ഉൽപത്തി 17:18-20
ഉൽപത്തി 17:18-20 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്ന് അബ്രാഹാം ദൈവത്തോടു പറഞ്ഞു. അതിനു ദൈവം അരുളിച്ചെയ്തത്: അല്ല, നിന്റെ ഭാര്യയായ സാറാതന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും. യിശ്മായേലിനെക്കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്‍ടിയുള്ളവനാക്കി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.
ഉൽപത്തി 17:18-20 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
അബ്രഹാം ദൈവത്തോടു പറഞ്ഞു: “അങ്ങനെയെങ്കിൽ തിരുമുമ്പിൽ ഇശ്മായേൽ ജീവിച്ചിരിക്കട്ടെ.” എന്നാൽ ദൈവം അരുളിച്ചെയ്തു: “അല്ല, സാറാതന്നെ നിനക്ക് ഒരു പുത്രനെ പ്രസവിക്കും. നീ അവനെ ‘ഇസ്ഹാക്ക്’ എന്നു വിളിക്കണം. അവന്റെ ഭാവിതലമുറകൾക്കുവേണ്ടി സ്ഥിരമായ ഒരു ഉടമ്പടി അവനുമായി ഞാൻ സ്ഥാപിക്കും. ഇശ്മായേലിനെ സംബന്ധിച്ചുള്ള നിന്റെ അപേക്ഷ ഞാൻ കേട്ടിരിക്കുന്നു. ഞാൻ അവനെ അനുഗ്രഹിക്കും; ഞാൻ അവനെ സന്താനപുഷ്‍ടിയുള്ളവനാക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാർക്കു പിതാവായിത്തീരും. ഞാൻ അവനിൽനിന്ന് ഒരു വലിയ ജനതയെ ഉളവാക്കും.
ഉൽപത്തി 17:18-20 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
“യിശ്മായേൽ അങ്ങേയുടെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി” എന്നു അബ്രാഹാം ദൈവത്തോട് പറഞ്ഞു. അതിന് ദൈവം അരുളിച്ചെയ്തത്: “അല്ല, നിന്റെ ഭാര്യയായ സാറാ തന്നെ നിനക്കൊരു മകനെ പ്രസവിക്കും; നീ അവനു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്‍റെ ഉടമ്പടിയെ ഒരു നിത്യഉടമ്പടിയായി സ്ഥാപിക്കും യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഇതാ, ഞാൻ അവനെ അനുഗ്രഹിച്ച് അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ട് പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയ ഒരു ജനതയാക്കും.
ഉൽപത്തി 17:18-20 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
യിശ്മായേൽ നിന്റെ മുമ്പാകെ ജീവിച്ചിരുന്നാൽ മതി എന്നു അബ്രാഹാം ദൈവത്തോടു പറഞ്ഞു. അതിന്നു ദൈവം അരുളിച്ചെയ്തതു: അല്ല, നിന്റെ ഭാര്യയായ സാറാ തന്നേ നിനക്കൊരു മകനെ പ്രസവിക്കും; നീ അവന്നു യിസ്ഹാക്ക് എന്നു പേരിടേണം; ഞാൻ അവനോടും അവന്റെ ശേഷം അവന്റെ സന്തതിയോടും എന്റെ നിയമത്തെ നിത്യനിയമമായി ഉറപ്പിക്കും യിശ്മായേലിനെ കുറിച്ചും ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; ഞാൻ അവനെ അനുഗ്രഹിച്ചു അത്യന്തം സന്താനപുഷ്ടിയുള്ളവനാക്കി വർദ്ധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരെ ജനിപ്പിക്കും; ഞാൻ അവനെ വലിയോരു ജാതിയാക്കും.
ഉൽപത്തി 17:18-20 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാഹാം ദൈവത്തോട്: “അവിടത്തെ അനുഗ്രഹത്താൽ യിശ്മായേൽ ജീവിച്ചിരുന്നാൽ മതി” എന്നു പറഞ്ഞു. അപ്പോൾ ദൈവം അരുളിച്ചെയ്തത്: “അങ്ങനെയല്ല, നിന്റെ ഭാര്യയായ സാറാ നിനക്കൊരു മകനെ പ്രസവിക്കും; അവന് യിസ്ഹാക്ക് എന്നു നാമകരണം ചെയ്യണം. ഞാൻ അവനോടും അവനുശേഷം അവന്റെ സന്തതികളോടുമായി എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി ഉറപ്പിക്കും. യിശ്മായേലിനെ സംബന്ധിച്ച്, ഞാൻ നിന്റെ അപേക്ഷ കേട്ടിരിക്കുന്നു; നിശ്ചയമായും ഞാൻ അവനെ അനുഗ്രഹിക്കും; അവനെ സന്താനസമൃദ്ധിയുള്ളവനാക്കി അവന്റെ സംഖ്യ അത്യധികമായി വർധിപ്പിക്കും. അവൻ പന്ത്രണ്ടു പ്രഭുക്കന്മാരുടെ പിതാവായിത്തീരും; അവനെ ഒരു വലിയ ജനതയാക്കും.