ഉൽപത്തി 14:11-16

ഉൽപത്തി 14:11-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. ഓടിപ്പോന്ന ഒരുത്തൻ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.

ഉൽപത്തി 14:11-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശത്രുക്കൾ സൊദോമിലെയും ഗൊമോറായിലെയും സമ്പത്തും ഭക്ഷണസാധനങ്ങളും അപഹരിച്ചു. സൊദോമിൽ നിവസിച്ചിരുന്ന അബ്രാമിന്റെ സഹോദരപുത്രൻ ലോത്തിനെ അവന്റെ സമ്പാദ്യങ്ങളോടൊപ്പം അവർ പിടിച്ചുകൊണ്ടുപോയി. അവിടെനിന്നു രക്ഷപെട്ട ഒരാൾ എബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. അമോര്യരും എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനുമായ മമ്രെയുടെ കരിവേലകത്തോപ്പിനടുത്ത് അന്ന് അബ്രാം പാർക്കുകയായിരുന്നു. അവർ അബ്രാമുമായി സഖ്യം ചെയ്തിരുന്നു. തന്റെ സഹോദരപുത്രനെ പിടിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞപ്പോൾ അബ്രാം സ്വന്തം ഭവനത്തിൽ ജനിച്ചവരും പരിശീലനം സിദ്ധിച്ചവരുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ അവരെ പിന്തുടർന്നു. തന്നോടൊപ്പം ഉണ്ടായിരുന്നവരെ അദ്ദേഹം പല കൂട്ടങ്ങളായി തിരിച്ച് അണിനിരത്തി. അബ്രാം രാത്രിയിൽ ശത്രുക്കളെ ആക്രമിച്ചു തോല്പിച്ചു; ദമാസ്കസിന്റെ വടക്കുള്ള ഹോബാവരെ അവരെ പിന്തുടർന്നു. ശത്രുക്കൾ കൊണ്ടുപോയ സമ്പത്തു മുഴുവൻ പിടിച്ചെടുത്തു. ലോത്തിനെയും അവന്റെ ആളുകളെയും സ്‍ത്രീകളെയും അവന്റെ സമ്പത്തിനോടൊപ്പം വീണ്ടെടുത്തു.

ഉൽപത്തി 14:11-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ടു അവരുടെ വഴിക്കുപോയി. അബ്രാമിൻ്റെ സഹോദരന്‍റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി. രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിൻ്റെയും ആനേരിൻ്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യം ചെയ്തവർ ആയിരുന്നു. തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അബ്രാം തന്‍റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്‍റെ ദാസന്മാരും അവരെ തോല്പിച്ചു ദമാസ്ക്കസിൻ്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടു വന്നു.

ഉൽപത്തി 14:11-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവൻ എടുത്തുകൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.

ഉൽപത്തി 14:11-16 സമകാലിക മലയാളവിവർത്തനം (MCV)

ആ നാലു രാജാക്കന്മാർ സൊദോമിലും ഗൊമോറായിലും ഉണ്ടായിരുന്നവരുടെ സമ്പത്തും എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തുകൊണ്ട് അവിടം വിട്ടുപോയി. അവർ, സൊദോമിൽ താമസിച്ചിരുന്ന, അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെ അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടി പിടിച്ചുകൊണ്ടുപോയി. രക്ഷപ്പെട്ടവരിൽ ഒരുത്തൻ ചെന്ന് എബ്രായനായ അബ്രാമിനെ ഇക്കാര്യം അറിയിച്ചു. അപ്പോൾ അബ്രാം താമസിച്ചിരുന്നത് എസ്കോലിന്റെയും ആനേരിന്റെയും സഹോദരനും അമോര്യനുമായ മമ്രേയുടെ മഹാവൃക്ഷങ്ങൾക്കു സമീപം ആയിരുന്നു; അവരെല്ലാവരും അബ്രാമിനോടു സഖ്യം സ്ഥാപിച്ചിരുന്നു. തന്റെ സഹോദരപുത്രനെ ബന്ദിയാക്കിക്കൊണ്ടുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചു വളർന്ന അഭ്യാസികളായ മുന്നൂറ്റി പതിനെട്ട് പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിൻതുടർന്നു. രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളാക്കി; ദമസ്കോസിന്റെ വടക്ക്, ഹോബാവരെ അവരെ പിൻതുടർന്ന് നിശ്ശേഷം തോൽപ്പിച്ചു. അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.