ഉൽപത്തി 16:3-6

ഉൽപത്തി 16:3-6 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. അവൻ ഹാഗാറിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിനു നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോട്: എനിക്കു ഭവിച്ച അന്യായത്തിനു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്ന് അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിനു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. അബ്രാം സാറായിയോട്: നിന്റെ ദാസി നിന്റെ കൈയിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ട് ഓടിപ്പോയി.

ഉൽപത്തി 16:3-6 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കനാൻദേശത്ത് വാസം തുടങ്ങി പത്തു വർഷം കഴിഞ്ഞപ്പോഴാണു സാറായി തന്റെ ഈജിപ്തുകാരി ദാസി ഹാഗാറിനെ ഭർത്താവിന് ഉപഭാര്യയായി നല്‌കിയത്. അബ്രാം ഹാഗാറിനെ പ്രാപിച്ചു. അവൾ ഗർഭിണിയായി; താൻ ഗർഭിണിയാണെന്നറിഞ്ഞപ്പോൾമുതൽ അവൾ യജമാനത്തിയെ നിന്ദിക്കാൻ തുടങ്ങി. സാറായി അബ്രാമിനോടു പറഞ്ഞു: “എന്റെ ദുഃഖത്തിനു കാരണം അങ്ങുതന്നെ. എന്റെ ദാസിയെ അങ്ങേക്കു നല്‌കിയത് ഞാനാണല്ലോ. എന്നാൽ താൻ ഗർഭിണിയാണെന്ന് അറിഞ്ഞ നിമിഷംമുതൽ അവൾ എന്നെ നിന്ദയോടെ വീക്ഷിക്കുന്നു. കുറ്റം നമ്മിൽ ആരുടേതെന്നു സർവേശ്വരൻ വിധിക്കട്ടെ.” അബ്രാം പറഞ്ഞു: “നിന്റെ ദാസി നിന്റെ അധികാരത്തിൻ കീഴിൽത്തന്നെയാണ്. നിന്റെ ഇഷ്ടംപോലെ അവളോടു വർത്തിക്കുക”. പിന്നീട് സാറായി ഹാഗാറിനോടു ക്രൂരമായി പെരുമാറി; അവൾ അവിടെനിന്ന് ഓടിപ്പോയി.

ഉൽപത്തി 16:3-6 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബ്രാം കനാൻദേശത്ത് പാർത്ത് പത്തു വർഷം കഴിഞ്ഞപ്പോൾ അബ്രാമിൻ്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്‍റെ ഭർത്താവായ അബ്രാമിനു ഭാര്യയായി കൊടുത്തു. അവൻ ഹാഗാറിൻ്റെ അടുക്കൽ ചെന്നു; അവൾ ഗർഭംധരിച്ചു; താൻ ഗർഭംധരിച്ചു എന്നു ഹാഗാർ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന് നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോട്: “എനിക്ക് നേരിട്ട അന്യായത്തിന് നീ ഉത്തരവാദി; ഞാൻ എന്‍റെ ദാസിയെ നിന്‍റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭംധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന് നിന്ദ്യയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ” എന്നു പറഞ്ഞു. അബ്രാം സാറായിയോട്: “നിന്‍റെ ദാസി നിന്‍റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊള്ളുക” എന്നു പറഞ്ഞു. സാറായി അവളോടു കഠിനമായി പെരുമാറിയപ്പോൾ ഹാഗാർ അവളുടെ അടുക്കൽനിന്ന് ഓടിപ്പോയി.

ഉൽപത്തി 16:3-6 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അബ്രാം കനാൻദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു. അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി. അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു. അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു; ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.

ഉൽപത്തി 16:3-6 സമകാലിക മലയാളവിവർത്തനം (MCV)

അങ്ങനെ അബ്രാമിന്റെ ഭാര്യ സാറായി തന്റെ ഈജിപ്റ്റുകാരി ദാസി ഹാഗാറിനെ അദ്ദേഹത്തിനു ഭാര്യയായി കൊടുത്തു. ഇതു സംഭവിച്ചത് അബ്രാം കനാനിൽ താമസം ആരംഭിച്ചു പത്തുവർഷം കഴിഞ്ഞപ്പോഴാണ്. അദ്ദേഹം ഹാഗാറിന്റെ അടുക്കൽ ചെന്നു. അവൾ ഗർഭിണിയായിത്തീർന്നു. താൻ ഗർഭവതിയായിരിക്കുന്നു എന്നറിഞ്ഞതുമുതൽ ഹാഗാർ തന്റെ യജമാനത്തിയായ സാറായിയോട് അവജ്ഞയോടെ പെരുമാറാൻതുടങ്ങി. അപ്പോൾ സാറായി അബ്രാമിനോട്, “ഞാൻ സഹിക്കുന്ന ഈ അന്യായത്തിന് അങ്ങാണ് ഉത്തരവാദി. ഞാൻ എന്റെ ദാസിയെ അങ്ങയുടെ കരങ്ങളിൽ ഏൽപ്പിച്ചു. ഇപ്പോഴിതാ, അവൾ ഗർഭവതിയാണെന്നറിഞ്ഞതുമുതൽ എന്നെ ആദരിക്കുന്നില്ല. യഹോവ അങ്ങേക്കും എനിക്കും മധ്യേ ന്യായംവിധിക്കട്ടെ” എന്നു പറഞ്ഞു. അപ്പോൾ അബ്രാം, “നിന്റെ ദാസി നിന്റെ കൈകളിൽത്തന്നെ. നിനക്ക് ഏറ്റവും ഉചിതമെന്നു തോന്നുന്നത് അവളോടു ചെയ്യുക” എന്നു പറഞ്ഞു. അപ്പോൾ സാറായി ഹാഗാറിനോട് നിർദയമായി പെരുമാറി; അതുകൊണ്ട് അവൾ സാറായിയെ വിട്ട് ഓടിപ്പോയി.