഞ്ഞു: “വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക.” പിന്നീട് തൊഴുത്തിലേക്ക് ഓടി, കൊഴുത്തു തടിച്ച ഒരു കാളക്കുട്ടിയെ പിടിച്ച് ഭൃത്യനെ ഏല്പിച്ചു. അവൻ അതിനെ പെട്ടെന്ന് പാകപ്പെടുത്തി. അബ്രഹാം വെണ്ണയും പാലും പാകം ചെയ്ത മാംസവും കൊണ്ടുവന്ന് അവർക്കു വിളമ്പി. അവർ ഭക്ഷിച്ചുകൊണ്ടിരിക്കെ അദ്ദേഹം മരത്തണലിൽ അവരെ പരിചരിച്ചുകൊണ്ടു നിന്നു.
ഉൽപത്തി 18:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അനന്തരം യഹോവ അബ്രാഹാമിന് മമ്രേയുടെ തോപ്പിൽവച്ച് പ്രത്യക്ഷനായി; വെയിലുറച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തല ഉയർത്തിനോക്കിയപ്പോൾ അതാ, മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നു; അവൻ അവരെ കണ്ടപ്പോൾ കൂടാരവാതിൽക്കൽ നിന്ന് അവരെ എതിരേൽക്കുവാൻ ഓടിച്ചെന്ന് നിലംവരെ കുനിഞ്ഞു: “യജമാനനേ, എന്നോട് കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. കുറച്ചു വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ വിശ്രമിച്ചാലും. ഞാൻ കുറെ അപ്പം കൊണ്ടുവരാം; വിശപ്പ് അടക്കീട്ട് നിങ്ങൾക്ക് പോകാം; ഇതിനായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നത്” എന്നു പറഞ്ഞു. “നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു അവർ പറഞ്ഞു. അബ്രാഹാം വേഗത്തിൽ കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: “വേഗത്തിൽ മൂന്നിടങ്ങഴി മാവ് എടുത്തു കുഴച്ചു അപ്പമുണ്ടാക്കുക” എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്ന് ഇളയതും നല്ലതുമായ ഒരു കാളക്കുട്ടിയെ പിടിച്ച് ഒരു യൗവനക്കാരൻ്റെ കൈവശം കൊടുത്തു; അവൻ അതിനെ വേഗത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്ന് അവരുടെ മുമ്പിൽവച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ അബ്രാഹാം അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു.
ഉൽപത്തി 18:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അനന്തരം യഹോവ അവന്നു മമ്രേയുടെ തോപ്പിൽവെച്ചു പ്രത്യക്ഷനായി; വെയിലുറെച്ചപ്പോൾ അവൻ കൂടാരവാതിൽക്കൽ ഇരിക്കയായിരുന്നു. അവൻ തലപൊക്കി നോക്കിയപ്പോൾ മൂന്നു പുരുഷന്മാർ തന്റെ നേരെ നില്ക്കുന്നതു കണ്ടു; അവരെ കണ്ടപ്പോൾ അവൻ കൂടാരവാതിൽക്കൽ നിന്നു അവരെ എതിരേല്പാൻ ഓടിച്ചെന്നു നിലംവരെ കുനിഞ്ഞു: യജമാനനേ, എന്നോടു കൃപയുണ്ടെങ്കിൽ അടിയനെ കടന്നുപോകരുതേ. അസാരം വെള്ളം കൊണ്ടുവന്നു നിങ്ങളുടെ കാലുകളെ കഴുകട്ടെ; വൃക്ഷത്തിൻ കീഴിൽ ഇരിപ്പിൻ. ഞാൻ ഒരു മുറി അപ്പം കൊണ്ടുവരാം; വിശപ്പു അടക്കീട്ടു നിങ്ങൾക്കു പോകാം; ഇതിന്നായിട്ടല്ലോ നിങ്ങൾ അടിയന്റെ അടുക്കൽ കയറിവന്നതു എന്നു പറഞ്ഞു. നീ പറഞ്ഞതുപോലെ ആകട്ടെ എന്നു അവർ പറഞ്ഞു. അബ്രഹാം ബദ്ധപ്പെട്ടു കൂടാരത്തിൽ സാറയുടെ അടുക്കൽ ചെന്നു: നീ ക്ഷണത്തിൽ മൂന്നിടങ്ങഴി മാവു എടുത്തു കുഴെച്ചു അപ്പമുണ്ടാക്കുക എന്നു പറഞ്ഞു. അബ്രാഹാം പശുക്കൂട്ടത്തിൽ ഓടിച്ചെന്നു ഇളയതും നല്ലതുമായൊരു കാളക്കുട്ടിയെ പിടിച്ചു ഒരു ബാല്യക്കാരന്റെ പക്കൽ കൊടുത്തു; അവൻ അതിനെ ക്ഷണത്തിൽ പാകം ചെയ്തു. പിന്നെ അവൻ വെണ്ണയും പാലും താൻ പാകം ചെയ്യിച്ച കാളക്കുട്ടിയെയും കൊണ്ടുവന്നു അവരുടെ മുമ്പിൽ വെച്ചു. അവരുടെ അടുക്കൽ വൃക്ഷത്തിൻ കീഴിൽ ശുശ്രൂഷിച്ചു നിന്നു; അവർ ഭക്ഷണം കഴിച്ചു.
ഉൽപത്തി 18:1-8 സമകാലിക മലയാളവിവർത്തനം (MCV)
ഒരു ദിവസം വെയിലുറച്ചപ്പോൾ അബ്രാഹാം തന്റെ കൂടാരവാതിൽക്കൽ ഇരിക്കുകയായിരുന്നു, അപ്പോൾ യഹോവ അബ്രാഹാമിനു മമ്രേയുടെ മഹാവൃക്ഷങ്ങൾക്കരികെ പ്രത്യക്ഷനായി. അദ്ദേഹം തലയുയർത്തിനോക്കിയപ്പോൾ മൂന്നുപുരുഷന്മാർ അടുക്കൽ നിൽക്കുന്നതു കണ്ടു; അവരെ കണ്ടമാത്രയിൽ, അദ്ദേഹം കൂടാരവാതിൽക്കൽനിന്ന് തിടുക്കത്തിൽ ചെന്ന് സാഷ്ടാംഗം വീണുവണങ്ങി അവരെ എതിരേറ്റു. “എന്റെ കർത്താവേ, അങ്ങേക്ക് കൃപയുണ്ടെങ്കിൽ അടിയനോടൊപ്പം കുറച്ചു സമയം ചെലവഴിക്കണേ. ഞാൻ കുറച്ചുവെള്ളം കൊണ്ടുവരട്ടെ, നിങ്ങൾക്ക് എല്ലാവർക്കും കാലുകഴുകി ഈ മരത്തിന്റെ തണലിൽ വിശ്രമിക്കാമല്ലോ. ഞാൻ നിങ്ങൾക്കു കഴിക്കാൻ എന്തെങ്കിലും കൊണ്ടുവരാം, വിശപ്പടക്കിയശേഷം നിങ്ങൾക്കു യാത്ര തുടരാം. അവിടന്ന് അടിയന്റെ അടുക്കൽ വന്നതാണല്ലോ” എന്ന് അബ്രാഹാം പറഞ്ഞു. അതിനുത്തരമായി അവർ, “വളരെ നന്ന്, നീ പറഞ്ഞതുപോലെ ചെയ്യുക” എന്നു പറഞ്ഞു. അബ്രാഹാം വേഗത്തിൽ കൂടാരത്തിനുള്ളിൽ സാറായുടെ അടുത്തെത്തി. “നീ പെട്ടെന്ന് മൂന്നു സേയാ നേർത്ത മാവെടുത്തു കുഴച്ച് കുറച്ച് അപ്പം ചുടുക,” എന്നു പറഞ്ഞു. പിന്നെ അബ്രാഹാം ഓടിച്ചെന്ന് കാലിക്കൂട്ടത്തിൽനിന്ന് ഇളപ്പമായ നല്ലൊരു കാളക്കിടാവിനെ പിടിച്ച് ഒരു ദാസനെ ഏൽപ്പിച്ചു. അവൻ വേഗത്തിൽ അതിനെ പാകംചെയ്തു. പിന്നെ അബ്രാഹാം കുറെ വെണ്ണയും പാലും പാകംചെയ്ത കാളയിറച്ചിയും കൊണ്ടുവന്ന് അവരുടെമുമ്പിൽ വെച്ചു. അവർ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ അദ്ദേഹം അവർക്കു സമീപം ഒരു മരത്തണലിൽ അവരെ ശുശ്രൂഷിക്കാനായി നിന്നു.