ഉൽപത്തി 17:1-8
ഉൽപത്തി 17:1-8 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)
അബ്രാമിനു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: ഞാൻ സർവശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർധിപ്പിക്കും എന്ന് അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോട് ഒരു നിയമമുണ്ട്; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർധിപ്പിച്ച്, അനേകജാതികളാക്കും; നിന്നിൽനിന്നു രാജാക്കന്മാരും ഉദ്ഭവിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിനു ഞാൻ എനിക്കും നിനക്കും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശമൊക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
ഉൽപത്തി 17:1-8 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)
സർവേശ്വരൻ അബ്രാമിന് പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹത്തിനു തൊണ്ണൂറ്റിഒമ്പതു വയസ്സായിരുന്നു. അവിടുന്ന് അരുളിച്ചെയ്തു: “ഞാൻ സർവശക്തനായ ദൈവമാകുന്നു. നീ എന്റെ സാന്നിധ്യത്തിൽ ജീവിച്ച് കുറ്റമറ്റവനായിരിക്കുക. നീയുമായി ഞാൻ എന്റെ ഉടമ്പടി സ്ഥാപിക്കും. നിനക്ക് അനവധി സന്തതികളെ ഞാൻ നല്‌കും.” അപ്പോൾ അബ്രാം സാഷ്ടാംഗം പ്രണമിച്ചു. ദൈവം അരുളിച്ചെയ്തു: “ഞാൻ നിന്നോട് ഒരു ഉടമ്പടി ചെയ്യുന്നു. നീ അനേകം ജനതകളുടെ പിതാവായിത്തീരും. നിന്റെ പേര് ഇനിമേൽ അബ്രാം എന്നല്ല. നിന്നെ അനേകം ജനതകളുടെ പിതാവാക്കിയിരിക്കുന്നതിനാൽ നിന്റെ പേര് ഇനി അബ്രഹാം എന്നായിരിക്കും. ഞാൻ നിന്നെ സന്താനപുഷ്‍ടി ഉള്ളവനാക്കും. അനേകം ജനതകൾ നിന്നിൽനിന്നുണ്ടാകും. അവരിൽനിന്നു രാജാക്കന്മാരും ഉയർന്നുവരും. ഞാനും നീയും തമ്മിലുള്ള ഉടമ്പടി നിന്റെ ഭാവിതലമുറകളിലൂടെ എന്നേക്കും നിലനിർത്തും. നിനക്കും നിന്റെ സന്തതിപരമ്പരകൾക്കും ഞാൻ ദൈവമായിരിക്കും. ഞാൻ നിനക്കും അവർക്കും നീ ഇപ്പോൾ വന്നുപാർക്കുന്ന കനാൻദേശം മുഴുവൻ സ്ഥിരാവകാശമായി നല്‌കും. ഞാൻ അവരുടെ ദൈവവുമായിരിക്കും.”
ഉൽപത്തി 17:1-8 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)
അബ്രാമിനു തൊണ്ണൂറ്റൊന്‍പത് വയസ്സായപ്പോൾ യഹോവ അബ്രാമിനു പ്രത്യക്ഷനായി അവനോട്: “ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ ഉടമ്പടി ഉണ്ടാക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും” എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോട് അരുളിച്ചെയ്തതെന്തെന്നാൽ: “നോക്കൂ, എനിക്ക് നിന്നോട് ഉടമ്പടിയുണ്ട്; നീ അനേകം ജനതകൾക്ക് പിതാവാകും. ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടത്; ഞാൻ നിന്നെ അനേകം ജനതകൾക്ക് പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നായിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേക ജനതകളാക്കും; നിന്നിൽനിന്ന് രാജാക്കന്മാരും ജനിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവം ആയിരിക്കേണ്ടതിന് ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്‍റെ ഉടമ്പടിയെ നിത്യ ഉടമ്പടിയായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്ക് ദൈവമായുമിരിക്കും.”
ഉൽപത്തി 17:1-8 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)
അബ്രാമിന്നു തൊണ്ണൂറ്റൊമ്പതു വയസ്സായപ്പോൾ യഹോവ അബ്രാമിന്നു പ്രത്യക്ഷനായി അവനോടു: ഞാൻ സർവ്വശക്തിയുള്ള ദൈവം ആകുന്നു; നീ എന്റെ മുമ്പാകെ നടന്നു നിഷ്കളങ്കനായിരിക്ക. എനിക്കും നിനക്കും മദ്ധ്യേ ഞാൻ എന്റെ നിയമം സ്ഥാപിക്കും; നിന്നെ അധികമധികമായി വർദ്ധിപ്പിക്കും എന്നു അരുളിച്ചെയ്തു. അപ്പോൾ അബ്രാം സാഷ്ടാംഗം വീണു; ദൈവം അവനോടു അരുളിച്ചെയ്തതെന്തെന്നാൽ: എനിക്കു നിന്നോടു ഒരു നിയമമുണ്ടു; നീ ബഹുജാതികൾക്കു പിതാവാകും; ഇനി നിന്നെ അബ്രാം എന്നല്ല വിളിക്കേണ്ടതു; ഞാൻ നിന്നെ ബഹുജാതികൾക്കു പിതാവാക്കിയിരിക്കയാൽ നിന്റെ പേർ അബ്രാഹാം എന്നിരിക്കേണം. ഞാൻ നിന്നെ അധികമധികമായി വർദ്ധിപ്പിച്ചു, അനേകജാതികളാക്കും; നിന്നിൽ നിന്നു രാജാക്കന്മാരും ഉത്ഭവിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും ദൈവമായിരിക്കേണ്ടതിന്നു ഞാൻ എനിക്കും നിനക്കും നിന്റെ ശേഷം തലമുറതലമുറയായി നിന്റെ സന്തതിക്കും മദ്ധ്യേ എന്റെ നിയമത്തെ നിത്യനിയമമായി സ്ഥാപിക്കും. ഞാൻ നിനക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും നീ പ്രവാസം ചെയ്യുന്ന ദേശമായ കനാൻദേശം ഒക്കെയും ശാശ്വതാവകാശമായി തരും; ഞാൻ അവർക്കു ദൈവമായുമിരിക്കും.
ഉൽപത്തി 17:1-8 സമകാലിക മലയാളവിവർത്തനം (MCV)
അബ്രാമിനു തൊണ്ണൂറ്റിയൊൻപതു വയസ്സായപ്പോൾ യഹോവ പ്രത്യക്ഷനായി അദ്ദേഹത്തോട്: “ഞാൻ ആകുന്നു സർവശക്തനായ ദൈവം; നീ എന്റെമുമ്പാകെ നടക്കുക; നിഷ്കളങ്കനായിരിക്കുക. എനിക്കും നിനക്കും തമ്മിലുള്ള ഉടമ്പടി ഞാൻ ഉറപ്പിക്കുകയും നിന്നെ അത്യധികമായി വർധിപ്പിക്കുകയും ചെയ്യും” എന്ന് അരുളിച്ചെയ്തു. അബ്രാം സാഷ്ടാംഗം വീണു; ദൈവം അദ്ദേഹത്തോട് അരുളിച്ചെയ്തു, “നിന്നോടുള്ള എന്റെ ഉടമ്പടി: നീ അനേകം ജനതകൾക്കു പിതാവായിത്തീരും. ഇനിയൊരിക്കലും നീ അബ്രാം എന്നു വിളിക്കപ്പെടുകയില്ല, നിന്റെ പേര് അബ്രാഹാം എന്നായിരിക്കും; ഞാൻ നിന്നെ അനേകം ജനതകൾക്കു പിതാവാക്കിയിരിക്കുന്നു: ഞാൻ നിന്നെ സന്താനപുഷ്ടിയുള്ളവനാക്കും. നിന്നിൽനിന്ന് ജനതകൾ ഉത്ഭവിക്കും. രാജാക്കന്മാരും നിന്നിൽനിന്ന് ഉത്ഭവിക്കും. എനിക്കും നിനക്കും നിനക്കുശേഷം നിന്റെ സന്തതിക്കും മധ്യേ ഞാൻ എന്റെ ഉടമ്പടി ശാശ്വത ഉടമ്പടിയായി സ്ഥാപിക്കും; അതനുസരിച്ച് ഞാൻ നിന്റെയും നിനക്കുശേഷം തലമുറയായി നിന്റെ സന്തതിയുടെയും ദൈവമായിരിക്കും. നീ ഇപ്പോൾ പ്രവാസിയായി പാർക്കുന്ന കനാൻദേശം മുഴുവൻ നിനക്കും നിനക്കുശേഷം നിന്റെ പിൻഗാമികൾക്കും ശാശ്വതാവകാശമായി നൽകും; ഞാൻ അവരുടെ ദൈവവും ആയിരിക്കും.”