ഉൽപത്തി 15:9-21

ഉൽപത്തി 15:9-21 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ അവനോട്: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നു വയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്ത നടുവേ പിളർന്നു ഭാഗങ്ങളെ നേർക്കുനേരേ വച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു. സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെമേൽ വീണു. അപ്പോൾ അവൻ അബ്രാമിനോട്: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്ന് അരുളിച്ചെയ്തു. സൂര്യൻ അസ്തമിച്ച് ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവേ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്ന് യഹോവ അബ്രാമിനോട് ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത്നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനീസ്യർ, കദ്മോന്യർ, ഹിത്യർ, പെരിസ്യർ, രെഫായീമ്യർ, അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു എന്ന് അരുളിച്ചെയ്തു.

ഉൽപത്തി 15:9-21 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

അവിടുന്നു മറുപടി പറഞ്ഞു: “മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവിനെയും ഒരു പെൺകോലാടിനെയും ഒരു മുട്ടാടിനെയും അവയോടൊപ്പം ഒരു മാടപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക.” അബ്രാം അവയെ കൊണ്ടുവന്നു, മൃഗങ്ങളെ രണ്ടായി പിളർന്നു. ഇരുപകുതിയും നേർക്കുനേരെ വച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം പിളർന്നില്ല. മാംസം റാഞ്ചാൻ കഴുകന്മാർ പറന്നടുത്തപ്പോൾ അബ്രാം അവയെ ആട്ടിയോടിച്ചു. സൂര്യൻ അസ്തമിച്ചപ്പോൾ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭയാനകമായ കൂരിരുട്ട് അദ്ദേഹത്തെ മൂടി. അവിടുന്ന് അബ്രാമിനോടു പറഞ്ഞു: “നിന്റെ സന്താനപരമ്പര അന്യദേശത്ത് പ്രവാസികളായി പാർക്കും; അവർ അവിടെ അടിമകളായിരിക്കും; നാനൂറു വർഷം അവർ പീഡനമേല്‌ക്കും. എന്നാൽ അവരെ അടിമകളാക്കിയ ജനതയെ ഞാൻ ശിക്ഷിക്കും. അവർ അവിടെനിന്നു വളരെ സമ്പത്തോടുകൂടി തിരിച്ചുവരും. നീയാകട്ടെ, സമാധാനത്തോടെ പൂർണവാർധക്യത്തിൽ മരിച്ച് അടക്കപ്പെടും. നിന്റെ സന്താനങ്ങളിൽ നാലാം തലമുറക്കാരായിരിക്കും മടങ്ങിവരുന്നത്. അമോര്യരുടെ ദുഷ്ടതയ്‍ക്കുള്ള ശിക്ഷാകാലം അപ്പോൾ മാത്രമേ പൂർണമാകൂ.” സൂര്യൻ അസ്തമിച്ച് ഇരുട്ട് പരന്നപ്പോൾ പുകയുന്ന ഒരു തീച്ചട്ടി പ്രത്യക്ഷപ്പെട്ടു. ജ്വലിക്കുന്ന ഒരു തീനാളം മാംസഖണ്ഡങ്ങളുടെ ഇടയിലൂടെ കടന്നുപോയി. അന്ന് സർവേശ്വരൻ അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നൈൽനദിമുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള പ്രദേശം ഞാൻ നിന്റെ സന്തതികൾക്ക് അവകാശമായി നല്‌കും. കേന്യരും, കെനിസ്യരും, കദ്മോന്യരും, ഹിത്യരും, പെരിസ്യരും, രെഫായീമ്യരും, അമോര്യരും, കനാന്യരും, ഗിർഗ്ഗശ്യരും, യെബൂസ്യരും നിവസിച്ചിരുന്ന ദേശം തന്നെ.

ഉൽപത്തി 15:9-21 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അവിടുന്ന് അവനോട്: “മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെൺകോലാടിനെയും മൂന്നുവയസ്സുള്ള ഒരു ആണാടിനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക” എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്ന് ഒത്തനടുവെ രണ്ടായിപിളർന്ന് ഭാഗങ്ങളെ നേർക്കു നേരേ വച്ചു; പക്ഷികളെയോ അവൻ രണ്ടായി പിളർന്നില്ല. ഉടലുകളിന്മേൽ കഴുകന്മാർ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ഓടിച്ചുകളഞ്ഞു. സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന് ഒരു ഗാഢനിദ്ര വന്നു; അതാ, ഭീതിയും കൂരിരുട്ടും അവന്‍റെമേൽ വീണു. അപ്പോൾ അവിടുന്ന് അബ്രാമിനോട്: “നിന്‍റെ സന്തതി സ്വന്തമല്ലാത്ത ദേശത്ത് പ്രവാസികളായിരുന്ന് ആ ദേശക്കാരെ സേവിക്കും; അവർ നാനൂറ് (400) വർഷം അവരെ പീഡിപ്പിക്കുമെന്ന് അറിഞ്ഞുകൊള്ളുക. എന്നാൽ അവർ സേവിക്കുന്ന ജനതയെ ഞാൻ വിധിക്കും; അതിനുശേഷം അവർ വളരെ സമ്പത്തോടുംകൂടി പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്‍റെ പിതാക്കന്മാരോട് ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. നാലാം തലമുറക്കാർ ഇവിടേക്ക് മടങ്ങിവരും; അമോര്യരുടെ അകൃത്യം ഇതുവരെ തികഞ്ഞിട്ടില്ല” എന്നു അരുളിച്ചെയ്തു. സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂളയും ആ ഭാഗങ്ങളുടെ നടുവിലൂടെ കടന്നുപോകുന്ന ഒരു ജ്വലിക്കുന്ന പന്തവും അവിടെ കാണപ്പെട്ടു. ആ ദിവസം യഹോവ അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു: “നിന്‍റെ സന്തതിക്ക് ഞാൻ മിസ്രയീം നദി മുതൽ യൂഫ്രട്ടീസ് മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെരിസ്യർ, രെഫയീമ്യർ, അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നെ, തന്നിരിക്കുന്നു” എന്നു അരുളിച്ചെയ്തു.

ഉൽപത്തി 15:9-21 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ അവനോടു: നീ മൂന്നു വയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു കോലാടിനെയും മൂന്നു വയസ്സുള്ള ഒരു ആട്ടുകൊറ്റനെയും ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും കൊണ്ടുവരിക എന്നു കല്പിച്ചു. ഇവയെയൊക്കെയും അവൻ കൊണ്ടുവന്നു ഒത്തനടുവെപിളർന്നു ഭാഗങ്ങളെ നേർക്കുനേരെ വെച്ചു; പക്ഷികളെയോ അവൻ പിളർന്നില്ല. ഉടലുകളിന്മേൽ റാഞ്ചൻപക്ഷികൾ ഇറങ്ങി വന്നപ്പോൾ അബ്രാം അവയെ ആട്ടിക്കളഞ്ഞു. സൂര്യൻ അസ്തമിക്കുമ്പോൾ അബ്രാമിന്നു ഒരു ഗാഢനിദ്ര വന്നു; ഭീതിയും അന്ധതമസ്സും അവന്റെ മേൽ വീണു. അപ്പോൾ അവൻ അബ്രാമിനോടു: നിന്റെ സന്തതി സ്വന്തമല്ലാത്ത ദേശത്തു നാനൂറു സംവത്സരം പ്രവാസികളായിരുന്നു ആ ദേശക്കാരെ സേവിക്കും; അവർ അവരെ പീഡിപ്പിക്കുമെന്നു നീ അറിഞ്ഞുകൊൾക. എന്നാൽ അവർ സേവിക്കുന്ന ജാതിയെ ഞാൻ വിധിക്കും; അതിന്റെ ശേഷം അവർ വളരെ സമ്പത്തോടുംകൂടെ പുറപ്പെട്ടുപോരും. നീയോ സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർദ്ധക്യത്തിൽ അടക്കപ്പെടും. നാലാം തലമുറക്കാർ ഇവിടേക്കു മടങ്ങിവരും; അമോര്യരുടെ അക്രമം ഇതുവരെ തികഞ്ഞിട്ടില്ല എന്നു അരുളിച്ചെയ്തു. സൂര്യൻ അസ്തമിച്ചു ഇരുട്ടായശേഷം ഇതാ, പുകയുന്ന ഒരു തീച്ചൂള; ആ ഭാഗങ്ങളുടെ നടുവെ ജ്വലിക്കുന്ന ഒരു പന്തം കടന്നുപോയി. അന്നു യഹോവ അബ്രാമിനോടു ഒരു നിയമം ചെയ്തു: നിന്റെ സന്തതിക്കു ഞാൻ മിസ്രയീംനദി തുടങ്ങി ഫ്രാത്ത് നദിയായ മഹാനദിവരെയുള്ള ഈ ദേശത്തെ, കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെറിസ്യർ, രെഫായീമ്യർ, അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശത്തെ തന്നേ, തന്നിരിക്കുന്നു എന്നു അരുളിച്ചെയ്തു.

ഉൽപത്തി 15:9-21 സമകാലിക മലയാളവിവർത്തനം (MCV)

യഹോവ അബ്രാമിനോട്: “നീ മൂന്നുവയസ്സുള്ള ഒരു പശുക്കിടാവിനെയും മൂന്നുവയസ്സുള്ള ഒരു പെണ്ണാടിനെയും മൂന്നുവയസ്സുള്ള ഒരു ആട്ടുകൊറ്റനെയും അവയോടൊപ്പം ഒരു കുറുപ്രാവിനെയും ഒരു പ്രാവിൻകുഞ്ഞിനെയും എന്റെ അടുക്കൽ കൊണ്ടുവരിക” എന്ന് അരുളിച്ചെയ്തു. അബ്രാം ഇവയെ എല്ലാറ്റിനെയും യഹോവയുടെ അടുക്കൽ കൊണ്ടുവന്ന് നടുവേ പിളർന്ന് ഭാഗങ്ങൾ നേർക്കുനേരേ വെച്ചു. എന്നാൽ പക്ഷികളെ അദ്ദേഹം രണ്ടായി പിളർന്നില്ല. അപ്പോൾ ആ ഉടലുകൾ തിന്നുന്നതിനായി ഇരപിടിയൻപക്ഷികൾ ഇറങ്ങിവന്നു; അബ്രാം അവയെ ആട്ടിക്കളഞ്ഞു. സൂര്യൻ അസ്തമിച്ചുകൊണ്ടിരുന്നപ്പോൾ അബ്രാം ഗാഢനിദ്രയിലേക്കു വഴുതിവീണു. ഭീതിപ്പെടുത്തുന്ന ഒരു കൂരിരുട്ട് അവന്റെമേൽ വന്നു. അപ്പോൾ യഹോവ അദ്ദേഹത്തോട്: “നിന്റെ പിൻഗാമികൾ സ്വന്തമല്ലാത്ത ഒരു ദേശത്ത് പ്രവാസികൾ ആയിരിക്കുകയും നാനൂറുവർഷം അവർ അവിടെ അടിമകളായി പീഡനം സഹിക്കുകയും ചെയ്യുമെന്ന് നീ നിശ്ചയമായും അറിയണം. എന്നാൽ, അവർ അടിമകളായി സേവിക്കുന്ന രാജ്യത്തെ ഞാൻ ശിക്ഷിക്കും; അതിനുശേഷം അവർ ആ ദേശം വിട്ടുപോരുന്നതു വളരെ സമ്പത്തോടുംകൂടെ ആയിരിക്കും. നീയോ, സമാധാനത്തോടെ നിന്റെ പിതാക്കന്മാരോടു ചേരും; നല്ല വാർധക്യത്തിൽ അടക്കപ്പെടും. നിന്റെ സന്തതികളുടെ നാലാംതലമുറ ഇവിടെ മടങ്ങിയെത്തും; അമോര്യരുടെ പാപം ഇതുവരെയും അതിന്റെ പരമകാഷ്ഠയിൽ എത്തിയിട്ടില്ലല്ലോ” എന്ന് അരുളിച്ചെയ്തു. സൂര്യൻ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോൾ ജ്വലിക്കുന്ന പന്തത്തോടുകൂടിയതും പുകയുന്നതുമായ ഒരു തീച്ചൂള പ്രത്യക്ഷപ്പെട്ടു, അത് ആ ഭാഗങ്ങളുടെ മധ്യേകൂടി കടന്നുപോയി. യഹോവ ആ ദിവസം അബ്രാമിനോട് ഒരു ഉടമ്പടിചെയ്തു. അവിടന്ന് ഇപ്രകാരം അരുളിച്ചെയ്തു. “ഞാൻ നിന്റെ സന്തതിക്ക് ഈജിപ്റ്റിലെ തോടുമുതൽ മഹാനദിയായ യൂഫ്രട്ടീസുവരെയുള്ള ദേശം തരും. കേന്യർ, കെനിസ്യർ, കദ്മോന്യർ, ഹിത്യർ, പെരിസ്യർ, രെഫായീമ്യർ, അമോര്യർ, കനാന്യർ, ഗിർഗ്ഗശ്യർ, യെബൂസ്യർ എന്നിവരുടെ ദേശംതന്നെ തന്നിരിക്കുന്നു.”