ഉൽപത്തി 14:17-24

ഉൽപത്തി 14:17-24 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്‌വര എന്ന ശാവേതാഴ്‌വരവരെ അവനെ എതിരേറ്റുചെന്നു. ശാലേംരാജാവായ മൽക്കീസേദെക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അവൻ അവനെ അനുഗ്രഹിച്ചു. സ്വർഗത്തിനും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു. സൊദോംരാജാവ് അബ്രാമിനോട്: ആളുകളെ എനിക്കു തരിക; സമ്പത്ത് നീ എടുത്തുകൊൾക എന്നു പറഞ്ഞു. അതിന് അബ്രാം സൊദോംരാജാവിനോടു പറഞ്ഞത്: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരുപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു. ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടൂ; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

ഉൽപത്തി 14:17-24 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

കെദൊർ-ലായോമെരിനെയും കൂടെയുണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചു മടങ്ങിവരുമ്പോൾ അബ്രാമിനെ എതിരേല്‌ക്കാൻ സൊദോംരാജാവ് രാജതാഴ്‌വര എന്ന് അറിയപ്പെട്ടിരുന്ന ശാവേതാഴ്‌വരയിൽ ചെന്നു. ശാലേംരാജാവായ മല്‌ക്കിസെദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു. അദ്ദേഹം അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അദ്ദേഹം അബ്രാമിനെ അനുഗ്രഹിച്ചു പറഞ്ഞു: “ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതനായ ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ചുതന്ന അത്യുന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” അബ്രാം മല്‌ക്കിസെദെക്കിന് എല്ലാറ്റിന്റെയും ദശാംശം നല്‌കി. സൊദോംരാജാവ് അബ്രാമിനോടു പറഞ്ഞു: “എന്റെ ആളുകളെ എല്ലാം എനിക്കു വിട്ടുതരിക, സമ്പത്തൊക്കെയും നീ എടുത്തുകൊൾക.” അബ്രാം മറുപടി പറഞ്ഞു: “അബ്രാമിനെ ഞാൻ ധനികനാക്കി എന്ന് അങ്ങു പറയാതിരിക്കാൻ അങ്ങയുടെ വക ഒരു ചരടോ, ചെരുപ്പിന്റെ വാറോ പോലും ഞാൻ എടുക്കുകയില്ലെന്ന് ആകാശവും ഭൂമിയും സൃഷ്‍ടിച്ച അത്യുന്നതദൈവമായ സർവേശ്വരനോടു ഞാൻ സത്യം ചെയ്തിട്ടുണ്ട്. എന്റെ കൂടെയുള്ള യുവാക്കൾ ഭക്ഷിച്ചതും എന്റെകൂടെ ഉണ്ടായിരുന്ന ആനേർ, എശ്ക്കോൽ, മമ്രെ എന്നിവർക്ക് അവകാശപ്പെട്ടതും അല്ലാതെ മറ്റൊന്നും ഞാൻ എടുക്കുകയില്ല. തങ്ങളുടെ ഓഹരി അവർ മൂവരും എടുത്തുകൊള്ളട്ടെ.”

ഉൽപത്തി 14:17-24 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

അബ്രാം കെദൊർലായോമെരിനെയും അവനോടുകൂടെ ഉണ്ടായിരുന്ന രാജാക്കന്മാരെയും തോല്പിച്ചിട്ട് മടങ്ങിവന്നപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരവരെ അവനെ എതിരേറ്റു ചെന്നു. ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്‍റെ പുരോഹിതനായിരുന്നു. അവൻ അബ്രാമിനെ അനുഗ്രഹിച്ചു: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്‍റെ ശത്രുക്കളെ നിന്‍റെ കയ്യിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ” എന്നു പറഞ്ഞു. മൽക്കീസേദെക്കിന് അബ്രാം സകലത്തിലും ദശാംശം കൊടുത്തു. സൊദോംരാജാവ് അബ്രാമിനോട്: “ആളുകളെ എനിക്ക് തരിക; സമ്പത്ത് നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു. അതിന് അബ്രാം സൊദോംരാജാവിനോട് പറഞ്ഞത്: “സ്വർഗ്ഗത്തിനും ഭൂമിക്കും നാഥനായ അത്യുന്നതദൈവമായ യഹോവയിങ്കലേക്ക് കൈ ഉയർത്തി സത്യം ചെയ്യുന്നു. ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്ന് നീ പറയാതിരിക്കുവാൻ ഞാൻ ഒരു ചരടാകട്ടെ ഒരു ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കുകയില്ല. യുവാക്കന്മാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ അവരുടെ ഓഹരി എടുത്തുകൊള്ളട്ടെ.”

ഉൽപത്തി 14:17-24 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

അവൻ കെദൊർലായോമെരിനെയും കൂടെയുള്ള രാജാക്കന്മാരെയും തോല്പിച്ചിട്ടു മടങ്ങിവന്നപ്പോൾ സൊദോംരാജാവു രാജതാഴ്‌വര എന്ന ശാവേതാഴ്‌വരവരെ അവനെ എതിരേറ്റുചെന്നു. ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞുംകൊണ്ടുവന്നു; അവൻ അത്യുന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അവൻ അവനെ അനുഗ്രഹിച്ചു: സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ; നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏല്പിച്ച അത്യുന്നതനായ ദൈവം സ്തുതിക്കപ്പെടുമാറാകട്ടെ എന്നു പറഞ്ഞു. അവന്നു അബ്രാം സകലത്തിലും ദശാംശം കൊടുത്തു. സൊദോംരാജാവു അബ്രാമിനോടു: ആളുകളെ എനിക്കു തരിക; സമ്പത്തു നീ എടുത്തുകൊൾക എന്നുപറഞ്ഞു. അതിന്നു അബ്രാം സൊദോംരാജാവിനോടു പറഞ്ഞതു: ഞാൻ അബ്രാമിനെ സമ്പന്നനാക്കിയെന്നു നീ പറയാതിരിപ്പാൻ ഞാൻ ഒരു ചരടാകട്ടെ ചെരിപ്പുവാറാകട്ടെ നിനക്കുള്ളതിൽ യാതൊന്നുമാകട്ടെ എടുക്കയില്ല എന്നു ഞാൻ സ്വർഗ്ഗത്തിന്നും ഭൂമിക്കും നാഥനായി അത്യുന്നതദൈവമായ യഹോവയിങ്കലേക്കു കൈ ഉയർത്തി സത്യം ചെയ്യുന്നു. ബാല്യക്കാർ ഭക്ഷിച്ചതും എന്നോടുകൂടെ വന്ന ആനേർ, എശ്ക്കോൽ, മമ്രേ എന്നീ പുരുഷന്മാരുടെ ഓഹരിയും മാത്രമേ വേണ്ടു; ഇവർ തങ്ങളുടെ ഓഹരി എടുത്തുകൊള്ളട്ടെ.

ഉൽപത്തി 14:17-24 സമകാലിക മലയാളവിവർത്തനം (MCV)

കെദൊർലായോമരിനെയും അദ്ദേഹത്തോടു സഖ്യം പുലർത്തിയിരുന്ന രാജാക്കന്മാരെയും തോൽപ്പിച്ചിട്ട് അബ്രാം തിരിച്ചെത്തിയപ്പോൾ സൊദോംരാജാവ് രാജതാഴ്വര എന്ന ശാവേതാഴ്വരയിൽ അദ്ദേഹത്തെ എതിരേൽക്കാൻ ചെന്നു. ശാലേംരാജാവായ മൽക്കീസേദെക്ക് അപ്പവും വീഞ്ഞും കൊണ്ടുചെന്നു; അദ്ദേഹം പരമോന്നതനായ ദൈവത്തിന്റെ പുരോഹിതനായിരുന്നു. അബ്രാമിനെ അനുഗ്രഹിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതനായ ദൈവത്താൽ അബ്രാം അനുഗ്രഹിക്കപ്പെടുമാറാകട്ടെ. നിന്റെ ശത്രുക്കളെ നിന്റെ കൈയിൽ ഏൽപ്പിച്ചുതന്ന പരമോന്നതനായ ദൈവം വാഴ്ത്തപ്പെടട്ടെ.” പിന്നെ അബ്രാം എല്ലാറ്റിന്റെയും ദശാംശം അദ്ദേഹത്തിന് കാഴ്ചയർപ്പിച്ചു. സൊദോംരാജാവ് അബ്രാമിനോട്, “ആളുകളെ എനിക്കു തരിക, വസ്തുവകകൾ നീ എടുത്തുകൊള്ളുക” എന്നു പറഞ്ഞു. എന്നാൽ അബ്രാം സൊദോംരാജാവിനോടു പറഞ്ഞു: “ ‘ഞാൻ അബ്രാമിനെ ധനികനാക്കി’ എന്ന് അങ്ങേക്ക് ഒരിക്കലും പറയാനിടവരരുത്. അതിനുവേണ്ടി അങ്ങേക്കുള്ളതൊന്നും, ഒരു ചരടോ ചെരിപ്പിന്റെ വാറോപോലും, ഞാൻ സ്വീകരിക്കുകയില്ല എന്ന് ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ, പരമോന്നതദൈവമായ യഹോവയിലേക്കു കൈ ഉയർത്തി ശപഥംചെയ്തിരിക്കുന്നു. എന്റെ ആളുകൾ ഭക്ഷിച്ചതും എന്നോടുകൂടെ പോന്ന പുരുഷന്മാരുമായ ആനേർ, എസ്കോൽ, മമ്രേ എന്നിവർക്ക് അവകാശപ്പെട്ട പങ്കും ഒഴികെ മറ്റൊന്നും ഞാൻ സ്വീകരിക്കുകയില്ല. അവർ തങ്ങളുടെ വീതം എടുത്തുകൊള്ളട്ടെ.”