ഉൽപത്തി 14:1-16

ഉൽപത്തി 14:1-16 സത്യവേദപുസ്തകം OV Bible (BSI) (MALOVBSI)

ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത് ഇവർ സൊദോംരാജാവായ ബേര, ഗൊമോറാരാജാവായ ബിർശ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവാർ എന്ന ബേലയിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്തു. ഇവരെല്ലാവരും സിദ്ദീംതാഴ്‌വരയിൽ ഒന്നിച്ചുകൂടി. അത് ഇപ്പോൾ ഉപ്പുകടലാകുന്നു. അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിനു കീഴടങ്ങിയിരുന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു. അതുകൊണ്ടു പതിന്നാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടുകൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻവരെ തോല്പിച്ചു. പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയുംകൂടെ തോല്പിച്ചു. അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവാർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്‌വരയിൽ വച്ച് ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക് എന്നിവരുടെ നേരേ പടനിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരേതന്നെ. സിദ്ദീംതാഴ്‌വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവതത്തിലേക്ക് ഓടിപ്പോയി. സൊദോമിലും ഗൊമോറായിലുമുള്ള സമ്പത്തും ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തു കൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. ഓടിപ്പോന്ന ഒരുത്തൻ വന്ന് എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരേ ഭാഗംഭാഗമായി പിരിഞ്ഞു ചെന്ന് അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടുവന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയുംകൂടെ മടക്കിക്കൊണ്ടുവന്നു.

ഉൽപത്തി 14:1-16 സത്യവേദപുസ്തകം C.L. (BSI) (MALCLBSI)

ശിനാറിലെ അമ്രാഫെൽ, എലാസാറിലെ അര്യോക്, ഏലാമിലെ കെദൊർ-ലായോമെർ, ഗോയിമിലെ തീദാൽ എന്നീ രാജാക്കന്മാർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശീനാബ്, സെബോയീംരാജാവായ ശെമേബെർ, ബേലയിലെ അഥവാ സോവറിലെ രാജാവ് എന്നിവരോടു യുദ്ധം ചെയ്യാൻ പുറപ്പെട്ടു. പിന്നീട് ചാവുകടലായി മാറിയ സിദ്ദീംതാഴ്‌വരയിൽ അവർ ഒന്നിച്ചുകൂടി. അവർ പന്ത്രണ്ടു വർഷം കെദൊർ-ലായോമെറിനു കീഴടങ്ങിക്കഴിഞ്ഞു. എന്നാൽ പതിമൂന്നാം വർഷം അവർ അയാളോടു മത്സരിച്ചു. പതിന്നാലാം വർഷം കെദൊർ-ലായോമെറും കൂടെയുള്ള രാജാക്കന്മാരും തങ്ങളുടെ സൈന്യങ്ങളോടുകൂടി വന്ന്, അസ്തെരോത്ത്-കർണയീമിലെ രെഫായീമിനെയും ഹാമിലെ സൂസീമിനെയും, ശാവേ- കിര്യാത്താമീലെ എമീമിനെയും സേയീർമലയിലെ ഹൊര്യരെയും തോല്പിച്ച് മരുഭൂമിയുടെ അതിർത്തിയിലുള്ള എൽ-പാരാൻവരെ ഓടിച്ചു. അതിനുശേഷം അന്നു എൻ- മിശ്പാത്ത് എന്ന പേരിൽ അറിഞ്ഞിരുന്ന കാദേശിൽ തിരിച്ചുവന്നു. അമാലേക്യരുടെ ദേശം മുഴുവൻ കീഴടക്കി. ഹസെസോൻ- താമാരിൽ നിവസിച്ചിരുന്ന അമോര്യരെയും അവർ തോല്പിച്ചു. അപ്പോൾ സൊദോമിലെയും ഗൊമോറായിലെയും, ആദ്മായിലെയും, സെബോയീമിലെയും സോവർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ബേലയിലെയും രാജാക്കന്മാർ സിദ്ദീംതാഴ്‌വരയിൽ ഒന്നിച്ചുകൂടി. ഏലാമിലെ കെദൊർ-ലായോമെർ, ഗോയീമിലെ രാജാവായ തീദാൽ, ശീനാറിലെ അമ്രാഫെൽ എലാസാറിലെ അര്യോക് എന്നീ രാജാക്കന്മാർക്കെതിരായി അണിനിരത്തി; അങ്ങനെ അഞ്ചു രാജാക്കന്മാർ നാലു രാജാക്കന്മാർക്കെതിരെ അണിനിരന്നു. സിദ്ദീംതാഴ്‌വരയിലെങ്ങും കീൽക്കുഴികൾ ഉണ്ടായിരുന്നു. സൊദോമിലെയും ഗൊമോറായിലെയും രാജാക്കന്മാർ പിന്തിരിഞ്ഞ് ഓടിയപ്പോൾ അവരിൽ ചിലർ ആ കുഴികളിൽ വീണു; മറ്റു ചിലർ മലകളിലേക്ക് ഓടിപ്പോയി. ശത്രുക്കൾ സൊദോമിലെയും ഗൊമോറായിലെയും സമ്പത്തും ഭക്ഷണസാധനങ്ങളും അപഹരിച്ചു. സൊദോമിൽ നിവസിച്ചിരുന്ന അബ്രാമിന്റെ സഹോദരപുത്രൻ ലോത്തിനെ അവന്റെ സമ്പാദ്യങ്ങളോടൊപ്പം അവർ പിടിച്ചുകൊണ്ടുപോയി. അവിടെനിന്നു രക്ഷപെട്ട ഒരാൾ എബ്രായനായ അബ്രാമിനെ വിവരമറിയിച്ചു. അമോര്യരും എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനുമായ മമ്രെയുടെ കരിവേലകത്തോപ്പിനടുത്ത് അന്ന് അബ്രാം പാർക്കുകയായിരുന്നു. അവർ അബ്രാമുമായി സഖ്യം ചെയ്തിരുന്നു. തന്റെ സഹോദരപുത്രനെ പിടിച്ചുകൊണ്ടുപോയി എന്ന് അറിഞ്ഞപ്പോൾ അബ്രാം സ്വന്തം ഭവനത്തിൽ ജനിച്ചവരും പരിശീലനം സിദ്ധിച്ചവരുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ അവരെ പിന്തുടർന്നു. തന്നോടൊപ്പം ഉണ്ടായിരുന്നവരെ അദ്ദേഹം പല കൂട്ടങ്ങളായി തിരിച്ച് അണിനിരത്തി. അബ്രാം രാത്രിയിൽ ശത്രുക്കളെ ആക്രമിച്ചു തോല്പിച്ചു; ദമാസ്കസിന്റെ വടക്കുള്ള ഹോബാവരെ അവരെ പിന്തുടർന്നു. ശത്രുക്കൾ കൊണ്ടുപോയ സമ്പത്തു മുഴുവൻ പിടിച്ചെടുത്തു. ലോത്തിനെയും അവന്റെ ആളുകളെയും സ്‍ത്രീകളെയും അവന്റെ സമ്പത്തിനോടൊപ്പം വീണ്ടെടുത്തു.

ഉൽപത്തി 14:1-16 ഇന്ത്യൻ റിവൈസ്ഡ് വേർഷൻ (IRV) - മലയാളം (IRVMAL)

ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്ത് ഇവർ സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവ് എന്നിവരോട് യുദ്ധംചെയ്തു. ഇവരെല്ലാവരും സിദ്ദീം താഴ്വരയിൽ ഒന്നിച്ചുകൂടി (അത് ഇപ്പോൾ ഉപ്പുകടലാകുന്നു). അവർ പന്ത്രണ്ട് വർഷം കെദൊർലായോമെരിനെ സേവിച്ചു; പതിമൂന്നാം വർഷത്തിൽ അവർ മത്സരിച്ചു. അതുകൊണ്ട് പതിനാലാം വർഷത്തിൽ കെദൊർലായോമെരും അവനോട് കൂടെയുള്ള രാജാക്കന്മാരും വന്ന്, അസ്തെരോത്ത് കർന്നയീമിലെ രെഫയീകളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ പാരാൻ വരെ തോല്പിച്ചു. പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്ന് അമാലേക്യരുടെ ദേശമൊക്കെയും ഹസസോൻ-താമാരിൽ വസിച്ചിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു. അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്വരയിൽവച്ച് യുദ്ധത്തിൽ ഒരുമിച്ചുകൂടി ഏലാംരാജാവായ കെദൊർലായോമെർ, ജനതകളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവർക്കെതിരെ സൈന്യത്തെ നിർത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ എതിരെ തന്നെ. സിദ്ദീം താഴ്വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി കീൽകുഴിയിൽ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്ക് ഓടിപ്പോയി. സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും അവരുടെ ഭക്ഷണസാധനങ്ങളും എല്ലാം അവർ എടുത്തുകൊണ്ടു അവരുടെ വഴിക്കുപോയി. അബ്രാമിൻ്റെ സഹോദരന്‍റെ മകനായ സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്‍റെ സമ്പത്തിനെയും അവർ പിടിച്ചുകൊണ്ടുപോയി. രക്ഷപ്പെട്ട ഒരുവൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിൻ്റെയും ആനേരിൻ്റെയും സഹോദരനായ അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യം ചെയ്തവർ ആയിരുന്നു. തന്‍റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്‍റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റിപതിനെട്ടു പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അബ്രാം തന്‍റെ കൂട്ടങ്ങളെ അവർക്കെതിരെ വിഭാഗിച്ചു അവനും അവന്‍റെ ദാസന്മാരും അവരെ തോല്പിച്ചു ദമാസ്ക്കസിൻ്റെ വടക്കുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും തിരികെക്കൊണ്ടു വന്നു; തന്‍റെ സഹോദരനായ ലോത്തിനെയും അവന്‍റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ തിരികെക്കൊണ്ടു വന്നു.

ഉൽപത്തി 14:1-16 മലയാളം സത്യവേദപുസ്തകം 1910 പതിപ്പ് (പരിഷ്കരിച്ച ലിപിയിൽ) (വേദപുസ്തകം)

ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്, ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ എന്നിവരുടെ കാലത്തു ഇവർ സൊദോംരാജാവായ ബേരാ, ഗൊമോരാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീംരാജാവായ ശെമേബെർ, സോവർ എന്ന ബേലയിലെ രാജാവു എന്നിവരോടു യുദ്ധം ചെയ്തു. ഇവരെല്ലാവരും സിദ്ദീംതാഴ്‌വരയിൽ ഒന്നിച്ചുകൂടി. അതു ഇപ്പോൾ ഉപ്പുകടലാകുന്നു. അവർ പന്ത്രണ്ടു സംവത്സരം കെദൊർലായോമെരിന്നു കീഴടങ്ങിയിരിന്നു; പതിമൂന്നാം സംവത്സരത്തിൽ മത്സരിച്ചു. അതുകൊണ്ടു പതിനാലാം സംവത്സരത്തിൽ കെദൊർലായോമെരും അവനോടു കൂടെയുള്ള രാജാക്കന്മാരും വന്നു, അസ്തെരോത്ത് കർന്നയീമിലെ രെഫായികളെയും ഹാമിലെ സൂസ്യരെയും ശാവേകിര്യാത്തായീമിലെ ഏമ്യരെയും സേയീർമലയിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽപാരാൻ വരെ തോല്പിച്ചു. പിന്നെ അവർ തിരിഞ്ഞു കാദേശ് എന്ന ഏൻമിശ്പാത്തിൽ വന്നു അമാലേക്യരുടെ ദേശമൊക്കെയും ഹസെസോൻ-താമാരിൽ പാർത്തിരുന്ന അമോര്യരെയും കൂടെ തോല്പിച്ചു. അപ്പോൾ സൊദോംരാജാവും ഗൊമോരാരാജാവും ആദ്മാരാജാവും സെബോയീംരാജാവും സോവർ എന്ന ബേലയിലെ രാജാവും പുറപ്പെട്ടു സിദ്ദീംതാഴ്‌വരയിൽ വെച്ചു ഏലാംരാജാവായ കെദൊർലായോമെർ, ജാതികളുടെ രാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർരാജാവായ അര്യോക്ക് എന്നിവരുടെ നേരെ പട നിരത്തി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാരുടെ നേരെ തന്നേ. സിദ്ദീംതാഴ്‌വരയിൽ കീൽകുഴികൾ വളരെയുണ്ടായിരുന്നു; സൊദോംരാജാവും ഗൊമോരാരാജാവും ഓടിപ്പോയി അവിടെ വീണു; ശേഷിച്ചവർ പർവ്വതത്തിലേക്കു ഓടിപ്പോയി. സൊദോമിലും ഗൊമോരയിലും ഉള്ള സമ്പത്തും ഭക്ഷണ സാധനങ്ങളും എല്ലാം അവൻ എടുത്തുകൊണ്ടുപോയി. അബ്രാമിന്റെ സഹോദരന്റെ മകനായി സൊദോമിൽ പാർത്തിരുന്ന ലോത്തിനെയും അവന്റെ സമ്പത്തിനെയും അവർ കൊണ്ടുപോയി. ഓടിപ്പോന്ന ഒരുത്തൻ വന്നു എബ്രായനായ അബ്രാമിനെ അറിയിച്ചു. അവൻ എശ്ക്കോലിന്റെയും ആനേരിന്റെയും സഹോദരനായി അമോര്യനായ മമ്രേയുടെ തോപ്പിൽ പാർത്തിരുന്നു; അവർ അബ്രാമിനോടു സഖ്യത ചെയ്തവർ ആയിരുന്നു. തന്റെ സഹോദരനെ ബദ്ധനാക്കി കൊണ്ടുപോയി എന്നു അബ്രാം കേട്ടപ്പോൾ അവൻ തന്റെ വീട്ടിൽ ജനിച്ചവരും അഭ്യാസികളുമായ മുന്നൂറ്റി പതിനെട്ടു പേരെ കൂട്ടിക്കൊണ്ടു ദാൻവരെ പിന്തുടർന്നു. രാത്രിയിൽ അവനും അവന്റെ ദാസന്മാരും അവരുടെ നേരെ ഭാഗംഭാഗമായി പിരിഞ്ഞു ചെന്നു അവരെ തോല്പിച്ചു ദമ്മേശെക്കിന്റെ ഇടത്തുഭാഗത്തുള്ള ഹോബാവരെ അവരെ പിന്തുടർന്നു. അവൻ സമ്പത്തൊക്കെയും മടക്കിക്കൊണ്ടു വന്നു; തന്റെ സഹോദരനായ ലോത്തിനെയും അവന്റെ സമ്പത്തിനെയും സ്ത്രീകളെയും ജനത്തെയും കൂടെ മടക്കിക്കൊണ്ടുവന്നു.

ഉൽപത്തി 14:1-16 സമകാലിക മലയാളവിവർത്തനം (MCV)

ഈ കാലഘട്ടത്തിൽ ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക്, ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ എന്നിവർ, സൊദോംരാജാവായ ബേരാ, ഗൊമോറാരാജാവായ ബിർശാ, ആദ്മാരാജാവായ ശിനാബ്, സെബോയീം രാജാവായ ശെമേബെർ, ബേലയിലെ, അതായത്, സോവാറിലെ, രാജാവ് എന്നിവരോടു യുദ്ധംചെയ്തു. ഒടുവിൽ പറഞ്ഞ രാജാക്കന്മാരെല്ലാവരും ഇപ്പോൾ ഉപ്പുകടൽ എന്നറിയപ്പെടുന്ന സിദ്ദീംതാഴ്വരയിൽ ഒരുമിച്ചുകൂടി. കാരണം അവർ പന്ത്രണ്ടുവർഷം ഏലാംരാജാവായ കെദൊർലായോമരിന്റെ അധീനതയിലായിരുന്നു; എന്നാൽ, പതിമ്മൂന്നാംവർഷം അവർ മത്സരിച്ചു. പതിന്നാലാംവർഷം കെദൊർലായോമരും അദ്ദേഹത്തോടു സഖ്യമുള്ള രാജാക്കന്മാരും ഒത്തുചേർന്ന് അസ്തെരോത്ത് കർന്നയീമിലെ രെഫായീകളെയും ഹാമിലെ സൂസ്യരെയും ശാവേഹ്-കിര്യാത്തയീമിലെ ഏമ്യരെയും മലമ്പ്രദേശമായ സേയീരിലെ ഹോര്യരെയും മരുഭൂമിക്കു സമീപമുള്ള ഏൽ-പാരാൻവരെ തോൽപ്പിച്ചു. പിന്നെ അവർ പിന്തിരിഞ്ഞ് ഏൻ-മിശ്പാത്തിൽ, അതായത്, കാദേശിൽ, എത്തി അമാലേക്യരുടെ എല്ലാ അധീനപ്രദേശവും ഹസെസോൻ-താമാരിൽ താമസിച്ചിരുന്ന അമോര്യരെയും പിടിച്ചടക്കി. അപ്പോൾ സൊദോംരാജാവും ഗൊമോറാരാജാവും ആദ്മാരാജാവും സെബോയീംരാജാവും ബേല, അതായത്, സോവാറിലെ രാജാവും യുദ്ധത്തിനു പുറപ്പെട്ട് സിദ്ദീംതാഴ്വരയിൽ അണിനിരന്നു. ഏലാംരാജാവായ കെദൊർലായോമർ, ഗോയീംരാജാവായ തീദാൽ, ശിനാർരാജാവായ അമ്രാഫെൽ, എലാസാർ രാജാവായ അര്യോക്ക് എന്നിവർക്കെതിരേ യുദ്ധത്തിനു തയ്യാറായി; നാലു രാജാക്കന്മാർ അഞ്ചു രാജാക്കന്മാർക്കെതിരേ. സിദ്ദീംതാഴ്വരയിൽ എല്ലായിടത്തും പശ നിറഞ്ഞ കുഴികൾ ഉണ്ടായിരുന്നു. സൊദോംരാജാവും ഗൊമോറാരാജാവും ഓടിപ്പോയപ്പോൾ അവരുടെ ആളുകളിൽ കുറെപ്പേർ അവയിൽ വീണു; ശേഷിച്ചവർ മലകളിലേക്ക് ഓടിപ്പോയി. ആ നാലു രാജാക്കന്മാർ സൊദോമിലും ഗൊമോറായിലും ഉണ്ടായിരുന്നവരുടെ സമ്പത്തും എല്ലാ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തുകൊണ്ട് അവിടം വിട്ടുപോയി. അവർ, സൊദോമിൽ താമസിച്ചിരുന്ന, അബ്രാമിന്റെ സഹോദരപുത്രനായ ലോത്തിനെ അദ്ദേഹത്തിന്റെ സകലസമ്പത്തോടുംകൂടി പിടിച്ചുകൊണ്ടുപോയി. രക്ഷപ്പെട്ടവരിൽ ഒരുത്തൻ ചെന്ന് എബ്രായനായ അബ്രാമിനെ ഇക്കാര്യം അറിയിച്ചു. അപ്പോൾ അബ്രാം താമസിച്ചിരുന്നത് എസ്കോലിന്റെയും ആനേരിന്റെയും സഹോദരനും അമോര്യനുമായ മമ്രേയുടെ മഹാവൃക്ഷങ്ങൾക്കു സമീപം ആയിരുന്നു; അവരെല്ലാവരും അബ്രാമിനോടു സഖ്യം സ്ഥാപിച്ചിരുന്നു. തന്റെ സഹോദരപുത്രനെ ബന്ദിയാക്കിക്കൊണ്ടുപോയിരിക്കുന്നു എന്നു കേട്ടപ്പോൾ അബ്രാം തന്റെ വീട്ടിൽ ജനിച്ചു വളർന്ന അഭ്യാസികളായ മുന്നൂറ്റി പതിനെട്ട് പേരെ കൂട്ടിക്കൊണ്ട് ദാൻവരെ പിൻതുടർന്നു. രാത്രിയിൽ അബ്രാം തന്റെ ആളുകളെ പല സംഘങ്ങളാക്കി; ദമസ്കോസിന്റെ വടക്ക്, ഹോബാവരെ അവരെ പിൻതുടർന്ന് നിശ്ശേഷം തോൽപ്പിച്ചു. അപഹരിക്കപ്പെട്ട സകലസമ്പത്തും അദ്ദേഹം തിരികെ പിടിക്കുകയും തന്റെ സഹോദരപുത്രനായ ലോത്തിനെയും അദ്ദേഹത്തിന്റെ സമ്പാദ്യവും സ്ത്രീകളെയും മറ്റ് ആളുകളെയും മടക്കിക്കൊണ്ടുവരികയും ചെയ്തു.